ശ്രദ്ധാശക്തി എന്ന വൈദഗ്ധ്യം
ശ്രദ്ധ എന്നത് വെറും രണ്ട് അക്ഷരത്തിൽ ഒതുങ്ങുന്ന ഒരു ചെറിയ വാക്കാണോ?
അല്ല എന്ന് യാതൊരു സംശയവും കൂടാതെ ഒറ്റയടിക്ക് തന്നെ ഉത്തരം നൽകാൻ കഴിയും. ശ്രദ്ധ ജീവിതത്തിൻെറ എല്ലാ മേഖലകളിലും നമ്മുടെ കഴിവ് പ്രകടിപ്പിക്കാൻ ഉള്ള ഒരു കേന്ദ്രീകൃത ബിന്ദുവാണ്. ശ്രദ്ധയെ നിയന്ത്രിക്കുക എല്ലാവരെക്കൊണ്ടും സാധ്യമാകുന്ന ഒരു കാര്യമല്ല. അതിനും ഒരു മനസ്സാന്നിധ്യവും പ്രത്യേക അഭിരുചിയും പ്രാവർത്തികമാക്കാനുള്ള കഴിവും അതിനുള്ള മനസ്സും ഒക്കെ വേണം.
ശ്രദ്ധ നമ്മൾ എല്ലാവരിലുമുണ്ട് പക്ഷേ അത് നിയന്ത്രിക്കുക എന്നതാണ് പ്രധാനം. ഒന്ന് ശ്രദ്ധ വിട്ടുപോയാൽ തകിടം മറിയുന്ന പല കാര്യങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തിലും തൊഴിൽ മേഖലകളിലും എന്തിലും ഏതിലും ചുരുക്കിപ്പറഞ്ഞാൽ നാമേർപ്പെടുന്ന ഏത് പ്രവൃർത്തികളിലും ഒരു വെല്ലുവിളിയായി അപായ സൂചനകൾ തന്നുകൊണ്ട് നിലകൊള്ളുന്നു. നമ്മുടെ ജീവൻ വരെ ശ്രദ്ധയിൽ അകപ്പെട്ടിരിക്കുന്നു.ഒപ്പം മറ്റുള്ളവരുടെ ജീവനും.
അതുപോലെ തന്നെ ശ്രദ്ധ മികവിനെ ചൂണ്ടിക്കാട്ടുന്നു.
പരിപൂർണ്ണതയെ, പരിശുദ്ധിയെ, സംരക്ഷണത്തെ, കെട്ടിപ്പടുക്കലിനെ, കരുത്തിനെ, കരുതലിനെ എല്ലാം ചൂണ്ടിക്കാട്ടി വച്ചടി വച്ചടി ഉയരങ്ങളിലേക്ക് പറക്കുന്നു.
എപ്പോഴും ശ്രദ്ധയ്ക്ക് സ്ഥാനം മുൻനിരയിൽ തന്നെ. ഒരു പ്രവൃത്തിയിൽ നാം ഏർപ്പെട്ടിരിക്കുമ്പോൾ ആ പ്രവൃർത്തിയിലേക്ക് , അതിന്റെ നാനാ വശങ്ങളിലേക്ക്, അതിന്റെ അകത്തളങ്ങളിലേക്ക് ഏറ്റവും ശ്രദ്ധയോടെ മനസ്സ് കേന്ദ്രീകരിച്ച് മറ്റൊന്നിലും വ്യതിചലിക്കാതെ നോക്കി നേരിട്ട് പൂർവ്വാധികം ശക്തിയോടെ ഉൾക്കാമ്പോടെ ഇറങ്ങിച്ചെന്ന് മുന്നോട്ടുപോകുന്നതിനെയാണ് ശ്രദ്ധ എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ അർത്ഥമാക്കുന്നത്.
ശ്രദ്ധയ്ക്ക് ഇനിയും നിർവ്വചനങ്ങൾ ഏറെയുണ്ട്. ശ്രദ്ധയും ഏകാഗ്രതയും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. ശാന്തമായ ഒരു മനസ്സിനേ ഏകാഗ്രതയോടെ പ്രവൃർത്തിക്കാൻ കഴിയൂ. കലുഷിതവും, നിയന്ത്രണ വിധേയമല്ലാത്തതും മാലിന്യങ്ങൾ അടിഞ്ഞു കൂടിയതും, വികാര വിസ്ഫോടനങ്ങൾ നിറഞ്ഞതുമായ ഒരു മനസ്സിന് ഒരിക്കലും ഒന്നിലും പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. ഒരു പ്രവൃർത്തിയിൽ ഒരു വസ്തുവിൽ, ഒരു കാഴ്ചയിൽ, കേൾവിയിൽ ഒന്നിലും തന്നെ. ആ മനസ്സ് ഇളകിയാടിക്കൊണ്ടിരിക്കും. ചിന്തകൾ മാറിക്കൊണ്ടിരിക്കും. ആരോഗ്യപരമായി ശോഷിച്ചുകൊണ്ടിരിക്കും. ഒറ്റ ബിന്ദുവിൽ ചേർത്തുവയ്ക്കാൻ കഴിയാതെ എവിടെയെങ്കിലും ഒക്കെ വിഹരിച്ചു കൊണ്ടിരിക്കും. വെറുതെ വ്യാപരിച്ചു കൊണ്ടിരിക്കും. അവിടെയാണ് കഴിവിന്റെ പ്രാധാന്യം. ശ്രദ്ധ പിടിച്ചു വയ്ക്കാനുള്ള പിടിച്ചു പറ്റാനുള്ള ശക്തമായ കഴിവ് .തിരിച്ചറിവ്. ഇവിടെയാണ് നമ്മൾ തോറ്റുപോകുന്നത്.
മനസ്സ് പൂർണ്ണമായും നമ്മുടെ നിയന്ത്രണത്തിൽ ആയാൽ മാത്രമേ ശ്രദ്ധയെ ശക്തിപ്പെടുത്താൻ പറ്റൂ. ശ്രദ്ധയെ ഒഴിവാക്കിക്കൊണ്ട് നമുക്ക് ഒന്നും തന്നെ ചെയ്യാൻ കഴിയില്ല . അവബോധം, നിരീക്ഷണം എന്നൊക്കെ ശ്രദ്ധയ്ക്ക് പര്യായപദങ്ങൾ പറയാം. ശ്രദ്ധാ ശക്തിയില്ലാതെ ജനിക്കുന്ന നമ്മൾ ശ്രദ്ധയെ ചെറുതിലെ തന്നെ പല പല കാര്യങ്ങളിലൂടെ, കുഞ്ഞു കുഞ്ഞു ചെയ്തികളിലൂടെ കേൾവികളിലൂടെ, കാഴ്ചകളിലൂടെ പരിശീലിപ്പിക്കേണ്ടതാണ്. അതിനു ശ്രദ്ധ ചെലുത്തേണ്ടത് രക്ഷിതാക്കളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിൽ മേഖലകളിലും വിജയങ്ങളുടെ വഴികളിൽ ശ്രദ്ധാശക്തി കഴിവ് തെളിയിക്കുന്നു.
ശ്രദ്ധ എപ്പോഴും നമ്മുടെ ഇച്ഛയുടെ നിയന്ത്രണത്തിലായിരിക്കണം. നാം ഏർപ്പെടുന്ന ഏതു പ്രവൃർത്തിയിലും മനസ്സ് കേന്ദ്രീകരിക്കാൻ ശ്രമിക്കുക. ശ്രദ്ധയോടെ ഏറെ ശ്രദ്ധിച്ചു ഓരോ കാര്യങ്ങളും ചെയ്യുക. ശ്രദ്ധകൊണ്ട് വളരുക വളർത്തുക, നേടുക . ശ്രദ്ധയെക്കുറിച്ച് കൂടുതൽ ബോധവാന്മാരാവുക. വളരെ സൂക്ഷ്മതയോടെ ഏകാഗ്രതയോടെ ശ്രദ്ധ കേന്ദ്രീകരിച്ച് നിങ്ങളുടെ മനസ്സിനെ നിയന്ത്രണ വിധേയമാക്കുക.
ഇനി നേടാം… പറക്കാം.. ഉയരങ്ങളിലേക്ക് തന്നെ.
അടുത്തയാഴ്ച വീണ്ടും മറ്റൊരു വിഷയവുമായി കാണാം.നന്ദി, സ്നേഹം.