Sunday, October 27, 2024
Homeസ്പെഷ്യൽവെള്ളിത്തിരയിലെ തിരയിളക്കങ്ങൾ (സുബി വാസു എഴുതുന്ന "ഇന്നലെ-ഇന്ന്-നാളെ)

വെള്ളിത്തിരയിലെ തിരയിളക്കങ്ങൾ (സുബി വാസു എഴുതുന്ന “ഇന്നലെ-ഇന്ന്-നാളെ)

സുബി വാസു നിലമ്പൂർ

സിനിമയെന്നത് കേവലം ഒരു വിനോദ ഉപാധി മാത്രമല്ല അതൊരു കലയാണ് നമ്മുടെ സമൂഹത്തെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരുകല ഇല്ലെന്നുതന്നെ പറയാം ഓരോ കാലഘട്ടത്തിലെ ചലച്ചിത്രങ്ങൾക്കും അതാതു കാലഘട്ടത്തിൻറെ തനിമ ഒപ്പിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.ഓരോ കാലഘട്ടത്തിന്റെയും ഭൂമി, പരിസ്ഥിതി, സംസ്കാരം, ജീവിതം തുടങ്ങിയവയെല്ലാം പല ചിത്രങ്ങളായി ഇന്നും നമ്മുടെ മുന്നിലേക്ക്‌ എത്തുന്നത് സിനിമയെന്ന കലയുടെ കഴിവ് തന്നെയാണ്.
വായനാ എന്നത് അക്ഷരങ്ങളിൽ കൂടെയുള്ള പ്രയാണം ആണെങ്കിൽ ചലച്ചിത്രങ്ങൾ കാഴ്ചകളിലൂടെ, അനുഭവങ്ങളിലൂടെ, ആശയങ്ങൾ സമൂഹത്തിൽ പകർത്തുകയാണ് ചെയ്തിട്ടുള്ളത്. നമ്മുടെ സമൂഹത്തിൽ കലയുടെ സ്വാധീനം വളരെ വലുതാണ്. നമ്മൾ പറയുന്നതിലുപരി, കേൾക്കുന്നതിലുപരി ആശയങ്ങൾ കാഴ്ചകളിലൂടെ നമ്മുക്കുള്ളിലേക്ക് സന്നിവേശിപ്പിക്കാൻ സിനിമ എന്ന മാധ്യമത്തിന് കഴിഞ്ഞിട്ടുണ്ട്.
കലാമൂല്യമുള്ള ഒരുപാട് ചലച്ചിത്രങ്ങളും അവയിലെ പാട്ടുകളും ഇന്നും നമ്മളിൽ വല്ലാത്ത ഓർമയായി സ്വാധീനം ചെലുത്തുന്നുണ്ട്. സമൂഹത്തിൻറെ പ്രത്യക്ഷ സ്വഭാവങ്ങളിൽ പ്രകടമായ മാറ്റങ്ങൾ വരുത്തുവാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട് അതിൻറെ പ്രകടമായ മാറ്റങ്ങൾ തന്നെ നമുക്ക് കാണാൻ പറ്റും. വസ്ത്രധാരണത്തിലുള്ള അന്നത്തെയും ഇന്നത്തെയും സങ്കല്പങ്ങൾ തന്നെ അതിനുദാഹരണം. പഴയ കാലത്തെ വേഷവിധാനങ്ങൾ, അതിൽ നിന്നുള്ള മാറ്റങ്ങൾ കൃത്യമായി തന്നെ നമ്മുടെ മുന്നിലുണ്ട്. നമ്മുടെ അന്നത്തെ ഫാഷൻ സങ്കൽപ്പങ്ങൾ സിനിമയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.അന്നൊക്കെ നടനും, നടിയും ധരിക്കുന്ന ഡ്രസ്സ്‌, അവരുടെ മുടിയുടെ സ്റ്റൈൽ, എല്ലാം ഒരു ട്രെൻഡ് ആയിരുന്നു. ഇന്നും ആ ട്രെൻഡ് ഉണ്ട്.

സിനിമ എന്നത് ഒരു അത്ഭുതലോകമായിരുന്നു. ഓരോ കാലഘട്ടത്തിലും അതിന്റെ വെളിച്ചെമിങ്ങനെ നമ്മളെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു. സിനിമയും അതിലെ കഥയും പോലെ തന്നെ അതിലെ നായകനായ/നായികയായി അഭിനയിച്ച കഥാപാത്രങ്ങൾക്കും ഒരുപാടു സ്വീകാര്യതയുണ്ട്. അവരെ ആരാധിക്കുന്ന വലിയൊരു ലോകം തന്നെ ഉണ്ട്.

ചലച്ചിത്രമെന്ന മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് സിനിമ പകർന്നു കൊടുത്തത് പണവും അതിലേറെ പ്രശസ്ത്തിയുമാണ് അതുകൊണ്ടുതന്നെ നിരവധി ആളുകൾ വെള്ളിത്തിരയിലെ വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെട്ടു. സിനിമ എന്നത് കല എന്നതിൽ നിന്ന് തികച്ചും പ്രൊഫഷണലായി അതിൻറെ മുഖം മിനുക്കിയെടുത്തു. വിനോദത്തിനും, വിജ്ഞാനത്തിനും, ഉപരിയായി അതൊരു വ്യവസായമായി മാറി.

നിറപ്പകിട്ടാർന്ന വിശാലമായ ഒരു ലോകമായി സിനിമ അരങ്ങുവാഴുന്നുകൊണ്ടിരുന്നു. എന്നാൽ അപ്പോഴും ചില അനിഷ്ടസംഭവങ്ങൾ സിനിമയെയും അണിയറ പ്രവർത്തകരെയും വെട്ടിലാക്കി.വെള്ളിത്തിരയിൽ കത്തിനിന്ന ഒറ്റപ്പെട്ട ചില നക്ഷത്രങ്ങൾ പെട്ടെന്ന് കൊഴിഞ്ഞു പോയത് സിനിമാമേഖലയിലെ മറ്റൊരുവശം പുറത്തു കൊണ്ട് വന്നു. അണിയറയ്ക്കു പിന്നിലുള്ള പുഴുക്കുത്തുകൾ കൂടി പുറത്തേക്ക് കൊണ്ടുവന്നു. എന്നാൽ അവയൊക്കെ വന്ന വേഗത്തിൽ തന്നെ മടങ്ങി.

മലയാള സിനിമയിൽ ഒരുപാട് പുഴുക്കുത്തുകൾ പ്രകടമായിത്തന്നെ പുറത്തുവന്നെങ്കിലും, അതൊക്കെ ഒരു തരത്തിൽ മാഞ്ഞു പോയി. എന്നാൽ നടിയുടെ ആക്രമണത്തോടെ സിനിമാലോകം വല്ലാതെ സ്തംഭിച്ചു.
അനുകൂലവും പ്രതികൂലവുമായ വാദഗതികൾ ഉണ്ടായി സംഭവങ്ങളുടെ പ്രതിഫലനമെന്നോണം മുഖ്യമന്ത്രി ഇടപെട്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സിനിമാമേഖലയിലെ പലരുടെയും യഥാർത്ഥ മുഖം എന്താണെന്ന് കാണിച്ചുതന്നു. സിനിമാലോകത്തിന്റെ പകിട്ട് തകർക്കുന്ന രീതിയിലുള്ള ഗുരുതരമായ ഒത്തിരി ആരോപണങ്ങൾ ഉയർന്നു വന്നു. അതിനെ തുടർന്ന് പലരും വെളിപ്പെടുത്തലുകൾ നടത്തി, അതൊന്നും നിക്ഷേധിക്കാൻ കഴിയാതെ പലരും കാലിടറി നിൽക്കുന്നു.

മലയാളസിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുടെ ഒരു നീണ്ട നിര തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു. എല്ലാ മേഖലയിലും സ്ത്രീസമത്വത്തിനു വേണ്ടി വാദിക്കുന്നവർ സിനിമയിലെ കാര്യം വരുമ്പോൾ മിണ്ടുന്നില്ല. അവിടെ ഇന്നും പുരുഷാധിപത്യം തന്നെയാണ് നിലനിൽക്കുന്നത്.നടികൾ ഒഴിച്ചാൽ മറ്റു മേഖലകളിൽ, അതായതു സംവിധാനം, നിർമ്മാണം, ക്യാമറ തുടങ്ങിയ മേഖലയിൽ ആധിപത്യം പുരുഷനിൽ തന്നെയാണ്. സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ മുതൽ കൃത്യമായ അനീതിയും വിവേചനവും പുറത്തു കൊണ്ടുവന്നിരിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്.സിനിമയിൽ അഭിനയിക്കാൻ സ്ത്രീകൾക്കു കാസ്റ്റിംഗ് കൗച്ച് നേരിടേണ്ട അവസ്ഥവരെ തെളിവുകൂടിയാണ് കമ്മിറ്റി പുറത്തുകൊണ്ടുവരുന്നത്.

ഇന്ന് ഏതു മേഖലയിൽ നോക്കിയാലും തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെ അക്രമങ്ങൾ നടക്കുന്നുണ്ട്. സിനിമ-സീരിയൽ മേഖലയിൽ അതിത്തിരി കൂടുതൽ ആണെന്ന് മാത്രം. തൊഴിലിടങ്ങളിൽ ലൈംഗിക ചൂഷണം മാത്രമല്ല പീഡനമായി കാണേണ്ടത്. തൊഴിലിടങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ ഇല്ലാത്ത അവസ്ഥ, ടോയ്ലറ്റ് ഇല്ലാത്ത അവസ്ഥ, ഇരിക്കാൻ പാടില്ല, മണിക്കൂറുകൾ നിന്നുകൊണ്ട് ജോലി ചെയ്യേണ്ട അവസ്ഥ തുടങ്ങി ഒരുപാടു കാര്യങ്ങൾ അതിലുണ്ട്. സിനിമയില് ഇത്തരം ലൈംഗിക അതിക്രമം ഉണ്ടാവുന്നത് അതിനൊരു പരിധിവരെ സ്ത്രീകളും കാരണക്കാർ ആണ്. സ്ത്രീകളെ കൈപ്പിടിയിൽ ഒതുക്കാനുള്ള ഏറ്റവും നല്ല മാധ്യമമായി സിനിമയെ ഒരു വിഭാഗം ആളുകൾ മാറ്റിയെടുത്തു അതാണ് സത്യം. പണത്തിനും പ്രശസ്തിക്കും വേണ്ടി പലരും അതിനു നിന്നു കൊടുക്കുകയും പിന്നീട് അതിങ്ങനെ തുടരുകയും ചെയ്തു. എതിർത്തു നിന്നാൽ സിനിമയിൽ ചാൻസ് കിട്ടില്ല,അവരുടെ കാരീർ തന്നെ പോകും.

ലൈംഗിക അതിക്രമങ്ങൾ മാത്രമല്ല ജോലിസ്ഥലത്ത്, കൃത്യമായ വിശ്രമ മുറികൾ സ്ത്രീകൾക്ക് ലഭിക്കുന്നില്ല. വെർബൽ റേപ്പുകളും അസഭ്യ വർഷങ്ങളും സഹിക്കേണ്ടിവന്നിട്ടുണ്ടെന്നാണ് നിരവധി താരങ്ങളുടെ വെളിപ്പെടുത്തലുകൾ. അതുപോലെതന്നെ സിനിമയിൽ തുല്യ പ്രധാന്യമുള്ള കഥാപാത്രങ്ങൾ ആയിട്ടുകൂടി വേതനത്തിന്റെ കാര്യത്തിൽ വരുന്ന വ്യത്യാസങ്ങൾ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.

ഇന്ന് സിനിമാ മേഖല ലഹരിയുടെയും, കള്ളപ്പണത്തിന്റെയും വൻ ഉറവിടം കൂടിയാണ്. നമുക്കറിയാം ഇവിടെ ലഹരി വേളയിൽ പിടിക്കപ്പെടുന്ന നിരവധി കേസുകളിൽ മോഡലുകളും, സിനിമാ, സീരിയൽ താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇതും ചൂഷണത്തിന്റെ മറ്റൊരു വശമാണ്. സിനിമയിൽ വനിതകളുടെ മനുഷ്യാവകാശങ്ങൾക്കു വിലകൽപ്പിക്കാത്തതിനെ ഹേമ കമ്മിറ്റി എടുത്തുപറയുന്നുണ്ട് സിനിമയിൽ നിന്നും പുറത്തു വരേണ്ടി വരുമെന്ന ഭീഷണിയിൽ പലരും പുറത്തുപറയാതെ നിൽക്കുകയാണ്. സിനിമ സ്വപ്നം കാണുന്ന ഒരുപാട് പേരുണ്ട്, സിനിമയെന്നത് ഒരുകൂട്ടം ആളുകളുടെ വരുമാനമാണ്. അതുകൊണ്ടുതന്നെ അതിലെ പുഴുക്കുത്തുകൾ പരിഗണിക്കേണ്ടതും, പരിഹരിക്കേണ്ടതുമാണ്. സമൂഹത്തിൻറെ മാറ്റങ്ങൾക്ക് നിറം പകർന്ന ഒരുപാട് നല്ല ആശയങ്ങൾ കൊണ്ടുവന്ന സിനിമ മേഖലയെ നശിപ്പിക്കാൻ കൂട്ടുനിൽക്കരുത് അതിലെ പുഴുക്കുത്തുകൾ പരിഹരിച്ച് മുന്നോട്ടു നടക്കുകയാണ് വേണ്ടത്. ആശയ സമ്പുഷ്ടമായ ഒരുപാടു നല്ല സൃഷ്ടികൾ പിറക്കേണ്ടതുണ്ട്, അതു ഇന്നത്തെ കൗതുകമാകാം, നാളത്തെ ഓർമ്മകളും. ഇന്നലെകളെ തിരയുമ്പോൾ ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നുവെന്ന് വരും തലമുറയ്ക്ക് കാട്ടികൊടുക്കാൻ ഇതൊക്കെ അവശേഷിപ്പിച്ചേ മതിയാകൂ.

സുബി വാസു നിലമ്പൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments