Sunday, December 8, 2024
Homeഅമേരിക്കആരവങ്ങൾക്കിടയിൽ അരങ്ങൊഴിയുന്നവർ (സുബി വാസു എഴുതുന്ന “ഇന്നലെ-ഇന്ന്-നാളെ)

ആരവങ്ങൾക്കിടയിൽ അരങ്ങൊഴിയുന്നവർ (സുബി വാസു എഴുതുന്ന “ഇന്നലെ-ഇന്ന്-നാളെ)

സുബി വാസു നിലമ്പൂർ

ആൾക്കൂട്ട വിചാരണയുടെ മറ്റൊരു ലോകമായി സോഷ്യൽ മീഡിയയിൽ മാറിയിരിക്കുന്നു.ഓരോ ദിവസവും അതിലൂടെ കണ്ണോടിച്ചു നോക്കുമ്പോൾ മനുഷ്യർ ഇത്രയും അധഃപതിച്ചോ എന്നൊരു തോന്നൽ ആണ്. ആൾക്കൂട്ടങ്ങളിൽ വിചാരണ ചെയ്തു ശിക്ഷ നടപ്പിലാക്കിടമ്പോൾ, പലപ്പോഴും സ്വയം അവസാനിപ്പിച്ചു പോകുന്നു. ചിലതൊക്കെ അറിയുന്നു, ചിലതു അറിയാതെ അങ്ങനെ പോകുന്നു.എന്താണ് ആളുകൾ ഇങ്ങനെ? ഒരാളെ വാക്കുകൾ കൊണ്ട് മുറിപ്പെടുത്തുമ്പോൾ ഒരിറ്റു ചോരപൊടിയാതെ അയാളെ കൊല്ലാം. ഇന്നു സോഷ്യൽ മീഡിയയിൽ നടക്കുന്നതും അതാണ്.

ഇന്ന് ലോകത്തിൻറെ ഏതോരു കോണിൽ എന്തുസംഭവിച്ചാലും നിമിഷങ്ങൾക്കുള്ളിലത് നമ്മൾ അറിയുന്നു. ഒപ്പം അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളും വാദപ്രതിവാദങ്ങളും, വിവാദങ്ങളും നടക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അന്ന് കത്തി നിൽക്കുന്ന വിഷയം അതായിരിക്കും.എന്തെങ്കിലും വിഷയം കിട്ടാൻ കാത്തിരിക്കുന്ന പോലെ പോസ്റ്റുകൾ, ലേഖനങ്ങൾ, കവിതകൾ, കഥകൾ…!വല്ലാത്ത ലോകം തന്നെ.

ഒരാൾ പ്രശസ്തനാകുന്നതിനും അപ്രശസ്തനാകുന്നതിനും സോഷ്യൽ മീഡിയ മതി.എന്തെങ്കിലും ഒക്കെ കാണിച്ചു വൈറൽ ആകാൻ കുറെ പേര് അവർക്കു കുട പിടിക്കാൻ കുറെ പേര്, അവരെ തെറിപറയാൻ കുറെ പേര് ഇതാണ് ഇന്നത്തെ അവസ്ഥ. ഒരു ജീവിതം നേടാനും ഒരു ജീവിതം കെടുത്താനും സോഷ്യൽ മീഡിയയിലെ ആളുകൾ വിചാരിച്ചാൽ കഴിയും കാരണം സോഷ്യൽ മീഡിയ പ്ലാറ്റഫോം അത്രയും ശക്തമായ സ്വാധീനമായിക്കഴിഞ്ഞു.
ഓരോദിവസവും ഇറങ്ങുന്ന പോസ്റ്റുകൾ, വാർത്തകൾ, റീൽസുകൾ എല്ലാത്തിന്റെയും കമന്റ്‌ ബോക്സ്‌ ഒന്ന് പരിശോധിച്ചാൽ അറിയാം മനുഷ്യരുടെ സംസ്‍കാരവും വകതിരിവും എത്രയൊക്കെയുണ്ടെന്നു.

ബുദ്ധിയും,അറിവും കഴിവും ഉണ്ടെന്നു അഹങ്കരിക്കുന്ന മലയാളികൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന വാചക കസർത്തുകൾ കാണുമ്പോൾ തികച്ചും പുച്ഛമാണ് തോന്നുന്നത്. പേരുനോക്കി, മതം നോക്കി, രാഷ്ട്രീയം നോക്കി പ്രതികരിക്കുന്ന മനുഷ്യർ.മനുഷ്യന് വേണ്ടത് വിവേചനബുദ്ധി ആണ്.ഓരോ പ്രശ്നത്തെയും അതിന്റെ പൊരുളറിഞ്ഞ് അതിനെ സമീപിക്കുകയാണ് വേണ്ടത്. എന്നാൽ ഇന്ന് അങ്ങനെയാണോ നടക്കുന്നത്? നമ്മുടെ വൈകാരിക വിക്ഷോപങ്ങളെ അപ്പാടെ ഛർദ്ദിച്ച് വെക്കാനുള്ള ഉപാധിയായിട്ടാണ് സോഷ്യൽ മീഡിയകളെ കാണുന്നത്.തനിക്ക് ഇഷ്ടമല്ലെങ്കിൽ അതിനെ അവഹേളിക്കുക, പുച്ഛിച്ചുകൊണ്ട് നെഗറ്റീവ് കമന്റ്‌ ഇടുക അതോടെ സമാന മനസ്സുള്ളവർ അതിലേക്ക് ചേരുന്നു.പിന്നെ കൂട്ടം ചേർന്ന് അധിക്ഷേപങ്ങൾ,എന്തിനുവേണ്ടി? ആർക്കും ഒരു ഉപദ്രപവും ഇല്ലാതെ പോകുന്ന വരെ പോലും വെറുതെ തെറി വിളിച്ചു പോകുന്ന ആളുകളുണ്ട്. വിമർശിക്കാൻ വേണ്ടി മാത്രം വരുന്നവർ, മറ്റുള്ളവരുടെ തെറ്റ് കുറ്റങ്ങൾ ചികഞ്ഞു കല്ലെറിയുന്നവർ, ചിലപ്പോഴൊക്കെ നിങ്ങൾക്കൊന്നും വേറെ പണിയില്ലേ എന്ന് ചോദിക്കാൻ തോന്നിയിട്ടുണ്ട്.

ആൾക്കൂട്ട വിചാരണകളിൽ പിടിച്ചു നിൽക്കാൻ കഴിയാതെ സ്വയം ഒടുങ്ങിയതെത്രപേരാണ്? ഈ അടുത്ത് തന്നെ ഒരു സംഭവം എന്നെ വല്ലാതെ സ്വാധീനിച്ചു ഫ്ലാറ്റിൽ നിന്ന് അറിയാതെ ഒരു കുഞ്ഞു പാരപ്പെറ്റിൽ വീണു. പെട്ടന്ന് തന്നെ ഇടപെട്ടത് കൊണ്ട് കുഞ്ഞുജീവൻ തിരികെ കിട്ടി. പക്ഷെ ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും അതിനെ തുടർന്ന് ആ അമ്മ നേരിടേണ്ടിവന്ന അധിക്ഷേപങ്ങൾ ചില്ലറയല്ല.ഒടുവിൽ അവരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.ആ വാർത്ത ചെറിയൊരു കോളത്തിൽ ആണ് ഞാൻ കണ്ടത്. സോഷ്യൽ മീഡിയയിൽ അവർക്കെതിരെ പറഞ്ഞ വാക്കുകൾ അവരെ വിഷാദത്തിലെത്തിച്ചു. കുറച്ചു ദിവസമായി അത്രയും മാനസിക പീഡനം ഒടുവിൽ ആത്മഹത്യ ചെയ്തു.ആ ആത്മഹത്യയിലേക്ക് അവരെ നയിച്ചത് ഈ ആൾക്കൂട്ട വിചാരണ തന്നെയല്ലേ?
അവരെ മരണത്തിലേക്ക് അയച്ചതു നാം ഓരോരുത്തരുമാണ്..

പണ്ടൊക്കെ നമ്മുടെ നാട്ടിൻപുറങ്ങളിൽ കൊതിയും നുണയും പറഞ്ഞിരിക്കുന്ന ആളുകളെ കാണാമായിരുന്നു.ഇന്ന് നാട്ടിൻപുറങ്ങളിൽ അല്ല നമ്മുടെ സോഷ്യൽ മീഡിയകൾ ആ സ്ഥാനം ഏറ്റെടുത്തു.തങ്ങൾക്ക് സ്വീകാര്യമല്ലാത്തതിനെ എതിർക്കുകയും അവർക്കെതിരെ കുപ്രചരണങ്ങൾ വിളിച്ചു പറയുകയും ചെയ്യുക എന്നത് വല്ലാത്തൊരു പ്രവണതയാണ്.ഇതിങ്ങനെ പറയുമ്പോൾ തെറ്റേത്, ശരിയേത് എന്നറിയാത്ത കുറെ ആളുകൾ. അതുപോലെതന്നെ തെറ്റായ സന്ദേശങ്ങൾ അതിവേഗത്തിൽ ജനങ്ങൾക്കിടയിലേക്ക് കൈമാറാനും സോഷ്യൽ മീഡിയക്കു കഴിയുന്നു.തെറ്റായ വിവരങ്ങളിലൂടെ ഒരു വ്യക്തിയെയും കുടുംബത്തെയും സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനും ഉന്മൂലനം ചെയ്യാനും കഴിയുന്നു.

സോഷ്യൽ മീഡിയയിൽ കത്തി നിൽക്കുന്ന പല വിഷയങ്ങളും സമൂഹത്തിന് ഒരു ഗുണവുമില്ല എങ്കിലും അവ ഇങ്ങനെ പെരുപ്പിച്ചു നിർത്തുമ്പോൾ ഉപകാരപ്രദമാകുന്ന ഒത്തിരി സംഭവങ്ങൾക്ക് ശ്രദ്ധ കിട്ടാതെ പോകുന്നു.രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഉണ്ടാവുന്ന കൃത്യമായ അജണ്ടകൾ ഇത്തരം സംഭവങ്ങൾക്ക് ഉദാഹരണങ്ങൾ മാത്രം.രാഷ്ട്രീയക്കാർ മാധ്യമങ്ങൾ കല്പിച്ചു കൊടുക്കുന്ന ചില വിഷയങ്ങൾ അതിങ്ങനെ ഊതിപ്പെരുപ്പിക്കാൻ വേണ്ട ക്യാപ്‌ഷനും കൊടുത്ത് വിടും പിന്നെയത് ജനങ്ങൾ ഏറ്റെടുത്തുകൊണ്ട് ചർച്ചകൾ കൊഴുപ്പിക്കുന്നു. അതിനിടയിൽ ജാതി, മത പ്രതികരണം വേറെ, രാഷ്ട്രീയ നിറങ്ങൾ വേറെ എന്തൊരു ലോകമാണ്. പരസ്പ്പരം സൗഹൃദങ്ങൾ വളരേണ്ടിയിടത്തു സ്പർദകൾ വളർത്തുന്നു.
സോഷ്യൽ പ്ലറ്റുഫോമുകൾ ഇരുതല മൂർച്ചയുള്ള ആയുധമാണ് അറിവില്ലാതെ പ്രയോഗിക്കുംമ്പോൾ മുറിവേൽക്കുക തന്നെ ചെയും.

സുബി വാസു നിലമ്പൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments