പത്തനംതിട്ട : കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആദിവാസി കോളനികളിൽ ആരണ്യകം എന്ന പേരിൽ ലൈബ്രറികൾ ആരംഭിക്കുന്നതിന്‍റെ ഭാഗമായി അടിച്ചിപ്പുഴയിൽ തുടങ്ങിയ ” അംബേദ്ക്കർ ” ലൈബ്രറി ആന്‍റ് വായനശാല ശിശുക്ഷേമസമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ അരുൺ ഗോപി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ശിശുക്ഷേമ സമിതി അംഗം പ്രൊഫ . ടി. കെ.ജി നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എ.കെ.പി.സി.ടി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. മനോജ് ടി.ആർ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറിയ്ക്ക് ” അംബേദ്കർ എന്ന പേര് നിർദ്ദേശിച്ച വിദ്യാർത്ഥി എബിൻ എബ്ബേസിന് ഗ്രാമ പഞ്ചായത്ത് അംഗം പി.സി അനിയൻ മൊമൻ്റോ നൽകി.
ശിശുക്ഷേമസമിതി ജില്ല സെക്രട്ടറി ജി. പൊന്നമ്മ , ഏ .കെ പി.സി.ടി.എ ജില്ല സെക്രട്ടറി റെയിസൺ സാം രാജു , എ.കെ. പി സി.ടി.എ ജില്ല പ്രസിഡൻ്റ് ഡോ. ലതാകുമാരി പി.സി , ശിശുക്ഷേമ സമിതി ജില്ല ജോയിൻ്റ് സെക്രട്ടറി സലിം പി. ചാക്കോ , ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം കോമളം അനിരുദ്ധൻ , ലൈബ്രറി കൗൺസിൽ റാന്നി താലൂക്ക് സെക്രട്ടറി ലീലാ ഗംഗാധരൻ , ഡോ. ലിബൂസ് ജേക്കബ് എബ്രഹാം , ഡോ. റോണി ജെയിൻ രാജു , ജിക്കു ജെയിംസ് , എൻ.പ്രകാശ്കുമാർ , വി.എൻ ജെനി മോൾ , രാഘവൻ ഊര് മൂപ്പൻ , രാജപ്പൻ ജി., തുളസി തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ല ലൈബ്രറി കൗൺസിൽ , എ.കെ.പി.സി.ടി.എ എന്നി സംഘടനകളുടെ സഹകരണത്തോടെ ജില്ല ശിശുക്ഷേമ സമിതിയാണ് ലൈബ്രറി നടത്തുന്നത് .ലൈബ്രറി ഉദ്ഘാടനത്തിൻ്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും അവതരിപ്പിച്ചു.
ഗ്രന്ഥശാലയിലേക്ക് ആവശ്യമായ പുസ്തകങ്ങൾ ജില്ലയിൽ നിന്നുള്ള എ.കെ.പി സി.ടി.എ അംഗങ്ങൾ ശേഖരിച്ച് ലൈബ്രറി സെക്രട്ടറിയ്ക്ക് കൈമാറി. തിരുവല്ലയിൽ നടക്കുന്ന എ.കെ പി.സി.ടി.എ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചു ജില്ലയിലെ ലൈബ്രറികൾ ശക്തീകരിക്കുന്നതിൻ്റെ ഭാഗമായി അക്ഷരക്കൂട്ടം പദ്ധതി ആരംഭിച്ചു. സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ അഞ്ച് പുസ്തകം വീതം പദ്ധതിയുടെ ഭാഗമായി നൽകും.