കോഴിക്കോട് :സിപിഐഎം ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥന്റെ കൊലപാതകത്തിൽ കലാശിച്ചത് വ്യക്തി വൈരാഗ്യമെന്ന് പോലീസ്. കേസിൽ കസ്റ്റഡിയിലുള്ള പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതിനെ സത്യനാഥൻ പലവട്ടംചോദ്യംചെയ്തത് അഭിലാഷിനെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു .അഭിലാഷിന്റെ ലഹരി ഉപയോഗത്തെ സത്യനാഥൻ എതിർത്തിരുന്നു. ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ പലതവണ സംസാരമുണ്ടായതായും സൂചനയുണ്ട്.
ഇരുവരുടെയും വീടുകൾ അടുത്തടുത്താണ്. അഭിലാഷ് ലഹരി മാഫിയയിൽ ഉൾപെട്ടയാളാണ് എന്നാണ് വിവരം. ഇയാളുടെയും സംഘത്തിന്റെയും ലഹരി ഉപയോഗം സത്യൻ നിരന്തരം ചോദ്യം ചെയ്തത് അഭിലാഷിനെ ചൊടിപ്പിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിലവിലെ നിഗമനം. രണ്ട് വർഷം മുൻപ് അഭിലാഷ് സത്യൻ്റെ വീട് ആക്രമിച്ചിരുന്നതായും വിവരമുണ്ട്.
2015ലാണ് അഭിലാഷിനെ പാർട്ടിയിൽ നിന്ന്പുറത്താക്കിയത്.പാർട്ടിയിൽ നിന്ന്പുറത്താക്കിയതിലുള്ള എതിർപ്പും അഭിലാഷിനുണ്ടായിരുന്നു. ഒമ്പത് വര്‍ഷമായി ഈ വൈരാഗ്യം അഭിലാഷ് ഉള്ളില്‍ കൊണ്ടു നടക്കുകയായിരുന്നു. സിപിഐഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് പി വി സത്യനാഥൻ (62).
കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു കൊലപാതകം. ഗാനമേള നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചായിരുന്നു കൊലപാതകം നാലിലേറെ വെട്ടേറ്റിരുന്നു. കഴുത്തിലും മുതുകിലും ആഴത്തിൽമുറിവേറ്റിരുന്നു. സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആസൂത്രിതമായ കൃത്യമാണ് നടന്നതെന്ന്പൊലീസ് പറയുന്നു.
➖️➖️➖️➖️