Thursday, May 9, 2024
Homeഅമേരിക്കഅടയ്ക്കാനാരിൽ നിന്ന് ലീഫ് സ്പ്രിംങ് - അജു ജോ ശങ്കരത്തിലിന്റെ നേതൃത്വത്തിലുള്ള സെന്റ്ഗിറ്റ്സ് സംഘത്തിന് പേറ്റന്റ്

അടയ്ക്കാനാരിൽ നിന്ന് ലീഫ് സ്പ്രിംങ് – അജു ജോ ശങ്കരത്തിലിന്റെ നേതൃത്വത്തിലുള്ള സെന്റ്ഗിറ്റ്സ് സംഘത്തിന് പേറ്റന്റ്

കോട്ടയം: കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സുലഭമായി കാണപ്പെടുന്ന കവുങ്ങ് അഥവാ കമുക് മരത്തിൽ നിന്നും ലഭിക്കുന്ന അടയ്ക്കയിൽനിന്നു വികസിപ്പിച്ചെടുത്ത പ്രകൃതിദത്ത നാര് ഉപയോഗിച്ച്, വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ലീഫ് സ്പ്രിങ് നിർമിച്ചതിന് പാത്താമുട്ടം സെന്റ് ഗിറ്റ്‌സിലെ മെക്കാനിക്കൽ എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫ. അജു ജോ ശങ്കരത്തിലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് പേറ്റന്റ് ലഭിച്ചു.

‘അടയ്ക്കാനാരും മൾട്ടി വാൾഡ് കാർബൺ നാനോ ട്യൂബും സംയോജിപ്പിച്ചു ലീഫ് സ്പ്രിങ് നിർമിക്കുമ്പോൾ നിലവിലുള്ളവയേക്കാൾ ദൃഢതയുണ്ടെന്ന് സെന്റ്ഗിറ്റ്സിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അസിസ്‌റ്റൻ്റ് പ്രഫ. അജു ജോ ശങ്കരത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്. വാഹനങ്ങളുടെ ഷോക്ക് അബ്സോർബർ സസ്പെൻഷനിലാണ് ലീഫ് സ്പ്രിങ് ഉപയോഗിക്കുന്നത്.

എൻജിനീയറിങ് കോളജ് വിദ്യാർഥികളുടെ അവസാന വർഷ പ്രോജക്ടിന്റെ ഭാഗമായി രൂപകൽപന ചെയ്‌തതാണ് ഈ നൂതന ആശയം.
അജുവിൻ്റെ ഭാര്യയും ജലസേചന വകുപ്പിൽ അസിസ്‌റ്റൻ്റ് എൻജിനീയറും, കോഴിക്കോട് എൻഐടിയിൽ പിഎച്ച്ഡി വിദ്യാർഥിനിയുമായ അശ്വതി ആൻ മാത്യു, സെന്റ്ഗിറ്റ്സിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളായ സഹീർ ഷാ, സിഫിൻ സജി, യദുകൃഷ്‌ണൻ ഹരി, കെ.എസ്. സച്ചു എന്നിവരാണു സംഘത്തിലെ മറ്റുള്ളവർ.

ഈ കണ്ടെത്തൽ പരിസ്‌ഥിതിക്കു ഗുണകരമാണെന്നും കൃത്രിമ അസംസ്‌കൃത പദാർഥങ്ങളുടെ ഉപയോഗം ഇതുവഴി കുറയ്ക്കാമെന്നും ഗവേഷകർ പറയുന്നു. അടയ്ക്കാനാരുകൾ കൊണ്ടുള്ള സംയുക്‌തം ഉപയോഗിച്ചു ബ്രീഫ് കേസ്, തപാൽ പെട്ടികൾ, ഇട ഭിത്തികൾ, വാഹനങ്ങളുടെ ഉൾഭാഗങ്ങൾ തുടങ്ങിയവയും നിർമ്മിക്കാം. കേരള സ്‌റ്റാർട്ടപ്പ് മിഷനുമായി ചേർന്നു നവസംരംഭം തുടങ്ങുവാനാണ് സംഘത്തിന്റെ തീരുമാനം.

പേറ്റൻ്റ് നേടിയ കണ്ടുപിടുത്തത്തിൻ്റെ മൂല്യവും അതുല്യതയും അംഗീകരിച്ചുകൊണ്ട്, ഇന്ത്യൻ പേറ്റൻ്റ് ഗ്രാൻ്റിന് അർഹമായ കണ്ടുപിടുത്തത്തിന് നേതൃത്വം കൊടുത്ത അജു ജോ ശങ്കരത്തിലിനെ മലങ്കര ഓർത്തോഡോക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത പന്തളം തലയനാട് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.

“എൻ്റെ നേതൃത്വത്തിൽ സെന്റ്ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നടത്തിയ ഞങ്ങളുടെ നൂതന പ്രോജക്‌ട് വർക്കിന് ലഭിച്ച ഈ അംഗീകാരത്തിനും പ്രശംസയ്ക്കും ഞാൻ നന്ദിയുള്ളവനാണ്. ലഭിച്ച ഈ അംഗീകാരത്തോടെ എൻ്റെ അധ്യാപന, ഗവേഷണ യാത്രകൾ ഒരു സുപ്രധാന നാഴികക്കല്ലിൽ എത്തിയിരിക്കുന്നു. ഈ നേട്ടം ഞങ്ങളുടെ കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും തെളിവാണ്,

സർവ്വശക്തനായ ദൈവം ഞങ്ങൾക്ക് നൽകിയ നിരവധി അനുഗ്രഹങ്ങൾ ക്കൊപ്പം തന്നെ, ഞങ്ങളുടെ അർപ്പണബോധമുള്ള മാതാപിതാക്കളിൽ നിന്നും, സെയിൻ്റ്‌ഗിറ്റ്‌സ് കോളേജ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെൻ്റിലെ ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകർ – കൂടാതെ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കൾ എല്ലാവരുമാണ് ഈ നേട്ടം സാധ്യമാക്കിയത്. ഈ പ്രക്രിയയിലുടനീളം ഉണ്ടായിരുന്ന ടീമിലെ എല്ലാ അംഗങ്ങൾക്കും അവരുടെ സംഭാവനകൾക്കും പിന്തുണയ്ക്കും നന്ദി” – അജു പറഞ്ഞു.

അജു ജോ ശങ്കരത്തിൽ വിവിധ പീർ റിവ്യൂഡ് ജേണലുകളിൽ 7 പേപ്പറുകളും 8 ഇന്ത്യൻ പേറ്റന്റുകളും ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. ‘ലിവർ ഡ്രൈവ് മൾട്ടിപർപ്പസ് റോൾചെയർ’ എന്ന തന്റെ അവസാന വർഷ ബിടെക് പ്രോജക്റ്റിന് ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള ബെസ്റ്റ് ഇന്നവേഷൻ അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്. കാരുണ്യ സർവകലാശാലയിൽ പിഎച്ച്ഡി ഗവേഷണം നടത്തുന്ന അജു മീനടം സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളി വികാരി പുത്തനങ്ങാടി ശങ്കരത്തിൽ ഹൗസിൽ ജോൺ ശങ്കരത്തിൽ കോറെപ്പിസ്കോപ്പയുടെയും ആനിയുടെയും മകനാണ്.

RELATED ARTICLES

Most Popular

Recent Comments