Saturday, December 7, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 24, 2024 ശനി

വാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 24, 2024 ശനി

🔹നോർത്ത് ഈസ്റ്റ്‌ മിസിസിപ്പിയിൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പതിവ് പരിശീലന പറക്കലിനിടെ സൈനിക ഹെലികോപ്റ്റർ തകർന്ന് രണ്ട് ദേശീയ ഗാർഡുകൾ കൊല്ലപ്പെട്ടുവെന്ന് അധികൃതർ അറിയിച്ചു.
എഎച്ച്-64 അപ്പാച്ചെ പ്രെൻ്റിസ് കൗണ്ടിയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തകർന്നതെന്ന് മിസിസിപ്പി നാഷണൽ ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു.

🔹നിഷാമിനി മാളിലെ ബാർൺസ് ആൻഡ് നോബിളിൽ നിന്നും 1,000 ഡോളർ വിലമതിക്കുന്ന ലെഗോസുമായി രക്ഷപ്പെട്ട പ്രതിയെ പോലീസ് തിരയുന്നു. മോഷ്ടാവിൻ്റെ നിരീക്ഷണ ഫോട്ടോകൾ വെള്ളിയാഴ്ച പോലീസ് പുറത്തുവിട്ടു.

🔹വാലൻ്റൈൻസ് ഡേയുടെ ആവേശത്തിൽ, കേരള അസോസിയേഷൻ ഓഫ് ഡാളസ് 2024 ഫെബ്രുവരി 24 ശനിയാഴ്ച വൈകുന്നേരം 4-6:30 ന് ഗാർലൻഡിലെ അസോസിയേഷൻ ഹാളിൽ വെച്ച് കരോക്കെ സംഗീത സായാഹ്നം (പ്രണയനിലാവ്) സംഘടിപ്പിക്കുന്നു.

🔹മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ കിക്കോഫ് മീറ്റിംഗിന് ഫെബ്രുവരി 18 ന് സ്റ്റാറ്റൻ ഐലൻഡ് സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവക വേദിയായി. ഫാ. ബോബി വർഗീസ് (അസി. വികാരി) വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി. ഫാമിലി & യൂത്ത് കോൺഫറൻസിനായി വിശുദ്ധ കുർബാനയ്ക്ക് ശേഷം മീറ്റിംഗ് നടത്തപ്പെട്ടു,

🔹കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സുലഭമായി കാണപ്പെടുന്ന കവുങ്ങ് അഥവാ കമുക് മരത്തിൽ നിന്നും ലഭിക്കുന്ന അടയ്ക്കയിൽനിന്നു വികസിപ്പിച്ചെടുത്ത പ്രകൃതിദത്ത നാര് ഉപയോഗിച്ച്, വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ലീഫ് സ്പ്രിങ് നിർമിച്ചതിന് പാത്താമുട്ടം സെന്റ് ഗിറ്റ്‌സിലെ മെക്കാനിക്കൽ എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫ. അജു ജോ ശങ്കരത്തിലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് പേറ്റന്റ് ലഭിച്ചു.

🔹പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദൂരൂഹത ആരോപിച്ച ലീഗ് നേതാവ് കെ എം ഷാജിയെ പിന്തുണച്ച് കെ.മുരളീധരന്‍ എംപി. ഷാജിയെ ഒറ്റതിരിഞ്ഞു ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്ന ഗോവിന്ദന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഷാജിക്ക് പിന്തുണ നല്‍കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

🔹ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തില്‍ ഇന്ന് ഉച്ചമുതല്‍ നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രണം. ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. നാളെയാണ് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല.

🔹തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കായി അന്വേഷണം തുടരുന്നു. പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ കുട്ടി ഇന്നലെ ഏറെ വൈകിയും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

🔹പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പ്രതിയുടെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു. പ്രതി നയാസിന്റെ ആദ്യ ഭാര്യ റജീനയെയാണ് കേസില്‍ പ്രതി ചേര്‍ത്തത്.

🔹അയല്‍വാസികളായ പൂജാരിമാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവില്‍ കൊലപാതകം. ചാലുവിള പുറമ്പോക്കില്‍ താമസിക്കുന്ന നാരായണനാണ് കൊല്ലപ്പെട്ടത്. നൂറനാട് സ്വദേശിയായ അരുണിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

🔹അയല്‍വീട്ടിലെ നായ കുരച്ചതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ യുവാവ് നായയെ പാറയില്‍ അടിച്ചു കൊന്ന സംഭവത്തില്‍ ഇടുക്കി സന്യാസിയോട സ്വദേശിയായ കളപുരമറ്റത്തില്‍ രാജേഷിനെതിരെ കമ്പമെട്ട് പൊലീസ് കേസെടുത്തു. ബന്ധുകൂടിയായ അയല്‍വാസിയോടുള്ള വഴക്കാണ് നായയെ കൊലപ്പെടുത്തിയ സംഭവത്തിലേക്ക് എത്തിച്ചത്.

🔹കര്‍ണാടകയിലെ ഒരു കോടി രൂപയിലധികം വരുമാനമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് 10 ശതമാനം നികുതി നിര്‍ബന്ധമാക്കുന്ന ബില്‍ സംസ്ഥാന നിയമസഭയില്‍ പാസായെങ്കിലും നിയമസഭാ കൗണ്‍സിലില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നുവെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചതോടെ ബില്‍ വിവാദമായിരുന്നു. അതേസമയം ചെറിയ ക്ഷേത്രങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ബിജെപി തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

🔹ഉത്തര്‍പ്രദേശില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 15 മരണം. 7 കുട്ടികളും എട്ട് സ്ത്രീകളുമടക്കം 15 പേര്‍ മരിച്ചതായി പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍നിന്ന് പൂര്‍ണിമ ദിനത്തില്‍ ഗംഗാ നദിയില്‍ പുണ്യസ്നാനം നടത്തുന്നതിനായി തീര്‍ത്ഥാടകര്‍ കാദര്‍ഗഞ്ചിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.

🔹മണിപ്പൂര്‍ സര്‍വകലാശാല ക്യാമ്പസില്‍ സ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്കുണ്ട്. ഓള്‍ ഇന്ത്യ മണിപ്പൂര്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫീസിന് മുന്നിലായിരുന്നു സ്ഫോടനം നടന്നതെന്നാണ് വിവരം

🔹ഭ്രമയുഗം’ അടക്കമുള്ള മമ്മൂട്ടിയുടെ പരീക്ഷണ ചിത്രങ്ങള്‍ തിയേറ്ററില്‍ ഗംഭീരമായി ഓടിക്കൊണ്ടിരിക്കവെ ട്രെന്‍ഡ് മാറ്റിപ്പിടിച്ച് മമ്മൂട്ടി. പരീക്ഷണ ചിത്രങ്ങള്‍ മാറ്റിവച്ച് വീണ്ടും മാസ് ആക്ഷന്‍ കോമഡിയുമായാണ് മമ്മൂട്ടി ഇനി തിയേറ്ററില്‍ എത്തുക. ‘ടര്‍ബോ’ എന്ന പുതിയ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക് പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടര്‍ബോ. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്.

🔹അനുപമ പരമശ്വേരന്‍ അതീവ ഗ്ലാമറസ് ആയി എത്തുന്ന ചിത്രമാണ് ‘തില്ലു സ്‌ക്വയര്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടിയുടെ ലിപ്ലോക് രംഗങ്ങളും ഹോട്ട് സീനുകളുമടക്കം ട്രെയ്‌ലറില്‍ ഉണ്ടായിരുന്നു. ഈ ചിത്രത്തിനായി അനുപമ വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. അനുപമയുടെ പ്രതിഫല കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഒ.ടി.ടി പ്ലേ. സാധാരണയായി ഒരു കോടി രൂപയാണ് അനുപമയുടെ പ്രതിഫലം എന്നാല്‍ ഈ സിനിമയ്ക്കായി 2 കോടിയാണ് താരം വാങ്ങിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. 2022ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ‘ഡിലെ തില്ലു’വിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ.

RELATED ARTICLES

Most Popular

Recent Comments