Saturday, January 4, 2025
Homeഇന്ത്യപൊതുപരീക്ഷാ നിയമം പ്രാബല്യത്തിൽ:- പരീക്ഷകളിൽ ക്രമക്കേട് നടത്തിയാൽ 10 വർഷം തടവും ഒരു കോടി വരെ...

പൊതുപരീക്ഷാ നിയമം പ്രാബല്യത്തിൽ:- പരീക്ഷകളിൽ ക്രമക്കേട് നടത്തിയാൽ 10 വർഷം തടവും ഒരു കോടി വരെ പിഴയും;

ന്യൂഡൽഹി: നീറ്റ്, നെറ്റ് പരീക്ഷാ വിവാദങ്ങൾക്കിടെ പൊതുപരീക്ഷാ (അന്യായ രീതികൾ തടയുന്നതിനുള്ള) നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ. പരീക്ഷകളിൽ ക്രമക്കേട് നടത്തിയാൽ 10 വർഷം വരെ തടവും ഒരു കോടി വരെ പിഴയും ലഭിക്കുന്ന നിയമമാണിത്. കഴിഞ്ഞ ഫെബ്രുവരിയിൽ പാസാക്കിയ പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024 ആണ് ഔദ്യോഗിക ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഇതോടെ നിയമം പ്രാബല്യത്തിലായി.

പൊതുപരീക്ഷകളുടെ ചോദ്യ പേപ്പറുകൾ ചോർത്തിയാൽ കടുത്ത ശിക്ഷകൾ ലഭിക്കുന്നതാണ് പുതിയ നിയമം. ഫെബ്രുവരിയിൽ പാസായിട്ടും നിയമം പ്രാബല്യത്തിൽ വരാത്തത് പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ വിമർശിക്കപ്പെട്ടിരുന്നു. ഇതോടെയാണ് സർക്കാർ വിജ്ഞാപനം പുറത്തിറത്തിയത്.

പുതിയ നിയമപ്രകാരം സംഘടിത കുറ്റങ്ങൾക്ക് പത്തു വർഷം വരെ തടവും ഒരു കോടി രൂപ പിഴയും ലഭിക്കും. ആൾമാറാട്ടം, ഉത്തരക്കടലാസ് തിരിമറി, രേഖകളിലെ തിരിമറി, റാങ്ക് ലിസ്റ്റ് അട്ടിമറി എന്നിവ ജയിൽ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ്. ചോദ്യ പേപ്പർ ചോർത്തിയാൽ കുറഞ്ഞ ശിക്ഷ അഞ്ച് വ‍ർഷം തടവാണ്.

മത്സരപ്പരീക്ഷകളിലെ സുരക്ഷാചട്ടങ്ങളുടെ ലംഘനം, സീറ്റിങ് അറേഞ്ച്മെന്‍റ് ക്രമക്കേട്, കേന്ദ്രം നിഷ്കർഷിക്കുന്ന ചട്ടങ്ങളുടെ ലംഘനം എന്നിവയും കുറ്റങ്ങളാണ്. പരീക്ഷയിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്ന് കണ്ടെത്തിയാൽ 5 മുതൽ 10 വർഷം വരെ തടവു ലഭിക്കും. ഒരു കോടി രൂപയിൽ കുറയാത്ത പിഴയുമുണ്ടാകും.

സ്ഥാപനങ്ങളാണ് ക്രമക്കേടു നടത്തുന്നതെങ്കിൽ അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടും. വ്യക്തി ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കിൽ മൂന്നു മുതൽ 5 വർഷം വരെയാണ് തടവ്. 10 ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാം. ഉത്തരക്കടലാസുകൾ വികൃതമാക്കുകയോ കൃത്രിമം കാണിക്കുകയോ ചെയ്താൽ കുറ‌ഞ്ഞത് മൂന്ന് വർഷം തടവ് ലഭിക്കും. ഇത് അഞ്ച് വർഷം വരെയാക്കുകയും 10 ലക്ഷം രൂപ പിഴ ചുമത്താനുമാകും.

ഫെബ്രുവരി അഞ്ചിനാണ് ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. ഫെബ്രുവരി ആറിന് പാസാക്കുകയും ചെയ്തു. ഫെബ്രുവരി ഒൻപതിന് രാജ്യസഭയിൽ അവതരിപ്പിച്ച ബിൽ അംഗീകാരത്തിന് ശേഷം ഫെബ്രുവരിയിൽ തന്നെ രാഷ്ട്രപതിയിലേക്കെത്തി. തുടർന്ന് ദ്രൗപതി മുർമു ബില്ലിൽ ഒപ്പ് വെയ്ക്കുകയും ചെയ്തു. ഔദ്യോഗിക വിജ്ഞാപനത്തോടെ നിയമം പ്രാബല്യത്തിലായിരിക്കുകയാണ്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments