സിൽക്സ് സ്മിത ❤️
80 കളിൽ തെന്നിന്ത്യൻ സിനിമ അടക്കിവാണ്, യുവാക്കളുടെ ലഹരിയായി മാറിയ സിൽക്ക് സ്മിതയാണ് ഇന്ന് 80കളിലെ വസന്തങ്ങളിൽ. അകാലത്തിൽ പൊലിഞ്ഞു പോയ ആ മാദകസുന്ദരിയുടെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് നമുക്ക് അവരെക്കുറിച്ച് ഓർമ്മിക്കാം.
വിടർന്ന കണ്ണുകളും ആകർഷകമായ ചിരിയുമായി ആന്ധ്രപ്രദേശിലെ ഏലൂർ ജില്ലയിലെ കോവാലി ഗ്രാമത്തിൽ 1960 ഡിസംബർ 2ന് ബട്ലപതി രാമല്ലൂർ- സരസമ്മ ദമ്പതികളുടെ മകളായി ഒരു പാവപ്പെട്ട തെലുങ്ക് കുടുംബത്തിലാണ് സിൽക്ക് സ്മിത എന്ന “വിജയലക്ഷ്മി” ജനിച്ചത്.
വീട്ടിലെ സാമ്പത്തിക പരാധീനത കാരണം നാലാം ക്ലാസ് ആയപ്പോഴേക്കും പഠനം നിർത്തേണ്ടി വന്നു കുഞ്ഞു വിജയലക്ഷ്മിക്ക് . പ്രായത്തിൽ കവിഞ്ഞ വളർച്ചയുള്ളതുകൊണ്ട് ചെറുപ്രായത്തിൽ തന്നെ വീട്ടുകാർ മകളുടെ വിവാഹം നടത്തി. എന്നാൽ ആ ദാമ്പത്യം അധികനാൾ നീണ്ടു നിന്നില്ല.
ആന്ധ്രയിലെ ഒരു ബന്ധുവിന്റെ കൂടെ, 70 കളുടെ മധ്യത്തിൽ വീട്ടിലേക്ക് അല്പം അരി മാത്രം എത്തിക്കുക എന്ന സ്വപ്നവുമായി വിജയലക്ഷ്മി എന്ന സിൽക്സ് സ്മിത കോടമ്പാക്കത്തേക്ക് വണ്ടി കയറി. എന്നാൽ ഒരു കാലഘട്ടത്തിലെ മുഴുവൻ യൗവനങ്ങളുടെ സ്വപ്നലോകത്തേക്കാണ് താൻ കടന്നുകയറുന്നതെന്ന് അവളറിഞ്ഞിരുന്നില്ല.
ഒരു നടിയുടെ മേക്കപ്പ് ആർട്ടിസ്റ്റായിട്ടായിരുന്നു തുടക്കം. പ്രായത്തെ മറച്ചുപിടിക്കുന്ന അവളുടെ രൂപഭംഗി ക്യാമറാകണ്ണിൽ പതിഞ്ഞതോടെയാണ് അവളുടെ തലവര മാറിയത്. ചെറിയ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് ഒരു എക്സ്ട്രാ നടിയായിട്ട് അവൾ അവിടെ ജീവിച്ചു പോന്നു.
ഒരിക്കൽ എവിഎം സ്റ്റുഡിയോക്ക് അടുത്തുവെച്ച്, നടനും സംവിധായകനുമായ വിനു ചക്രവർത്തി ഈ പെൺകുട്ടിയെ കാണാനിടയായി. അദ്ദേഹത്തിന്റെ ഭാര്യയായ കർണ്ണ അവൾക്ക് ഇംഗ്ലീഷും നൃത്തവും അഭിനയവും പഠിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തു. സ്മിത എന്ന പേര് നൽകിയതും വിനു ചക്രവർത്തി തന്നെ. അദ്ദേഹമാണ് സ്മിതയുടെ ഗുരു എന്ന് തന്നെ പറയാം.
1979ൽ തമിഴിൽ പുറത്തിറങ്ങിയ വണ്ടി ചക്കിരം എന്ന സിനിമയാണ് സ്മിതയുടെ സിനിമാ കരിയറിൽ ബ്രേക്ക് ആയിത്തീർന്നത്. അതിലെ കഥാപാത്രത്തിന്റെ പേര് “സിൽക്ക്” എന്നായിരുന്നു. പിന്നീട് ആ പേര് സ്മിതയുടെ കൂടെ ചേർത്ത് സിൽക്ക് സ്മിത എന്നായി.
പിന്നീട് 1982 രജനീകാന്തിന്റെ കൂടെ അഭിനയിച്ച ‘മൂണ്ട്രുമുഖം’ എന്ന സിനിമയാണ് സ്മിതയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. ഒരു ബാർ ഡാൻസറുടെ വേഷമായിരുന്നു അതിൽ. ആ സിനിമയോടെ തെന്നിന്ത്യയിലെ മാദക സൗന്ദര്യ റാണിയായി സ്മിത മാറുകയായിരുന്നു. വശ്യമായ മിഴികളും ആ മിഴികളിലെ നോട്ടവും യുവാക്കളുടെ ഉറക്കം കെടുത്തി. ഒരു പാട്ടിൽ സ്മിതയുണ്ടെങ്കിൽ ചിത്രം ഹിറ്റാണ് എന്ന അവസ്ഥ വന്നു പിന്നീട്. അതൊരു സത്യം തന്നെയായിരുന്നു. വെള്ളിത്തിരയിൽ സ്മിത വന്നാൽ ആളുകൾ സിനിമ കാണുമെന്ന് സിനിമാക്കാർക്ക് മനസ്സിലായി. ബാറുകളിലെ കാബറെ ഡാൻസിൽ സ്മിതയും ജ്യോതി ലക്ഷ്മിയും അഭിലാഷയുമെല്ലാം സ്ഥിരം സാന്നിധ്യമായി മാറി. മറ്റുള്ളവരെ പിന്തള്ളി ചുരുങ്ങിയ സമയം കൊണ്ട് സ്മിത മുന്നേറി.
‘മൂന്നാംപിറ’ എന്ന സിനിമയിലെ ധീരമായ വേഷം അവരെ പ്രശസ്തിയാക്കി. ഈ സിനിമ ‘സദ്മ’ എന്ന പേരിൽ റീമേക്ക് ചെയ്തു.
ആന്റണി ഈസ്റ്റ്മാൻ ആണ് സിൽക്ക് സ്മിതയെ തന്റെ ‘ഇണയെ തേടി’ എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. ആരെയും ഒറ്റനോട്ടത്തിൽ മയക്കുന്ന, അവരുടെ മിഴികളിൽ നോക്കാതെ ‘സ്പടികം’ എന്ന സിനിമ നമുക്ക് കാണാൻ കഴിയില്ല. തുമ്പോളി കടപ്പുറം, അഥർവ്വം, നാടോടി തുടങ്ങിയ മലയാള സിനിമകളിൽ വേഷമിട്ട സിൽക്കിന്റെ ചിത്രങ്ങളിലൊന്നായ ‘ലയനം’ ഇന്ത്യൻ അഡൽട്ട് ഫിലിം ഇൻഡസ്ട്രിയിൽ ആരാധനാ പദവി നേടി. ‘രേഷ്മ കി കഹാനി’ എന്ന പേരിൽ ഈ സിനിമ റീമേക്ക് ചെയ്തു.
മലയാളം, തമിഴ്, തെലുങ്ക്, കന്നട കൂടാതെ ചില ബോളിവുഡ് സിനിമകളിലുമായി 17 വർഷക്കാലം നീണ്ട അഭിനയ ജീവിതത്തിൽ 450ലധികം ചിത്രങ്ങൾ.
ഗ്ലാമർ വേഷങ്ങളിൽ തളയ്ക്കപ്പെട്ടുവെങ്കിലും ചില ചിത്രങ്ങളിൽ സ്മിതയുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെയ്ത പല കഥാപാത്രങ്ങളും നിരൂപക പ്രശംസ നേടുകയും ചെയ്തു. 1980കളിൽ ഏറ്റവും തിരക്കുള്ള താരമായി സ്മിത മാറി. നിർമ്മാതാക്കൾ അവരുടെ ഡേറ്റ് വാങ്ങിയശേഷം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങേണ്ട സാഹചര്യം വരെ അവരുടെ പ്രശസ്തി വളർന്നു. അത്രയ്ക്കായിരുന്നു അവരുടെ ആരാധക മൂല്യം.
സിൽക്സ്മിതയ്ക്ക് ഒരു ജീവിതം നൽകാൻ എത്രയോ പേർ മോഹിച്ചിരുന്നു. അവൾ കടിച്ച ഒരു ആപ്പിൾ എത്ര വില കൊടുത്തും സ്വന്തമാക്കാൻ മടിയില്ലാത്തവർ അന്ന് ജീവിച്ചിരുന്നു.
എന്നാൽ സിനിമ പോലെ സുന്ദരമായിരുന്നില്ല അവരുടെ യഥാർത്ഥ ജീവിതം. സിനിമയിൽ അവരെ ആരാധിചിരുന്നവർ അവിടെ കപടസദാചാരം പറഞ്ഞ് അവരെ മാറ്റി നിർത്തി. വ്യക്തിബന്ധങ്ങൾ വളരെ കുറവായിരുന്നു അവർക്ക്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതവും എന്തും വെട്ടിത്തുറന്നു പറയുന്ന സ്വഭാവവും അവർക്ക് ശത്രുക്കളെ നേടി കൊടുക്കുകയും അങ്ങനെ അവർ ഒറ്റപ്പെടുകയും ചെയ്തു. മാനസിക സംഘർഷം അവരെ ഒരു മദ്യപാനിയും വിഷാദരോഗിയും ആക്കി മാറ്റി.
തന്റെ കരിയർ മാറ്റി ഒരു സിനിമാനിർമ്മാതാവാകാൻ ശ്രമിച്ചിരുന്ന അവർ 1996 സെപ്റ്റംബർ 23ന് സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട്, ചെന്നൈയിലെ വസതിയിൽ ഒരു മുഴം കയറിൽ തന്റെ ജീവിതം അവസാനിപ്പിച്ചു. യഥാർത്ഥത്തിൽ എന്താണ് അവർക്ക് സംഭവിച്ചത് എന്ന് ഇന്നും അജ്ഞാതമാണ്.
സിൽക്ക് സ്മിതയുടെ മരണശേഷം മലയാളത്തിൽ എഴുതപ്പെട്ട സിൽക്ക് കവിതകളുടെ സമാഹാരമാണ് വിശുദ്ധ സ്മിതക്ക്.
സ്മിതയുടെ നഷ്ടം സിനിമാലോകത്ത് നികത്താനാവാത്ത ഒരു വിടവൊന്നും സൃഷ്ടിച്ചില്ലെങ്കിലും സ്വന്തമായിരുന്ന ആരോ എന്നെന്നേക്കുമായി നഷ്ടമായി എന്ന് ആർക്കൊക്കെയോ തോന്നിയിരിക്കാം.
ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്..