1980 കളിൽ ദക്ഷിണേന്ത്യൻ സിനിമകളിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ രഞ്ജിനിയാണ് ഇന്ന് 80 കളിലെ വസന്തങ്ങളിൽ നമുക്കൊപ്പം ഉള്ളത്.
1970ൽ സെൽവരാജിന്റെയും ലില്ലിയുടെയും മകളായി സിംഗപ്പൂരിലാണ് രഞ്ജിനി ജനിച്ചത്. സാഷ എന്നാണ് രഞ്ജിനിയുടെ യഥാർത്ഥ പേര്.
അച്ഛനായ സെൽവരാജിന് മകളെ ഒരു സിനിമയിലെങ്കിലും അഭിനയിപ്പിക്കുക എന്നത് ഒരു സ്വപ്നമായിരുന്നു. തമിഴ് നടൻ ഭാഗ്യരാജ് അദ്ദേഹത്തിന്റെ ഉറ്റമിത്രമായിരുന്നു. ഭാഗ്യരാജുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു രഞ്ജിനിയുടെ കുടുംബം. ആ അടുപ്പമാണ് രഞ്ജിനിയെ അഭിനയ ലോകത്തേക്ക് എത്തിക്കുന്നത്.
തമിഴ് ചലച്ചിത്ര സംവിധായകനായ ഭാരതിരാജയുടെ ‘മുതൽ മര്യാദൈ’ എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കാലെടുത്തു വയ്ക്കുമ്പോൾ രഞ്ജിനി പത്താം ക്ലാസ്സ് പോലും പൂർത്തിയാക്കിയിരുന്നില്ല. ഭാരതിരാജയാണ് രഞ്ജിനി എന്ന പേര് നൽകിയത്. R എന്നത് അദ്ദേഹത്തിന്റെ ഭാഗ്യാക്ഷരമായിരുന്നു. രാധ, രേവതി, രാധിക തുടങ്ങിയവയെല്ലാം ഉദാഹരണങ്ങളാണ്. അദ്ദേഹം സമ്മാനിച്ച പേരുകൾ സ്വീകരിച്ച ഈ അഭിനേത്രികൾ അക്കാലത്തെ മിന്നും താരങ്ങളായി മാറുകയും ചെയ്തിരുന്നു. സത്യരാജും രേഖയും പ്രധാന വേഷങ്ങൾ ചെയ്ത കടലോരക്കവിതകളിൽ രണ്ടാം നായികയായി വേഷമിട്ട രഞ്ജിനി മലയാള സിനിമാലോകത്തേക്ക് എത്തുന്നത് ‘സ്വാതിതിരുന്നാൾ’ എന്ന ചരിത്ര പ്രാധാന്യമുള്ള സിനിമയിലൂടെ ആയിരുന്നു. തുടർന്ന് ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന പ്രിയദർശൻ ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി വേഷമിട്ട രഞ്ജിനിയുടെ ജൈത്രയാത്ര അതോടെ ആരംഭിക്കുകയായിരുന്നു.
ശേഷം 365 ദിവസം തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടി, മലയാള സിനിമയുടെ അതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ എല്ലാം ഭേദിച്ച ‘ചിത്രം’ എന്ന സിനിമയിൽ മോഹൻലാലിന്റെ ജോഡിയായി അഭിനയിച്ച്, രഞ്ജിനി മലയാളികളുടെ സ്വന്തം കല്യാണിക്കുട്ടിയായി മാറി.
അങ്ങനെ രഞ്ജിനിയുടെ സുവർണ്ണകാലം ആരംഭിച്ചു. മോഹൻലാൽ, മമ്മൂട്ടി,സുരേഷ് ഗോപി, മുകേഷ്, സായി കുമാർ, റിസ ബാവ തുടങ്ങിയ നായക നടന്മാരുടെ ജോഡിയായി രഞ്ജിനി അരങ്ങുവാണു.
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം, വർണ്ണം, കാലാൾ പട, കോട്ടയം കുഞ്ഞച്ചൻ, മുഖം, കസ്റ്റംസ് ഡയറി, അനന്തവൃത്താന്തം, കൗതുക വാർത്തകൾ, പാവക്കൂത്ത്, ന്യൂസ്, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, ഒരുക്കം, അഗ്നി നിലാവ്, ഖണ്ഡകാവ്യം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ട രഞ്ജിനി, എല്ലാത്തരം കഥാപാത്രങ്ങളും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ചു.
അതേസമയം തന്നെ തമിഴിലെയും തെലുങ്കിലേയും മുടിചൂടാമന്നൻമാരോടൊപ്പം തോളോട് തോൾ ചേർന്ന് അഭിനയിച്ച് അച്ഛന്റെ ചിരകാല സ്വപ്നം പൂർത്തീകരിച്ച രഞ്ജിനി 1985 മുതൽ 19902 വരെ തെന്നിന്ത്യൻ സിനിമകളിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയിരുന്നു.
കസ്റ്റംസ് ഡയറി എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം വിദ്യാഭ്യാസം തുടരാനായി രഞ്ജിനി അഭിനയം നിർത്തിവെച്ച് സഹോദരന്റെ അടുത്തേക്ക് ലണ്ടനിലേക്ക് പോയി. സഹോദരൻ ലണ്ടനിൽ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു.
വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ കുറച്ചുകാലം ബിബിസിയിലും ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലും ജോലി ചെയ്തു.
കൊച്ചിയിലെ ബിസിനസ്കാരനായ പിയർ കോമ്പാറയെ സിംഗപ്പൂരിൽ വെച്ച് പരിചയപ്പെടാനിടയാവുകയും, അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കുകയും, എട്ടുവർഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിൽ അദ്ദേഹത്തെ വിവാഹം ചെയ്യുകയും ചെയ്തു. ഹിന്ദുമത വിശ്വാസിയായ രഞ്ജിനി മാതാപിതാക്കളുടെ അനുവാദത്തോടെ കല്യാണം ആദ്യം രജിസ്റ്റർ ചെയ്യുകയും പിന്നീട് ക്രിസ്തീയ മതാചാരപ്രകാരം പള്ളിയിൽ വെച്ച് മിന്നു കിട്ടുകയും ചെയ്യുകയാണുണ്ടായത്.
വായനയും യാത്രകളും ഹോബിയായി കൊണ്ടുനടക്കുന്ന രഞ്ജിനി ഇപ്പോൾ ഒരു അഭിഭാഷകയാണ്. കൊച്ചിയിലെ ഓവർസീസ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജോയിന്റ് ഡയറക്ടറായി ജോലി ചെയ്യുന്നു.
നീണ്ട ഒരു ഇടവേളക്കുശേഷം ദിലീപിന്റെ റിംഗ് മാസ്റ്റർ എന്ന ചിത്രത്തിൽ അഭിനയിച്ചു എങ്കിലും ജോലിയും യാത്രകളും കുടുംബ ജീവിതവും ഒക്കെയായി മുൻപോട്ട് പോകാനാണ് രഞ്ജിനി താല്പര്യപ്പെടുന്നത്. ജീവിതം എന്നും സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ എന്നാശംസിച്ചുകൊണ്ട്..