Monday, December 23, 2024
Homeസിനിമഎൺപതുകളിലെ വസന്തം '❤️സുഹാസിനി❤️' ✍അവതരണം: ആസിഫ അഫ്രോസ്

എൺപതുകളിലെ വസന്തം ‘❤️സുഹാസിനി❤️’ ✍അവതരണം: ആസിഫ അഫ്രോസ്

ആസിഫ അഫ്രോസ്

❤️സുഹാസിനി❤️

ദക്ഷിണേന്ത്യയിലെ പെൺപുലി സുഹാസിനിയാണ് ഇന്ന് നമ്മുടെ കൂടെയുള്ളത്. നടി,ഡയറക്ടർ, പ്രൊഡ്യൂസർ,ക്യാമറ അസിസ്റ്റന്റ്, മേക്കപ്പ് ആർട്ടിസ്റ്റ്, ഹെയർ സ്റ്റൈലിസ്റ്റ്, ഡയലോഗ് റൈറ്റർ, സിംഗർ, ഹോസ്റ്റസ്, എന്നീ നിലകളിൽ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച സുഹാസിനിയെ കുറിച്ച് കൂടുതൽ അറിയാം..

1961 ഓഗസ്റ്റ് 15 ന് ചെന്നൈയിലെ ഒരു പ്രശസ്ത കുടുംബത്തിലാണ് സുഹാസിനിയുടെ ജനനം. കമൽ ഹാസന്റെ ജ്യേഷ്ഠനായ ചാരുഹാസന്റെയും കോമളത്തിന്റെയും മകൾ.

ചെന്നൈയിലെ ക്വീൻ മേരീസ് കോളേജിലും മദ്രാസ് ഫിലിം ഇന്സ്റ്റിട്യൂട്ടിലും ആയി വിദ്യാഭ്യാസം പൂർത്തിയാക്കി. സിനിമാട്ടോഗ്രാഫിയിൽ ഡിഗ്രി നേടിയ ആദ്യത്തെ പെൺകുട്ടിയായിരുന്നു സുഹാസിനി.

1980 ൽ ‘നെഞ്ചത്തെയ് കിള്ളാതെ’ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. തുടർന്ന് കന്നഡ തെലുങ്ക്, മലയാളം ഭാഷകളിൽ അവിസ്മരണീയ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സുഹാസിനി, പത്മരാജന്റെ ‘ കൂടെവിടെ ‘ യിലൂടെയാണ് മലയാളത്തിലേക്കെത്തിയത്.കൂടാതെ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, വാനപ്രസ്ഥം, കേൾക്കാത്ത ശബ്ദം, എഴുതാപ്പുറങ്ങൾ, തുടങ്ങിയ ചിത്രങ്ങളിൽ മറക്കാൻ പറ്റാത്ത വേഷങ്ങൾ ചെയ്ത സുഹാസിനി തന്റെ സ്വതസിദ്ധമായ ചിരിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്തു. മമ്മൂട്ടി – സുഹാസിനി ജോഡി അന്നും ഇന്നും എല്ലാവരുടെയും പ്രിയ ജോഡി തന്നെ എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

1986 ൽ ‘സിന്ധുഭൈരവിയിലെ’ അഭിനയത്തിന് മികച്ച നടിക്കുള്ള നാഷണൽ ഫിലിം അവാർഡ് നേടിയ സുഹാസിനി, നാലുതവണ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും രണ്ടുതവണ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡും രണ്ടുതവണ മികച്ച നടിക്കുള്ള തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡും ഒരു തവണ മികച്ച സഹനടിക്കുള്ള സൗത്തിന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡും നേടിയിട്ടുണ്ട്.

സംഗീതവും യാത്രയുമാണ് സുഹാസിനിയുടെ ഹോബികൾ. സ്വന്തംമായി മ്യൂസിക് ആൽബങ്ങൾ ഇറക്കിയിട്ടുണ്ട്.രാവിവർമ്മ ചിത്രങ്ങൾ ഏറെ ഇഷ്ട്ടപ്പെടുന്നു.സത്യജിത്റേ, കെ. ബാലചന്ദർ, ശങ്കർനാഗ് എന്നിവരാണ് സുഹാസിനിയുടെ ഇഷ്ട സംവിധായകർ. ‘ ‘നായകൻ’ ഇഷ്ടസിനിമയും.

1991 ൽ സുഹാസിനി സംവിധാനം ചെയ്ത ‘പെൺ’ എന്ന മിനി സീരീസിൽ ശോഭന, രേവതി, രാധിക, അമല എന്നിവർ അഭിനയിച്ചു.. ദക്ഷിണേന്ത്യൻ സ്ത്രീജീവിതങ്ങൾ തുറന്നുകാട്ടുന്ന ഈ സീരീസ് അക്കാലത്ത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സുഹാസിനിയുടെ തന്നെ ‘ഇന്ദിര’ എന്ന സിനിമ ബെലാറസിലും ജപ്പാനിലും നടന്ന ആഗോള ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ജർമ്മനിയിൽ വച്ചുനടന്ന ഒൻപതാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അടക്കം നിരവധി അവാർഡ് ഷോകളിൽ ജ്യൂറി അംഗമായ സുഹാസിനി, ലക്‌സംബർഗിലെ ‘ഓണററി കോൺസൽ’ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010 ൽ സുഹാസിനി NAAM ഫൗണ്ടേഷൻ സ്ഥാപിച്ചു.

തികഞ്ഞ മനുഷ്യസ്നേഹി കൂടിയായ സുഹാസിനി നിരവധി ട്രസ്റ്റുകളും ഫൗണ്ടേഷനുകളും ചാരിറ്റി സംഘടനകളും നടത്തുന്നുണ്ട്.
തമിഴ് ചലച്ചിത്ര സംവിധായകനായ മണിരത്നത്തിന്റെ കൂടെ ഒട്ടേറെ സിനിമകൾ ചെയ്ത സുഹാസിനി 1988 ൽ അദ്ദേഹത്തെ വിവാഹം കഴിച്ചു. ഇവർക്ക് ഒരു മകനാണുള്ളത് – നന്ദൻ മണിരത്നം. സ്വന്തം പ്രൊഡക്ഷൻ ഹൗസ് ആയ ‘മദ്രാസ് ടാകീസ് ‘ ന്റെ പ്രവർത്തനങ്ങളിൽ രണ്ടുപേരും തിരക്കിലാണ് ഇപ്പോൾ.

അവതരണം: ആസിഫ അഫ്രോസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments