Friday, December 27, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | മെയ് 07 | ചൊവ്വ

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | മെയ് 07 | ചൊവ്വ

കപിൽ ശങ്കർ

🔹എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാര്‍ത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്.എല്‍.സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കും. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ മറ്റന്നാള്‍ പ്രഖ്യാപിക്കും.

🔹വൈദ്യുതി മന്ത്രി പരസ്യമായി ലോഡ് ഷെഡ്ഡിംഗ് ഇല്ലെന്ന് പറയുമ്പോഴും ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരും വൈദ്യുതി വകുപ്പും നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങളും കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

🔹മുഖ്യമന്ത്രിയുടെ വിദേശ യാത്രാ ഉദ്ദേശം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഭരണത്തലവനാണ് പിണറായി വിജയന്‍. മുഖ്യമന്ത്രി എന്ത് ആവശ്യത്തിനാണ് വിദേശത്തേക്ക് പോയതെന്ന് വിശദീകരിക്കണം. സ്വകാര്യ സന്ദര്‍ശനമെന്ന പേരില്‍ മൂന്ന് രാജ്യങ്ങളില്‍ പോകുന്നത് ഉചിതമല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

🔹സിനിമാ സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. 70 വയസ്സായിരുന്നു .അന്ത്യം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു. സുകൃതം അടക്കം പതിനെട്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്ത് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്.

🔹അന്തരിച്ച നടി കനകലതയുടെ സംസ്‌കാരം ഇന്ന്. രാവിലെ 11 മണിയോടെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം.
പാർക്കിൻസൺ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെ വീട്ടിൽ വച്ച് കനകലത അന്തരിച്ചത്. സിനിമാരംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയായിരുന്ന കനകലതയുടെ അവസാന ചിത്രം പൂക്കാലമാണ്.
350 ഓളം സിനിമയിൽ വേഷമിട്ടു. കിരീടം, ചെങ്കോൽ, കൗരവർ, പൊന്തൻമാട , അനിയത്തി പ്രാവ് തുടങ്ങിയവ ശ്രദ്ദേയ ചിത്രങ്ങൾ.

🔹കന്യാകുമാരിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തഞ്ചാവൂര്‍ സ്വദേശി ചാരുകവി, നെയ്വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സര്‍വദര്‍ശിത്, ദിണ്ടിഗല്‍ സ്വദേശി പ്രവീണ്‍ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട മൂന്നുപേര്‍ ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച കന്യാകുമാരിയില്‍ സഹപാഠിയുടെ സഹോദരിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് കോളേജില്‍ നിന്ന് വിദ്യാര്‍ഥികളുടെ സംഘം എത്തിയത്.

🔹വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ ആര്‍ടിഒയ്ക്ക് ഒരു വര്‍ഷം തടവും 37 ലക്ഷം രൂപ പിഴയും കോഴിക്കോട് വിജിലന്‍സ് കോടതി വിധിച്ചു. മുന്‍ കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ ഹരീന്ദ്രന്റെ പേരിലുള്ള 8.87 ഏക്കര്‍ ഭൂമിയും രണ്ടു നില വീടും സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

🔹റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ അതിക്രമിച്ച ശേഷം കടന്നുകളഞ്ഞ വര്‍ക്കല, അയിരൂര്‍ സ്വദേശി സന്തോഷ് കുമാര്‍ പിടിയിലായി. ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വഞ്ചിയൂര്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.വഞ്ചിയൂര്‍ കോടതി പരിസരത്ത് വച്ചാണ് ജോലി ചെയ്യുന്നതിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ ഇയാള്‍ അതിക്രമം നടത്തിയത്.

🔹കൊല്ലത്ത് ഭാര്യയെയും മകളെയും ഗൃഹനാഥൻ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. മരിച്ചത് പ്രീത(39) മകൾ ശ്രീനന്ദ(14) എന്നിവരാണ്. കൃത്യം നടത്തിയത് പരവൂർ സ്വദേശി ശ്രീജുവാണ്. ഗൃഹനാഥനും മകനും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. പരവൂര്‍ പൂതക്കുളം കൃഷിഭവനത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം.
മരിച്ച പ്രീത പൂതക്കുളം സഹകര ബാങ്കിലെ ആർ ഡി സ്റ്റാഫാണ്. പതിനേഴുകാരനായ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍ കൊട്ടിയം ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജുവിന്റെ നിലയും ഗുരുതരമാണ്.

🔹മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (67) ആണ് കൊല്ലപ്പെട്ടത്. കേസില്‍ മകന്‍ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു.

🔹 പാലക്കാട് ഒലവക്കോട് താണാവിൽ യുവതിക്ക് നേരെ മുൻ ഭർത്താവ് ആസിഡ് ഒഴിച്ചു . രാവിലെ യുവതിയുടെ ലോട്ടറികടയിൽവെച്ചാണ് ആക്രമണം നടത്തിയത്. പ്രതി കാജാ ഹുസൈനെ ഹേമാംബിക നഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 7 മണിയോടെ ഒലവക്കോട് സ്വദേശിനി ബർഷീനയുടെ ലോട്ടറിക്കടയിലെത്തിയ പ്രതി ചെറിയ വാഗ്വാദത്തിന് ശേഷം കയ്യിലുണ്ടായ കുപ്പി പുറത്തെടുത്ത് ബർഷീനയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. സമീപ കടകളിലുണ്ടായിരുന്നവർ ബർഷിന നിലത്ത് കിടന്ന് പിടയുന്നതാണ് കണ്ടത്. പ്രതിയെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചതും നാട്ടുകാരാണ്.

🔹പാലക്കാട് ട്രെയിനിടിച്ച് കാട്ടാനക്കുട്ടി ചെരിഞ്ഞു. പാലക്കാട് – കോയമ്പത്തൂർ പാതയിൽ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ഇന്നലെ രാത്രി 11 മണിക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ ആണ് ആനയെ ഇടിച്ചത്. ഒരു മാസത്തിനിടെ രണ്ടാമത്തെ കാട്ടാനയാണ് ട്രെയിൻ ഇടിച്ച് ചെരിയുന്നത്. ആനക്കുട്ടിയുടെ മൃതദേഹം ക്രെയിൻ ഉപയോഗിച്ച് മാറ്റി. വൈകാതെ പോസ്റ്റ്മർട്ടം നടത്തും.
20 വയസ്സ് പ്രായമുള്ള ആനയാണ് ചെരിഞ്ഞത്. സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ കേസെടുക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. ട്രെയിനുകൾക്ക്‌ വേഗനിയന്ത്രണം ഉള്ള മേഖലയാണ് ഇത്. എന്നിട്ടും അപകടം നടന്നത് ദൗർഭാഗ്യകരം.

🔹പാലക്കാട്‌ കോഴിഫാമിലുണ്ടായ അഗ്നിബാധയിൽ 3000 കോഴിക്കുഞ്ഞുങ്ങൾ വെന്തു ചത്തു. മണ്ണാർക്കാട് കണ്ടമംഗലം പനമ്പള്ളി അരിയൂർ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിൽ ആണ് തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നായിരുന്നു അഗ്നിബാധ എന്നാണ് നിഗമനം. മണ്ണാർക്കാട് ഫയർഫോഴ്സെത്തി ഒന്നര മണിക്കൂർ കൊണ്ടാണ് തീയണച്ചത് ഇന്നലെ രാത്രി 10.30നായിരുന്നു തീപിടുത്തം ഉണ്ടായത്.

🔹ഊട്ടി , കൊടൈക്കനാല്‍ യാത്ര പോകുന്നവര്‍ക്ക് ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം. epass.tnega.org എന്ന വെബ്സൈറ്റ് വഴി ഇ-പാസിന് രജിസ്റ്റര്‍ചെയ്യാം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങൾക്കുമാണ് ഇ പാസ് നിർബന്ധമാക്കിയിരിക്കുന്നത്. ഊട്ടിയിലേക്ക് പോകുന്ന മലയോരപാതകളില്‍ വാഹനങ്ങളുണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി ഇ-പാസ് നിര്‍ബന്ധമാക്കിയത്.

🔹കൊവിഷീല്‍ഡുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൊവിഡ് 19 നെതിരായി നല്‍കി വന്നിരുന്ന കൊവിഷീല്‍ഡ് വാക്‌സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുള്ളതായി വാക്‌സിന്റെ നിര്‍മ്മാതാക്കളായ ആസ്ട്രാസെനേക്ക തന്നെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമ്മതിച്ചിരുന്നു. വാക്‌സിനെടുത്ത അപൂര്‍വം ചിലരില്‍ രക്തം കട്ട പിടിക്കുകയും പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന അവസ്ഥ സംഭവിക്കുമെന്നതാണ് കമ്പനി സമ്മതിച്ചത്. യുകെ ഹൈക്കോടതിയില്‍ ആണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

🔹സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6635 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 53080 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ കൂടി. ( gold rate increased by 240 rs )
കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഏപ്രിലിൽ തുടർച്ചയായി സ്വർണവില പല തവണ റെക്കോർഡ് തിരുത്തുന്നത് കണ്ടിരുന്നു. പിന്നാലെ ഏപ്രിൽ 19ന് സ്വർണവില ഏറ്റവും ഉയർന്ന നിരക്കായ 6815 രൂപയിലെത്തി. പവന് 54520 രൂപയായിരുന്നു അന്നത്തെ വില.
സ്വർണ്ണത്തിന്റെ ക്രമാതീതമായ വില വർധന 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുകയാണ്. 22 കാരറ്റ് സ്വർണാഭരണങ്ങളും 18 കാരറ്റ് സ്വർണാഭരണങ്ങളും തമ്മിൽ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്. ടീനേജുകാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമ്മിക്കപ്പെടുന്നത് 18 കാരറ്റിലാണ്. ഡയമണ്ട് ആഭരണങ്ങൾ നിർമ്മിക്കുന്നതും 18 കാരറ്റിലാണ്. പുതിയ തലമുറയ്ക്ക് ലൈറ്റ് വെയിറ്റ് ആഭരണങ്ങളോടുള്ള കമ്പം 18 കാരറ്റ് ആഭരണങ്ങൾ വലിയതോതിൽ വിപണിയിൽ ലഭ്യമാകുന്നു.

🔹പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്താല്‍ കേസെടുക്കുമെന്നറിയിച്ച് പ്രത്യേത അന്വേഷണ സംഘം. ഇരകളുടെ സ്വകാര്യത ഉറപ്പുവരുത്താനാണ് ഈ തീരുമാനം. ദൃശ്യമാധ്യമങ്ങള്‍ ഇരകളുടെ പേരോ തിരിച്ചറിയാവുന്ന മറ്റേതെങ്കിലും വിവരങ്ങളോ പങ്കുവച്ചാലും കേസെടുക്കുമെന്ന് പ്രത്യേകാന്വേഷണസംഘം അറിയിച്ചിട്ടുണ്ട്.

🔹പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട കേസുകളില്‍ മാധ്യമങ്ങള്‍ തന്റെയോ മകന്‍ കുമാരസ്വാമിയുടെയോ പേര് പരാമര്‍ശിക്കരുതെന്ന നിരോധന ഉത്തരവ് കോടതിയില്‍ നിന്ന് വാങ്ങിയെടുത്ത് ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. എന്ത് ആരോപണം പ്രസിദ്ധീകരിച്ചാലും കൂടെ തെളിവുകള്‍ കൂടി ഉണ്ടാകണമെന്നാണ് ഉത്തരവ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലോ മറ്റേതെങ്കിലും തരത്തിലോ ഒരു മാധ്യമങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇരുവര്‍ക്കുമെതിരെയുള്ള ഒരു പരാമര്‍ശവും റിപ്പോര്‍ട്ട് ചെയ്യാനാകില്ല.

🔹ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ ഇന്ന് അവസാനിക്കാനിരിക്കേ റിമോട്ട് കണ്‍ട്രോള്‍ ഫാനുകള്‍ക്ക് വന്‍ ഓഫറാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്. വീടിന്റെ മോഡേണ്‍ ഇന്റീരിയറിന് ചേരുന്ന തരത്തിലാണ് റിമോട്ട് ഫാനുകളുടെ നിര്‍മ്മാണം. ഇനര്‍ജി എഫിഷ്യന്‍സി ആണ് റിമോട്ട് കണ്‍ട്രോള്‍ ഫാനുകളുടെ എടുത്ത് പറയേണ്ട പ്രത്യേകത.

🔹ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 51 പന്തില്‍ 102 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ മികവില്‍ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഈ മത്സരത്തില്‍ ജയിച്ചെങ്കിലും 12 മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ.

🔹കമല്‍ ഹാസന്‍-മണിരത്‌നം കോമ്പോയില്‍ ഒരുങ്ങുന്ന ‘തഗ് ലൈഫ്’ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. ദില്ലി എയ്‌റോസിറ്റിയിലെ സങ്കട് മോചന്‍ ഹനുമാന്‍ മന്ദിറില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണിത്. ചിത്രത്തില്‍ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിമ്പു, നാസര്‍, അഭിരാമി, വൈയാപുരി തുടങ്ങിയവരെയും ചിത്രത്തില്‍ കാണാം. ചിത്രത്തിലെ കമല്‍ ഹാസന്റെയും ചിമ്പുവിന്റെയും ലുക്കുകള്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. 36 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘സത്യ’ എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ലുക്കിലാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കമലിനെ കാണാനാവുക. പുതിയ ചിത്രത്തിലെ ലുക്ക് തീരുമാനിച്ചപ്പോള്‍ സത്യ പ്രചോദനമായി എടുത്തോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അധികം നീട്ടാത്ത താടിക്കൊപ്പം പറ്റെ വെട്ടിയ തലമുടിയാണ് ചിത്രത്തില്‍ കമല്‍ ഹാസന്റെ ഗെറ്റപ്പ്. മുടി വളര്‍ത്തി മീശയും താടിയുമൊക്കെ ട്രിം ചെയ്താണ് ചിമ്പുവിന്റെ ലുക്ക്. അതേസമയം, ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറിയതോടെയാണ് ചിത്രത്തിലേക്ക് ചിമ്പു എത്തിയത്. മറ്റ് ഷൂട്ടിംഗ് തിരക്കുകള്‍ ഉള്ളതിനാലാണ് ദുല്‍ഖര്‍ തഗ് ലൈഫ് ഉപേക്ഷിച്ചത്. ദുല്‍ഖറിന് പിന്നാലെ നടന്‍ ജയം രവിയും ചിത്രത്തില്‍ നിന്നും പിന്നോട്ട് പോയിരുന്നു. ഈ റോളിലേക്ക് അശോക് സെല്‍വന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1987ല്‍ പുറത്തിറങ്ങിയ ‘നായകന്’ ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. എ ആര്‍ റഹ്‌മാനാണ് സിനിമയുടെ സംഗീത സംവിധാനം.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments