Thursday, December 26, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | മെയ് 05 | ഞായർ

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | മെയ് 05 | ഞായർ

കപിൽ ശങ്കർ

🔹കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കാസര്‍കോട് സ്വദേശിയായ 18കാരിക്കെതിരെ പീഡന ശ്രമം. മാനസികാരോഗ്യകേന്ദ്രത്തില്‍ പ്ലംബിങ്ങ് ജോലിക്കെത്തിയ ആളായിരുന്നു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഭയന്ന് പെണ്‍കുട്ടി ഒച്ചവച്ചതോടെ, സംഭവം പുറത്തറിഞ്ഞു.മെഡി.കോളേജ് പൊലീസ് ലൈംഗികാതിക്രമത്തിന് കേസ്സെടുത്തിട്ടുണ്ട്.

🔹സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിലേക്ക് സ്ഥലം മാറ്റി. സുഗന്ധഗിരി മരംമുറിക്കേസില്‍ വീഴ്ച വരുത്തിയെന്ന വനം വിജിലന്‍സിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റല്‍. ഇതേ കേസില്‍ നേരത്തെ ഇവരെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നെങ്കിലും ഈ നടപടി പിന്നീട് പിന്‍വലിച്ചിരുന്നു. ഷജ്നയോട് വിശദീകരണം ചോദിക്കാതെ എടുത്ത നടപടിയായതിനാലാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചതെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഇപ്പോഴത്തെ സ്ഥലം മാറ്റിയ നടപടിയിലും ഷജ്‌നയോട് വിശദീകരണം ചോദിച്ചിരുന്നില്ല.

🔹വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്നത് ജനം ഏറ്റെടുത്തെന്ന് മന്ത്രി കൃഷ്ണന്‍ കുട്ടി. മാക്സിമം ഡിമാന്റ് 5676 മെഗാവാട്ടായി കുറഞ്ഞു. വരും ദിവസങ്ങളിലും മാന്യ ഉപഭോക്താക്കള്‍ സഹകരിച്ചാല്‍ വൈദ്യുതി ഏവര്‍ക്കും നിയന്ത്രണങ്ങളില്ലാതെ നല്‍കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

🔹പാലക്കാട്‌: കൊഴിഞ്ഞാമ്പാറയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചുവെച്ച ഗോഡൗണിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. മൂന്ന് ടണ്ണിൽ അധികം പ്ലാസ്റ്റിക്കും ഇവ സൂക്ഷിച്ച കെട്ടിടവും കത്തി നശിച്ചതായിട്ടാണ് റിപ്പോർട്ട്.കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഓഫീസിന് സമീപത്തായി ഉപയോഗ ശൂന്യമായി കിടന്നിരുന്ന ഉഴവർ ചന്ത കെട്ടിടത്തിലായിരുന്നു തീപിടുത്തമുണ്ടായത്. തീപടർന്ന സമയത്ത് തൊഴിലാളികളൊന്നുമില്ലാത്തതിനാൽ ആളപായമുണ്ടായിട്ടില്ല.

🔹ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഒരു സൈനികന്റെ നില ഗുരുതരമാണ്. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ചായിരുന്നു വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. സൈനികര്‍ വ്യോമതാവളത്തിലേക്കു പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

🔹മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ ദേവിനും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്കുമെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവര്‍ക്കുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

🔹പത്തനംതിട്ടയിൽ 17കാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം. സുധീഷ് എന്ന യുവാവാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് സഹദ് മരിച്ച സുധീഷിനെ വഴിയിൽ ഉപേക്ഷിച്ചതായും ആരോപണം. ബൈക്കുമായി കടക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ തടഞ്ഞുവച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന കുലശേഖരപതി സ്വദേശി സഹദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് കേസ്.

🔹വിശുദ്ധ ഗ്രന്ഥത്തിന്റെ ചില പേജുകള്‍ കീറിയെന്ന് ആരോപിച്ച് പഞ്ചാബില്‍ 19കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. കൈ പിറകില്‍ കെട്ടിയാണ് 19 കാരനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. പഞ്ചാബിലെ ഫിറോസ്പൂരിലെ ഗുരുദ്വാരയില്‍ വെച്ച് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന്റെ പേജുകള്‍ കീറിയെന്നാരോപിച്ചാണ് ആക്രമണം.

🔹അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് സ്പോട് ബുക്കിങ് ഉണ്ടാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓണ്‍ലൈന്‍ ബുക്കിങ് മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനം. പ്രതിദിനം ബുക്കിങ് 80000 ത്തില്‍ നിര്‍ത്തും. ശബരിമലയില്‍ കഴിഞ്ഞ തവണയുണ്ടായ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതിരുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറെ പഴികേട്ട സാഹചര്യത്തിലാണ് തീരുമാനം.

🔹മയക്ക് മരുന്ന് നല്‍കി ലൈംഗികപീഢനത്തിന് ഇരയാക്കിയെന്ന പരാതിയുമായി ക്യൂന്‍സ്‌ലാന്‍ഡില്‍ നിന്നുള്ള എം പി ബ്രിട്ടനി ലൗഗ രംഗത്ത്. രാത്രി പുറത്തു പോയ സമയത്താണ് സംഭവം നടന്നതെന്നും, തൻ്റെ മണ്ഡലത്തിൻ്റെ ഭാഗമായ യെപ്പോണിലാണ് സംഭവം നടന്നെതും യുവതി പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ബ്രിട്ടനി ദുരനുഭവം പങ്കുവെച്ചത്.ആശുപത്രിയില്‍ നടത്തിയ പരിശോധനയിൽ ശരീരത്തില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും താനത് ഉപയോഗിക്കുന്ന ആളല്ലെന്നും ബ്രിട്ടനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

🔹റിയാദ്: സൗദിയിൽ അഴിമതി സംബന്ധമായ കുറ്റകൃത്യങ്ങളിലേർപ്പെട്ട പൗരന്മാരും താമസക്കാരുമായ 166 പേരെ അറസ്റ്റു ചെയ്തു. ഏഴ് മന്ത്രാലയങ്ങളിൽ ജോലി ചെയ്തിരുന്നവരാണ് അറസ്റ്റിലായതെന്ന് രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. 2024 ഏപ്രിലിൽ നിരവധി ക്രിമിനൽ, അഡ്മിനിസ്ട്രേറ്റീവ് കേസുകളാണ് അതോറിറ്റിക്ക് കീഴിലെ സംഘം അന്വേഷിച്ചത്.
കൈക്കൂലി, ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്യൽ, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഉൾപ്പെട്ടരാണ് പിടിയിലായിരിക്കുന്നത്.  ചിലരെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. അറസ്റ്റിലായവരെ നിയമ നടപടികൾക്ക് ജുഡീഷ്യറിക്ക് റഫർ ചെയ്യാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അവർക്കെതിരായ വേണ്ട നിയമ  നടപടികൾ പൂർത്തിയായി വരികയാണെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.

🔹 ഇന്ത്യൻ റെയിൽവേയുടെ ഈ സൗകര്യങ്ങൾ അധികമാർക്കും അറിയില്ല.

ഇന്ത്യൻ ജനത ദീർഘദൂര യാത്രയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ​ഗതാ​ഗത സൗകര്യമാണ് ഇന്ത്യൻ റെയിൽവേ. ഇത് കണക്കിലെടുത്ത് യാത്രക്കാർക്കായി ട്രെയിനിനുള്ളിൽ നിരവധി സൗകര്യങ്ങളും റെയിൽവേ മന്ത്രാലയം ഒരുക്കുന്നു. യഥാർത്ഥത്തിൽ ട്രെയിനിന് അകത്ത് മാത്രമല്ല ട്രെയിനിന് പുറത്തും നിരവധി സൗകര്യങ്ങശ് യാത്രക്കാർക്കായി ഒരുക്കുന്നുണ്ട്. എന്നാൽ ഇവയെക്കുറിച്ച് അധികമാർക്കും അറിയില്ല എന്നു മാത്രം. അത്തരത്തിൽ ഒരു സൗകര്യത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ഏതെങ്കിലും അത്യാവശ്യ സാഹചര്യത്തിൽ നിങ്ങൾ യാത്ര ചെയ്ത് മറ്റൊരു സ്ഥലത്തെത്തി നിങ്ങൾക്ക് താമസിക്കാൻ ആയി ഒരു സൗകര്യം വേണമെങ്കിൽ മറ്റ് ഹോട്ടലുകളും ലോഡ്‍ജ് മുറികളും അന്വേഷിച്ച് പോകുന്നവരാണ് നമ്മളിൽ പലരും. അത്യാവശ്യക്കാരാണെന്ന് കണക്കിലെടുത്തുകൊണ്ട് തന്നെ പല ഹോട്ടലുകളിലും മുറിക്കുവേണ്ടി അന്യായമായ കാശാണ് ഈടാക്കുന്നത്. യഥാർത്ഥത്തിൽ ഇത്തരത്തിൽ പുറത്തു പോയി കൊള്ള വില നൽകി മുറിയെടുക്കേണ്ട ആവശ്യമില്ല. യാത്രാസൗകര്യം പോലെ തന്നെ യാത്രക്കാർക്ക് താമസിക്കാനുള്ള സൗകര്യവും വളരെ കുറഞ്ഞ നിരക്കിൽ ഇന്ത്യൻ റെയിൽവേ ഒരുക്കുന്നുണ്ട്.
ഹോട്ടൽ മുറികളിൽ ലഭിക്കുന്ന അതേ സൗകര്യം തന്നെ ഇവിടെയും ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. എസി മുറി ആയിരിക്കും. അവിടെ ഒരു റൂമിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു രാത്രിയിൽ മുറി എടുക്കുന്നതിന് വേണ്ടി 100 മുതൽ 700 രൂപ വരെയാണ് തുക നൽകേണ്ടത്. ഏറ്റവും കുറഞ്ഞ മുറിക്കും അത്യാവശ്യത്തിനുവേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പിന്നീട് കാശ് വർദ്ധിക്കുന്നത് നിങ്ങളുടെ സൗകര്യത്തിന്റെ തോത് അനുസരിച്ചായിരിക്കും.
മുറി ലഭിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ
നിങ്ങളുടെ IRCTC അക്കൗണ്ടിലൂടെയാണ് നിങ്ങൾക്ക് മുറി ബുക്ക് ചെയ്യാൻ സാധിക്കുക. നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ താഴത്തു തന്നെയായി റെസറ്റ് റൂം എന്ന ഓപ്ഷൻ കാണാൻ സാധിക്കും. ഇവിടെ ക്ലിക്ക് ചെയ്തതിന് ശേഷം, റൂം ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. PNR നമ്പർ നൽകേണ്ടതില്ല. ബാക്കി ആവശ്യപ്പെട്ട  കാര്യങ്ങളെല്ലാം ഫിൽ ചെയ്യുക. തുടർന്ന് ഓൺലൈനായി കാശടച്ചു കഴിഞ്ഞാൽ നിങ്ങളുടെ മുറി റിസർവ് ചെയ്യപ്പെടും. 100 മുതൽ 700 രബപ വരെയാണ് കാശ്. അത് നിങ്ങൾ ബുക്ക് ചെയ്യുന്ന റൂമിന്റെ സൗകര്യം അനുസരിച്ചിരിക്കും. നിങ്ങൾക്ക് 24 മണിക്കൂർ മുതൽ 48 മണിക്കൂർ വരെ മാത്രമേ IRCTC ഉപയോഗിച്ച് വിശ്രമമുറി ബുക്ക് ചെയ്യാൻ കഴിയൂ. ഇതിൽ കൂടുതൽ ബുക്ക് ചെയ്യാൻ കഴിയില്ല.

🔹ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 4 വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് 19.7 ഓവറില്‍ 147 റണ്‍സെടുക്കാനേ സാധിച്ചുളുളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 13.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. പവര്‍പ്ലേയില്‍ 23 പന്തില്‍ 64 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിസിന്റേയും 42 റണ്‍സെടുത്ത കോഹ്ലിയുടേയും മികവില്‍ 92 റണ്‍സ് അടിച്ചുകൂട്ടിയ ശേഷം 117-6 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ച നേരിട്ട ആര്‍സിബിക്ക് ഒടുവില്‍ നാല് വിക്കറ്റിന്റെ ആശ്വാസ ജയമാണുണ്ടായത്.

🔹വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഗുരുവായൂരമ്പല നടയില്‍’മെയ് 16ന് തിയേറ്ററുകളില്‍ എത്തുകയാണ്. പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ നിഖില വിമലും അനശ്വര രാജനുമാണ് നായികമാരായെത്തുന്നത്. കൂടാതെ തമിഴ് താരം യോഗി ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡി- എന്റര്‍ടൈനര്‍ ഴോണറിലാണ് ചിത്രമെത്തുന്നത്. ആടുജീവിതത്തിന് ശേഷമെത്തുന്ന പൃഥ്വിരാജിന്റെ മലയാള ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയില്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ ‘കൃഷ്ണ കൃഷ്ണ..’ എന്നുതുടങ്ങുന്ന ഗാനം ആലപിക്കുന്നത് അജു വര്‍ഗീസാണ്. പാട്ടിന്റെ വരികള്‍ നല്‍കുമ്പോള്‍ ചിത്രത്തിന്റെ സ്‌ക്രിപ്റ്റാണെന്ന് കരുതി അജു തെറ്റിദ്ധരിക്കുന്നതും, ധ്യാന്‍ ശ്രീനിവാസനെ പോലെ താന്‍ ഇന്റര്‍വ്യൂയില്‍ വന്നിരുന്ന് സിനിമയുടെ കഥ പറയുമെന്ന് പേടിക്കേണ്ടെന്നും അജു പ്രൊമോ വീഡിയോയില്‍ പറയുന്നുണ്ട്. നിരവധി പേരാണ് വീഡിയോക്ക് കമന്റുമായി എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജഗദീഷ്, ബൈജു, ഇര്‍ഷാദ്, സിജു സണ്ണി, രേഖ, മനോജ് കെ. യു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. നീരജ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അങ്കിത് മേനോന്‍ ആണ്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments