🔹മോദിക്ക് മറുപടിയുമായി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ. ഇനി വരുന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും വീട്ടിലേക്ക് തിരിച്ചയക്കുന്നത് വരെ തനിക്കും പാർട്ടിക്കും ഉറക്കമില്ലെന്ന് ഉദയാനിധി പറഞ്ഞു. ഇന്ത്യാ സഖ്യത്തിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിനാണ് ഉദയാനിധി മറുപടി നൽകിയത്. ഡിഎംകെക്ക് ഉറക്കം നഷ്ടമായി എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
🔹ചാലക്കുടി പരിയാരം സ്വദേശിയായ 54 കാരൻ വർഗീസിനെ ലഹരിയ്ക്കടിമയായ മകൻ തലയ്ക്കടിച്ച് കൊന്നതാണെന്ന് കണ്ടെത്തി. പ്രതിയായ മകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരി കൈവശം വച്ചതിന് പോളിനെതിരെ നേരത്തെ കേസുണ്ടായിരുന്നു.
🔹കാളികാവ് ഉദിരംപൊയിൽ രണ്ട് വയസുകാരി മരിച്ചത് അതി ക്രൂര മർദ്ദനമേറ്റതിനാലെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. സംഭവത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു . കുട്ടി തന്റേതല്ല എന്നു പറഞ്ഞ് മുഹമ്മദ് ഫായിസ് നിരന്തരം കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.മർദ്ദനത്തെ തുടർന്ന് കുഞ്ഞിന്റെ തലയിൽ ഉണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണം. പൊലീസ് കസ്റ്റഡിയിലായിരുന്ന ഫയാസിന്‍റെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തി.
🔹തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയായ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ അഭിരാമിയാണ് മരിച്ചത്. അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
🔹സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ ശനിയാഴ്ചവരെ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂര്‍ ജില്ലയില്‍ 40 ഡിഗ്രിവരെ താപനില ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പുള്ളത്.
🔹 അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി കണ്ണൂര്‍. അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് നോഡല്‍ ഓഫീസറായ സ്വീപിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പയിനിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതോടെ 11 നിയമസഭ മണ്ഡലങ്ങളിലെ 115 കോളജുകളില്‍ നിന്നായി 27,450 വിദ്യാര്‍ഥികളെയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തത്.
🔹മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുള്‍പ്പെട്ട മാസപ്പടി കേസില്‍ അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇ.ഡി കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. എസ്.എഫ്.ഐ.ഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക നടപടികള്‍ ആരംഭിച്ച ഇ.ഡി. ആരോപണ വിധേയര്‍ക്ക് ഉടന്‍ നോട്ടിസ് നല്‍കുമെന്നാണ് വിവരം.
🔹കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസില്‍ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍. സത്യഭാമ തനിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്നും ജാതീയമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നും കാട്ടിയാണ് ചാലക്കുടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. സത്യഭാമ, രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തുന്ന വീഡിയോയുടെ ലിങ്കും പൊലീസിന് കൈമാറി.
🔹ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെതിരെ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ച് സിഐടിയു. ഡ്രൈവിംഗ് ടെസ്ററിലും ലൈസന്‍സ് എടുക്കുന്നതിലും പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള ഗണേഷ്‌കുമാറിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധം. ആവശ്യമെങ്കില്‍ മന്ത്രിയെ തടയുമെന്നും ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്‌ക്കരണം അംഗീകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി.
🔹കണ്ണൂര്‍ മയ്യില്‍ വേളം ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടെ പണം അപഹരിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ മോഹന ചന്ദ്രന് സസ്‌പെന്‍ഷന്‍. സിഐടിയുവിന് കീഴിലുള്ള ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് മോഹന ചന്ദ്രന്‍. കഴിഞ്ഞ മാസം 22 ന് ക്ഷേത്ര ഭണ്ഡാരങ്ങള്‍ തുറന്ന് എണ്ണിയ സമയത്ത് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ പണം അപഹരിച്ചെന്നാണ് പരാതി.
🔹വിയ്യൂര്‍ അതീവ സുരക്ഷ ജയിലില്‍ നിന്നും പ്രതിയായ മാവോയിസ്റ്റ് ടി കെ രാജീവനുമായി പോയ വാഹനവും രണ്ടു അകമ്പടി വാഹനങ്ങളും അപകടത്തില്‍പ്പെട്ടു. മലപ്പുറം തിരൂരങ്ങാടിയില്‍ വെച്ച് ഒന്നിന് പിറകെ ഒന്നായി മൂന്നു വാഹനങ്ങളും ഇടിച്ചാണ് അപകടം. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🔹ഇടുക്കിയില്‍ ആറിടങ്ങളില്‍ ഇന്നലെയും ഇന്നുമായി കാട്ടാന ആക്രമണം. വേനല്‍ കടുത്തതാണോ ഇങ്ങനെ കാട്ടാനകളെ നാട്ടിലെത്തിക്കുന്നത് എന്ന സംശയമുണ്ട്. കാട്ടിനകത്തെ നീരുറവകള്‍ വറ്റുന്നതോടെ ആനകള്‍ നാട്ടിലേക്കിറങ്ങുകയാണ്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശം നല്‍കി.
🔹 അജിത്തിന്റെ 63-ാം ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അടുത്ത വര്‍ഷം പൊങ്കലിനാണ് ചിത്രം തിയറ്ററില്‍ എത്തുക. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിക്കുക. ഈ വര്‍ഷം ജൂണില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. വന്‍ വിജയമായി മാറിയ വിശാല്‍ ചിത്രം മാര്‍ക് ആന്റണിയ്ക്ക് ശേഷം ആദിക് രവിചന്ദ്രന്‍ ഒരുക്കുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് ആണ് അജിത്തിന്റേതായി അവസാനം പുറത്തിറങ്ങിയത്. വിടാ മുയര്‍ച്ചിയാണ് പുതിയ ചിത്രം.