Saturday, December 28, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 01, 2024 വെള്ളി

വാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 01, 2024 വെള്ളി

🔹ഫിലാഡൽഫിയയിലെ ഒരു ആശുപത്രിയിൽ നിന്ന് തിങ്കളാഴ്ച രക്ഷപ്പെട്ട തടവുകാരനെ അറസ്റ്റ് ചെയ്തതായി യുഎസ് മാർഷൽസ് അറിയിച്ചു. വെസ്റ്റ് പെൻസിൽവാനിയയിലെ കാംബ്രിയ കൗണ്ടിയിൽ നിന്നാണ് അല്ലീം ബോർഡൻ (29)നെ കസ്റ്റഡിയിലെടുത്തത്.

🔹ആപ്പിൾ സോസുമായി ബന്ധപ്പെട്ട് സിഡിസിയിൽ ഏകദേശം രണ്ട് ഡസനോളം ലെഡ് വിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പെൻസിൽവാനിയ ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് പറയുന്നു. അത്തരം കേസുകളിൽ ഒരെണ്ണം ഫിലാഡൽഫിയയ്ക്ക് പുറത്താണ്.

🔹ഡെലവെയർ നദിക്ക് കുറുകെയുള്ള നാല് പ്രധാന പാലങ്ങളിൽ ഉടൻ തന്നെ ലൈസൻസ് പ്ലേറ്റ് റീഡറുകൾ സ്ഥാപിക്കും. എല്ലാ വാഹനങ്ങളും ഇരു ദിശകളിലേക്കും സ്കാൻ ചെയ്യുമെന്ന് ഡെലവെയർ റിവർ പോർട്ട് അതോറിറ്റി അറിയിച്ചു. ബെറ്റ്സി റോസ്, ബെൻ ഫ്രാങ്ക്ലിൻ, വാൾട്ട് വിറ്റ്മാൻ, കൊമോഡോർ ബാരി ബ്രിഡ്ജുകളിൽ ഓട്ടോമേറ്റഡ് ലൈസൻസ് പ്ലേറ്റ് റീഡറുകൾ സ്ഥാപിക്കും. ഡെലവെയർ റിവർ പോർട്ട് അതോറിറ്റിയുടെ അഭിപ്രായത്തിൽ, കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാനും തടയാനും സഹായിക്കുക എന്നതാണ് ലക്ഷ്യം.

🔹കോവിഡ് പാൻഡെമിക്കിൽ ആരംഭിച്ച മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങളിൽ വൻ വർദ്ധന.സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച്, മദ്യവുമായി ബന്ധപ്പെട്ട മരണങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ സമീപ വർഷങ്ങളിൽ ഏകദേശം 30 ശതമാനം വർദ്ധിച്ചു, 2021 ൽ ഏകദേശം 500 അമേരിക്കക്കാർ ഓരോ ദിവസവും മരിക്കുന്നു. മദ്യപാനവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ 2021-ൽ 178,000 പേർ മരിച്ചു.

🔹ഡാലസിലുള്ള റാന്നി നിവാസികളുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് റാന്നിയുടെ ഈ വർഷത്തെ പിക്നിക് കരോൾട്ടൻ മേരി ഹെഡ്ഗർട്ടർ പാർക്കിൽ ഏപ്രിൽ മാസം ഇരുപതാം തീയതി രാവിലെ 10 മുതൽ 2:00 വരെ നടത്തപ്പെടുന്നു. ഡാലസ്സിലും പരിസരപ്രദേശങ്ങളിലും പാർക്കുന്നവർക്ക് തങ്ങളുടെ പഴയകാല സുഹൃത്തുക്കളെയും ബന്ധുക്കളെയും അയൽക്കാരെയും കാണുന്നതിനും പരിചയം പുതുക്കുന്നതിനും വേണ്ടിയാണ് സംഘാടകർ ഇങ്ങനെയുള്ള നല്ല അവസരങ്ങൾ ഒരുക്കുന്നത്

🔹ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച്‌ നടത്തപ്പെടുന്ന സ്പോർട്സ് ടൂർണമെന്റുകളുടെ ഭാഗമായി വോളിബോൾ ടൂർണമെന്റ് മാർച്ച് 2 നു ശനിയാഴ്ച നടത്തപ്പെടും. ട്രിനിറ്റി ദേവാലയത്തോടു ചേർന്നുള്ള സ്പോർട്സ് ഫെസിലിറ്റിയായ ട്രിനിറ്റി സെന്ററിലാണ് മത്സരങ്ങൾ നടത്തുന്നത്.

🔹മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമ്മാ വോളൻന്ററി ഇവാന്‍ഞ്ചലിസ്റ്റിക് അസോസിയേഷന്‍ (ഇടവക മിഷന്‍), സേവികാസംഘം, സീനിയര്‍ ഫെലോഷിപ്പ് എന്നീ സംഘടനകളുടെ 11-ാമത് സംയുക്ത കോണ്‍ഫ്രറന്‍സ് മാര്‍ച്ച് 8,9 (വെള്ളി, ശനി) തീയതികളില്‍ ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ദേവാലയത്തില്‍ (11550 Luna Rd, Farmers Branch, Tx 75234) വെച്ച് നടത്തപ്പെടുന്നു.

🔹ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിച്ചേക്കും. ദക്ഷിണേന്ത്യയില്‍ കൂടി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.

🔹വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് മരിച്ച സംഭവത്തില്‍ റാഗിംങിലുണ്ടായ ആറു വിദ്യാര്‍ത്ഥികളെ കൂടി സസ്‌പെന്‍ഡ് ചെയ്തു. 12 വിദ്യാര്‍ത്ഥികളെ കഴിഞ്ഞ മാസം 22ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇന്നലെ പൊലീസില്‍ കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ.അരുണ്‍, യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍ എന്നിവരാണ് ഇന്നലെ രാത്രി കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. ഇന്നലെ രാത്രി ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇയാളുടെ അറസ്റ്റും ഇന്നുണ്ടാകും.

🔹മലപ്പുറം ജില്ലയിലെ പോത്തുകല്ല്, എടക്കര പഞ്ചായത്തുകളില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി. പഞ്ചായത്തുകളില്‍ കൂള്‍ബാറുകളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തനം മൂന്നാഴ്ചത്തേക്ക് നിയന്ത്രിച്ചു. രോഗലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഒറ്റമൂലി ചികിത്സ തേടുന്നതിന് പകരം ഡോക്ടര്‍മാരെ സമീപക്കണമെന്നും, കുടിവെള്ളത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രണ്ടു മാസത്തിനിടെ 152 പേര്‍ക്ക് രോഗബാധ ഉണ്ടാവുകയും 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, രണ്ടുപേര്‍ മരണപ്പെടുകയുമുണ്ടായിട്ടുണ്ട്.

🔹വാഹനാപകട കേസുമായി ബന്ധപ്പെട്ട് ആലത്തൂര്‍ സ്റ്റേഷനില്‍ ഹാജരായ അഡ്വ.ആക്വിബ് സുഹൈലിനോട് തട്ടിക്കയറിയ സംഭവത്തില്‍ ആലത്തൂര്‍ എസ്ഐ റെനീഷ് നിരുപാധികം മാപ്പ് പറഞ്ഞ് പുതിയ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. റെനീഷിനെതിരെ എടുത്ത നടപടി സംസ്ഥാന പൊലീസ് മേധാവി വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ജി പത്ത് ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.

🔹കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാമ്പസില്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാട്ടര്‍ ടാങ്കിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയതിനെ തുടര്‍ന്ന് കേസില്‍ ഏഴ് വര്‍ഷം മുമ്പ് കാണാതായ തലശേരി സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ശരീര അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും യുവാവിന്റെ 2011 ലെടുത്ത ലൈസന്‍സ് കണ്ടെത്തിയിരുന്നു. ഈ വിലാസത്തില്‍ കഴക്കൂട്ടം പൊലിസ് അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് ചെന്നൈയില്‍ താമസിക്കുന്ന മാതാപിതാക്കള്‍ തലസ്ഥാനത്തെത്തുമെന്നും ഡിഎന്‍എ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.

🔹തൃശൂര്‍ വടക്കേക്കാട് കപ്ലിയങ്ങാട് ദേവി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു. ക്ഷേത്രത്തിലേക്ക് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച മലബാര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തു.

🔹വാണിജ്യാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. കേരളത്തില്‍ 26 രൂപ കൂട്ടിയതോടെ വില 1806 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്.

🔹ദില്ലിയിലെ ജെ എന്‍ യു സര്‍വകലാശാല ക്യാമ്പസില്‍ ഇന്നലെ രാത്രി ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെ സംഘര്‍ഷം. സംഭവത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. എബിവിപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ഇടതുസംഘടന പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

🔹ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിവാദ ആള്‍ ദൈവം ഗുര്‍മീദ് റാം റഹീം സിങ്ങിന് പരോള്‍ നല്‍കുന്നതിനെ വിലക്കി പഞ്ചാബ് ഹരിയാന ഹൈക്കോടതി. ഗുര്‍മീദിന് കോടതിയുടെ അനുമതിയില്ലാതെ ഇനി പരോള്‍ നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബലാത്സംഗക്കേസില്‍ 20 വര്‍ഷത്തെ തടവു ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീദിനെ അടുത്തിടെയും 50 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു.

🔹ഗാസയില്‍ ഭക്ഷണം വാങ്ങാന്‍ കാത്തുനിന്നവര്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ വെടിവയ്പ്പിനെ അപലപിച്ച് രാജ്യങ്ങള്‍. വെടിവയ്പ് ഒരു വിധത്തിലും നീതീകരിക്കാനാവില്ലെന്ന് ഫ്രാന്‍സും, താല്‍ക്കാലിക വെടിനിര്‍ത്തലിനായെങ്കിലും നടക്കുന്ന സമാധാന ചര്‍ച്ചകളെ ശ്രമം സാരമായി ബാധിക്കുമെന്ന ആശങ്ക അമേരിക്കയും പങ്കുവച്ചു.

🔹പ്രശസ്ത ഗായിക ക്യാറ്റ് ജാനിസ് ക്യാന്‍സര്‍ ബാധിച്ച് അന്തരിച്ചു. 31 വയസായിരുന്നു. എല്ലുകളിലും മൃദുവായ ടിഷ്യൂകളിലും കാന്‍സര്‍ വികസിക്കുന്ന സാര്‍ക്കോമ എന്ന അസുഖമായിരുന്നു ജാനിസിന്.

🔹ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി 9 ന് ആയിരുന്നു. ആനന്ദ് നാരായണന്‍ എന്ന എസ്ഐ കഥാപാത്രമായാണ് ചിത്രത്തില്‍ ടൊവിനോ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തുക. മാര്‍ച്ച് 8 നാണ് സ്ട്രീമിംഗ് ആരംഭിക്കുക. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാവും

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

Most Popular

Recent Comments