Tuesday, December 24, 2024
Homeഅമേരിക്കപുണ്യ ദേവാലയങ്ങളിലൂടെ - (51) സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, പുത്തൻകാവ്

പുണ്യ ദേവാലയങ്ങളിലൂടെ – (51) സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, പുത്തൻകാവ്

ലൗലി ബാബു തെക്കേത്തല ✍️

🌻പുത്തൻകാവ്

വിശ്വദീപംഎന്ന . മഹാകാവ്യം രചിച്ച
മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും ഗദ്യകാരനുമായിരുന്ന പുത്തൻകാവ് മാത്തൻ തരകന്റെ ജന്മസ്ഥലമാണ് പുത്തൻകാവ്.
മാത്തൻ തരകൻ ചെങ്ങന്നൂരിനടുത്തുള്ള പുത്തൻകാവിൽ കിഴക്കേത്തലക്കൽ ഈപ്പൻ മത്തായിയുടെയും മറിയാമ്മയുടെയും മകനായി 1903ൽ ജനിച്ചു.
ഇദ്ദേഹത്തിന്റെ പുത്രന്മാരാണ് ഡോ.കെ.എം. തരകനും ഡോ.കെ.എം. ജോസഫും.

🌻പുത്തൻകാവ് പള്ളി.

ആലപ്പുഴ ജില്ലയിലെ പുത്തൻകാവ് എന്ന് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയമാണ് പുത്തൻകാവ് പള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിൽ ഉൾപ്പെടുന്ന ഈ പള്ളി മധ്യതിരുവിതാംകൂറിലെ ഏറ്റവും പഴക്കമുള്ള പള്ളികളിൽ ഒന്നാണ് . മാർത്തോമാ ആറാമന്റെയും മാർത്തോമാ എട്ടാമന്റെയും പുത്തൻകാവിൽ മാർ പീലക്സിനോസ് മെത്രാപ്പൊലീത്തയുടെയും കബറിടങ്ങൾ ഈ പള്ളിയിൽ സ്ഥിതി ചെയ്യുന്നു.

🌻ചരിത്രം

ചെങ്ങന്നൂരിലെ പഴയ സുറിയാനി പള്ളിയിലും, മാരാമൺ പള്ളിയിലും ആണ് പുത്തൻകാവ് പ്രദേശത്തെ ആളുകൾ ആരാധന നടത്തിയിരുന്നത്. ഈ പള്ളികളിലേക്കു വളരെയധികം ദൂരമുണ്ടായിരുന്നതിനാൽ ഈ പ്രദേശത്തെ നസ്രാണികൾ ഇടുക്കുള തരകൻ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ 1793-ൽ പുത്തൻകാവിൽ തന്നെ വിശുദ്ധ മറിയാമിന്റെ നാമധേയത്തിൽ ഒരു പള്ളി പണിയുകയും ആരാധന ആരംഭിക്കുകയും ചെയ്തു. മലങ്കര സഭാതലവന്മാരായിരുന്ന മാർത്തോമാ മെത്രാൻമാരിൽ ആറാമനും എട്ടാമനും പുത്തൻകാവ് പള്ളി ആസ്ഥാനമാക്കി സഭാ ഭരണം നടത്തിയിരുന്നു.

🌻ചാപ്പലുകൾ

17-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ അന്ത്രയോസിന്റെ നാമത്തിലുള്ള സെന്റ്. ആൻഡ്രൂസ് ചാപ്പൽ, സെന്റ്. ജോൺസ് ചാപ്പൽ, സെന്റ്. ഗ്രിഗോറിയോസ് ചാപ്പൽ എന്നിവയാണ് പുത്തൻ കാവ് പള്ളിയുടെ കീഴിലുള്ള രണ്ട് ചാപ്പലുകൾ

🌻പെരുന്നാളുകൾ

പ്രതിവർഷം 2 പെരുന്നാളുകളാണ് ഈ പള്ളിയിൽ ആചരിക്കുന്നത്. മാർത്തോമാ ആറാമൻ, മാർത്തോമാ എട്ടാമൻ, പുത്തൻകാവിൽ മാർ പീലക്സിനോസ് എന്നിവരുടെ സംയുക്ത ഓർമ്മപ്പെരുന്നാൾ എപ്രിൽ 16,17 തീയതികളിലും മാർ അന്ത്രയോസിന്റെ ഓർമ്മ പെരുന്നാൾ കുംഭം 18,19 തീയതികളിലും ആചരിക്കുന്നു.

🌻കാതോലിക്കേറ്റ് രത്ന ദീപം

കാത്തോലിക്കെറ്റ് രത്ന ദീപം എന്നറിയപ്പെടുന്ന പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനി (1897-1951)യുടെ ഭൗതീക ശരീരം പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ദേവാലയത്തിൽ കബറടക്കപ്പെട്ടിരിക്കുന്നു. എല്ലാ വർഷവും ഏപ്രിൽ മാസം 16, 17 തീയതികളിൽ അഭിവന്ദ്യ പുത്തൻകാവിൽ ഗീവർഗ്ഗീസ് മാർ പീലക്സിനോസ് പിതാവിന്റെ ദുക്റോനോ പെരുന്നാൾ പരിശുദ്ധ സഭ വളരെ ഭക്തി ആദരവോടെ കൊണ്ടാടുന്നു.

പമ്പ നദിക്കരയിലുള്ള പുത്തൻകാവ്‌ എന്ന ഗ്രാമത്തിൽ 1897 ജൂൺ മാസം പത്താം തീയതി കിഴക്കേതലയ്ക്കൽ കുടുംബത്തിലെ തോമ കത്തനാരുടെയും, കോയിപ്പുറം ചുങ്കത്തിൽ കുടുംബത്തിലെ റാഹേലമ്മയുടെയും രണ്ടാമത്തെ പുത്രനായി ഗീവർഗ്ഗീസ് ജനിച്ചു. പുത്തൻകാവിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും, മാവേലിക്കരയിൽ നിന്ന് മിഡിൽ സ്‌കൂൾ പഠനവും, ചെങ്ങന്നൂരിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും കരസ്ഥമാക്കി. കൽക്കട്ടയിൽ നിന്ന് സെർറ്റിഫിക്കേഷൻ നേടിയതിന് ശേഷം, സെറാമ്പൂർ കോളേജിൽ നിന്ന് വേദശാസ്ത്രത്തിൽ ബാച്‌ലർ ബിരുദം കരസ്ഥമാക്കി. ശേഷം 1921 ൽ എം ഡി . ഡെമിനാരി സ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. പിന്നീട് 1926 ൽ കൽക്കട്ടയിലേയ്ക്ക് തിരികെ വരികയും സാഹിത്യത്തിൽ മാസ്റ്റർ ബിരുദം പൂർത്തീകരിക്കുകയും ചെയ്തു. 1929 ൽ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി ഗീവർഗീസിനെ ശെമ്മാശനായും തുടർന്ന് പുരോഹിതനായും വാഴിച്ചു. 1929 നവംബർ മാസം ആറാം തീയതി റമ്പാനായും 1930 നവംബർ മാസം മൂന്നാം തീയതി പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതിയൻ ബാവാ തിരുമനസിന്റെ തൃക്കരങ്ങളാൽ ഗീവർഗ്ഗീസ് മാർ പീലക്സിനോസ് എന്ന നാമധേയത്തിൽ മെത്രാപ്പോലിത്താ സ്ഥാനത്തേയ്ക്ക് ഉയർത്തപ്പെടുകയും, തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയായി പരിശുദ്ധ സഭ നിയമിക്കുകയും ചെയ്തു. ആ കാലത്തുള്ള മറ്റു മെത്രാപ്പോലീത്തന്മാരിൽ വെച്ച് വളരെ ചെറിയ പ്രായം ആയിരുന്ന പുത്തൻകാവിൽ തിരുമേനിയെ “കൊച്ചു തിരുമേനി” എന്ന് വിളിക്കപ്പെട്ടു. 1931 മുതൽ 1951 വരെ ഉള്ള ഇരുപതു വർഷക്കാലം തുമ്പമൺ ഭദ്രാസനത്തെ അഭിവന്ദ്യ തിരുമേനി നയിച്ചു.

അഭിവന്ദ്യ പിതാവ്‌ നിരവധി സ്ഥാപനങ്ങൾക്ക്‌ മേൽനോട്ടം വഹിക്കുകയും ഒപ്പം നിരവധി സ്ഥാപനങ്ങളും, ആശ്രമങ്ങളും, പള്ളികളും, ദയറാകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കുകയും ചെയ്തു. കാതോലിക്കേറ്റ് ഹൈസ്കൂൾ – പത്തനംതിട്ട, മെത്രാപ്പോലീത്തൻ ഹൈസ്കൂൾ -പുത്തൻകാവ്, പത്തനംതിട്ട അധ്യാപക പരിശീലന കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് (കൊച്ചു തിരുമേനിയുടെ ആശയം ആയിരുന്നു, എന്നാൽ സ്ഥാപിതമായത് കൊച്ചു തിരുമേനിയുടെ കാലശേഷം ആണ്), ഓതറ ദയറാ, ചെങ്ങന്നൂർ ഭദ്രാസന ആസ്ഥാനം ബെഥേൽ അരമന, പറന്തൽ പൊങ്ങലാടി പള്ളി, തുമ്പമൺ മർത്ത മറിയം സെന്റർ, മാക്കാംകുന്ന് തിയോളജിക്കൽ കോളേജ്, ഇരവിപേരൂർ ആശുപത്രി എന്നിവ അതിൽ ഉൾപ്പെടുന്നു. സൺ‌ഡേ സ്കൂൾ പ്രസ്ഥാനം പ്രസിഡന്റ്, ഗോസ്പൽ ടീം പ്രസിഡന്റ് എന്നീ ചുമതലകളും അഭിവന്ദ്യ പുത്തൻകാവിൽ കൊച്ചു തിരുമേനി വഹിച്ചിരുന്നു.

മികച്ച ഒരു ഭരണാധികാരി, വാഗ്മി, അഭിഭാഷകൻ അങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന ഒരു വ്യക്തിത്വമായിരുന്നു അഭിവന്ദ്യ തിരുമേനിയുടേത്. മലങ്കര സഭയെ തള്ളി പറഞ്ഞ് അഭിവന്ദ്യ ഇവാനിയോസ് തിരുമേനി (സിറോ മലബാർ – കാത്തോലിക്ക സഭ സ്ഥാപകൻ) സഭയുടെ നിരവധി വിദ്യാലയങ്ങളും, സ്ഥാപനങ്ങളും ചതിവിൽ കൈക്കലാക്കി നിന്നിരുന്ന സമയം മലങ്കര മെത്രാപ്പോലീത്തയുടെ അഭാവത്തിൽ മലങ്കരയുടെ വിദ്യാലയങ്ങളും സ്ഥാപനങ്ങളും തിരികെ വാങ്ങുവാനുള്ള നിയമ യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ചത് അഭിവന്ദ്യ പുത്തൻകാവിൽ തിരുമേനി ആയിരുന്നു.

1951 ഏപ്രിൽ മാസം പതിനേഴാം തീയതി മരത്തംകോട് മാർ ഗ്രീഗോറിയോസ് ചാപ്പലിൽ വെച്ച് അഭിവന്ദ്യ കൊച്ചു തിരുമേനി ഇഹലോക വാസം വെടിഞ്ഞ് കർത്തൃ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു. പ്രസ്തുത ചാപ്പലിൽ അഭിവന്ദ്യ തിരുമേനി ഉപയോഗിച്ച മുറിയും, കട്ടിലും ഇന്നും തിരുശേഷിപ്പായി സൂക്ഷിക്കുന്നു. 2013 ഏപ്രിൽ മാസം പതിനേഴാം തീയതി അഭിവന്ദ്യ തിരുമേനിയുടെ അറുപത്തി രണ്ടാം ദുക്റോനോ പെരുന്നാൾ വേളയിൽ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസിന്റെ തീരുമാനപ്രകാരം പരിശുദ്ധ കാതോലിക്കാ ബാവായുടെ അംഗീകാരത്തോടെ പുത്തൻകാവിൽ കൊച്ചു തിരുമേനിയെ “കാതോലിക്കേറ്റ് രത്നദീപം” എന്ന നാമധേയം നൽകി ആദരിച്ചു. ഇത് സംബന്ധിച്ചുള്ള പരിശുദ്ധ ബാവ തിരുമനസിന്റെ (പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ ബാവ തിരുമനസ്) കല്പന അന്ന് വായിച്ചത് അഭിവന്ദ്യ പുത്തൻകാവിൽ കൊച്ചു തിരുമേനിയുടെ അനന്തരവൻ കൂടെ ആയ ചെങ്ങന്നൂർ ഭദ്രാസനാധിപനായ
അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് പിതാവ് ആയിരുന്നു.

മധ്യതിരുവിതാംകൂറിലെ ഏറ്റവും പഴക്കമുള്ള പള്ളികളിൽ ഒന്നായ പുത്തൻകാവ് പള്ളി സന്ദർശിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

ലൗലി ബാബു തെക്കേത്തല ✍️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments