Friday, October 18, 2024
Homeസ്പെഷ്യൽമലയാളി മനസ്സിന്റെ 'സ്ഥിരം എഴുത്തുകാർ' (12) 'രവി കൊമ്മേരി '- ന്യൂസ് റിപ്പോർട്ടർ. യു എ...

മലയാളി മനസ്സിന്റെ ‘സ്ഥിരം എഴുത്തുകാർ’ (12) ‘രവി കൊമ്മേരി ‘- ന്യൂസ് റിപ്പോർട്ടർ. യു എ ഇ ..’ ✍ അവതരണം: മേരി ജോസി മലയിൽ

മേരി ജോസി മലയിൽ തിരുവനന്തപുരം

മലയാളി മനസ്സിൻ്റെ സ്ഥിരം എഴുത്തുകാരെ പരിചയപ്പെടുന്ന ഇന്നത്തെ പംക്തിയിലേക്ക് ഏവർക്കും സ്വാഗതം. 

ഈ പംക്തിയിൽ ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത്, എഴുത്തുകാരനും, മലയാളി മനസ്സിൻ്റെ യുഎഇ റിപ്പോർട്ടറുമായ ശ്രീ. രവി കൊമ്മേരിയെയാണ്.

## മലയാളി മനസ്സിനെക്കുറിച്ച് എന്താണ് താങ്കൾക്ക് പറയാനുള്ളത് :-

        മലയാളികളുടെ മനസ്സ്.  മലയാളം, മലയാളി, അതാണ് മലയാള മനസ്സ്. 

അങ്ങ് ദൂരെ അമേരിക്കയിലെ ഫിലഡൽഫിയായിൽ നിന്ന് നനുത്ത കാറ്റിൻ്റെ ചിറകേറി ചുടിലും തണുപ്പിലും മഴയിലും കരകേറി ലോക മലയാളികളുടെ ഇടയിലേക്ക് കുതിച്ചു വരുന്ന ഓൺലൈൻ പത്രമാണ് മലയാളി മനസ്സ്. നിലവിൽ കണ്ടുകൊണ്ടിരിക്കുന്ന പത്ര പ്രസിദ്ധീകരണങ്ങളിൽനിന്നൊക്കെ വ്യത്യസ്ഥമായി നവാഗതരായ നിരവധി എഴുത്തുകാർക്ക് അവസരങ്ങൾ കൊടുത്തുക്കൊണ്ട് പോകുന്ന പത്രമാണിത്.  ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നുമുള്ള എഴുത്തുകാരെ അണിനിരത്തി പലതരം പംക്തികൾ, പലതരം ശൈലികൾ ഇവയെല്ലാം കോർത്തിണക്കി വായനയുടെ മറ്റൊരനുഭവം തീർക്കുന്ന മലയാളി മനസ്സ് . ലോകവാർത്തകൾക്ക് പുറമേ, ഇന്ന് മുഖ്യധാരാ മാധ്യമങ്ങളിലെല്ലാം കാണുന്നതുപോലെ സ്പോർട്ട്സ്, സിനിമ, പ്രവാസം, പാചകം, യാത്ര, ആരോഗ്യം അങ്ങിനെ എല്ലാ മേഖലകളിലൂടെയും സഞ്ചരിക്കുമ്പോഴും, ഈ അക്ഷരക്കുടം നിറഞ്ഞു കവിയുന്നത് കഥയും കവിതകളും ലേഖനങ്ങളും കൊണ്ടാണ്.

## എഴുത്തുകാരോടുള്ള പത്രത്തിൻ്റെ സമീപനം : –

           എഴുത്തുകാർക്ക് പഞ്ഞമില്ലാത്ത ഇന്നത്തെ ലോകത്ത്, എന്നാൽ ശരാശരി ഒരു എഴുത്തുകാരൻ്റെ ഒരു സൃഷ്ടിപോലും ഒരു മുഖ്യധാരാ പത്രങ്ങളിലും പ്രസിദ്ധീകരിച്ചു വരാത്ത ഇന്നത്തെ കാലത്ത്,  നിരവധി പുതുമുഖ എഴുത്തുകാർക്ക് അവസരം കൊടുത്തു കൊണ്ട് അവരുടെ കഥയോ കവിതയോ ലേഖനങ്ങളോ എല്ലാം തന്നെ കൃത്യമായ മൂല്യനിർണയത്തിന് ശേഷം തികച്ചും അർഹിക്കുന്ന പ്രാധാന്യത്തോടെ  മലയാളി മനസ്സിൽ പ്രസിദ്ധീകരിക്കുന്നു. നവാഗതരായ ചെറുതും വലുതുമായ നിരവധി എഴുത്തുകാർ വെറും സോഷ്യൽ മീഡിയകളിൽ കൂടെ മാത്രം തങ്ങളുടെ രചനകൾ പങ്കുവച്ച് സന്തോഷം കണ്ടെത്തിക്കൊണ്ടിരിക്കുമ്പോൾ, സ്വാധീനവും പണവും ഇല്ലാത്തതിനാൽ ഒരു സൃഷ്ടിപോലും, അത് എത്ര മികച്ചതാണെങ്കിലും ഏതെങ്കിലും ഒരു പത്രത്തിലോ മാഗസിനിലോ പ്രസിദ്ധികരിച്ച് കാണാൻ കഴിയാത്ത ഈ കാലത്ത്, എഴുത്തുകാരെ തേടിപ്പിടിച്ച് കണ്ടെത്തി അവരുടെ കൊള്ളാവുന്ന സൃഷ്ടികളെ വെളിച്ചത്തെത്തിക്കുവാൻ ശ്രമിക്കുന്ന ഏക പത്രമാണ് മലയാളി മനസ്സ് എന്നുതന്നെ പറയാം.

## എഴുത്തുകാരൻ എന്ന നിലയിൽ താങ്കളുടെ വഴികൾ :- 

         ഹൈസ്ക്കൂൾ വിദ്യാഭ്യാസകാലം മുതൽ ചെറിയ ചെറിയ കവിതകളും കഥകളും എഴുതി സ്വയം വായിച്ച്, സ്വയം വിമർശനത്തിന് വിധേയമാക്കി കീറിക്കളഞ്ഞു നടന്നിരുന്ന എൻ്റെ കുട്ടിക്കാലം. ജീവിത പ്രയാസങ്ങൾക്കൊപ്പം വിദൂര പഠനത്തിൻ്റെ വഴികൾ പലപ്പോഴും അടഞ്ഞും തുറന്നും വർഷങ്ങൾ പിന്നിട്ടപ്പോൾ ഇടയ്ക്കെപ്പോഴോ നിന്നുപോയ എൻ്റെ എഴുത്ത് വീണ്ടും ഞാൻ തുടങ്ങുന്നത് വർഷങ്ങൾക്ക് ശേഷം ജീവിതത്തിൻ്റെ പല പല പാഠങ്ങൾ കണ്ടും പഠിച്ചും നടന്ന് അങ്ങ് ദൂരെ കടലുകൾക്കപ്പുറത്ത് ദുബായിൽ വച്ചാണ്. ജോലി ചെയ്തു കൊണ്ടിരിക്കെ മിച്ചം കിട്ടുന്ന സമയങ്ങളിൽ ഞാൻ എഴുതിത്തുടങ്ങി. അങ്ങിനെ എഴുതിക്കൂട്ടിവച്ച നിരവധി കവിതകൾ കോർത്തിണക്കി “ഉൾവിളി” എന്ന എൻ്റെ ആദ്യത്തെ കവിതാസമാഹാരം പുറത്തിറങ്ങി.

പിന്നീട് നിരവധി മാഗസീനുകളിൽ കവിതകൾ അച്ചടിച്ചുവന്നു. ആയിടയ്ക്ക് കോഴിക്കോട് നിന്നും പുറത്തിറങ്ങുന്ന രണ്ട് മാഗസീനുകളിൽ എൻ്റെ കവിതകളും കഥകളും സ്ഥിരമായി പ്രസിദ്ധീകരിക്കാൻ തുടങ്ങി. അങ്ങിനെ അവരുടെ തന്നെ ദിനപത്രത്തിൽ യുഎഇ ലെ ന്യൂസ് റിപ്പോർട്ടറായി എന്നെ തിരഞ്ഞെടുത്തു.

## മലയാളി മനസ്സിലേക്കുള്ള താങ്കളുടെ കടന്നുവരവ് :- 

        പത്രപ്രവർത്തനവും, മാഗസിനുകളിലെ എഴുത്തുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴാണ്  എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ എൻ്റെ രാജിയേച്ചി എനിക്ക് മലയാളി മനസ്സിൻ്റെ ചീഫ് എഡിറ്റർ ശ്രീ. രാജു ശങ്കരത്തിലിനെ പരിചയപ്പെടുത്തുന്നത്. അങ്ങിനെ രാജിയേച്ചിയുടെ പരിചയപെടുത്തലിൽ എനിക്കും രാജുവേട്ടൻ മലയാളി മനസ്സിൽ എഴുതാൻ ഇടം നൽകി. കഥകളും കവിതകളും ലേഖനങ്ങളും എഴുതി കൊണ്ടിരിക്കുമ്പോൾ ന്യൂസുകൾ റിപ്പോർട്ട് ചെയ്തു കൂടേ എന്ന ചോദ്യവുമായി ചീഫ് എഡിറ്റർ എത്തി. കൊറോണയുടെ താണ്ഡവം കഴിഞ്ഞ് ഛിന്നം പിന്നമായ ലോകത്ത് വായനക്ക് തികച്ചും പുതിയ മാനങ്ങൾ കൈവന്നു. പൂർണ്ണമായും ഓൺലൈൻ യുഗം പിറന്നു. എല്ലാവായനയും വിരൽത്തുമ്പിൽ തെളിയുന്ന സ്ക്രീനുകളിലായി . അങ്ങിനെ തികച്ചും ഓൺലൈൻ പ്രസിദ്ധീകരണമായ മലയാളിമനസ്സ് പത്രത്തിൻ്റെ യുഎഇ റിപ്പോർട്ടായി. വർഷർങ്ങൾ പിന്നിടുമ്പോൾ ന്യൂസ് റിപ്പോർട്ടിംഗിലും അതോടൊപ്പം കഥ കവിത എന്നിവ എഴുതിക്കൊണ്ടും മലയാളി മനസ്സിൻ്റെ ചീഫ് എഡിറ്ററുടേയും, മറ്റ് ഡയറക്ടർ ബോർഡ് മെമ്പർമാരുടേയും മനസ്സിൽ ഞാനും സ്ഥലം നേടി. ആ നിലയ്ക്ക് അതിൻ്റെ എഡിറ്റോറിയൽ ബോർഡ് അംഗമായും ഇന്ന് എനിക്ക് പ്രവർത്തിക്കാൻ സാധിക്കുന്നു.

## എഴുത്തിലൂടെ കൈവരിച്ച നേട്ടങ്ങൾ :-

           വടകര താലൂക്കിലെ അഴിയൂർ പഞ്ചായത്തിൽ കൊമ്മേരി നാരായണൻ്റേയും ലക്ഷ്മിയുടേയും മകനായി ജനിച്ച് എം.എ ജോർണലിസം പൂർത്തിയാക്കി യുഎഇ യിൽ ജോലിചെയ്തുവരുന്ന എൻ്റെ ഇത്രയും കാലത്തെ എഴുത്ത് ജിവിതത്തിനിടയിൽ മൂന്ന് പുസ്തകങ്ങൾ ( ഉൾവിളി – കവിതാസമാഹാരം, വജ്രായുധം – നോവൽ, എൻ്റെ സാരംഗി – ചെറുകഥാ സമാഹാരം) സ്വന്തമായി എൻ്റെ പേരിൽ പുറത്തിറക്കാൻ സാധിച്ചു. കൂടാതെ മറ്റ് നിരവധി ഭക്തി ഗാനങ്ങൾ, ആൽബം സോംഗ്സ്,  ടൈറ്റിൽ സോംഗ്സ്, നടകഗാനം, നാടകങ്ങൾ, ഷോർട്ട് ഫിലിംസ്, ആൽബങ്ങൾ മുതലായവയുടെ സ്ക്രിപ്റ്റുകൾ എഴുതുകയും, ചിലതൊക്കെ സംവിധാനം ചെയ്യുകയും ചെയ്യാൻ സാധിച്ചു. മാത്രവുമല്ല കുട്ടികളുടെ ഇടയിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ഒരു ബോധവൽക്കരണത്തിൻ്റെ ഭാഗമായി  “ചങ്ങലയുടെ താളം ” എന്ന ഹ്രസ്വ സിനിമയുടെ കഥയും, തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്.

ഇതിൻ്റെയൊക്കെ ഭാഗമായി നിരവധി  അംഗീകാരങ്ങളും ലഭിക്കുകയുണ്ടായി.  പ്രവാസി എക്സലൻസ് അവാർഡ് -2019. ദുബായ് RTA മലയാളി ഡ്രൈേവേഴ്സ് കൂട്ടായ്മയുടെ പ്രഥമ സാഹിത്യകാരൻ പുരസ്ക്കാരം 2019. പീപ്പിൾസ് റിവ്യൂ സാഹിത്യ പുരസ്ക്കാരം 2020. അവിഗ്നാ പ്രൊഡക്ഷൻസ് ആൻ്റ് ആക്സീഡ് ഇവൻ്റ് നല്ല തിരക്കഥാകൃത്തിനുള്ള.  ” യു അവാർഡ് 2022 “,  കൂടാതെ ശ്രീ. അറ്റ്ലസ് രാമചന്ദ്രനിൽ നിന്നും, മറ്റ് നിരവധി പ്രഗത്ഭരും പ്രശ്സതരുമായ വ്യക്തികളിൽ നിന്നും, അതിലുപരി നിരവധി സംഘടനകളിൽ നിന്നു മുള്ള ആദരവുകളും ലഭിച്ചിട്ടുണ്ട് .

ഇതിലെല്ലാമുപരിയായി യുഎഇ ൽ അറിയപ്പെടുന്ന നിരവധി സംസ്കാരികസംഘടനകളിലും പ്രവർത്തിച്ചു വരുന്നു.

എഴുത്തിൻ്റെ ലോകം, അക്ഷരങ്ങളുടെ ലോകം, വായനയുടെ ലോകം , അതിർവരമ്പുകളില്ലാത്ത അറിവിൻ്റെ ലോകത്തെ യാത്രയുടെ കൂട്ടുകാരൻ മലയാളി മനസ്സ് USA ഓൺലൈൻ ന്യൂസിലൂടെ ഞാൻ നിങ്ങൾക്കൊപ്പം,

മേരി ജോസി മലയിൽ തിരുവനന്തപുരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments