തിരുവനന്തപുരം നഗരഹൃദയത്തിൽ നിന്നും ഏകദേശം പത്തുകിലോമീറ്റർ അകലത്തായി സ്ഥിതി ചെയ്യുന്ന ഒരു തീരദേശ പ്രദേശമാണ് വലിയതുറ. കൊല്ലവർഷം ആയിരാമാണ്ടു അതായത് 1875-ൽ ഇവിടെ പണികഴിപ്പിച്ച കടൽപ്പാലം ആണ് വലിയതുറ എന്ന ദേശത്തെ പ്രസിദ്ധമാക്കുന്നത്. വളരെ വർഷങ്ങൾക്ക് മുൻപ് തന്നെ ഇവിടെ കപ്പൽ അടുപ്പിച്ചിരുന്നതായി ചരിത്രരേഖകളിൽ തെളിവുണ്ട്. അക്കാലത്ത് വിഴിഞ്ഞം തുറമുഖത്തേക്കാൾ ഇവിടെ കയറ്റിറക്കുമതിക്ക് സൗകര്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. രായിത്തുറ, രാജാത്തുറ എന്നീ പേരുകളിലാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. അക്കാലത്ത് പടിഞ്ഞാറൻ തീരത്തുള്ള ഏക തുറമുഖം ഇത് മാത്രമായിരുന്നു.!!!!!.പാലത്തിന്റെ മുന്നിലുള്ള മതിലും, ഭൗമശാസ്ത്രകേന്ദ്രത്തിന്റെ കെട്ടിടവും കടൽ കയറ്റത്തിൽ തകർന്നു എങ്കിലും കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ചരിത്രത്തിലേക്കുള്ള തലയെടുപ്പുമായി ഇന്നും നിലനിൽക്കുന്നു.
1947 നവംബർ 23-ന്, വളരെ വേഗത്തിൽ വന്ന എസ്. എസ് പണ്ഡിറ്റ് എന്ന ചരക്കു കപ്പൽ വലിയതുറ പാലത്തിൽ വന്നിടിച്ചു. പാലം വലിയതോതിൽ തകരുകയും നിരവധി പേർ ആ അപകടത്തിൽ മരണപ്പെടുകയും ചെയ്തു. തിരുവനന്തപുരത്തിന്റെ ചരിത്രത്തിലെ വളരെ വലിയ ഒരപകടമായിരുന്നു അത്. അതോടുകൂടി ഇവിടെയുള്ള പ്രവർത്തനങ്ങൾ നിർത്തലായി. പിന്നീട് 1952-ൽ തകർന്നുപോയ പഴയ പാലത്തിനടുത്തായി ഇന്ന് കാണുന്ന പാലം പണികഴിപ്പിക്കാൻ തുടങ്ങി. ഏതാണ്ട് നാലുവർഷത്തോളം എടുത്ത് 1956- ൽ പണിപൂർത്തിയാക്കി ഒക്ടോബർ ഒന്നിന് ഉത്ഘാടനം നിർവ്വഹിച്ചു. കടലിനടിയിലായി പഴയ പാലത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നു. പണ്ട് വിഴിഞ്ഞത്തേക്കുള്ള യാത്രാസൗകര്യം വളരെ കുറവായിരുന്നു. അതിനാലായിരിക്കണം വലിയതുറ തുറമുഖം അക്കാലത്ത് തിരക്കുള്ള തുറമുഖമായ് നിലനിന്നത് എന്ന് ചരിത്രഗവേഷകർ അഭിപ്രായപ്പെടുന്നു. ശ്രീ ഉത്രം തിരുനാളിന്റെ കാലത്തും വലിയതുറ തുറമുഖം ഉണ്ടായിരുന്നതായി പരാമർശ്ശിച്ചിട്ടുണ്ട്. 999-ൽ മഹാറാണി ഗൗരി പാർവതീ ഭായിയുടെ കാലത്ത് പറവൂർ കായലിനെയും കൊല്ലം കായലിനെയും, തിരുവനന്തപുരം കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്ന തോടുകൾ നിർമ്മിക്കപ്പെട്ടു. ഏതാണ്ട് അതിനിടടുത്ത സമയത്തായിരിക്കണം വലിയതുറ തുറമുഖത്തിന്റെയും നിർമ്മാണം നടന്നത്. സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്തിനുമുന്പ് തന്നെ വലിയതുറ പാലം നിർമ്മാണം പൂർത്തിയാക്കിയിരുന്നു. എന്നാൽ അക്കാലത്ത് ഇത് ശംഘുമുഖം പാലം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രകൃതി ഘടനവെച്ചു നോക്കുമ്പോൾ ശംഘുമുഖം, വിഴിഞ്ഞം, പൂന്തുറ ഭാഗങ്ങളിൽ കടലിന്റെ ആഴം കൂടുതലാണത്രെ. അതുകൊണ്ട് തന്നെ രണ്ടായിരാമാണ്ടിന് മുൻപ് തന്നെ വിദേശ കപ്പലുകൾ ഈ ഭാഗങ്ങളിൽ വരികയും വാണിജ്യവ്യാപാരങ്ങൾ ചെയ്തിരുന്നതായും കണക്കാക്കപ്പെടുന്നു. മഹാനായ ശലോമോൻ ചക്രവർത്തി സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരത്തിനായി ഇവിടെ വന്നെത്തിയിരുന്നതായി അപ്പൂർവ്വം ചില രേഖകളിൽ സൂചിപ്പിക്കുന്നു.
ഈ കടൽപ്പാലം ഇന്ന് അപകടാവസ്ഥയിൽ ആണ്. പാലത്തിലേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ടുള്ള പരസ്യ ബോർഡ് ഇവിടെ സ്ഥാപിച്ചിരിക്കുന്നു. എന്നാലും ഇത് അവഗണിച്ചുകൊണ്ട് സന്ദർശകരെല്ലാം പാലത്തിലൂടെ സഞ്ചരിക്കുന്നു. കർശനമായി നിയന്ത്രിക്കാൻ ഇവിടെ സെക്യൂരിറ്റി സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ല!!!!!!. ദിവസേന നിരവധിപേരാണ് ഈ പാലം സന്ദർശിക്കാൻ കടന്നുവരുന്നത്. അപകടാവസ്ഥയെ കണക്കിലെടുത്ത് പാലത്തിനെ ബന്ദിച്ചുകൊണ്ട് ഒരു ഗേറ്റ് പണിയാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ വലിയതുറയിൽ മത്സ്യബന്ധന തുറമുഖം സ്ഥാപിച്ചിട്ടു മതി മറ്റുപ്രവർത്തനങ്ങൾ എന്നു പറഞ്ഞ് ഒരു വിഭാഗം നാട്ടുകാർ ഇതെതിർത്തു. അതുകൊണ്ട് തന്നെ ഇപ്പോഴും പാലം തുറന്നുതന്നെയാണ് കിടക്കുന്നത്. ചരിത്രമുറങ്ങുന്ന തിരുവനന്തപുരത്തിൽ ഇതുപോലെ എത്രയെത്ര പുറംലോകം അറിയാത്ത അത്ഭുതങ്ങൾ.