പുറം കാഴ്ചയ്ക്കുമപ്പുറം കാണാൻ ആകട്ടെ
——————————————————————-
മനോഹരമായ ഒരുദ്യാനം സ്വന്തമായുണ്ടായിരുന്നതിൻ്റെ പേരിൽ, ചെറിയ ഒരു അഹങ്കാരമുണ്ടായിരുന്നു, ആ യുവതിക്ക്. അത്യപൂർവമായ ഒരു ചെടിയേക്കുറിച്ചവർ വായിച്ചറിഞ്ഞു. വലിയ വില കൊടുത്ത് ഒരെണ്ണം വാങ്ങി തൻ്റെ ഉദ്യാനത്തിൽ വീടിൻ്റെ മതിലിനോടു ചേർത്ത് അതു നട്ടുപിടിപ്പിച്ചു; അയൽക്കാരിക്ക് അല്പം അസൂയ തൊന്നെട്ടെയെന്ന മട്ടിൽ.
ചെടി തഴച്ചുവളർന്നെങ്കിലും പൂവൊന്നും ഉണ്ടായില്ല. ഏറെ കാത്തിരുന്നിട്ടും ഫലമുണ്ടാകാഞ്ഞപ്പോൾ, അവൾ അതു വെട്ടിക്കളയാൻ തീരുമാനിച്ചു. അപ്പോഴാണ് അയൽക്കാരി അവളുടെ വീട്ടിലേക്കു വന്നത്. അവർ പറഞ്ഞു: “എനിക്കു നിങ്ങളോട് ഏറെ നന്ദിയുണ്ട്. കുറെ നാളുകളായി നിങ്ങൾ പുതുതായി നട്ടു പിടിപ്പിച്ച ആ ചെടിയിലെ പൂക്കളാണെൻ്റെ സന്തോഷം. യുവതി ഇറങ്ങിച്ചെന്ന് മതിലിനപ്പുറത്തേക്കു നോക്കിയപ്പോൾ, വെട്ടിക്കളയാനിരുന്ന ആ ചെടിയുടെ മറുവശം മുഴുവൻ പൂക്കളാൽ നിറഞ്ഞിരിക്കുന്നതാണു കണ്ടത്.
വിതയ്ക്കുന്നതെല്ലാം, അപ്പോൾത്തന്നെ, അവിടെ നിന്നു തന്നെ, കൊയ്യാമെന്നു ചിന്തിക്കരുത്. ചിലതിനു കാലങ്ങളോളം, കാത്തിരിക്കേണ്ടി വരും. ചിലപ്പോൾ, കാണാമറയത്തു നോക്കേണ്ടിയും വരും. ഒരു വശത്തു നിന്നു മാത്രം, കാണുകയും കേൾക്കുകയും ചെയ്യുന്നതിൻ്റെ പേരിൽ ഉണ്ടാകുന്ന തെറ്റിദ്ധാരണകൾ ഏറെയാണ്. തൊലി വരണ്ട മരങ്ങളുടെയും, ശോഷിച്ച ചെടികളുടെയും മറുവശത്ത്, ഒരു പുഷ്പം പോലുമില്ല എന്ന് നമുക്കെങ്ങനെ ഉറപ്പാക്കാനാകും? ഒന്നു ചുറ്റും നോക്കിയിരുന്നെങ്കിൽ, ധാരാളം പുഷ്പങ്ങൾ കണ്ടെത്താനാകുമായിരുന്നു.
എന്നും കൂടെയുണ്ടായിട്ടും, എല്ലാം കാണാനും മനസ്സിലാക്കാനും ആകുന്നില്ല എന്നതാണ് ബന്ധങ്ങളുടെ പരാജയ കാരണം. നിഷ്ഫലം എന്നു വിധിയെഴുന്നതിനു മുമ്പ് നിൽക്കുന്ന സ്ഥലവും വ്യാപരിക്കുന്ന ഇടങ്ങളും, ഒന്നു പരിശോധിക്കണം. എവിടെയെങ്കിലും, മുകുളങ്ങൾ ഉണ്ടാകാതിരിക്കില്ല.
സർവ്വേശ്വരൻ സഹായിക്കട്ടെ..
ഏവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.🙏