അവളിൽ പ്രണയം ഒരു കടലായിരുന്നു ….💞
ഇരമ്പിക്കൊണ്ടിരിക്കുന്ന വൻകടൽ ……
പ്രക്ഷുബ്ധമായ് അലയടിച്ചു കൊണ്ട് അവളിലെ പ്രണയം പലപ്പോഴും
തീരത്തെ ഇളക്കിമറിച്ചു ….!!
എന്നിട്ടും ഒരു പക്ഷേ തീരം അവളോട് പ്രണയം നടിച്ച് ….
പൂത്തു നിന്ന കണിക്കൊന്നപോലെ ആകർഷകമായ അവളിലെ കൗമാരയൗവ്വനങ്ങളെ കവർന്നെടുക്കുകയായിരുന്നു …!!
പ്രണയത്തെ പൊതിഞ്ഞു വെച്ചത് കാമം കൊണ്ടായിരിക്കുമെന്ന് തെറ്റിദ്ധരിച്ച അവളിൽ തിരിച്ചറിവുണ്ടാകുമ്പോഴേക്ക് ഒരു പാട് വൈകിപ്പോയിരുന്നു….!!
അവളേയും അവളുടെ പുഞ്ചിരിയേയും പൊട്ടിച്ചിരികളേയും
അവളുടെ കഥകളെയും കവിതകളെയും കണ്ണീരിനേയും കുട്ടിക്കുറുമ്പുകളേയും
അവളിൽ തിളങ്ങി നിന്ന മൂക്കുത്തിയേയും മോതിരക്കല്ലുകളേയും പ്രണയിക്കുന്നവനെയായിരിക്കണം ഒരായുഷ്ക്കാലം മുഴുവൻ അവൾ തീരത്ത് തിരഞ്ഞു നടന്നത്….!!
അങ്ങനെ ഒരുവനെ തേടിത്തളർന്നവളുടെ പ്രണയത്തിൽ വേരോടിയത്
കാമത്തിന്റെ അകക്കണ്ണു തുറക്കുന്ന പുരുഷ മുഖങ്ങളെയായിരുന്നു ….!!
പിന്നീടവൾ കാണുന്ന എല്ലാ മുഖങ്ങൾക്കും ഒരേ ഛായ ഒരേ ശബ്ദം ഒരേ ഭാഷ ….!!
സങ്കൽപ്പത്തിലെ പ്രണയത്തിന്റെരാജകുമാരനു വേണ്ടിയുള്ള തിരച്ചിലിനൊടുവിൽ നിരാശയായി മറ്റൊരു ലോകത്തേക്ക് യാത്രയാവുമ്പോൾ
തൂലികത്തുമ്പിനാൽ അവൾ ലോകത്തിന്റെ നിറുകെയിൽ കൊത്തിവെച്ച പ്രണയം നിസ്വാർത്ഥവും നിഷ്ക്കളങ്കവുമായിരുന്നു…!!
യാത്രയായ പുതിയ ലോകത്ത് അവൾക്കവനെ കണ്ടുമുട്ടാൻ കഴിയട്ടെ …!!
മൂന്നു വെള്ളത്തുണികളിൽ കണ്ണീരോടെ പൊതിഞ്ഞു കൊണ്ടുപോയ അവളിലെ പ്രണയം മറ്റൊരു ലോകത്ത് പീലി നിവർത്തി പൂവണിയുവാൻ കഴിയട്ടെ …..!!💞