കഥകളിലും മിത്തുകളിലും വിട൪ന്ന്
ഭാവനയുടെ തേൻ കടഞ്ഞ
സ്ത്രൈണ കാമഭാവങ്ങളിൽ
നീന്തിത്തുടിച്ചു മത്സ്യകന്യക.
ശംഖിനോടും ചിപ്പിയോടും കൂട്ടുകൂടി
കടൽക്കൊട്ടാരങ്ങളിൽ രാപ്പാർത്ത
മത്സ്യകണ്ണഴകിയെ,
സങ്കല്പസാമ്രാജ്യങ്ങളിലാവോളം
പാടിപ്പുകഴ്ത്തി കഥയും കവിതയും.
മീനും മനുഷ്യനുമായുടൽ പകുത്ത
സുതനുവാം ജലറാണി,യവൾ
സാഗരത്തിരകളിൽ
ജീവന്റെയാദ്യരൂപമായ്
ഉരഗദൈവങ്ങൾ തൻ ചിരകാല
ചിഹ്നമായ് ,വിരാജിച്ചൈശ്വര്യപ്രതീകമാ
യ് .
അവളുടെ മഹിമ മത്സ്യാവതാര
മൂർത്തിയുടെ തായ് ,വേരിലേയ്ക്കു നീണ്ടു.
വേദങ്ങളെ വ്യസിച്ച വ്യാസന്റെ പെറ്റമ്മയിലേയ്ക്കു
നീണ്ടു.
കടലിനെ സ്നേഹിച്ചു പശിയൂട്ടിയവന്റെ
ജീവിതതൃഷ്ണകളിലേയ്ക്കു നീണ്ടു.
മനുവിന്റെ പായ് വള്ളത്തിലേയ്ക്കും
കുമാരികന്ധത്തിന്റെ കുത്തൊഴുക്കിലേയ്ക്കുമതു
നീണ്ടുപോയ് .
ചോരയും കുരുതിയും
നല്കിയാചാരങ്ങൾ
പോറ്റിയ വിളവെടുപ്പുത്സവങ്ങളിൽ
കർഷകസ്വപ്നങ്ങൾ പൂത്തുനില്ക്കേ,
പൂജാരൂപമായവൾ
കൃഷിവൃദ്ധികൾക്കും.
ഊർവ്വരപ്രകൃതിയാം പെണ്ണായ മണ്ണിനും
ഗോമാതയ്ക്കു,മിടയദൈവത്തിനുമൊ
പ്പം
ചിരന്തന കൃഷിസംസ്കൃതിയുടെ
പ്രതീകമരമായ്പ്പടർന്ന മത്സ്യം
അധകൃതന്റെ വിയർപ്പും
ചൂരുമേറ്റൊരുനാൾ
മേലേടത്തെയശുദ്ധികളിലയിത്തമായി.
പെറുക്കിയെറിയപ്പെട്ടു
തീൻമേശകളിൽ നിന്നുമാചാരത്തിൻ
പേർ ചൊല്ലിവളെ.
അന്ധയും ബധിരയും ഊമയുമായ
ധർമ്മനീതികൾ ,മാരീചവേഷം കെട്ടി
ജാതിമത വർണ്ണവെറികളിൽ മുങ്ങി
അവകാശലംഘനത്തിന്റെ കോട്ടകൾ
കീഴടക്കവേ,
അതൊന്നുമറിയാതെ യഥേഷ്ടം
അവൾ വിഹരിച്ച കടലുകളുണ്ട്.
അവളുടെ പ്രണയം കാത്തു കിടന്ന
മനുജമനസ്സുകളുണ്ട്.
മുക്കുവത്തിയാം മത്സ്യഗന്ധി
പെറ്റപുത്രൻ, മഹാപുരുഷനായ്
വളർന്ന കാലം,
ബ്രഹ്മർഷിമുഖ്യന്റെ ജനിതകം
മാനിക്കാൻ
മടിച്ച വക്രത വളർത്തിയൊരു
മനോഹര
പ്രഹേളികയിലേയ്ക്കിറങ്ങിച്ചെന്നു
സമയരഥങ്ങൾ തേടട്ടെയുത്തരം .
നഗ്നമേനിയിലൊഴുകിപ്പുണരും
ജലകണങ്ങളിൽ
സൂര്യാംശു ചിതറി ഹേമവർണ്ണയാകും
ജലകന്യേ…..
നീ സത്യമോ മിഥ്യയോ??
കാലമേ..നീ തന്നെയാകട്ടെ സാക്ഷി.
ഡോ. വൃന്ദ മേനോൻ
പുല്ലുവഴി, പെരുമ്പാവൂർ