Thursday, December 26, 2024
Homeസ്പെഷ്യൽശുഭചിന്ത - (88) പ്രകാശഗോപുരങ്ങൾ - (64) 'കുടുംബിനി' ✍ പി.എം.എൻ.നമ്പൂതിരി

ശുഭചിന്ത – (88) പ്രകാശഗോപുരങ്ങൾ – (64) ‘കുടുംബിനി’ ✍ പി.എം.എൻ.നമ്പൂതിരി

പി.എം.എൻ.നമ്പൂതിരി

ദുഷന്തൻ്റെ കൊട്ടാരത്തിലേക്കു യാത്രയയ്ക്കപ്പെടുന്ന ശകുന്തള യോടു കണ്വമഹർഷി ഉപദേശിക്കുന്നത് കാളിദാസൻ വിവരിച്ചിരിക്കുന്നു. ഗുരുജനങ്ങളെ ശുശ്രൂഷിക്കുക, സപത്നിമാരോട് പ്രിയസഖിമാരോടെന്നവണ്ണം പെരുമാറുക.ഇങ്ങോട്ടു കയർത്താലും അരിശം പിടിച്ച് ഭർത്താവിനെതിരായി നടക്കാതിരിക്കുക. ഭൃത്യ ജനങ്ങളോട് ആവോളം ദാക്ഷിണ്യം കാണിക്കുക, ഭാഗ്യങ്ങളിൽ ഗർവ്വുള്ളവളാകാതിരിക്കുക. ഇതൊക്കെയാണ് കുലസ്ത്രീകളുടെ ലക്ഷണങ്ങൾ. ഇപ്രകാരമുള്ള ഉപദേശങ്ങൾ കേട്ടാവണം യുവതികൾ ഭർത്തൃഗൃഹത്തിലേക്കു പോകേണ്ടത്.

സീതാരാമ കല്യാണശേഷം അയോദ്ധ്യയിലേക്കു പോകുമ്പോൾ പിതാവായ ജനകൻ എന്തൊക്കെകൊടുത്തു എന്ന് തുഞ്ചത്താചാര്യനും പറഞ്ഞത് എന്താണെന്ന് നോക്കാം.

“മുത്തുമാലകൾ ദിവ്യരത്നങ്ങൾ പലതരം
പ്രത്യേകം നൂറുകോടി കാഞ്ചനാഭരണങ്ങളും “

ഇതോടൊപ്പം കൊടുത്തതുകൂടി ശ്രദ്ധിക്കുക

നിർമ്മല ഗാത്രിയായ പുത്രിക്കു പതിവ്രതാ
ധർമ്മങ്ങളെല്ലാമുപദേശിച്ചു വഴിപോലെ.

ഇതായിരുന്നു അന്നത്തെ സാധാരണ മാതാപിതാക്കൾ കൊടുക്കുന്ന സ്ത്രീധനം .എന്നാൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത്! കിലോ കണക്കിനു സ്വർണ്ണാഭരണങ്ങൾ, പോക്കറ്റ് മണിയായി വേറെ ലക്ഷങ്ങൾ. സഞ്ചരിക്കാൻ വില കൂടിയ കാറുകൾ.പക്ഷെ, വേണ്ടതു മാത്രം കൊടുക്കുന്നില്ല. ഭർത്താവിനോടും ബന്ധുക്കളോടും എങ്ങനെ പെരുമാറണം എന്ന് പഠിപ്പിക്കുന്നില്ല. സ്നേഹത്തോടെ ഭർത്താവിനെ പരിചരിക്കാനോ കുട്ടികളെ സൽസ്വഭാവികളായി വളർത്താനോ നന്നായി ആഹാരം പാചകം ചെയ്യാനോ അറിയില്ല. സ്ത്രീപുരുഷ സമത്വത്തിനു വേണ്ടി വാദിക്കുന്നവർ ഒന്ന് മനസ്സിലാക്കുക! പണ്ട് ഭാരതത്തിലെ സ്ത്രീകൾ തുല്യരല്ല.പുരുഷനുമേലേയായി അവർ ആദരിക്കപ്പെട്ടിരുന്നു. ആദരവുകുറഞ്ഞ ഭാഷയിൽ പരസ്പരം സംസാരിക്കുന്ന അച്ഛനമ്മമാരുടെ മക്കളും അങ്ങനെതന്നെ വളരും. ശ്രേഷ്ഠന്മാർ പ്രമാണമായി സ്വീകരിക്കുന്നതിനെ സാമാന്യ ജനങ്ങൾ അനുകരിക്കുമെന്ന് ഗീതയിൽ പറയുന്നുണ്ട്.ഒരു കുല വധു ആറു കാര്യങ്ങളിൽ സമർത്ഥയായിരിക്കണമെന്ന് നീതിസാരത്തിൽ പറയുന്നുണ്ട്.

കാര്യേഷു മന്ത്രി കരണേഷു ദാസി
രൂപേഷു ലക്ഷ്മി, ക്ഷമയാധരിത്രി
സ്നേഹേഷു മാതാ ശയനേഷു വേശ്യാ
ഷഡ്കർമ്മനാരീ, കുലധർമ്മ പത്നി.

വീടു കൊണ്ടുനടക്കുന്ന കാര്യത്തിൽ വിദഗ്ദ്ധയായിരിക്കണം. ഒരു നല്ല കുടുംബിനി ദാസിയെപ്പോലെ വീടിൻ്റെ, ഭർത്താവിൻ്റെ, കുട്ടികളുടെഒക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഭൂമിയെപ്പോലെ ക്ഷമയുള്ള അവൾ ഭർത്താവ് അപഥത്തിൽ സഞ്ചരിച്ചാൽ നിയന്ത്രിക്കാനും വിധിക്കപ്പെട്ടവളാണ്. സൽസ്വഭാവിയും ഭക്ഷണ കാര്യങ്ങളിൽ കാര്യപ്രാപ്തിയുള്ളവളും അമ്മയെപ്പോലെ സ്നേഹിക്കുന്നവളുമായിരിക്കണം ഭാര്യ. ഭർത്താവിൻ്റെ ആഗ്രഹങ്ങൾ സ്വയം മനസ്സിലാക്കി സന്തോഷിപ്പിക്കുന്നവളുമായിരിക്കണം. ഇങ്ങനെയുള്ള ഭാര്യ കുടംബത്തിൻ്റെ ഐശ്വര്യദീപമാണ് – കെടാവിളക്കാണ് – മാർഗ്ഗദർശിയാണ്. ഇത്രയും ഭാര്യയ്ക്ക് ചെയ്യാനായാൽ ഭർത്താവും കുട്ടികളും വഴിതെറ്റിപ്പോവില്ല. സൽചിന്തകളും ഈശ്വരവിശ്വാസവുമുള്ള അവൾ നടക്കുന്നയിടം സ്വർഗ്ഗമായിരിക്കും. കുട്ടികളെ വളർത്തുമ്പോൾ ഇത്തരം കാര്യങ്ങളിൽ അമ്മമാർ ശ്രദ്ധിക്കണം. ഒന്നു മനസ്സിലാക്കുക! കുട്ടികളുടെ മനസ്സ് ക്ലീൻ സ്ലേറ്റാണ്. അവിടെ എന്തുവേണമെങ്കിലും എഴുതാം. നമ്മുടെ ആദ്യത്തെ ഗുരു നമ്മുടെ അമ്മയാണ്. ശൈവത്തിൽതന്നെ നല്ല ശീലങ്ങൾ അവരിൽ വിതയ്ക്കണം. ആശയ്ക്കും ആഗ്രഹങ്ങൾക്കും പരിധിവരയ്ക്കാൻ ആത്മീയതയ്ക്കു കഴിയും. ആത്മീയവിദ്യാഭ്യാസം കുട്ടിക്കാലത്തേ ലഭിച്ചവർ ജീവിതത്തിൽ ശാന്തിയും സമാധാനവും അനുഭവിക്കും. അച്ഛനമ്മമാരുടെ തർക്കങ്ങൾ, വാഗ്വാദങ്ങൾ കുട്ടികളുടെ പിഞ്ചുമനസ്സിനെ നോവിക്കും. സഹിഷ്ണുത നഷ്ടമാവുന്നതാണ് കുടുംബപ്രശ്നങ്ങളുടെ കാതൽ.ചിലർക്ക് മക്കളെപ്പോലും സഹായിക്കാനാവുന്നില്ല. ആധുനിക യുവതീയുവാക്കൾക്ക് വ്രതവും ക്ഷേത്രവുമായി കഴിയുന്ന അമ്മയെ അംഗീകരിക്കാനാവുന്നില്ല. വേഷം, ഭാഷ, ഭക്ഷണം …. അങ്ങനെ എല്ലാറ്റിലും ഈ അകൽച്ച കാണാം.

വിവാഹം കഴിഞ്ഞ ആദ്യവർഷം ഭർത്താവു പറയുന്നത് ഭാര്യ താല്പര്യത്തോടെ കേൾക്കും.രണ്ടാം വർഷം ഭാര്യ തിരിച്ചു പറഞ്ഞു തുടങ്ങും. അപ്പോൾ ഭർത്താവ് വിരസതയോടെ കേട്ടിരിക്കും. മൂന്നാം വർഷം ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടുന്നത് അയൽക്കാർ അതീവരസത്തോടെ കേൾക്കും. ഇതൊക്കെയാണ് ഇക്കാലത്ത് നടക്കുന്ന കുടുംബത്തിൻ്റെ ചിത്രം.

ഒന്നു മനസ്സിലാക്കുക! ഭാര്യാഭർത്തൃബന്ധം ത്യാഗത്തിലധിഷ്ഠിതമാണ്‌. വാക്കുകളിൽ മാധുര്യം, പ്രവർത്തികളിൽ സ്നേഹം ഇവയുള്ള അനുകരണീയ ദമ്പതികൾ ഏറെയുള്ള സമൂഹം ഐശ്വര്യസമ്പൂർണ്ണമാകും. ഒന്നു മനസ്സിലാക്കുക വെള്ളമില്ലാതെ തിര ഉണ്ടാകുകയില്ല. അതുപോലെ ഭാര്യയില്ലാതെ ഭർത്താവുമില്ല. നേരെ മറിച്ചും. ഭാര്യാഭർത്താക്കന്മാരെ വിളക്കിചേർക്കുന്നത് കുട്ടികളാണ്. ആ കുട്ടികളെ ഡോക്ടറോ എഞ്ചിനീയറോ ആക്കാൻ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നു.- പ്രയത്നിക്കുന്നു. പക്ഷെ അവർ സൽസ്വഭാവികളും ഈശ്വരവിശ്വാസികളുമായി വളരണമെന്ന് ആഗ്രഹിക്കുന്നവർ വിരളമാണ്.

എങ്ങനെ ജീവിക്കണമെന്ന് മക്കൾക്ക് അമ്മ പറഞ്ഞു കൊടുക്കണം. വീട്ടിൽ വരുന്ന അതിഥികളോട്, അയൽക്കാരോട്, ബന്ധുക്കളോട്, സുഹൃത്തുക്കളോട് ഒക്കെ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുക. മാതാപിതാക്കൾ മക്കൾക്ക് കൊടുക്കുന്നത് ശരീരം മാത്രമാവരുത്. പഠിപ്പിക്കേണ്ടത് പഠിപ്പിച്ചില്ല എന്ന് മക്കളെക്കൊണ്ട് പറയിക്കരുത്. ഇതൊക്കെ പഠിപ്പിക്കുന്ന ഒരു യൂണിവേഴ്സിറ്റിയുമില്ല. ജീവിതഗന്ധിയായ എല്ലാ അറിവുകളും കൊടുക്കാൻ കഴിയുമ്പോൾ മാത്രമാണ് അമ്മ, അമ്മയാകുന്നത്. പണ്ടത്തെ അമ്മമാർക്ക് ഇതിനെല്ലാം സമയമുണ്ടായിരുന്നു.എന്നാൽ ഇപ്പോഴത്തെ അമ്മമാർക്ക് അതിനൊന്നും സമയമില്ല. അഥവാ സമയം ഉണ്ടാക്കിയാൽ മക്കൾക്ക് അത് കേൾക്കാനും സമയമുണ്ടാവില്ല. ഓരോ ദിവസവും അതിന് അല്പം സമയം കണ്ടെത്തുക.ആ കടമ നിർവ്വഹിക്കലിൻ്റെ ചാരിതാർത്ഥ്യമാണ് ജീവിതത്തെ ധന്യമാക്കുന്നത്

പി.എം.എൻ.നമ്പൂതിരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments