പ്രിയമുള്ള കുഞ്ഞുങ്ങളേ,
ഓരോ ആഴ്ചയിലെയും നക്ഷത്രക്കൂടാരം നിങ്ങൾക്ക് ഇഷ്ടമാവുന്നുണ്ട് എന്നാണ് മാഷ് കരുതുന്നത്. എല്ലാ കഥകളും കവിതകളും വായിക്കാറില്ലേ?
ഇത്തവണയും മലയാളത്തിലെ ശൈലികൾ തന്നെയാണ് പരിചയപ്പെടുത്തുന്നത്. അവ നമ്മുടെ ഭാഷാപ്രയാേഗത്തിന് ഉപകാരപ്പെടും. ഭാഷ കൂടുതൽ ശക്തവും മൂർച്ചയുള്ളതുമാവും. നമ്മുടെ ആശയങ്ങൾ സമഗ്രമായി മറ്റുള്ളവരിലേക്ക് എത്തിച്ചേരും.
രണ്ടു പുതിയ ശൈലികളാണ് പരിചയപ്പെടുത്തുന്നത്. ആദ്യത്തേത്:
വെള്ളിയും വെള്ളിക്കോലും പോലെ.
കേൾവിയിൽ ബന്ധം തോന്നുമെങ്കിലും ബന്ധമില്ലായ്മ, അകൽച്ച എന്ന അർത്ഥമാണ് ഈ ശൈലി വ്യക്തമായി കാണിക്കുന്നത്.. ഒരു തരത്തിലുള്ള കോലിൽ ചരട് അഥവാ വള്ളി കെട്ടി ഭാരം അളക്കുന്ന ഉപകരണമാണ് വെളളിക്കാേല്. വെള്ളി ക്കോൽ എന്നു പേരുള്ള ഈ കോലിൽ വെള്ളിയുടെ അംശം ഒട്ടുംതന്നെയില്ല. ഒരുപക്ഷേ വള്ളിക്കോൽ പറഞ്ഞുപറഞ്ഞ് വെള്ളിക്കോലായതാവാം.
കടലും കടലാടിയും പോലെ എന്ന ശൈലിയും ഇതേ അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്.
ഉദാ: സുന്ദരൻ്റെ പേരും അവൻ്റെ രൂപവും തമ്മിൽ വെള്ളിക്കാേലും വെള്ളിയും പോലുള്ള ബന്ധമേയുള്ളു.
സ്ഥാലീപുലാകം ന്യായം
ചെറിയൊരു ഭാഗം പരിശോധിച്ച് അതുൾക്കൊള്ളുന്ന വലിയ വസ്തുവിൻ്റെ, സമൂഹത്തിൻ്റെ സ്വഭാവം തീർച്ചയാക്കുന്നതിനാണ് ഈ ശൈലി ഉപയോഗിക്കുന്നത്. അടുക്കളയിൽ കല (സ്ഥാലി) ത്തിലെ ചോറ് (പുലാകം) വെന്തോ എന്നറിയാൻ ഒന്നോരണ്ടോ വറ്റെടുത്ത് പാകം നോക്കുന്നതു പോലെ ഒരാളെ അറിഞ്ഞാൽ സമൂഹത്തെ അറിയാനാവും എന്ന തീരുമാനമാണ് ഇതിലൂടെ പ്രകടമാവുന്നത്.
കറിയൊന്നു രുചിച്ചു നോക്കിയതോടെ സ്ഥാലീപുലാകം ന്യായേന സദ്യ രുചികരമാവും എന്നയാൾ കണക്കുകൂട്ടി.
ഇനി മാഷെഴുതിയ ഒരു കുഞ്ഞു കവിതയാവാം.
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
പൊത്തിലെ നത്ത്
മാവിൻ തടിയിൽ ചെറുപൊത്ത്
മറഞ്ഞിരിപ്പുണ്ടൊരു നത്ത്.
കലപിലയോടെ കൊമ്പത്ത്
കളിയണ്ണാനുണ്ടരികത്ത് .
പറന്നുവന്നു കിളി പത്ത്
പഴുത്ത മാമ്പഴമാെരു കൊത്ത്
ചടപട മാങ്ങകൾ താഴത്ത്
കൊതിയൊടു ചില്ലത്തുമ്പത്ത്
തെരുതെരെയോടി വേഗത്തിൽ
അണ്ണാൻ കുഞ്ഞാെരു പാവത്താൻ.
പൊത്തോം വീണേ തലകുത്തി..
പൊത്തിലെ നത്തോ മിഴിപൊത്തി.
⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡
കവിത ഇഷ്ടമായാേ? കൊതിമൂത്ത അണ്ണാൻ താഴത്തേക്ക് പൊത്തോം വീണപ്പോൾ നത്ത് സങ്കടം മൂലം അതു കാണാതെ മിഴിപൊത്തിപ്പോയി.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
ഇനിയൊരു കുഞ്ഞിക്കഥയാകാം. ആലപ്പുഴ ജില്ലയിൽ പുന്നപ്രയിൽ ജനിച്ചുവളർന്ന ശ്രീ.ദേവസ്യ അരമന യുടെതാണ് ‘പേടിച്ചുള്ള ജീവിതം’ എന്ന കുഞ്ഞിക്കഥ. ഇത് നിങ്ങൾക്കിഷ്ടമാവും.
മലപ്പുറം, ആലപ്പുഴ ജില്ലകളിലായി മൂന്ന് പതിറ്റാണ്ടിലധികം കാലം അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട് ഈ കവി..
സുറുമിയും കുഞ്ഞാടും (ബാലസാഹിത്യം)
മുളന്തണ്ട് (കവിതാസമാഹാരം)
ആധുനികന്റെ ചിരി (കവിതാസമാഹാരം)
എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു.
പൊട്ടിമേരി എന്ന കവിതയ്ക്ക് ഏറ്റുമാനൂർ കാവ്യവേദിയുടെ
മിത്ര പുരസ്കാരം,
തകഴി സാഹിതീയം നൽകിയ മികവു സർട്ടിഫിക്കേറ്റ്,
മിനിക്കഥയ്ക്ക് പാലക്കാട് ഗ്രന്ഥപ്പുര അവാർഡ്, കോട്ടയം പരസ്പരം മാസിക നല്കിയ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ശ്രീ.ദേവസ്യ അരമനയ്ക്ക് ലഭിച്ചിട്ടുണ്ട്.
ആനുകാലികങ്ങളിൽ കവിതയും കഥയും എഴുതുന്നു,
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
പേടിച്ചുള്ള ജീവിതം
മോനേ നിൻ്റെ സ്കൂളിൽ ഒരു കുട്ടി തലകറങ്ങി വീണെന്നു കേട്ടല്ലൊ. എന്തായി ?
അവൻ്റെ അമ്മ കരഞ്ഞുകൊണ്ട് ഓടിപ്പോകുന്നതു കണ്ടു. അവളുടെ മോൻ ബോധമറ്റുവീണ കഥ തെക്കേതിലെ ജാനു പറഞ്ഞാണ് അറിയുന്നത്. കാര്യം എന്താണെന്ന് അവൾക്കും അറിയില്ല. ഗ്രേസി തരുണിനോട് അന്വേഷിച്ചു.
ശരിയാണമ്മ, , ഒരു കുട്ടിവീണു. അപ്പോൾത്തന്നെ സാറന്മാരും ടീച്ചറന്മാരും കൂടി ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ കുഴപ്പമൊന്നുമില്ല. അവൻ എന്റെ അടുത്ത ക്ലാസ്സിലാ; സന്തോഷ്. ചങ്ങരംകുളത്തെ ശാന്ത ടീച്ചറാ അവന്റെ ക്ലാസ്സ് ടീച്ചർ.
മോന്റെ കൂട്ടുകാരനാണൊ ?
അമ്മ തിടുക്കപ്പെട്ടു ചോദിച്ചു.
എന്റെ കൂട്ടുകാരനല്ല, എനിക്കു നന്നായി അറിയാം. അവന്റെ അച്ഛൻ ഖത്തറിൽ നല്ലൊരു കമ്പനിയിലെ മാനേജരാ.വലിയ ശമ്പളമാ.
അവന്റെ പെങ്ങളു നന്നായിപഠിക്കും. വായനദിനത്തിന് അസംബ്ലിയിൽവച്ച് നല്ല സമ്മാനങ്ങൾ വാങ്ങുന്നതു കണ്ടിട്ടുണ്ട്.
എന്നാൽ സന്തോഷ് നേരെമറിച്ചാ . അവൻ ആരോടും അങ്ങനെ മിണ്ടാറില്ല. സ്കൂളിനടുത്തുള്ള റോഡിൽനിന്നു വിളിക്കുന്ന ചേട്ടന്മാരെക്കാണാൻ പോകുന്നത് കണ്ടിട്ടുണ്ട്. അവരു വരുമ്പോഴൊക്കെ എന്തൊക്കെയൊ കൊടുക്കുന്നതും അവനത് കീശയിൽ ഒളിപ്പിക്കുന്നതും പലകുട്ടികൾക്കും അറിയാം.
ഒരു ദിവസം ഹെഡ്മാസ്റ്റർക്ക് സംശയം തോന്നി. അദ്ദേഹം അവനെ ഓഫീസിലേക്കു വിളിപ്പിച്ചു. കാര്യങ്ങൾ അന്വേഷിച്ചു. വഴക്കൊന്നും പറഞ്ഞില്ല. സൗമ്യമായി ഉപദേശിച്ചുവിട്ടു.
പിന്നീട് മറ്റുകുട്ടികളെ ചുമതലപ്പെടുത്തി വളരെ സൂത്രത്തിൽ അവനെ വാച്ചുചെയ്തുതുടങ്ങി. അവർ സാറിന് വിവരങ്ങൾ കാടുത്തുകൊണ്ടിരുന്നു.
പുറമെനിന്നു വരുന്ന ചേട്ടന്മാർ സന്തോഷിനു കൊടുക്കുന്ന ലഹരിസാധനങ്ങൾ സ്കൂളിലെ മറ്റു കുട്ടികൾക്കു കൊടുക്കുന്നുണ്ടെന്നു മനസ്സിലായി. അതൊക്കെ വാങ്ങാനുള്ള പണം കുട്ടികൾ വീട്ടിൽനിന്നു മോഷ്ടിച്ചുകൊണ്ടുവരും ..
അല്ലാത്തവർ സാധനങ്ങൾ വാങ്ങാൻ കടയിൽ വിടുമ്പോഴും അമ്മയുടെ സമ്പാദ്യങ്ങൾ കണ്ടുപിടിച്ചും അച്ഛന്റെ കീശതപ്പിയുമൊക്കെ ആവശ്യത്തിനുള്ള പണം സംഘടിപ്പിക്കും. അവരൊക്കെ പഠനത്തിൽ വളരെ പുറകിലുമാ..
കാര്യങ്ങൾ ബോധ്യമായപ്പോൾ മുതൽ ഹെഡ്മാസ്റ്റർ അവരെ നന്നായി ഉപദേശിക്കാറുണ്ട്, അടിക്കാറുണ്ട്. ഇക്കൂട്ടർ വീട്ടിൽ ച്ചെന്ന് കരഞ്ഞുപറഞ്ഞ് അമ്മയെയും അച്ഛനെയുമെല്ലാം വിളിച്ചു കൊണ്ടുവന്നിട്ടുമുണ്ട്.
പുറത്തുനിന്നു വരുന്ന ചേട്ടന്മാർ വാച്ച് മൊബൈൽ തുടങ്ങിയവയെല്ലാം കൊടുക്കാറുണ്ട്. എപ്പോഴും അവന്റെ പേഴ്സിൽ കാശുണ്ടാവും. അച്ഛൻ ഖത്തറിലായതു കൊണ്ട് അതൊന്നും ആരും ശ്രദ്ധിക്കാറുമില്ല. അദ്ദേഹം നാട്ടിൽ വരുമ്പോൾ കൊണ്ടുവന്നു കൊടുക്കുന്നതാവും എന്നാ ധരിച്ചിരുന്നത്.
സ്കൂളിനു കെട്ടിടം പണിയാൻ ഇറക്കിവച്ചിരിക്കുന്ന ഇഷ്ടികയുടെ മറവാണ് ഇവരുടെയെല്ലാം സങ്കേതം.
തലകറങ്ങി വീണശേഷം ഡോക്ടറെ കാണിച്ചപ്പോഴാണ് സന്തോഷ് അമിതമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലായത്. ഡോക്ടർ ഒരു മനഃശാസ്ത്ര വിദഗ്ദ്ധൻ കൂടിയാണ് എന്ന് ഞങ്ങളുടെ ടീച്ചർ പറഞ്ഞു. അദ്ദേഹത്തിന് കാര്യങ്ങൾ വേഗം അറിയാനായി.
സ്കൂളിൽ ഇപ്പോൾ ആഴ്ചയിലൊരിക്കൽ ലഹരിവിരുദ്ധ ക്ലാസ്സുകൾ നടക്കുന്നണ്ട്. മയക്കുമരുന്ന് നാഡീവ്യൂഹത്തെയും തലച്ചോറിനെയും മറ്റ് ആന്തരിക അവയവങ്ങളെയും കേടുവരുത്തുമെന്ന് അവർ പറഞ്ഞു മനസ്സിലാക്കിത്തരുന്നുമുണ്ട്.
നമ്മുടെ രാജ്യത്തിന്റെ ശക്തി നഷ്ടപ്പെടുത്തി നശിപ്പിക്കുകയെന്ന ശത്രുരാജ്യങ്ങളുടെ സൂത്രവും കൂടിയാണിതെന്നാണ് പറയുന്നത്. ഈ അപകടം മനസ്സിലാക്കി ജാഗ്രതയോടെ ജീവിക്കണമെന്ന് അസംബ്ലി കൂടുമ്പോൾ ഹെഡ്മാസ്റ്റർ ഞങ്ങളോടു പറയാറുണ്ട്. എങ്കിലും എല്ലാവർക്കും പേടിയുണ്ട്. എന്തുംചെയ്യാൻ മടിക്കാത്തവരാണ് ലഹരിക്കച്ചവടക്കാർ.
ലഹരിയുടെ കാണാപ്പുറങ്ങൾ വിദ്യാലയങ്ങളിൽ എത്തി കുഞ്ഞു കൂമ്പുകളെ കരിച്ചുകളയുന്ന കഥ വായിച്ചിട്ടെന്തു തോന്നി.? ലഹരിയെ ആട്ടിപ്പുറത്താക്കുക നമ്മുടെ ജീവിതത്തിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും.
******************************************************
ഇനി നമുക്ക് കേരളത്തിന്റെ വടക്കെ അറ്റത്തുള്ള ഒരു കവിയെ പരിചയപ്പെട്ടാലോ? ശ്രീ.ദിവാകരൻ വിഷ്ണുമംഗലം .
കാസർകോട് ജില്ലയിലെ അജാനൂർ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. പുല്ലൂർ ഉദയനഗർ ഹൈസ്കൂൾ, കാഞ്ഞങ്ങാട് നെഹ്റു കോളേജ് കാസർകോട് ഗവ. കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ഭൂശാസ്ത്ര വകുപ്പിൽ സീനിയർ ജിയോളജിസ്റ്റായിക്കെ ജോലിയിൽനിന്നു വിരമിച്ചു.
നിർവ്വചനം, പാഠാവലി, ജീവന്റെ ബട്ടൺ, ധമനികൾ, രാവോർമ്മ, മുത്തശ്ശി കാത്തിരിക്കുന്നു, കൊയക്കട്ട, ഉറവിടം, അഭിന്നം വെള്ളബലൂൺ തുടങ്ങിയ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വി.ടി.കുമാരൻ സ്മാരക കവിതാ അവാർഡ്, മഹാകവി കുട്ടമത്ത് അവാർഡ്, കേരള സാഹിത്യ അക്കാഡമിയുടെ കനകശ്രീ എന്റോവ്മെന്റ് അവാർഡ്, വൈലോപ്പിള്ളി അവാർഡ്, അബുദാബി ശക്തി അവാർഡ്, മഹാകവി.പി. ഫൗണ്ടേഷന്റെ താമരത്തോണി പുരസ്കാരം, എൻ.വി.കൃഷ്ണവാരിയർ കവിതാ പുരസ്ക്കാരം, മൂലൂർ അവാർഡ്, തിരുനല്ലൂർ പുരസ്ക്കാരം, വയലാർ കവിതാപുരസ്ക്കാരം, വെണ്മണി അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ദിവാകരൻ വിഷ്ണുമംഗലത്തിന്റെ കവിത
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
സംശയം
കുട്ടി:
“പതിവായ് രാത്രിയിലാകാശത്തിൽ
പനിനീർപോലെ വിരിഞ്ഞീടും
പനിമതിനീയീ പകൽനേരങ്ങളി-
ലെവിടെപ്പോയിയൊളിക്കുന്നു?”
ചന്ദ്രൻ:
“പതിവായ് പകലോൻ രാത്രിയിലീവഴി
മറഞ്ഞുനിൽക്കും മാനത്തിൻ
പടവുകൾതോറും കയറിയിറങ്ങി –
കളിപ്പൂഞാനീ പകലെല്ലാം”
——————————————-
കുട്ടിയും ചന്ദ്രനും തമ്മിലുള്ള സംഭാഷണമാണ് ഈ കൊച്ചുകവിത. നിങ്ങൾക്കിത് ഇഷ്ടമായിട്ടുണ്ടാവും. ഇങ്ങനെ പ്രകൃതിയിലെ വസ്തുക്കളോട് സംസാരിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടാകാറുണ്ടോ?
എങ്കിൽ അതൊക്കെ കവിതകളായി എഴുതി നോക്കു.
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
കവിതയ്ക്കു ശേഷം ഒരു കഥയാവാം.
കുട്ടികളേ ഇതാ നിങ്ങളോട് കഥ പറയാൻ ഒരു മാമൻ എത്തിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ ഗ്രാമത്തിൽ ജനിച്ച ശ്രീ. നൗഷാദ് പെരുമാതുറ.
മലയാളം സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയശേഷം മാധ്യമം ദിനപത്രത്തിൽ എഡിറ്റോറിയൽ വിഭാഗത്തിൽ ജോലി ചെയ്യുകയാണ്.
1985 മുതൽ ആനുകാലികങ്ങളിൽ ചെറുകഥകളും ബാലസാഹിത്യവും എഴുതുന്നു. മാതൃഭൂമി, കേരള കൗമുദി, മാധ്യമം ദിനപത്രങ്ങളുടെ ബാലസാഹിത്യ വിഭാഗത്തിലും തളിരുകൾ, കുടുംബമാധ്യമം തുടങ്ങിയവയിലും നിരവധി രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1992 ൽ മാതൃഭൂമിയിൽ എഴുതിയ ‘മഴ പെയ്യുമ്പോൾ’ എന്ന ചെറുകഥ ശ്രദ്ധിക്കപ്പെട്ടു. കൈരളി ചാനലിൽ വിക്കി തമ്പി സംവിധാനം ചെയ്ത ‘വെട്ടും തടയും’ എന്ന ഹ്രസ്വ ആക്ഷേപഹാസ്യപരമ്പരയ്ക്ക് തിരക്കഥ എഴുതി.
പരേതനായ ടി റഫീക്കിന്റെയും എം.അമീന ബീവിയുടെയും മകനായ നൗഷാദ് ഭാര്യ അസീനത്തു ബീവിയോടും നഴ്സിംഗ് വിദ്യാർത്ഥിനിയായ മകൾ തസ്നിം ഫർസാനയാേടുമൊപ്പം കണിയാപുരം തെക്കേതിൽക്കട ജംഗ്ഷനിൽ നൂർമഹലിൽ താമസിക്കുന്നു.
ശ്രീ.നൗഷാദ് പെരുമാതുറ എഴുതിയ കഥയാണ് താഴെ കൊടുത്തിരിക്കുന്നത്.
🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
ഒരുമയുടെ വിജയം
പാപ്പൻ പൂച്ചയും കുഞ്ഞിപ്പൂച്ചയും നല്ല സുഹൃത്തുക്കളായിരുന്നു. എപ്പോഴും ഒരുമിച്ചാണ് യാത്ര. ഇടക്കിടെ മുഖങ്ങൾ മുട്ടിയുരുമ്മിയും ശരീരത്തിലെ രോമങ്ങൾ പരസ്പരം നക്കി വൃത്തിയാക്കിയുമാണ് അവർ നടന്നിരുന്നത്. അങ്ങനെ യാത്ര ചെയ്യുന്നതിനിടെ ഒരു ദിവസം അപ്രതീക്ഷിതമായി അവർ പൊടിയൻ നായുടെ മുന്നിൽച്ചെന്നുപെട്ടു. രണ്ടുപേരെയും പിടികൂടാൻ നായ് പലപ്പോഴും ശ്രമിച്ചിരുന്നെങ്കിലും തന്ത്രപരമായി അവർ രക്ഷപ്പെട്ടിരുന്നു. ആദ്യമായാണ് രണ്ടുപേരെയും ഒരുമിച്ച് മുന്നിൽ കിട്ടുന്നത്. പൊടിയൻനായയ്ക്ക് സന്തോഷമായി. വർദ്ധിച്ച ദേഷ്യത്തോടെ അവൻ മുരണ്ടു.
‘കുറേ നാളായി എന്നെ പറ്റിക്കയാണല്ലേ… ഇന്ന് ഞാൻ വിടില്ല. രണ്ടിനേം ഇപ്പോൾ തന്നെ കൊന്നുതിന്നും’
പാപ്പൻപൂച്ച കണ്ട മതിലിൻ്റെ മുകളിൽക്കയറി രക്ഷപ്പെട്ടു. ഭയന്നുപോയ കുഞ്ഞിപ്പൂച്ച കുറേനേരം ചുറ്റിക്കറങ്ങി ഓടിയശേഷം അടുത്തുകണ്ട മരത്തിൽ കയറിയിരുന്നു. വലിയ പൊക്കമില്ലാത്ത ഒരു മരമായിരുന്നു അത്. പൊടിയൻനായ് അതിനുചുറ്റും കറങ്ങിനടന്ന് കുരയ്ക്കുകയും ചാടിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. എപ്പോൾ വേണമെങ്കിലും പിടിവിട്ട് നായുടെ വായിലേക്ക് ചെന്നുവീഴുമെന്ന് കുഞ്ഞി ഭയപ്പെട്ടു.
കുഞ്ഞിപ്പൂച്ചയുടെ ജീവൻ അപകടത്തിലാണെന്ന് പാപ്പന് മനസ്സിലായി. എന്തു ചെയ്യും? അവൻ തലപുകഞ്ഞ് ആലോചിച്ചു. ഒടുവിൽ ഏറെ സാഹസികമായൊരു തീരുമാനത്തിലെത്തി. പാപ്പൻപൂച്ച മതിലിൽ നിന്നിറങ്ങി പൊടിയൻനായുടെ സമീപത്തുകൂടി ഓടിപ്പോയി.
”ചുണയുണ്ടെങ്കിൽ എന്നെ പിടിക്കെടാ പൊടിയാ’ –
ഇതുകേട്ട് ക്ഷുഭിതനായ നായ കുഞ്ഞിപ്പൂച്ചയെ വിട്ട് പാപ്പൻ്റെ പിന്നാലെ പാഞ്ഞു. പാപ്പൻ വേഗത്തിൽ സമീപത്തുകണ്ട ഒരു മരത്തിൽക്കയറി രക്ഷപ്പെട്ടു. ഈ സമയം കുഞ്ഞിപ്പൂച്ച മരത്തിൽനിന്നിറങ്ങി മതിൽക്കെട്ട് ലക്ഷ്യമാക്കി ഓടി. താൻ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ പൊടിയൻ നായ് കുഞ്ഞിയുടെ പിന്നാലെ പാഞ്ഞുചെന്നു. ഒരുവിധത്തിൽ മതിൽക്കെട്ടിൽ കയറി, അതുവഴി അടുത്തവീടിന്റെ മുകളിൽക്കയറി കുഞ്ഞി രക്ഷപ്പെട്ടു. അതേസമയം തന്നെ പാപ്പൻപൂച്ച മരത്തിൽനിന്നിറങ്ങി അടുത്തുകണ്ട മതിൽക്കെട്ട് ചാടിക്കടന്ന് രക്ഷപ്പെട്ടു. അങ്ങോട്ടുമിങ്ങോട്ടും ഓടിത്തളർന്ന് ആകെ ഇളിഭ്യനായ പൊടിയൻനായ തലയും താഴ്ത്തി നടന്നുപോയി. അപകടം ഒഴിഞ്ഞെന്ന് ഉറപ്പാക്കിയശേഷം പാപ്പൻപൂച്ചയും കുഞ്ഞിപ്പൂച്ചയും ഒന്നിച്ചുചേർന്ന് പാട്ടുംപാടി കെട്ടിപ്പിടിച്ച് നടന്നുപോയി.
———————————-
നല്ല കഥ.. പാപ്പൻ കുഞ്ഞിയെ ബുദ്ധി പൂർവ്വം അപകടത്തിൽ നിന്നും രക്ഷപ്പെടുത്തുന്നു. ഇത് നല്ലൊരു സൗഹൃദത്തിൻ്റെയും കഥയാണ്. ഈ കഥയ്ക്കു ശേഷം ഒരുകുഞ്ഞിക്കവിതയാവാം.
സ്നേഹത്തിന്റെ ഈ കഥകേട്ടു സന്തോഷിച്ചിരിക്കുമ്പോൾ ഇതാ ഒരു കവിത പാടാൻ എത്തുകയാണ് ഒരു ടീച്ചർ – ഡോ.ഉഷാറാണി പി.
സർക്കാർ ഉദ്യോഗസ്ഥരായിരുന്ന കെ.ജി.പ്രഭാകരനാചാരിയുടെയും കെ. പദ്മത്തിന്റെ മകളാണ് ടീച്ചർ. ഇപ്പോൾ തിരുവനന്തപുരം മുട്ടത്തറയിൽ താവലോട് നഗറിലാണ് താമസിക്കുന്നത്.
മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും, ഡോക്ടറേറ്റും നേടിയ ശേഷം 1997 മുതൽ സ്വകാര്യ വിദ്യാലയങ്ങളിൽ അധ്യാപികയാണ്. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ പഠിപ്പിക്കുന്നു.
ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവ എഴുതാറുണ്ട്.
ആത്മനിവേദനം (കവിതകൾ) ഇമ്മിണി വല്യ ഒന്ന് (ബാലസാഹിത്യം) എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ.
ഡോ. ഉഷാറാണി.പി എഴുതിയ കവിത നമുക്കൊന്നിച്ചു പാടിരസിക്കാം
🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳
🌱🌱🌿🌱🌿🌱🌿🌱🌱🌿🌱🌿🌱🌿
വളർത്തുപൂച്ച
ഞാനിറങ്ങുമ്പോൾ, എല്ലാ ദിനവും
വീട്ടിന്നതിർത്തിയിൽ വന്നുനിൽക്കും
തിരികെയെത്തുന്നതും കാത്തിരിക്കും
തിരിയാത്ത വാക്കുകളുച്ചരിക്കും
പിരിയാത്ത കൂട്ടാകും വളർത്തുപൂച്ച
ചോറും കറിയുമവൾക്കിഷ്ടമല്ല
മീനാണു ഭവതിതൻ ഇഷ്ടഭോജ്യം
മനം കവരുന്നതിൻ പൂവുടലും!
———————————————-
പൂച്ചയെക്കുറിച്ചുള്ള കുഞ്ഞിക്കവിത എല്ലാ കൂട്ടുകാർക്കും ഇഷ്ടമായിട്ടുണ്ടാവും. പിരിയാത്ത കൂട്ടുകൂടുന്ന ഈ പൂച്ചയെ ആർക്കാണ് ഇഷ്ടമല്ലാത്തത്.
ഈ ആഴ്ചയിലെ വിഭവങ്ങളെല്ലാം സ്വാദിഷ്ടമായിരുന്നു എന്നാണ് മാഷ് ഊഹിക്കുന്നത്.
എല്ലാം വായിച്ച് ഹൃദിസ്ഥമാക്കുക.
അറിവിൻ്റെ കിളിക്കൂട് തുറക്കുന്നത് വായനയിലൂടെയാണ്.
ഇനി പുതിയ എഴുത്തുകാരും പുതിയ വിഭവങ്ങളുമായി നമുക്ക് അടുത്ത ആഴ്ചയിൽ വീണ്ടും കാണാം
സ്നേഹത്താേടെ,
നിങ്ങളുടെ.. പ്രിയപ്പെട്ട