മഹാക്ഷേത്രങ്ങളിലെ പൂജാവിശേഷങ്ങൾ
പ്രതിഷ്ഠ കഴിഞ്ഞാൽ ക്ഷേത്രങ്ങളിൽ പൂജാദികർമ്മങ്ങൾ എങ്ങനെയെല്ലാം വേണമെന്ന് തന്ത്രിമാരാണ് നിശ്ചയിക്കേണ്ടത്. ആചാര്യനായ തന്ത്രി ക്ഷേത്രശില്പത്തിൽ കലശാഭിഷേകത്തോടെ പ്രതിഷ്ഠ നിർവ്വഹിക്കുമ്പോൾ തന്ത്രിയും ക്ഷേത്രവും തമ്മിൽ ഒരു ഗുരുശിഷ്യഭാവമാണ് ഉളവാക്കുന്നത്. മന്ത്രോപദേശം കഴിഞ്ഞാൽ സാധനാക്രമങ്ങൾ ശിഷ്യന് ഗുരുനാഥൻ ഉപദേശിച്ചു കൊടുക്കണമല്ലോ. ഈ സ്ഥാനത്താണ് തന്ത്രി പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിൽ പൂജാദി കാര്യങ്ങളുടെ ക്രമം നിശ്ചയിക്കുന്നത്. മഹാക്ഷേത്രങ്ങളിൽ 5 പൂജകളും സാധാരണ ക്ഷേത്രങ്ങളിൽ 3 പൂജകളുമാണ് പതിവായി നടത്തുന്നത്. ചിലപ്പോൾ അത് ഒരു പൂജ ആയെന്നും വരാം. ചില ക്ഷേത്രങ്ങളിൽ ദിവസേന പൂജ ഇല്ലാതേയും കാണാം. അത്തരം ക്ഷേത്രങ്ങളിൽ മാസത്തിലൊരിക്കലോ വർഷത്തിൽ ഒന്നോ മറ്റോ മാത്രമേ പൂജകൾ ഉണ്ടാവുകയുള്ളൂ. ഇതെല്ലാം തന്ത്രിനിശ്ചയമാണ്. സാധനാ ക്രമങ്ങൾ മാറ്റാൻ ഗുരുനാഥനവകാശമുള്ളതുപോലെ പൂജാദി ക്രമങ്ങൾ മാറ്റാൻ തന്ത്രിയ്ക്കും അധികാരമുണ്ട്.
സാധാരണ ക്ഷേത്രങ്ങളിലുള്ള മൂന്നു പൂജകൾ ഉഷപൂജയും ഉച്ചപൂജയും അത്താഴപൂജയുമാണ്. ഗായത്രീ ഉപാസകന്മാർ 3 സന്ധ്യകളിൽ ആണല്ലോ ഉപാസന നടത്താറുള്ളത്. അതിനോടു സാമ്യമുള്ളവയാണ് ഈ മൂന്നു പൂജകൾ എന്ന് മൊത്തത്തിൽ കണക്കാക്കാം. അതിൽ പ്രാത:സന്ധ്യ താത്ത്വികമായി മൂലാധാരസംബന്ധിയും മദ്ധ്യാഹ്നസന്ധ്യ അനാഹത സംബന്ധിയും സായംസന്ധ്യ ആജ്ഞാചക്രസംബന്ധിയുമാണ്. ഇവ യഥാക്രമം ബ്രഹ്മാണിയായും വൈഷ്ണവിയായും രുദ്രാണിയായും ഗായത്രീ ദേവിയെ ഉപാസിയ്ക്കുന്ന രീതിയിലാണെന്ന് സന്ധ്യാവന്ദന ക്രമങ്ങളിൽ കാണാൻ കഴിയും. അത്താഴപൂജയ്ക്ക് മുമ്പുവരുന്ന വൈകുന്നേരത്തെ ദീപാരാധന ഒരു പൂജയേ അല്ലന്ന് ഇവിടെ പറഞ്ഞുകൊള്ളട്ടെ. ഉച്ചപ്പൂജകഴിഞ്ഞ് അടച്ചിട്ടിരിക്കുന്ന നട വൈകുന്നേരത്തെ ക്രിയകൾക്കായി തുറക്കുമ്പോൾ ഒരു ആരതി കൊടുക്കുന്നു എന്നു മാത്രമേ അതിന് അർത്ഥമുളളൂ.
സ്വാഭാവികമായും ആ സമയത്ത് ഭക്തന്മാർ അധികമുണ്ടാകുമെന്നതിനാൽ സർവ്വാഭരണങ്ങളും ചാർത്തി വിളക്കുകളെല്ലാം തെളിയിച്ച് നടതുറക്കുക മാത്രമാണ് അവിടെ ചെയ്യുന്നത്.ആ സമയത്ത് അവിടെ മറ്റു പൂജാംഗങ്ങളൊന്നും ഉണ്ടാവുകയുമില്ല. അങ്ങനെ നട തുറക്കുമ്പോൾ ഭക്തജനങ്ങൾക്കു വേണ്ടി ദീപങ്ങൾകൊണ്ടും കർപ്പൂരം കൊണ്ടും ഒരാരതി നടത്തുക മാത്രമാണ് അവിടെ ചെയ്യുന്നത്. പിന്നീട് അത്താഴപൂജയ്ക്കുള്ള ഒരുക്കങ്ങളായി.ഇതിൽ ഉച്ചപ്പൂജ സപരിവാരമായും മറ്റു പൂജകൾ ലഘുവായും ചെയ്യുകയാണ് പതിവ്.അങ്ങനെ ഉച്ചപ്പൂജയ്ക്ക് ശ്രീഭൂതബലിയും പതിവുണ്ട്. മഹാക്ഷേത്രങ്ങളിൽ ഉഷ: പൂജ കഴിഞ്ഞ് സൂര്യപ്രകാശം ബിംബത്തിൽ തട്ടുമാറ് സൂര്യനുയരുമ്പോൾ ഒരു “എതൃത്തപൂജയും “ഉച്ചപ്പൂജയ്ക്ക് അല്പം മുമ്പ് ഏതാണ്ട് 10 മണിയാകുമ്പോൾ അതായത് പഴയ കാലത്ത് നിഴൽ അളന്ന് സമയം കാണുന്ന രീതിയിൽ 12 അടി നിഴൽ വരുന്ന അവസരത്തിൽ പന്തീരടിപൂജയും നടത്തുന്നു.
മൂലാധാരത്തിലുള്ള കുണ്ഡലിന്യുദയമാണ് യഥാർത്ഥ പ്രഭാതം. അതു കഴിഞ്ഞ് അനാഹതചക്രത്തിലേയ്ക്ക് കുണ്ഡലിനി പ്രവേശിക്കുമ്പോൾ സൂര്യമണ്ഡലം ആരംഭിക്കുകയായി. അത് മദ്ധ്യാഹ്നമാണ്. ആ സൂര്യമണ്ഡലം അവസാനിക്കുന്നത് ചാന്ദ്ര മണ്ഡലം ആരംഭിക്കുന്ന ആജ്ഞാചക്രത്തിലാണ്. ഇതാണ് സായംസന്ധ്യ. അതു കൊണ്ട് മൂന്നു സന്ധ്യകളേയും സാധാരണക്കാർ ഉപാസിക്കുന്നു. ആജ്ഞാചക്രത്തോടെയുള്ള ചാന്ദ്രമണ്ഡലം രാത്രി മുഴുവൻ നീണ്ടുനിൽക്കുന്നു. അത് കുണ്ഡലിനീശക്തിയുടെ അധോഗമനമാണ്. പിന്നീട് വീണ്ടും പ്രഭാതത്തിൽ കുണ്ഡലിനീശക്തി ഊർദ്ധ്വഗമനം ആരംഭിക്കുന്നു. ഇത് സാധാരണദേഹത്തിൽ പിംഗള നാഡിയിലൂടെയും ഇഡാനാഡിയിലൂടെയുമാണ് നടക്കുക. സാധകൻ ഉപാസിയ്ക്കേണ്ടത് ഊർദ്ധ്വഗമനത്തെയാണ്.അതായത് പിംഗള നാഡിയെ.
അങ്ങനെ പൂജാകർമ്മങ്ങൾ മന്ത്രസാധകൻ്റെ ദൈനംദിന ഉപാസനാ ക്രമങ്ങളുടെ വിവിധവശങ്ങളായി പരിണമിക്കുന്നു. മഹാക്ഷേത്രങ്ങളിൽ അത്താഴപൂജ കഴിഞ്ഞാൽ “”തൃപ്പുക ” എന്ന ഒരു ചടങ്ങുണ്ട്. ധൂപിക്കുക എന്നാണവിടെ പ്രധാന ക്രിയ. ധൂപം വായുവിൻ്റെ പ്രതീകമാണെന്ന് മനസ്സിലാക്കുക. മഹാക്ഷേത്രങ്ങളാകുന്ന ഉഗ്ര സാധകദേഹങ്ങൾ അത്താഴപൂജ പ്രതിനിധാനം ചെയ്യുന്ന സന്ധ്യാജപവും കഴിഞ്ഞ് ഉഗ്രമായ പ്രണായാമത്തോടുകൂടി സമാധിസ്ഥിതിയെ പ്രാപിക്കുന്നു. അവിടെ നിദ്ര സമാധിസ്ഥിതിയാകുന്നു. പള്ളിയുണർത്തുന്നതോടുകൂടിയുള്ള നിർമ്മാല്യദർശനം സമാധിയിൽനിന്നുണർത്തുന്ന ഒരു യോഗീശ്വരൻ്റെ പ്രഥമദർശനമാണ്.അതാണ് നിർമ്മാല്യ ദർശനത്തിൻ്റെ പ്രാധാന്യം. ഈ സമയത്ത് ദേവൻ യോഗപരമായി പൂർണ്ണശക്തിയിലായിരിക്കും ഉണ്ടാവുക. രാത്രിയിൽ ദേവന്മാർ വന്ന് പൂജിയ്ക്കുന്നുവെന്നും ആ പൂജ കഴിഞ്ഞാണ് നിർമ്മാല്യ ദർശനമെന്നും സാധാരണ വാദഗതി മേല്പറഞ്ഞ യോഗശാസ്ത്രരഹസ്യത്തിൻ്റെ പ്രതീകാത്മക പ്രതിപാദനം മാത്രമാകുന്നു.