Thursday, December 26, 2024
Homeസ്പെഷ്യൽഅറിവിൻ്റെ മുത്തുകൾ - (82) 'നമ്മുടെ ക്ഷേത്രസങ്കല്പം' ✍പി. എം.എൻ.നമ്പൂതിരി

അറിവിൻ്റെ മുത്തുകൾ – (82) ‘നമ്മുടെ ക്ഷേത്രസങ്കല്പം’ ✍പി. എം.എൻ.നമ്പൂതിരി

പി. എം.എൻ.നമ്പൂതിരി

പ്രകൃതഗ്രന്ഥത്തിലെ വിഷയം ക്ഷേത്ര സംബന്ധിയായതുകൊണ്ട് ക്ഷേത്രസങ്കല്പത്തെക്കുറിച്ച് ഇവിടെ വിവരിക്കുകയാണ്.ഈശ്വരാരാധനാ മന്ദിരങ്ങളായ ഹൈന്ദവ ക്ഷേത്രങ്ങൾ, മറ്റു മതക്കാരുടെ ആരാധനാലയങ്ങളിൽ നിന്നും വ്യത്യസ്തമാണ്. മറ്റു മതക്കാരുടെ ആരാധനാലയങ്ങൾ മിക്കവാറും ഭജനാലയമോ, പാർത്ഥനാഹാളോ ആയിട്ടാണ് കാണുന്നത്. എന്നാൽ ക്ഷേത്രം അങ്ങനെയല്ല. കല്ലിലും കുമ്മായത്തിലും പടുത്തുയർത്തിയ ക്ഷേത്രപ്രാകാരങ്ങൾ മനുഷ്യ ദേഹത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.കരചരണാദ്യവയങ്ങൾ ക്ഷേത്രത്തിൽ കാണുന്നില്ല. പക്ഷെ സ്ഥൂല – സൂക്ഷ്മ പ്രപഞ്ചത്തിൻ്റേയും പ്രാപഞ്ചികശക്തികളായ ദേവതകളുടേയും സാക്ഷാൽ സ്ഥൂലരൂപം താന്ത്രിക യന്ത്രമാണെന്ന് മനസ്സിലാക്കുക. മനുഷ്യദേഹവും ബ്രഹ്മാണ്ഡവും പ്രതീകാത്മകമാണെന്ന ആദ്ധ്യാത്മികരഹസ്യം ഗ്രഹിച്ചാൽ മനുഷ്യദേഹം പിണ്ഡാണ്ഡവും പ്രപഞ്ചം ബ്രഹ്മാണ്ഡവുമാണെന്ന്‌ പറയേണ്ടിവരും. അവയുടെ കാണപ്പെട്ട സ്ഥൂല – സൂക്ഷ്മരൂപങ്ങളെ അന്വയിപ്പിച്ച ജ്യാമിതീയഗണിതസങ്കേതങ്ങൾ ( geometrical designs) ഉപയോഗിച്ചു ഒരു പ്ലാൻ വരക്കുമ്പോൾ, അത് ഒരു താന്ത്രികയന്ത്രമായിത്തീരുന്നു.അതു പോലൊരു താന്ത്രിക യന്ത്രമാണ് ക്ഷേത്രമെന്ന് പൊതുവേ പറയാം.

ശ്രീകോവിൽ, അകത്തെ ബലിവട്ടം, വിളക്കുമാടം, പുറത്തെ ബലി വട്ടം, പുറമതിൽ തുടങ്ങിയ പഞ്ചപ്രാകാരങ്ങൾ സ്ഥൂലദേഹാംഗങ്ങളേയും പ്രതിഷ്ഠിതവിഗ്രഹത്തിനടിയിലുള്ള പീഠം, നപുംസകശില, യോഗനാളം, കൂർമ്മം, പത്മം, നിധികുംഭം, ആധാരശില എന്നിവ സഹസ്രാരം തൊട്ട് മൂലാധാരംവരെ സ്ഥിതി ചെയ്യുന്ന യോഗചക്രങ്ങൾ ഉൾക്കൊള്ളുന്ന സൂക്ഷ്മ ദേഹാവയവങ്ങളേയും പ്രതിനിധാനം ചെയ്യുന്നു. ഭൂമിയ്ക്ക് സമാന്തരമായും ലംബമായും സ്ഥൂലസൂക്ഷ്മദേഹങ്ങളെ വിന്യസിക്കുമ്പോൾ, ഏറ്റവും മദ്ധ്യത്തിലുള്ളതും ഏറ്റവും ഉപരിതലത്തിലുള്ളതുമായ സഹസ്രാരസ്ഥാനത്തുതന്നെയാണ് ചൈതന്യമൂർത്തിയായ ദേവവിഗ്രഹം പ്രതിഷ്ഠിക്കപ്പെടുന്നത്. ഇങ്ങനെ പണിതീർത്ത ദേഹം വെറും സ്ഥൂലദേഹത്തെയാണല്ലോ പ്രതിനിധാനം ചെയ്യുന്നത്.അതിൽ ജീവൻ പ്രാണശക്തിരൂപേണ പ്രസരിപ്പിക്കുന്ന അവസരത്തിൽ മാത്രമാണല്ലോ ദേഹം ചൈതന്യവത്തായിത്തീരുന്നത്.അങ്ങനെ പണിതീർത്ത പ്രസാദത്തിൽ, ശില്പി കൊണ്ടുവന്ന വിഗ്രഹം പൂജാ- ഹോമ – കലശാഭിഷേകങ്ങളായ സങ്കീർണ്ണതാന്ത്രികക്രിയകളിലൂടെ ആചാര്യൻ പ്രതിഷ്ഠിക്കുമ്പോൾ വാസ്തവത്തിൽ നടക്കുന്നത് കഠോരമായ തപശക്തിയാലും മന്ത്രോപാസനയാലും ആചാര്യ ദേഹത്തിൽ നിറഞ്ഞു നിൽക്കുന്ന ആദ്ധ്യാത്മികചൈതന്യത്തിൻ്റെ ഒരു “കണിക” ക്ഷേത്രമാകുന്ന ദേഹത്തിൽ നിക്ഷേപിക്കുക എന്നതാണ്.ഇത് ഏറെക്കുറെ ശിഷ്യൻ്റെ ദീക്ഷപോലെതന്നെയാണ്. പിന്നീട് ഈ ശിഷ്യൻ നിത്യജപ-പൂജാദികളാലും നൈമിത്തികങ്ങളായ ഉത്സവാദികളാലും പരിപോഷിപ്പിയ്ക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതായിട്ടുണ്ട്.അങ്ങനെ നടന്നു വരുന്ന ക്ഷേത്രത്തിൽ ദേവൻ്റെ മൂലമന്ത്രസ്പന്ദനരൂപിയായ ചൈതന്യം പുറമതിലോളം വ്യാപിച്ചിരിക്കും.

തന്ത്രസാധനയെക്കുറിച്ച് വിവരമില്ലാത്ത സാധാരണക്കാർ ക്ഷേത്രത്തിൽ കടന്ന് ഭക്തിനിർഭരമായ മനസ്സോടുകൂടി ദേവനെ പ്രാർത്ഥിക്കുമ്പോൾ മനസികമായി നേടുന്ന താദാത്മ്യഭാവം ആ സാധകദേഹത്തെ ക്ഷേത്രദേഹത്തോട് ട്യൂൺ ചെയ്യുന്നുവെന്ന് ആധുനികശാസ്ത്രശൈലിയനുസരിച്ച് പറയേണ്ടിവരും. ഇന്നത്തെ ഭൗതികശാസ്ത്രത്തിൻ്റെ ( physics) ശാഖയായ ശബ്ദതരംഗങ്ങളുടെ പഠനം തെളിയിച്ചിട്ടുള്ള അനുരണനപ്രക്രിയ ഇവിടെ നടക്കുന്നുണ്ട്. കമ്പികളുടെ സ്പന്ദിക്കുന്ന ഭാഗം ഒരേ നീളത്തിലാക്കിയ രണ്ടു വീണകൾ അടുത്തടുത്തു വെച്ച് ഒരു വീണയെ മാത്രം ശബ്ദിപ്പിച്ചാൽ മറ്റേവീണയും അനുരണപ്രക്രിയകൊണ്ട്, അതേ നാദം പുറപ്പെടുവിയ്ക്കുമെന്നത് ശാസ്ത്രീയപരീക്ഷണങ്ങളാൽ തെളിയിയ്ക്കപ്പെട്ടുകഴിഞ്ഞതാണ്. ക്ഷേത്രമാകുന്ന ശരീരത്തിൽ മന്ത്രചൈതന്യം ശക്തമായി സ്പന്ദിയ്ക്കുമ്പോൾ ആസ്പന്ദകോശത്തിൽ ഭക്തിഭാവത്താൽ ദേവനോട് തദാത്മ്യഭാവം പ്രാപിച്ച സാധകൻ്റെ ദേഹത്തിൽ ക്ഷേത്രശരീരത്തിൽ സ്പന്ദിക്കുന്ന മന്ത്രങ്ങൾ സ്ഫുരിയ്ക്കാൻ തുടങ്ങും. ഈ സ്ഫുരണം ലഭിക്കണമെങ്കിൽ, സാധാരണഗതിയിൽ ഉത്തമനായ ഒരു ഗുരുനാഥനിൽനിന്നു മന്ത്രോപദേശം വാങ്ങി, ശാസ്ത്രമനുസരിച്ച് അക്ഷരലക്ഷജപാദി പുരശ്ചരണപ്രക്രിയ വർഷങ്ങളോളം നടത്തിയിരിക്കണം. കൃത്യമായ ആ പദ്ധതിയൊന്നുമില്ലാതെ ക്ഷേത്രാരാധനകൊണ്ടുമാത്രം മന്ത്രചൈതന്യത്തെ സ്വദേഹത്തിൽ ആവിഷ്ക്കരിയ്ക്കാമെന്ന മന:ശാസ്ത്ര- എഞ്ചിനീയറിങ്ങ് പദ്ധതി തന്നെയാണ് പൂർവ്വികർ ക്ഷേത്ര നിർമ്മിതികൊണ്ട് സാധിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ ശാന്തിക്കാരൻ ഈ പദ്ധതിയുടെ സ്ഥലത്തെ ടെക്നീഷ്യനും, തന്ത്രി അനവധിക്ഷേത്രയന്ത്രങ്ങളുടെ മേൽനോട്ടം വഹിക്കുന്ന എജിനിയറുമാണെന്ന് പറയാം.

ക്ഷേത്രാരാധനയാകുന്ന ഈ അപ്ലൈഡ് തന്ത്രശാഖയുടെ ഗ്രന്ഥങ്ങളേയും പൊതുവിൽ “”ആഗമങ്ങളെന്ന് പറയാറുണ്ട്. അതിൽ ശൈവ- ശാക്തങ്ങളായവയെ ആഗമങ്ങളെന്നും വൈഷ്ണവങ്ങളായവയെ സംഹിതകൾ എന്നുമാണ് പറയുന്നത്. വൈഷ്ണവസംഹിതകൾ മന്ത്രഭേദമനുസരിച്ച് പഞ്ചരാത്രവും വൈഖാനസവുമെന്ന് രണ്ടു ശാഖകളായി തിരിച്ചിട്ടുണ്ട്. വിഷ്ണുസംഹിത, പത്മസംഹിത, അഹിർബുദ്ധ്നീ സംഹിത തുടങ്ങിയ വൈഷ്ണവാഗമങ്ങളുടെ പട്ടിക വളരെ നീണ്ടുപോകുന്നു. ഓരോ ക്ഷേത്രത്തിനും അതതിൻ്റേതായ ആഗമങ്ങൾ ഉണ്ട്. അവയനുസരിച്ചാണ് ആവക ക്ഷേത്രങ്ങളിലെ ആചാരക്രമങ്ങൾ നിയന്ത്രിക്കപ്പെടുന്നത്.

പി. എം.എൻ.നമ്പൂതിരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments