സന: യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി ലഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നിമിഷപ്രിയ തടവിൽ കഴിയുന്ന യെമൻ തലസ്ഥാനമായ സനയിലെ ജയിലിലെത്താൻ ജയിൽ അധികൃതർ നിർദേശം നൽകി. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ജയിൽ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായത്. നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്.
പതിനൊന്നു വർഷങ്ങൾക്ക് ശേഷമാണ് പ്രേമകുമാരി മകൾ നിമിഷപ്രിയയെ കാണുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം നാലരയോടെയാകും കൂടിക്കാഴ്ച നടക്കുക. കഴിഞ്ഞ ദിവസമാണ് നിമിഷപ്രിയയെ കാണാനും മോചനപ്രവർത്തനങ്ങൾക്കുമായി പ്രേമകുമാരി യെമനിലെ ഏദനിൽ എത്തിയത്. 20ന് പുലർച്ചെ കൊച്ചി വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ടു മുംബൈ വഴിയാണ് പ്രേമകുമാരി ഏദനിൽ എത്തിയത്. തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം റോഡ് മാർഗം സനയിലേക്ക് തിരിക്കുകയായിരുന്നു.
ആക്ഷൻ കൗൺസിൽ അംഗവും യെമൻ പ്രവാസിയുമായ സാമുവൽ ജെറോമും പ്രേമകുമാരിക്കൊപ്പമുണ്ട്.പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയായ നിമിഷപ്രിയ യെമനിൽ നഴ്സായിരുന്നു. 2017ൽ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെടുത്തിയെന്ന കേസിൽ 2018 ൽ യെമൻ കോടതി നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. യെമനിലെ സുപ്രീം കോടതി വധശിക്ഷ ശരിവെച്ചു. ഇതോടെ, തലാലിന്റെ കുടുംബത്തിന് ആശ്വാസധനം നൽകി നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
തലാൽ ഉൾപ്പെടുന്ന ഗോത്രവിഭാഗത്തിൻ്റെ തലവന്മാരുമായി പ്രേമകുമാരിയും ആക്ഷൻ കൗൺസിലും ഇന്ന് ചർച്ച നടത്തിയേക്കുമെന്ന റിപ്പോർട്ടുണ്ട്. ഗോത്രതലവന്മാരുടെയും തലാലിൻ്റെ കുടുംബത്തിൻ്റെയും അനുമതി ലഭിച്ചാൽ മാത്രമേ നിമിഷപ്രിയയുടെ മോചനം ലഭിക്കുകയുള്ളു.