തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ പട്ടാപ്പകൽ നാഷണൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിക്ക് നേരെ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തതിന് കാരണം അവരോടോ കുടുംബത്തോടോ ഉള്ള വ്യക്തി വൈരാഗ്യമാകാമെന്ന് പൊലീസ്. അവധി ദിവസമായ ഞായറാഴ്ച ഷിനി വീട്ടിലുണ്ടെന്ന് ഉറപ്പിച്ചാണ് ആക്രമണത്തിനായി പ്രതി എത്തിയത്.
വെടിയുതിർത്ത സ്‌ത്രീ ഷിനിയുടെ വീടും പരിസരവും മനസിലാക്കാൻ പ്രദേശത്ത് മുമ്പും എത്തിയിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.അക്രമിയായ സ്‌ത്രീ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ഷിനിക്ക് നേരെ വെടിവച്ച ശേഷം കാറിൽ രക്ഷപ്പെട്ട ഇവർ ആറ്റിങ്ങൽ ഭാഗത്തേക്കാണ് പോയതെന്ന് പൊലീസ് കണ്ടെത്തി. വ്യാജ നമ്പർ പ്ലേറ്റ് വച്ച കാറിലാണ് ഇവരെത്തിയത്.
മാസങ്ങൾക്ക് മുൻപ് തിരുവനന്തപുരം പറണ്ടോട് സ്വദേശി കോഴിക്കോട് സ്വദേശിക്ക് വിറ്റ കാറിന്റെ നമ്പറാണ് ആക്രമിയുടെ കാറിൽ പതിച്ചിരുന്നത്. വീട്ടുകാരുടെ മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.പടിഞ്ഞാറേക്കോട്ട പെരുന്താന്നി ചെമ്പകശേരി പോസ്റ്റ് ഓഫീസ് ലെയ്ൻ സിആർഎ 125ബി പങ്കജിൽ വി എസ് ഷിനി(40)ക്ക് ഞായറാഴ്ച രാവിലെ 8.30നാണ് വെടിയേറ്റത്. വലത് കൈപ്പത്തിക്ക് പരിക്കേറ്റ ഷിനിയെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി. കൈയിൽ തറച്ചിരുന്ന പെല്ലറ്റ് പുറത്തെടുത്തു.
ഷിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. നാഷണൽ ഹെൽത്ത് മിഷൻ പിആർഒയാണ് ഷിനി.തലയും മുഖവും മറച്ചാണ് അക്രമിയായ സ്ത്രീ ഷിനിയുടെ വീട്ടിലെത്തിയത്. കോളിംഗ് ബെൽ കേട്ട് ഷിനിയുടെ ഭർതൃപിതാവ് ഭാസ്കരൻ നായരാണ് വാതിൽ തുറന്നത്. രജിസ്ട്രേഡ് കൊറിയര്‍ ആയതിനാൽ ഷിനിയെ വിളിക്കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു. വാതിൽപ്പടിയിൽ ഷിനി എത്തിയതോടെ നീളമുള്ള കൊറിയർ കവറിനുമുകളിൽ ഒപ്പിടാനുള്ള പേപ്പർ നീട്ടി.
ഷിനി ഒപ്പിടാൻ ഒരുങ്ങുന്നതിനിടെ സ്ത്രീ തന്റെ ജീൻസിന്റെ പോക്കറ്റിൽ നിന്ന് എയർ പിസ്റ്റൾ എടുത്തുയർത്തി. ഷിനി അതു തടഞ്ഞപ്പോഴാണ് കൈപ്പത്തിക്കു വെടിയേറ്റത്. ഇതിനിടെ ചുവരിൽ രണ്ടുവട്ടം വെടിയുതിർത്തശേഷം പുറത്തേക്കോടി റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ അക്രമി രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് അയൽവാസികളെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
തൃശൂർ സ്വദേശിനിയായ ഷിനി ഭർത്താവിന്റെ കുടുംബത്തിനൊപ്പം തിരുവനന്തപുത്തെ വീട്ടിലാണ് താമസം. ഭർത്താവ് സുജിത്തിന് മാലിയിലാണ് ജോലി. ആക്രമണം നടന്ന സമയം ഷിനിയുടെ രണ്ട് മക്കളും ഭർതൃപിതാവും മാതാവുമാണ് വീട്ടിലുണ്ടായിരുന്നത്. വഞ്ചിയൂർ പൊലീസാണ് സംഭവം അന്വേഷിക്കുന്നത്.