സര്‍വെ നടപടികള്‍ പൂര്‍ത്തിയായ ഭൂമിയുടെ കരം അടയ്ക്കാന്‍ യാതൊരു തടസവും പാടില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍. റവന്യു വകുപ്പ് വിഷന്‍ ആന്‍ഡ് മിഷന്‍ 2021-26 ന്റെ ഭാഗമായി തിരുവനന്തപുരം ഐ.എല്‍.ഡി.എം ല്‍ ചേര്‍ന്ന പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളുടെ നാലാമത് റവന്യു അസംബ്ലിയില്‍ എംഎല്‍എമാരുടെ അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കയ്യേറ്റം ഒഴിപ്പിച്ച് കൂടല്‍ രാക്ഷസന്‍ പാറയിലെ റവന്യു ഭൂമി അളന്ന് സംരക്ഷിക്കണമെന്ന ആവശ്യത്തിന് ടൂറിസം പദ്ധതി വരുന്നതോടെ പരിഹാരമാകുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ മറുപടി നല്‍കി.
സര്‍വെ പ്രകാരം ആധാരത്തില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഭൂമി ഉണ്ടെങ്കില്‍, അധികരിച്ച ഭൂമി സംബന്ധിച്ച് നിയമനിര്‍മാണം ആവശ്യമാണ്. എന്നാല്‍ കൈവശം ഉള്ള ഭൂമിയുടെ നികുതി വാങ്ങാതിരിക്കാന്‍ ഒരു തടസവും നിലനില്‍ക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
അസംബ്ലിയില്‍ രണ്ട് ജില്ലകളിലെയും മുഴുവന്‍ എംഎല്‍എമാരും പങ്കെടുത്തു. മലയോര മേഖലയിലെ പട്ടയ പ്രശ്നമാണ് പത്തനംതിട്ടയിലെ എംഎല്‍എമാരായ മന്ത്രി വീണാ ജോര്‍ജ്, അഡ്വ. കെ യു ജനീഷ്‌കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍ എന്നിവര്‍ പ്രധാനമായും ഉന്നയിച്ചത്. ജില്ലയ്ക്ക് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യമുയര്‍ന്നു.
ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍, സര്‍വെ ഡയറക്ടര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ യോഗം ചേര്‍ന്ന് അതത് സമയങ്ങളില്‍ പട്ടയപ്രശ്നത്തില്‍ ഇടപെടുമെന്ന് മന്ത്രി അറിയിച്ചു. ആവശ്യമായ ഘട്ടത്തില്‍ താന്‍ നേരിട്ടെത്തുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.
കുമ്പഴ മലയോര മേഖലയില്‍ ഭൂമി സംബന്ധിച്ച രേഖകളില്ല. ഇത് കെഎസ്ഇബിയുടെ പ്രവര്‍ത്തനങ്ങളെ പോലും ബാധിക്കുന്നുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി. അടൂര്‍ മണ്ഡലത്തിലെയും ജില്ലയിലെയും പൊതു ആവശ്യങ്ങളും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉന്നയിച്ചു. പന്തളം റവന്യു ടവര്‍ നിര്‍മാണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡിജിറ്റല്‍ റീ സര്‍വെ നടപടികളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സര്‍വെ സഭകള്‍ ചേരുന്നുണ്ടെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എയ്ക്ക് സര്‍വെ ഡയറക്ടര്‍ സിറാം സാംബശിവ റാവു മറുപടി നല്‍കി.
ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഡോ. എ കൗശിഗന്‍, ജോയിന്റ് കമ്മിഷണര്‍ എ ഗീത എന്നിവരും ജില്ലകളിലെ റവന്യു ഉദ്യോഗസ്ഥരും പങ്കെടുത്തു.