പത്തനംതിട്ട –കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്നതും ആയിരകണക്കിന് നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ തട്ടിപ്പിലൂടെ സ്വന്തമാക്കിയതുമായ പോപ്പുലര്‍ ഫിനാന്‍സ് ,അനുബന്ധ സ്ഥാപനങ്ങള്‍ ,കണ്ടെത്തിയ കെട്ടിടങ്ങള്‍ വസ്തുക്കള്‍ വാഹനങ്ങള്‍ സ്വര്‍ണ്ണം എന്നിവ ലേലം ചെയ്തു മുതല്‍ കൂട്ടി നിക്ഷേപകര്‍ക്ക് ആനുപാതികമായി വീതിച്ചു നല്‍കുന്നതിനു ആവശ്യമായ ഉത്തരവ് നല്‍കണം എന്ന് ആവശ്യപെട്ടു കോബീറ്റണ്ട് അതോറിറ്റി നല്‍കിയ ഹര്‍ജി ജൂലൈ 30 ന് പരിഗണിക്കും .
സ്ഥാവര ജംഗമ വസ്തുക്കളില്‍ തര്‍ക്കം ഇല്ലെങ്കില്‍ വകകള്‍ ലേലം ചെയ്തു വിറ്റ് മുതല്‍ കൂട്ടുന്നതിനും മറ്റും ആര്‍ക്കെങ്കിലും തര്‍ക്കം ഉള്ള പക്ഷം ജൂലൈ 30 ന് രാവിലെ ബന്ധപെട്ട കോടതിയില്‍ ഹാജരായി ബോധിപ്പിക്കണം എന്ന് ഹര്‍ജി കക്ഷിയായ പത്തനംതിട്ട ജില്ലാ കളക്ടര്‍ പരസ്യ അറിയിപ്പ് നല്‍കി .
എതിര്‍ കക്ഷികള്‍ പോപ്പുലര്‍ ഫിനാസിന്‍റെ അഞ്ചു ഉടമകളാണ് . തോമസ് ഡാനിയല്‍ , അയാളുടെ ഭാര്യ പ്രഭ തോമസ് , മക്കളായ ഡോ റിനു മറിയം തോമസ് , ഡോ റിയ ആന്‍ തോമസ് , റേബ മേരി തോമസ് എന്നിവര്‍ ആണ് എതിര്‍ കക്ഷികള്‍. ബഡ്സ് ആക്റ്റ് നിയമ പ്രകാരം ആണ് നിയമ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത് . വിവിധ ബ്രാഞ്ചുകളില്‍ നിന്നും ജപ്തി ചെയ്ത ജംഗമ വസ്തുക്കള്‍ കോന്നി വകയാറിലെ പോപ്പുലര്‍ ഫിനാന്‍സ് അനെക്സ് കെട്ടിടത്തില്‍ നേരത്തെ എത്തിച്ചിരുന്നു . പതിനെട്ടോളം വാഹനങ്ങള്‍ പത്തനംതിട്ട പോലീസ് ബന്ധവസില്‍ ആണ് .
പോപ്പുലര്‍ ഫിനാന്‍സ്സിനെ കൂടാതെ നിക്ഷേപകരെ പണം തട്ടിയ പത്തനംതിട്ട ഓമല്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന തറയില്‍ ഫിനാന്‍സ് , കൊല്ലം പുനലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്നതും പത്തനംതിട്ടയില്‍ ബ്രാഞ്ച് ഉള്ളതുമായിരുന്ന കീച്ചേരി എന്റര്‍പ്രൈസസ് എന്നീ സ്ഥാപനത്തിനും ഉടമകള്‍ക്കും എതിരെ നടപടികള്‍ സ്വീകരിച്ചു വരുന്നു .ഈ സ്ഥാപനങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടു കെട്ടി ലേലം ചെയ്യുന്നതിന് ആര്‍ക്കെങ്കിലും ആക്ഷേപം ഉള്ള പക്ഷം ഈ കേസും ജൂലൈ മാസം 30 ന് പരിഗണിക്കും . ലേലം ചെയ്തു മുതല്‍ കൂട്ടുന്നതിനു തര്‍ക്കം ഉള്ള ആളുകള്‍ക്ക് അന്നേ ദിവസം കോടതിയില്‍ ഹാജരായി ബോധിപ്പിക്കണം . ഇല്ലെങ്കില്‍ ആര്‍ക്കും തര്‍ക്കം ഇല്ലെന്നു കണ്ടു ഹര്‍ജി നിയമാനുസരണം തീര്‍പ്പാകും എന്നും ജില്ലാ കളക്ടര്‍ പരസ്യം നല്‍കി .