Saturday, November 16, 2024
Homeകേരളംഎൻഎച്ച്‌എമ്മിനും ആശ പ്രവർത്തകർക്കുമായി 55 കോടി രുപ അനുവദിച്ചു :- ധനമന്ത്രി കെ എൻ ബാലഗോപാൽ

എൻഎച്ച്‌എമ്മിനും ആശ പ്രവർത്തകർക്കുമായി 55 കോടി രുപ അനുവദിച്ചു :- ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം —എൻഎച്ച്‌എമ്മിനും ആശ പ്രവർത്തകർക്കുമായി 55 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിയിലെ കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തിൽ എൻഎച്ച്‌എം ജീവനക്കാരുടെ ശമ്പളം വിതരണം അടക്കമുള്ള കാര്യങ്ങൾക്കായാണ്‌ 45 കോടി രൂപ അനുവദിച്ചിരിക്കുന്നത് . ആശ വർക്കർമാരുടെ ഇൻസെന്റീവ്‌ വിതരണത്തിന്‌ 10 കോടിയും നൽകിയിട്ടുണ്ട്.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ആരോഗ്യ ദൗത്യ(എൻഎച്ച്‌എം)ത്തിന്‌ കേന്ദ്ര സർക്കാർ ഫണ്ട്‌ അനുവദിക്കാത്തതുമൂലം ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങുന്ന സ്ഥിതിയാണ്‌ നിലവിൽ ഉള്ളത്. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി മേഖലകളിലായി ഡോക്ടർമാർ ഉൾപ്പെടെ 14,000ൽപരം ജീവനക്കാർ സംസ്ഥാനത്ത്‌ എൻഎച്ച്‌എമ്മിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരുമടക്കം ഉൾപ്പെടുന്നു. ഇതിനുപുറമെ 26,000 ആശ വർക്കർമാരുമുണ്ട്‌.

60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന വിഹിതവും ഉപയോഗിച്ചാണ്‌ എൻഎച്ച്‌എം പ്രവർത്തിക്കുന്നത്‌. കഴിഞ്ഞവർഷം പദ്ധതിച്ചെലവ്‌ മുഴുവൻ സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയായിരുന്നു. ഈ വർഷം 2005 കോടി രുപയുടെ പദ്ധതി അടങ്കലിനാണ്‌ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്‌. ഇതിൽ 329 കോടി രൂപ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പണമായി ലഭിക്കേണ്ടതാണ്. ഈ തുക നാല് ഗഡുക്കളായി ലഭ്യമാക്കുകയാണ് പതിവ്. എന്നാൽ, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഒരു രൂപയും അനുവദിച്ചിട്ടില്ല.

കഴിഞ്ഞ സാമ്പത്തിക വർഷവും പദ്ധതി അടങ്കൽ കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ ജീവനക്കാരുടെ ശമ്പളവും ആശാ വർക്കർമാരുടെ ഹോണറേറിയവും അടക്കമുള്ളവയുടെ വിതരണത്തിന് ഒരു രൂപ പോലും കേന്ദ്രസർക്കാർ അനുവദിച്ചിരുന്നില്ല. സംസ്ഥാന സർക്കാർ നൽകിയ സഹായത്താലാണ് പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ടുപോയത്. ഈ വർഷവും ഇതേ അവസ്ഥയാണുള്ളത്. നിലവിൽ ജീവനക്കാരുടെ ശമ്പളവും ആശ വർക്കർമാർക്കും പ്രതിഫലവുമടക്കം കുടിശികയാകുന്ന സാഹചര്യത്തിലാണ്‌ അടിയന്തിരമായി സംസ്ഥാന സഹായം അനുവദിക്കാൻ തീരുമാനിച്ചതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments