ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി എന്തുകൊണ്ട് തോറ്റു എന്നത് പരിശോധിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാം സൂഷ്മമായി പരിശോധിച്ച് എന്തൊക്കെയാണ് തോൽവിക്ക് അടിസ്ഥാനമായ കാരണമെന്ന് കണ്ടെത്തണം. കണ്ടെത്തിയാൽ പോരാ തിരുത്തണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പെൻഷൻ കൊടുത്തു തീർക്കാൻ ആയിട്ടില്ല. കേന്ദ്രം പണം നൽകിയില്ല. ഒടുവിൽ കോടതി കയറിയിട്ടാണ് പണം നൽകിയത്. ദുർബല ജനവിഭാഗങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൊടുക്കാൻ സാധിച്ചില്ല. സംഘടനാപരമായ പ്രശ്നങ്ങളുമുണ്ട്. അതെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിനെ സ്വാധീനിച്ചിട്ടുണ്ട്.
തൃശ്ശൂരിൽ ബിജെപി ജയിച്ചതിന്റെ ഭാഗമായിട്ട് ഉണ്ടായ 86000 വോട്ട് എവിടെ നിന്നാണെന്നും എം വി ഗോവിന്ദൻ ചോദിച്ചു. ഞങ്ങൾക്ക് 3000 വോട്ട് കൂടിയിട്ടുണ്ട്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഉണ്ടായ ദൗർബല്യങ്ങൾ വേറെയുമുണ്ട്. എന്തുകൊണ്ട് യുഡിഎഫിന് ആഹ്ലാദപ്രകടനം നടത്താൻ കഴിഞ്ഞില്ല എന്നതും ചിന്തിക്കണം. വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നമ്മൾ നല്ലതു പോലെ തോറ്റു, തോറ്റിട്ട് ജയിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല, പകരം എന്തുകൊണ്ട് തോറ്റു എന്നത് കണ്ടുപിടിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സൂക്ഷ്മമായി പരിശോധിച്ചു തോൽവിക്ക് അടിസ്ഥാനമായ കാര്യം കണ്ടെത്തുക തന്നെ ചെയ്യും. കണ്ടെത്തിയാൽ മാത്രം പോരാ തിരുത്തണം. കേന്ദ്ര ഗവൺമെൻറ് ഉപരോധം പോലെ കേരളത്തെ കൈകാര്യം ചെയ്യുകയാണ്. തരാനുള്ള പല തുകകളും തന്നിട്ടില്ല
ഇനിയും നിയമ യുദ്ധം വേണ്ടിവരും. 62 ലക്ഷം പേർക്ക് പെൻഷൻ കൊടുക്കാൻ നമുക്ക് സാധിച്ചില്ല. സാമ്പത്തിക പരാധീനത മൂലം പല ആനുകൂല്യങ്ങളും പൂർണമായും കൊടുക്കാൻ കഴിഞ്ഞില്ല. അവരൊന്നും സംതൃപ്തരല്ല എന്നതെല്ലാം വോട്ടിനെ സ്വാധീനിച്ചിട്ടുണ്ട്. ഇനി ഒന്നും കാണാതിരുന്നിട്ട് കാര്യമില്ല. തുറന്നു മനസ്സോടെ തുറന്നു എല്ലാം കാണുന്നുണ്ട്. ആദ്യം കൊടുത്തു തീർക്കേണ്ടത് ഏതെന്നുള്ളതിൽ ധാരണ വേണം.
സർക്കാരിന്റെ പ്രവർത്തനം സജീവമാക്കുന്നതിൽ ആലോചന വേണം. തോൽവിയെക്കുറിച്ച് പഠിച്ചുതിരുത്തി മുന്നോട്ടു പോകും. സംഘടനാ പരമായ പ്രശ്നങ്ങളുണ്ട്. രണ്ടാം പിണറായി സർക്കാർ വരുമ്പോൾ ഉണ്ടാവാൻ സാധ്യതയുള്ള പ്രവണതകളുണ്ട്. ആ പ്രവണത ഈ മുതലാളിത്ത സമൂഹത്തിൽ അരിച്ച് നമ്മുടെ പാർട്ടി കേഡർമാരിലും നമ്മളിലും എല്ലാം ഉണ്ടാവും. അതെല്ലാം തൂത്തെറിഞ്ഞാൽ മാത്രമേ ശുദ്ധമായി പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകാനാകൂ. നല്ല തിരുത്തൽ വേണം. സംഘടനാ രംഗത്തും തിരുത്തൽ വേണം. പ്രത്യയശാസ്ത്രപരമായി ചോർച്ച ഉണ്ട് എന്നതാണ് ബിജെപിയുടെ വളർച്ച സൂചിപ്പിക്കുന്നതാണ്. ബിജെപിക്ക് 10 കൊല്ലം കൊണ്ട് ഇരട്ടിയോളം ശക്തിപ്പെടാൻ കഴിഞ്ഞു എന്നത് വളരെ അപകടകരമായ കാര്യമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ സിപിഐഎമ്മിനെതിരെ കടുത്ത വിമർശനമാണ് മുന്നണിയിൽ നിന്ന് തന്നെ ഉയരുന്നത്. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തുകൊണ്ടുളള സി പി ഐ യോഗത്തിൽ സിപിഐഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും നേരെ വിമർശനമുയർന്നു. സർക്കാരിനും അതിൻെറ തലവനായ മുഖ്യമന്ത്രിക്കും എതിരെ ഉണ്ടായ വികാരമാണ് തിരഞ്ഞെടുപ്പ് ഫലം എന്നാണ് വിലയിരുത്തൽ. എന്നാൽ ഇനിയും പിണറായിയെ ആക്രമിക്കാൻ പോയിട്ട് അർത്ഥമില്ല. ജനമാണ് പിണറായിയെയും ഇടത് മുന്നണിയെയും തോൽപ്പിച്ചത്. ജനം തോൽപ്പിച്ചവരുടെ നെഞ്ചത്ത് വീണ്ടും കുത്തുന്നത് അർത്ഥമില്ലാത്ത കാര്യമാണെന്നും വിമർശകർ പരിഹസിച്ചു.
പിണറായി തെറ്റ് ചെയ്ത സമയത്ത് തിരുത്താൻ ശ്രമം നടത്തിയിരുന്നെങ്കിൽ സിപിഐക്ക് കേരളത്തിലെ ഇടതുപക്ഷ അനുകൂലികളുടെ പിന്തുണ കിട്ടുമായിരുന്നു. സിപിഐഎം അണികളുടെയും പിന്തുണ സിപിഐക്ക് ലഭിക്കുമായിരുന്നു. അങ്ങനെയെങ്കിൽ പിണറായി തിരുത്തുകയും ചെയ്തേനെ. തിരഞ്ഞെടുപ്പ് ഫലവും വ്യത്യസ്തമായേനെ എന്നാണ് എക്സിക്യൂട്ടീവിൽ ഉയർന്ന വികാരം.
സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോയും രംഗത്തെത്തിയിരുന്നു. കേരളത്തിൽ ബിജെപിയുടെ വളർച്ച പാർട്ടിക്ക് തിരിച്ചറിയാൻ കഴിയാഞ്ഞത് എന്തുകൊണ്ടെന്ന് പിബി ചോദിച്ചു. കേരളത്തിലെ സാഹചര്യം ഗുരുതരമാണ്. പാർട്ടിക്കെതിരായ വികാരം താഴെ തട്ടിൽ മനസിലാകാത്തത് എന്തുകൊണ്ടെന്ന് പഠിക്കും. തുടർച്ചയായ രണ്ടാം ലോക്സഭയിലും തിരിച്ചടി എങ്ങനെ സംഭവിച്ചു എന്ന് പഠിക്കണമെന്നുമാണ് പിബിയിലുണ്ടായ വിലയിരുത്തൽ.
— – – –