ന്യൂഡൽഹി — സിബിഐ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പട്ന എംയിസിലെ മൂന്ന് ഡോക്ടര്‍മാരെ കസ്റ്റഡിയിലെടുത്തു. ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.നീറ്റ് യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട 40 ഓളം ഹർജികളിൽ പുനപരീക്ഷ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ആദ്യം പരിഗണിക്കുന്നത്.
നീറ്റ് പരീക്ഷയിൽ വ്യാപകമായ ക്രമക്കേട് നടന്നിട്ടില്ലെന്നും പുനപരീക്ഷ വേണ്ടെന്നുമാണ് കേന്ദ്രസർക്കാരിന്റെയും എൻ ടിഎയുടെയും സത്യവാങ്മൂലം. ടെലഗ്രാമിലൂടെ ചോദ്യപേപ്പർ പ്രചരിച്ചിട്ടില്ലെന്നും അവ വ്യാജമായി സൃഷ്ടിച്ചതാണെന്നുമാണ് സിബിഐ കണ്ടെത്തൽ. സത്യവാങ്മൂലം പരിശോധിച്ചശേഷം ഹർജികളിൽ വാദങ്ങൾ നടന്നേക്കും. കേന്ദ്രസർക്കാർ നീറ്റ് കൗൺസിലിംഗ് നടപടികൾ ആരംഭിച്ച പശ്ചാത്തലത്തിൽ സുപ്രീംകോടതിയുടെ വിധി ഏറെ നിർണായകമാണ്.