Friday, November 15, 2024
Homeസിനിമ' എൺപതുകളിലെ വസന്തം: ' അമല❤️ ' ✍ അവതരണം: ആസിഫ അഫ്രോസ്, ബാംഗ്ലൂർ.

‘ എൺപതുകളിലെ വസന്തം: ‘ അമല❤️ ‘ ✍ അവതരണം: ആസിഫ അഫ്രോസ്, ബാംഗ്ലൂർ.

ആസിഫ അഫ്രോസ്, ബാംഗ്ലൂർ.

അമല❤️

“രാപ്പാടീ പക്ഷിക്കൂട്ടം” പാടിക്കൊണ്ട് മലയാളത്തിലേക്ക് ചേക്കേറിയ സൂര്യപുത്രി അമലയെ ഓർക്കാത്തവരുണ്ടോ ….? അമലയാണ് ഇന്ന് നമുക്കൊപ്പം 80 കളിലെ വസന്തങ്ങളിൽ.

1968 സെപ്റ്റംബർ 12ന് പശ്ചിമബംഗാളിലാണ് അമല ജനിച്ചത്. അമ്മ അയർലൻഡ്കാരിയും അച്ഛൻ ബംഗാളിയുമാണ്. ഇന്ത്യൻ നേവി ഓഫീസർ ആയിരുന്നു അദ്ദേഹം. അമല മുഖർജി എന്നായിരുന്നു അമലയുടെ യഥാർത്ഥ പേര്. പിന്നീട് അമല അക്കിനേനി ആയി മാറി. ഒരു സഹോദരനും ഒരു സഹോദരിയും കൂടിയുണ്ട് അമലയ്ക്ക്.

മദ്രാസിലെ കലാക്ഷേത്രത്തിൽ നിന്നും ഭരതനാട്യത്തിൽ ബിരുദം നേടിയ അമല, ഇന്ത്യക്കകത്തും പുറത്തുമായി നിരവധി ലൈവ് ഷോകൾ ചെയ്തിട്ടുണ്ട്.

പ്രശസ്ത സംവിധായകനായ ടി. രാജേന്ദ്രൻ പത്നി ഉഷയോടൊപ്പം ഒരിക്കൽ അമലയുടെ വീട്ടിൽ പോവുകയും നൃത്തം കൂടാതെ അഭിനയത്തിലും ഒരുകൈ നോക്കണം എന്ന് ഉപദേശിക്കുകയും ചെയ്തു. അദ്ദേഹം തന്നെ ‘മൈഥിലി എനെ കാതലയ്’ എന്ന തന്റെ ചിത്രത്തിൽ ഒരു നല്ല വേഷം നൽകുകയും ചെയ്തു. അരങ്ങേറ്റ ചിത്രം തന്നെ സൂപ്പർ ഹിറ്റ് ആയി.

തുടർന്ന് 50 ഓളം ബഹുഭാഷാ ചിത്രങ്ങളിൽ തന്റെ കഴിവ് തെളിയിക്കാൻ അമലയ്ക്ക് അവസരം ലഭിച്ചു. രജനികാന്ത്, കമൽഹാസൻ, സുരേഷ് ഗോപി, മോഹൻലാൽ, റഹ്മാൻ, നാഗാർജുന, രഘുവരൻ മുതലായ ലീഡിങ് നടന്മാരോടൊപ്പം തന്റെ അഭിനയത്തികവ് തെളിയിച്ച അമലക്ക് പ്രേക്ഷകഹൃദയങ്ങളിൽ ഒരിടം നേടാൻ അധികസമയം വേണ്ടിവന്നില്ല. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ മികച്ച അഭിനയം കാഴ്ചവച്ച അമല അക്കാലത്തെ മുൻനിര നായികമാരിൽ ഒരാളായി മാറി.

1987 ൽ രഘുവരനോടൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചു. രഘുവരൻ അമലയോട് പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും അമല അത് നിരസിച്ചു. അത് തന്നെ ഏറെ തളർത്തി എന്ന് രഘുവരൻ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. തുടർന്ന് അദ്ദേഹം രോഹിണിയെ വിവാഹം ചെയ്തു. അമിതമായ മദ്യപാനം മൂലം ആ ബന്ധം വിവാഹമോചനത്തിൽ കലാശിക്കുകയാണ് ഉണ്ടായത്.

1992 ൽ ഉള്ളടക്കത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും 2013 ൽ “ok oka ജീവിതം” എന്ന തെലുങ്ക് സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ അവാർഡും അമല നേടിയിട്ടുണ്ട്.

ദയാവാൻ, കപ് തക് ചുപ് റഹൂങ്കി, ദോസ്ത്, ജുറ് റത്ത്, ശിവ, ഹമാരി അധൂരി കഹാനി, കാർവാൻ തുടങ്ങിയ ബോളിവുഡ് സിനിമകളിലും അമല തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

അങ്ങനെയിരിക്കെ, ഒരു ലൈവ് ഷോ ചെയ്യാൻ അമേരിക്കയിലേക്ക് പോയപ്പോൾ ആ ടീമിൽ നാഗാർജുനയും ഉണ്ടായിരുന്നു. അമലയുടെ സൗന്ദര്യവും, സിനിമയോടുള്ള സമർപ്പണവും, അനായാസമായ അഭിനയവും, പ്രസന്നവും നിഷ്കളങ്കവുമായ ഭാവവും നാഗാർജുനയെ ഏറെ ആകർഷിച്ചിരുന്നു. “ചിന്ന ബാബു” എന്ന സിനിമയിൽ ഇവരുടെ സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകരെ ഏറെ ആകർഷിച്ചിരുന്നു. പ്രണയപൂർവ്വമായ അഭിനയരംഗങ്ങളിലൂടെ അമലയോട് ഇഷ്ടം തോന്നിയ നാഗാർജുന അമേരിക്കയിൽ വെച്ച് ഒരു റസ്റ്റോറന്റിലേക്ക് അമലയെ ക്ഷണിക്കുകയുണ്ടായി. അമലയ്ക്ക് വേണ്ടി മാത്രം റെസ്റ്റോറന്റ് മുഴുവൻ ബുക്ക് ചെയ്തു. അവിടെ വെച്ച് പ്രണയാഭ്യർത്ഥന നടത്തി. മുൻപ് വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ നാഗാർജ്ജുനയോട് അമല സമ്മതം മൂളി.

1992 ൽ ആര്യസമാജത്തിൽ വെച്ച് ഇവർ വിവാഹിതരായി. വിവാഹശേഷം അമല സിനിമാജീവിതത്തിൽ നിന്നും ഒരിടവേള എടുത്തു. 1994ൽ ഇവർക്ക് അഖിൽ എന്ന മകൻ പിറന്നു. നീണ്ട മൂന്ന് ദശാബ്ദകാലത്തെ ഇവരുടെ വിവാഹജീവിതം ഒരു സിനിമ പോലെ സുന്ദരമാണ്. പരസ്പരം ബഹുമാനവും സ്നേഹവും സ്വാതന്ത്ര്യവും അനുവദിച്ചുകൊണ്ട് അവരിപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുകയാണ്.

അഭിനേത്രി മാത്രമല്ല ഒരു സാമൂഹിക പ്രവർത്തകയും കൂടിയാണ് അമല. ഹൈദ്രാബാദിൽ “ബ്ലൂ ക്രോസ്” എന്ന പേരിൽ ഒരു വന്യമൃഗസംരക്ഷണ കേന്ദ്രം നടത്തുന്നുണ്ട് ഇവർ.

വിവാഹശേഷം ഇടവേള എടുത്തുവെങ്കിലും 2022ൽ “കണം” എന്ന സിനിമയിലൂടെ അമല അഭിനയത്തിലേക്ക് തിരിച്ചുവന്നു. ഇനിയും ഒരുപിടി നല്ല സിനിമകൾ കാഴ്ചവയ്ക്കാൻ അവർക്ക് സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്

ആസിഫ അഫ്രോസ്. ബാംഗ്ലൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments