Thursday, December 26, 2024
Homeഅമേരിക്കവിശുദ്ധിയുടെ ബലി പെരുന്നാൾ ... ✍അഫ്‌സൽ ബഷീർ തൃക്കോമല

വിശുദ്ധിയുടെ ബലി പെരുന്നാൾ … ✍അഫ്‌സൽ ബഷീർ തൃക്കോമല

അഫ്‌സൽ ബഷീർ തൃക്കോമല

ഇസ്ലാമിക വിശ്വാസത്തിൽ രണ്ടു പെരുനാൾ ആണ്‌ പ്രധാന ആഘോഷങ്ങൾ. ഇസ്‌ലാമിക കാഴ്ചപ്പാടിൽ ഏത് ആഘോഷവും ആരാധനയിൽ അധിഷ്ടിതമാണ്. അതിനപ്പുറമുള്ളതൊന്നും പെരുന്നാളുമായി ബന്ധപെട്ടതല്ല. പെരുന്നാളിൻറെ ചരിത്രത്തെ അറിയുന്നതിനപ്പുറം അതിൻറെ പ്രാധാന്യത്തെ അറിയുക എന്നതു പ്രസക്തമാണ് .

യഥാക്രമം ബക്ര (മൃഗം) അതല്ല ബക്കരി അഥവാ ആട് എന്നർത്ഥത്തിലാണ് ഉപയോഗിക്കുന്നതെന്നും ഈദ് (പെരുനാൾ) എന്നീ അറബി പദങ്ങളിൽ നിന്നാണ് ബക്രീദ് എന്ന വാക്കുണ്ടായതെന്നുമൊക്കെ അഭിപ്രായമുണ്ടെങ്കിലും, ഇസ്ലാമിക വിശ്വാസപ്രകാരം ഇബ്രാഹിം നബി സ്വന്തം മകനായ ഇസ്മായിൽ നബിയെ അല്ലാഹുവിന്റെ പ്രീതിക്കായി ബലി കൊടുക്കാൻ തയ്യാറായെങ്കിലും ദൈവത്തിന്റെ കല്പനയിൽ അത് മൃഗ ബലിയായി മാറിയെന്നും വിശ്വസിക്കുന്നു. അബ്രാഹത്തിന്റെ ബലി ഇസ്രായേൽ ജനതയുടെ മോചനത്തിന് കാരണമായി എന്ന്
സഹോദര മതസ്ഥരും വിശ്വസിക്കുന്നു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമായതുകൊണ്ടാണ് ഇതിനു വലിയ പെരുനാൾ എന്ന് പറയുന്നത്.

ദുൽഹജ്ജ് മാസം 8 മുതൽ 12 വരെ മക്കയിലേക്ക് നടത്തുന്ന തീർത്ഥാടനത്തേയും, അതോടനുബന്ധിച്ചുള്ള കർമ്മങ്ങളുമടങ്ങിയ ഹജ്ജ് ആണ് വലിയ പെരുന്നാളിന്റെ മുഖ്യ ആകർഷണം. വർഷംതോറും നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ തീർഥാടനമാണിത്. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ അഞ്ചാമത്തെതായാണ്‌ ഹജ്ജ് വിശേഷിപ്പിക്കപ്പെടുന്നത്.ഇത്രയധികം അച്ചടക്കത്തോടെയും അതിൽ പങ്കു ചേരുന്ന ഓരോരുത്തരും. സൈനീക വീക്ഷണത്തോടെ ദൈവത്തിനു മുൻപിൽ നിൽക്കുകയും
അതിന്റെ കഠിനമായതുൾപ്പടെയുള്ള ചടങ്ങുകൾ പ്രായഭേദമന്യേ രാജ്യ ഭേദമന്യേ ഒരേ മനസോടെ ചെയ്ത് തീർത്തു വരുന്നതും മുഴുവൻ ഹജ്ജ് തീർഥാടകരും മക്കയുടെ തെക്കുകിഴക്കായി ഉദ്ദേശം 22 കി.മീ. അകലെ സ്ഥിതിചെയ്യുന്ന അറഫ എന്ന സ്ഥലത്ത് സമ്മേളിക്കുന്ന ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായ അറഫാ സംഗമം നടക്കുന്നതും ബലി പെരുന്നാളിനെ വത്യസ്തമാക്കുന്നു .

ഹിജ്‌റ പത്താം വര്‍ഷം ദുല്‍ഖഅദ്‌ മാസം ഇരുപത്തഞ്ചിന്‌ ശനിയാഴ്ച മുഹമ്മദ് നബിയും അനുയായികളും ഹജ്ജ്‌ കര്‍മ്മത്തിനായി പുറപ്പെടുകയും നബി അറഫയുടെ സമീപത്ത്‌ ‘നമിറ’ എന്ന സ്ഥലത്ത്‌ നിര്‍മ്മിച്ച തമ്പില്‍ കഴിച്ചുകൂട്ടിയതും ളുഹ്റിന്റെ സമയമായപ്പോള്‍ നബി തന്റെ ഒട്ടകപ്പുറത്ത്‌ കയറി ‘ബത്വ്‌നുല്‍വാദി’ എന്ന ഇന്ന്‌ അറഫയിലെ പള്ളി നില്‍ക്കുന്നിടത്ത്‌ നിന്ന്‌ ചരിത്രപ്രസിദ്ധമായ തന്റെ ഖുതുബത്തുല്‍ വിദാഅ്‌ (വിടവാങ്ങല്‍ പ്രസംഗം) നിര്‍വഹിച്ചതും ചരിത്രത്തിലെ മഹാ
സംഭവങ്ങളിലൊന്നാണ് .
“നിങ്ങളെല്ലാവരും ആദമിൽ നിന്നും ജനിച്ചു. ആദം മണ്ണിൽനിന്നും. നിങ്ങളിൽ വെച്ച് ജീവിതത്തിൽ കൂടുതൽ സൂക്ഷ്മതയുള്ളവനാരോ അവനത്രെ ദൈവത്തിങ്കൽ ഏറ്റവും മാന്യൻ. ”

“അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ശ്രേഷ്ഠതക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രേ. ”

“മനുഷ്യരേ! നിങ്ങളോട് നിങ്ങളുടെ പത്നിമാർക്കുള്ള പോലെ തന്നെ, നിങ്ങൾക്ക് അവരോടും ചില ബാദ്ധ്യതകൾ ഉണ്ട്. നിങ്ങൾ സ്ത്രീകളോട് നല്ല നിലക്ക് പെരുമാറിക്കൊള്ളുക.”

“അജ്ഞാനകാലത്തെ പലിശ ഇടപാടുകളെല്ലാം ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു.”

എന്ന വിവിധ വിഷയങ്ങളിൽ നിലപാട് പ്രഖ്യാപിച്ചത് ആറാം നൂറ്റാണ്ടിലാണെന്നുള്ളതും വർത്തമാനകാലത്തു പോലും അതിന്റെ പ്രാധാന്യത്തിനു കുറവ് വന്നിട്ടില്ലന്നുള്ളതും പറയാതെ വയ്യ .

വിശ്വാസ ദാർഢ്യം ലോകത്തിനു മുൻപിൽ കാണിച്ചു തന്നതുകൊണ്ടാണ് ഇബ്രാഹിം നബിയുടെ പ്രവർത്തനങ്ങളെ ലോകം ഇന്നും സ്മരിക്കുന്നത് . ത്യാഗോജ്വലമായ ജിവിതരീതികൾ നമുക്കു മുൻപിൽ കാട്ടി തന്ന ആ മഹാനുഭവന്റെ ജിവിതം നമുക്കു പഠന വിധേയമാക്കേണ്ടതുണ്ട് . ലോക മുസ്ലിമിങ്ങളുടെ മഹാസംഗമ വേദിയായ മക്കയിൽ നിന്നും തുടങ്ങി നൗറു എന്ന ലോകത്തിലെ ചെറിയ രാജ്യത്തു വരെ പെരുനാളാഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു .

ബലി അറുക്കൽ കർമ്മം ഒരു ഓർമ്മ പുതുക്കലിനപ്പുറം എല്ലവർക്കും പെരുനാൾ എന്ന സന്ദേശം നൽകുന്നു .കൂടാതെ സകാത്ത് കർമ്മത്തിലൂടെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുളള അകലം കുറക്കുന്നു .

ആഘോഷങ്ങൾ ആര്ഭാടങ്ങളിലേക്കു വഴി മാറി പോകാതിരിക്കാൻ ഒരോരുത്തരും ശ്രദ്ധിക്കേണ്ടതായുണ്ട് .കെടുതികളിൽ കൈ താങ്ങായി വരുന്നവർക്കായി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയേണ്ടതുണ്ട് .പരസ്പരം ചെളി വാരി എറിയാതെ അതി ജീവനം നടത്തേണ്ടതായുമുണ്ട് . സകാത് പിരിവുകാരെ സൂക്ഷിക്കാനും ബലി മാംസം കടത്താൻ ശ്രമിക്കുന്നവരെ ശ്രദ്ധിക്കാനും മറക്കാതിരിക്കുക.

ചരിത്രത്തിന്റെ തനി ആവർത്തനങ്ങൾ ഇനിയും ഉണ്ടാകാം.ജാനാധിപത്യ രാജ്യങ്ങളിലുൾപ്പടെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഹിംസകൾ ഉണ്ടായേക്കാം, വംശീയ അധിക്ഷേപങ്ങളും ആട്ടിപ്പായിക്കലും ഉണ്ടാകാം എങ്കിലും പെരുന്നാളും അതിൻറെ ആശയും പ്രതീക്ഷയും ഒളി മങ്ങാതെ തുടരും…

ബലി പെരുനാൾ ആശംസകൾ …..

✍അഫ്‌സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments