🔹അമ്പത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയില്‍ മോചിതനായി. കെജ്രിവാളിന്റെ മടങ്ങിവരവ് വന്‍ ആഘോഷമാക്കിയ പ്രവര്‍ത്തകര്‍. വലിയ സ്വീകരണമാണ് അരവിന്ദ് കെജ്രിവാളിനായി ഒരുക്കിയത്. നിങ്ങളുടെ അടുത്തേക്ക് തിരികെയെത്തിയത് ആവേശത്തിലാക്കുന്നുവെന്നും സുപ്രീംകോടതിക്ക് നന്ദിയെന്നും പ്രതികരിച്ച അദ്ദേഹം ഏകാധിപത്യത്തിനെതിരേ പോരാടുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ ഇന്നുച്ചയ്ക്ക് ഒരുമണിക്ക് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചു.
🔹ഇതുപോലെ ചീപ്പായ, ദുര്‍ബലനായ പ്രധാനമന്ത്രി ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നെഞ്ചളവിന്റെ വീതിയിലും നീളത്തിലും എല്ലാവരും വലിയ പ്രതീക്ഷയിലായിരുന്നു. എല്ലാം തകര്‍ന്ന് തരിപ്പണമായി. നാട്ടിലെ ആര്‍.എസ്.എസുകാരന്റെ നിലവാരം പോലും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വര്‍ഗീയ പ്രചാരണത്തോട് താരതമ്യം ചെയ്യാന്‍ സാധിക്കില്ല. അത്രയും ദുരന്തപൂര്‍ണമായ രീതിയിലേക്കാണ് പ്രധാനമന്ത്രി എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
🔹കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായതില്‍ ബസിലെ ഡ്രൈവര്‍ യദുവിനെയും കണ്ടക്ടര്‍ സുബിനെയും സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. മൂന്ന് പേരെയും ഇന്നലെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും, മൊഴികളിലെ വൈരുധ്യം പരിശോധിക്കാനാണ് മൂന്നുപേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതെന്നും അന്വേഷണസംഘം അറിയിച്ചു.
🔹ഐജി പി വിജയന് സ്ഥാനക്കയറ്റം. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതിയുടെ യാത്രാവിവരം മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ സസ്പെന്‍ഷനില്‍ ആയിരുന്നു ഇദ്ദേഹം. ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളൊന്നും ഇല്ലെന്ന് വകുപ്പുതല അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ പൊലീസ് അക്കാദമി ഡയറക്ടറായാണ് പുതിയ നിയമനം.
🔹ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ ഗതാഗത വകുപ്പിനെതിരെ സിപിഎം. ഏകപക്ഷീയമായി തീരുമാനം നടപ്പാക്കരുതെന്നും, ചര്‍ച്ചകളിലൂടെ പ്രശ്നം തീര്‍ക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. അപകടങ്ങള്‍ ഒഴിവാക്കാനും നിലവാരം കൂട്ടാനും ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണം വേണമെന്നതില്‍ രണ്ടഭിപ്രായമില്ല. ഒറ്റയടിക്ക് ഗതാഗതവകുപ്പ് തീരുമാനം പ്രഖ്യാപിച്ചതാണ് അസാധാരണ പ്രതിസന്ധിക്ക് കാരണം എന്നും സിപിഎം വ്യക്തമാക്കി.
🔹കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ വിജിലന്‍സ് പിടികൂടി. തൃശ്ശൂര്‍ ജില്ലയിലെ വില്‍വട്ടം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ കൃഷ്ണകുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. ആര്‍.ഒ.ആര്‍ സര്‍ട്ടിഫിക്കറ്റിനായി ലഭ്യമാക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച പരാതിക്കാരനോട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് 2000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
🔹ജസ്ന തിരോധാന കേസില്‍ രണ്ട് പേരെ സംശയമുണ്ടെന്നു അച്ഛന്‍ ജെയിംസ്. മകളെ അപായപ്പെടുത്തിയതായി സംശയമുണ്ട്. തനിക്ക് കിട്ടിയ തെളിവുകള്‍ കോടതിക്ക് കൈമാറിയിട്ടുണ്ടെന്നും പുനര്‍ അന്വേഷണത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണത്തില്‍ വീഴ്ച ഇല്ല. ഇപ്പോഴും ഊമക്കത്തുകള്‍ വരുന്നുണ്ട്. താന്‍ നല്‍കിയ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🔹തിരുവനന്തപുരം കരമനയില്‍ കാറിലെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കരമന സ്വദേശി അഖില്‍ (22) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞാഴ്ച ബാറില്‍വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം.
🔹മലപ്പുറം ചങ്ങരംകുളത്ത് കാട്ടുപന്നി ആക്രമണം .ഇന്നലെ രാവിലെ രണ്ട് സ്ഥലങ്ങളിലായി നടന്ന കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി കഞ്ഞിപ്പുര ടൗണിലും എടയൂരിലുമാണ് കാട്ടുപന്നി എത്തിയത്. കഞ്ഞിപ്പുരയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസുകാരി ആയിഷ റെന്നയെയും സഹോദരന്‍ ശാമിലിനെയും ( (16) ആണ് പന്നി ആക്രമിച്ചത്. എടയൂരില്‍ വഴിയാത്രക്കാര്‍ക്ക് നേരെയായിരുന്നു ആക്രമണം. പ്രദേശവാസികളായ ഹരിദാസ്, ബീന, നിര്‍മല എന്നിവര്‍ക്കാണ് പരിക്കേറ്റത്.
🔹വേനല്‍ച്ചൂട് കൂടുന്നതിനാല്‍ ഏര്‍പ്പെടുത്തിയ തൊഴില്‍ സമയ ക്രമീകരണങ്ങളും മറ്റു നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടുന്നത് ഉറപ്പാക്കുന്നതിനായി പരിശോധന തുടര്‍ന്ന് തൊഴില്‍ വകുപ്പ്. 2,650 പരിശോധനകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. നിയമലംഘനം കണ്ടെത്തിയ സ്ഥലങ്ങളില്‍ അത് പരിഹരിക്കുകയും ആവര്‍ത്തിക്കാതിരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
🔹നാലുവര്‍ഷ ബിരുദകോഴ്സുകള്‍ ഈ അക്കാദമിക്ക് വര്‍ഷം ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബിരുദവും നാലാം വര്‍ഷത്തില്‍ ഓണേഴ്സും ലഭിക്കും. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ഒരേ അക്കാദമിക് കലണ്ടര്‍ നിലവില്‍ വരുമെന്നും ആര്‍.ബിന്ദു അറിയിച്ചു.
🔹അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം ഈ മാസം 20 ന് കേരളത്തിലെത്തിക്കും. അന്ന് തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മെയ് 21 ന് സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലില്‍ ഖബറടക്കം നടത്തും. സമയക്രമങ്ങളും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സിനഡ് അറിയിച്ചു.
🔹കട്ടപ്പന എസ്.ഐയും സി.പി.ഒയുംകള്ളക്കേസില്‍ കുടുക്കി സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി പതിനെട്ടുകാരന്‍. പൊലീസില്‍ നിന്ന് നേരിട്ടത് അതിക്രൂരമായ മര്‍ദനമാണെന്ന് പുളിയന്മല സ്വദേശി ആസിഫ് പറഞ്ഞു. ബൈക്ക് ഇടിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി ആസിഫിനെതിരെ കള്ളക്കേസ് എടുത്തുവെന്ന പരാതിയില്‍ കട്ടപ്പന സ്റ്റേഷനിലെ എസ്‌ഐ എന്‍.ജെ സുനേഖ്, സിപിഒ മനു പി ജോസ് എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
🔹ഡല്‍ഹിയില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ അതിശക്തമായ പൊടിക്കാറ്റിന് സാധ്യത. അതിശക്തമായ കാറ്റില്‍ കൃഷി നശിക്കാനും കെട്ടിടങ്ങള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കാനും പുല്‍വീടുകളും കുടിലുകളും തകരാനും അധികം കനമില്ലാത്ത വസ്തുക്കള്‍ പറന്നുപോകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ജനങ്ങളോട് വീടിനകത്ത് തന്നെ തങ്ങാന്‍ ആവശ്യപ്പെട്ട കാലാവസ്ഥാ കേന്ദ്രം അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
🔹ഒറ്റ ദിവസം 100 സ്‌ഫോടനങ്ങള്‍ രാജ്യ തലസ്ഥാനത്ത് നടത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദമ്പതികള്‍ കുറ്റക്കാരെന്ന് കോടതി. ജമ്മു കശ്മീര്‍ സ്വദേശി ജഹാന്‍ജെബ് സാമിയും ഭാര്യ ഹിന ബഷീര്‍ ബെയ്ഗും കുറ്റക്കാരെന്ന് കോടതി വ്യക്തമാക്കി. സാമിക്ക് 20 വര്‍ഷം ജയില്‍ ശിക്ഷയും ഹിന ബഷീറിന് 14 വര്‍ഷം ശിക്ഷയും വിധിച്ചു.
🔹മാലിന്യത്തിൽ നിന്ന് കിട്ടിയ സ്വർണക്കമ്മൽ ഉടമയ്ക്ക് തിരിച്ച് നൽകി ഹരിതകർമസേന അംഗങ്ങൾ. മലപ്പുറം നഗരസഭയിലെ ഹരിതകര്‍മസേനാംഗങ്ങളായ പ്രസന്ന, സുമതി, സരോജിനി എന്നിവര്‍ക്കാണ് ചെമ്മലപറമ്പില്‍ മാലിന്യശേഖരണത്തിനിടെ ഒരു ജോഡി സ്വർണക്കമ്മലുകൾ കിട്ടിയത്. മാലിന്യം നിറച്ചിരുന്നു കവറിൽ നിന്നാണ് ഇവർക്ക് സ്വർണക്കമ്മൽ കിട്ടിയത്.
🔹പത്തനംതിട്ടയിൽ വരൻ മദ്യപിച്ചെത്തിയതിനെ തുടർന്ന് മുടങ്ങിയ കല്യാണം വീണ്ടും നടത്താൻ തീരുമാനം. പത്തനംതിട്ട തടിയൂർ സ്വദേശിയായ യുവാവും നാരങ്ങാനം സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം പ്രശ്നങ്ങളൊക്കെ ഒത്തുതീർപ്പായ ശേഷം ബുധനാഴ്ച നടന്നു. വിദേശത്ത് ജോലി ചെയ്യുന്ന വരൻ അവധിയിലാണ് വിവാഹം കഴിക്കാനെത്തിയത്. മദ്യലഹരിയിൽ പള്ളിയിലെത്തിയ വരൻ കാർമികത്വം വഹിക്കാനെത്തിയവരോട് മോശമായി പെരുമാറിയതിനെ തുടർന്ന് വിവാഹം മുടങ്ങുകയായിരുന്നു.
🔹ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 35 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 231 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ 55 പന്തില്‍ 104 ഉം, സായ് സുദര്‍ശന്‍ 51 പന്തില്‍ 103 ഉം റണ്‍സെടുത്തു. ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡിനൊപ്പം ഗില്ലും സായ്യും ഇടംപിടിച്ചു. ഇരുവരും 50 വീതം പന്തുകളിലാണ് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയത്. 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
🔹കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ നിര്‍മിച്ച് നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി ‘ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 31നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത് .ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകന്‍ മുബിന്‍ റാഫി നായക നിരയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.നാദിര്‍ഷാ – റാഫി കൂട്ടുകെട്ട് ഇത് ആദ്യമായാണ്. റാഫിയുടെ തിരക്കഥയില്‍ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നാദിര്‍ഷയുടെ സ്വപ്നമായിരുന്നു. അത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ റാഫിയുടെ മകന്‍ മുബിന്‍ ചിത്രത്തിലെ നായകനായി. മലയാളികള്‍ക്ക് മുന്‍പില്‍ വീണ്ടുമൊരു പുതുമുഖ നായകനെ നാദിര്‍ഷ അവതരിപ്പിക്കുന്നു. കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനും ഷൈന്‍ ടോം ചാക്കോയും മുഖ്യ വേഷത്തില്‍ എത്തുന്നു. ദേവിക സഞ്ജയ് ആണ് നായിക. ഹിഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.