മനുഷ്യരാശിയുടെ എഴുതപ്പെട്ട സ്മരണ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹസ്തലിഖിതരേഖകളുടെ സമ്പന്നമായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. താളിയോലകളിലും ഭൂർജ്ജപത്രങ്ങളിലും മറ്റ് എഴുത്തു സാമഗ്രികളിലുമായി രേഖപ്പെടുത്തിയിട്ടിരിക്കുന്ന നമ്മുടെ പാരമ്പര്യ വിജ്ഞാനവും സാഹിത്യവും ചരിത്രവും ആധുനികകാലത്ത് ശ്രദ്ധേയമായ പഠന ഗവേഷണങ്ങളാൽ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഏറെ മുന്നോട്ടു പോയിരിക്കുന്നു .
നമുക്കു മുൻപ് ജീവിച്ചിരുന്ന മനുഷ്യരുടെ ചിന്തകളും ഭാവനയും സർഗാത്മകതയും വിജ്ഞാനവും പ്രാചീന കയ്യെഴുത്തുഗ്രന്ഥങ്ങളിൽ വായിച്ചും വായിക്കപ്പെടാതെയും മറഞ്ഞു കിടക്കുന്നുണ്ട്.
ലോകത്ത്ഏറ്റവും അധികം കയ്യെഴുത്ത് ഗ്രന്ഥങ്ങൾ ഉള്ള രാജ്യം ഇന്ത്യയാണ്. നമ്മുടെ എഴുത്തു പാരമ്പര്യത്തിന്റെ സുദീർഘ ചരിത്രമാണല്ലോ നളന്ദ, തക്ഷശില, വിക്രമശില തുടങ്ങിയ പ്രാചീന സർവ്വകലാശാലകളിലെ സുസജ്ജമായ ഗ്രന്ഥാലയങ്ങൾ നമ്മോടു പറയുന്നത്. അശോകന്റെ കാലം മുതൽ ഇവിടെ വ്യവസ്ഥാപിതമായ എഴുത്തു സമ്പ്രദായം നിലവിലിരുന്നു എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.
കേരളത്തിന്റെ പാരമ്പര്യ വിജ്ഞാനവും സാഹിത്യവും സംസ്കാരവും താളിയോലകളിലും കൈകൊണ്ട് നിർമ്മിച്ച കടലാസുകളിലും ലോഹത്തകിടുകൾ, തുണികൾ, നാണയങ്ങൾ, ശിലാലിഖിതങ്ങൾ എന്നിവയിലും ആയി ശേഖരിക്കപ്പെട്ടിരിക്കുന്നു.
കേരളസർവകലാശാലയുടെ കാര്യവട്ടത്തെ പ്രധാന പഠനവകുപ്പായ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്സ് ലൈബ്രറി എന്ന സ്ഥാപനത്തിൽ ഇത്തരത്തിലുള്ള സമ്പന്നമായ ഗ്രന്ഥശേഖരം സൂക്ഷിച്ചിട്ടുണ്ട് . തിരുവിതാംകൂർ കൊട്ടാരം ഗ്രന്ഥപ്പുരയിൽ നിന്ന് 1908 ൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഹസ്ത ലിഖിത ഗ്രന്ഥശേഖരങ്ങളിൽ ഒന്നാണ്. താളിയോലകളുടെ എണ്ണം എടുത്താൽ ഒരുപക്ഷേ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശേഖരവും ഈ സ്ഥാപനത്തിൽ തന്നെയാണുള്ളത്. 65000 ൽ അധികം പ്രാചീന ഗ്രന്ഥങ്ങളിൽ 80 ശതമാനവും താളിയോലകളിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ലിപി, ഭാഷ, വിഷയം, എഴുത്തു പ്രതലങ്ങൾ, എഴുത്തുപകരണങ്ങൾ എന്നിവയിൽ വൈവിധ്യവും സമ്പന്നവുമായ ഗ്രന്ഥശേഖരമാണ് ഇവിടെയുള്ളത്.
വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥ, മലയാണ്മ എന്നിങ്ങനെ ആധുനിക മലയാള ലിപിയുടെ പരിണാമ ഘട്ടങ്ങളെ കുറിക്കുന്ന എല്ലാ ലിപികളും ഇവിടെയുണ്ട്. ഇന്ത്യയിലെ എല്ലാ ഭാഷകളുടെയും ലിപികളിൽ എഴുതിയിട്ടുള്ള ഗ്രന്ഥങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഗ്രന്ഥങ്ങളുടെ ശേഖരം. അവയുടെ പരിരക്ഷ, പ്രസിദ്ധീകരണം എന്നീ ധർമ്മങ്ങളാണ് അക്കാദമിക് പ്രോഗ്രാമുകളോടൊപ്പം ഏറെ പ്രാധാന്യത്തോടെ ഇവിടെ നിർവഹിക്കുന്നത്. ശേഖരത്തിൽ കൂടുതലും സംസ്കൃത ഗ്രന്ഥങ്ങൾ ആണെങ്കിലും മലയാളം, തമിഴ് എന്നീ ഭാഷകളിലുള്ള ഗ്രന്ഥങ്ങളും ഏറെയുണ്ട്.
വേദങ്ങൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ, കാവ്യശാസ്ത്ര – നാട്യശാസ്ത്ര ഗ്രന്ഥങ്ങൾ, തന്ത്രം, മന്ത്രം, ജ്യോതിഷം, വാസ്തു, ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യം, മീമാംസ, ചരിത്രം ( ശാസ്ത്രം തുടങ്ങി ഇന്ന് നമ്മൾ കൈകാര്യം ചെയ്യുന്ന മിക്ക വിഷയങ്ങളുടെയും പുരാതന രേഖകൾ താളിയോലകളിൽ ലഭ്യമാണ്. അതോടൊപ്പം തന്നെ വരകളാലും ചിത്രങ്ങളാലും നിറക്കൂട്ടുകളാലും മനോഹരമാക്കിയിട്ടുള്ളവയും ആനക്കൊമ്പുകളിൽ ശില്പങ്ങൾ കൊത്തിവച്ച പടികളോടടുകൂടിയവയും ആയിട്ടുള്ള വ്യത്യസ്തതയാർന്ന ഗ്രന്ഥങ്ങളും ഇവിടെയുണ്ട്.
രുദ്രാക്ഷമാല, ആര്യ മഞ്ജു ശ്രീമൂലകല്പം, ചിത്ര രാമായണം 1 ചിത്ര ഭാരതം 1 സാമുദ്രിക ലക്ഷണം, ശിവലിംഗാംഗശാസനം തുടങ്ങിയ അപൂർവ്വ ഗ്രന്ഥങ്ങളും ഈ ഗ്രന്ഥാലയത്തിന് സ്വന്തമാണ്. ഇവയിൽ മിക്കവയും പ്രസിദ്ധീകരിച്ചിട്ടില്ല എന്നതും പറയേണ്ടിയിരിക്കുന്നു.
നമ്മുടെ ചരിത്രവും സംസ്കാരവും പൈതൃകവും വിജ്ഞാനവും രേഖപ്പെടുത്തിയിട്ടുള്ള ഈ ഗ്രന്ഥങ്ങളെ പ്രാധാന്യമനുസരിച്ച് പരിചയപ്പെടുത്താനാണ് ‘താലപത്രം’ എന്ന പംക്തിയിലൂടെ ശ്രമിക്കുന്നത് അവയുടെ ഉള്ളടക്കവും ഭാഷ , ലിപി, പഴക്കം എന്നിവയും വിശകലനം ചെയ്യുന്ന ഈ പംക്തിയിൽ കയ്യെഴുത്തു രേഖകളുടെ കളർ ചിത്രങ്ങളും നൽകുവാൻ ഉദ്ദേശിക്കുന്നു. ഇതിലൂടെ നമ്മുടെ ഭൂതകാല സംസ്കൃതിയുടെ തെളിവുകൾ വായനക്കാരിലേക്ക് എത്തിക്കുകയാണ് ഉദ്ദേശ്യം.