ഭൂമിയുടെ ഉപരിതലത്തിൽ കരയേക്കാളേറെ കടലാണ്. അതുപോലെ, ഇന്നേവരെയുള്ള മനുഷ്യജീവിതത്തിൽ സമാധാനത്തെക്കാളും സന്തോഷങ്ങളേക്കാളും ദുരന്തങ്ങളും കെടുതികളും അതുമൂലം ഉള്ള ദുഃഖങ്ങളും ആണ്.
നമ്മുടെ സമൂഹത്തിന്റെ ദർപ്പണമായ സാഹിത്യത്തിലും ശുഭപര്യവസായികളായ കൃതികളേക്കാൾ ദുഃഖപര്യവസായികളായവയാണ് കൂടുതൽ ഓർമിക്കപ്പെടുന്നതും കൊണ്ടാടപ്പെടുന്നതും.
ലോകസാഹിത്യത്തിൽ ഇങ്ങനെയുള്ള കൃതികളോടൊപ്പം നിൽക്കുന്ന ഒരു കൃതിയാണ് സെർവാന്റസിന്റെ “ഡോൺ ക്വിക്സോട്ട് ” എന്ന ആക്ഷേപഹാസ്യകൃതി. നർമ്മവും ഫലിതവും ഹാസ്യവും ആക്ഷേപഹാസ്യവും ഒരുവിധത്തിൽ പറഞ്ഞാൽ തമാശ തന്നെ. അതിൻ്റെ ധർമ്മം മനുഷ്യനെ ചിരിപ്പിക്കാൻ മാത്രമല്ല ചിന്തിപ്പിക്കാനും ഉതകുമെന്ന് ചില കൃതികളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ടല്ലോ .
അങ്ങനെ ചിന്തിക്കുമ്പോൾ നമ്മുടെ മലയാളസാഹിത്യത്തിലെ കുഞ്ചൻനമ്പ്യാരും സഞ്ജയനും വി കെ എന്നും ഒക്കെ ഇന്നും വായനക്കാർ നെഞ്ചിലേറ്റുന്ന എഴുത്തുകാരാണ്. മികച്ചഹാസ്യം ഉയർന്നുനിൽക്കുന്ന രചനകൾ വായനക്കാരനെമാത്രമല്ല കാഴ്ചക്കാരനെയും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയും എന്ന് തെളിയിച്ചതാണ് നമ്പ്യാരുടെ തുള്ളൽപ്പാട്ടുകളുടെ അവതരണങ്ങൾ. സഞ്ജയന്റെ നർമ്മലേഖനങ്ങളും നർമ്മകവിതകളും അതുപോലെ ഹാസ്യവും ആക്ഷേപഹാസ്യവും നിറഞ്ഞ വി കെ എൻ്റെ കഥകളും നോവലുകളും ഈ ധർമ്മം തന്നെയാണ് മറ്റൊരുവിധത്തിൽ നിർവ്വഹിക്കുന്നത് . എന്നാൽ ഇതിലെല്ലാം സമൂഹവിമർശനം എന്നൊരു ഘടകം ഉള്ളതിനാൽ ഇത് ആരെയൊക്കെയോ പരിക്കേൽപ്പിക്കുന്നു, നൊമ്പരപ്പെടുത്തുന്നു എന്നുള്ള കാര്യം തള്ളിക്കളയാൻ പറ്റില്ല. എന്നാൽ സരസസാഹിത്യം ഒരാളെയും വേദനിപ്പിക്കാതെ എല്ലാവരേയും ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും തെറ്റുകൾ സ്വയം തിരുത്താനും നന്മകളിലേക്ക് സ്വയം ഉയരാനും പ്രചോദനമാകുന്നു എന്നതിന് അപൂർവ്വമായെങ്കിലും നമുക്ക് മാതൃകകൾ ഉണ്ട്. അങ്ങനെയൊന്നാണ് ശ്രീ രമേശൻ തമ്പുരാൻ തൻ്റെ പുതിയ സരസകഥാസമാഹാരമായ “വെങ്കലശ്ശേരിക്കഥകളി” ലൂടെ കാഴ്ചവച്ചിരിക്കുന്നത്.
“കിരീടവും ചെങ്കോലും ഒന്നുമില്ലെങ്കിലും രമേശൻ തമ്പുരാന് ഒരു കാവ്യരസികമണ്ഡലത്തിന്റെ മനോരാജ്യഭാരമുണ്ട് . അതിലെ കുറച്ചു പ്രജകളെയാണ് വെങ്കലശ്ശേരി കഥകൾ എന്ന പുസ്തകത്തിൽ നമ്മൾ പരിചയപ്പെടുന്നത് ” എന്നാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയ പ്രശസ്ത നോവലിസ്റ്റ് രഘുനാഥൻ നിരീക്ഷിക്കുന്നത്. “മുക്തകണ്ഠം വി കെ എൻ ” , “അജ്ഞാതനാമാ” എന്നെ കൃതികളുടെ കർത്താവായ രഘുനാഥൻ വളരെ ശ്രദ്ധയോടെയാണ് തൻറെ ദൗത്യം ഏറ്റെടുത്തതും നിർവഹിച്ചതും എന്ന് അദ്ദേഹത്തിൻറെ അവതാരിക പ്രഖ്യാപിക്കുന്നുണ്ട്.
ഈ കൃതിയിലൂടെ രമേശൻ തമ്പുരാൻ സൃഷ്ടിക്കുന്ന മുഖ്യകഥാപാത്രം വെങ്കലശ്ശേരിപ്പട്ടേരിയാണ് . കാക്കശ്ശേരിയിൽ നിന്ന് വെങ്കലശ്ശേരിയിലേക്ക് അധികം ദൂരമില്ല എന്നാണ് വ്യക്തമാവുന്നത്.
സാമൂതിരിയുടെ സദസ്സിൽ മിന്നിത്തിളങ്ങിയ കൊച്ചുമിടുക്കനായ കാക്കശ്ശേരി ഭട്ടതിരിയുടെ കഥ നമുക്കറിയാം. പണ്ഡിതനായ ഉദ്ദണ്ഡശാസ്ത്രികളെ ആ കൊച്ചുമിടുക്കൻ നിലംപരിശാക്കിയതും ചരിത്രത്തിൻറെ ഭാഗമാണ് സാഹിത്യത്തിന്റെയും.
വെങ്കലശ്ശേരിക്കഥകളിൽ ഒരു സമാനപ്രതിഭയെ അവതരിപ്പിച്ചുകൊണ്ട് സ്വയം ചിരിക്കാനും ചിരിപ്പിക്കാനും ആണ് രമേശൻതമ്പുരാൻ പുറപ്പെടുന്നത്. കൊച്ചി രാജ്യത്തുനടക്കുന്ന ചിലസാഹിത്യമത്സരളിൽ പങ്കെടുത്തു വിജയിക്കുന്നതിലൂടെ രാജസദസ്സിലെ നവരത്നങ്ങളിൽ സംഭവിച്ച വിടവ് നികത്താൻതക്കവിധം ബുദ്ധിയും സിദ്ധിയും ഭാഗ്യവും കൈവന്ന ഒരു ഹാസ്യകവിയും വികടസരസ്വതിയും ആയാണ് വെങ്കലശ്ശേരിപ്പട്ടേരി തകർക്കുന്നത്.
രാജസദസ്സിലെ ഒരു പ്രതിഭ കൊഴിഞ്ഞു പോയതിലേക്ക് ഒരു പകരക്കാരനെ കണ്ടെത്താൻ നടത്തുന്ന പരീക്ഷണങ്ങളിൽ വളരെ ബുദ്ധിപരമായും ഭാവനാപരമായും രചിക്കുന്ന കാവ്യരചനകളിലൂടെയാണ് വെങ്കലശ്ശേരി മുന്നേറുന്നത്.
അതിൽ പദപ്രയോഗങ്ങളിലെ ഔചിത്യവും സമസ്യാപൂരണങ്ങളിലെ കൃത്യതയും എല്ലാം പരീക്ഷിക്കപ്പെടുന്നുണ്ട്.
മൂന്നു സന്ദർഭങ്ങളിലായി വളരെ വിദഗ്ധമായി ഉപയോഗിച്ച മൂന്ന് സമസ്യകളാണ് ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യം ആദ്യത്തെ സമസ്യ
” മാനും മർക്കടമല്ലയോ ?”
എന്നതാണ് .
രണ്ടാമത്തെ സമസ്യ
” നൂറും നൂറുമെടുത്തുകൂട്ടുകിലഹോ മൂന്നായതൊന്നായിടും ” എന്നതാണ്.
എന്നാൽ ഇവയെയൊക്കെ പിന്നിലാക്കുന്ന മൂന്നാമത്തെ സമസ്യ ഇങ്ങനെയാണ്
“പാതിയുടെ പാതിയുടെ പാതിയുടെ പാതി ”
മൂന്നും തമ്പുരാൻ്റെ കണ്ടുപിടുത്തം തന്നെ.
ഇതിവിടെ വിസ്തരിക്കാൻ പ്രയാസമുണ്ട്. അതിന് വായനക്കാരെ നേരെ പുസ്തകത്തിലേക്ക് ക്ഷണിക്കുന്നു.
ഇങ്ങനെയൊരു കൃതി ഇതുവരെ മലയാളത്തിൽ ഉണ്ടായിരിക്കാനിടയില്ല . ഇത് ഇങ്ങനെയൊരു രൂപത്തിൽ സാർത്ഥകമാക്കാൻ ചിന്തയും ഭാവനയും മാത്രമല്ല ഒരുപാട് ബുദ്ധിപരവും ഗണിതപരവും വ്യാകരണപരവും ആയ അഭ്യാസങ്ങളും വേണ്ടി വന്നിട്ടുണ്ട് എന്ന് തീർച്ച. നിലവിലുള്ള സമസ്യകളൊന്നും തമ്പുരാൻ ആവർത്തിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പ്രചാരത്തിലുള്ള ചിലവരികൾക്ക് സമാനസ്വരൂപം ഉള്ള അനുകരണങ്ങൾ പ്രയോഗിച്ചിട്ടുണ്ട് എന്നത് സമ്മതിക്കുമ്പോഴും അതിലെ വൈദഗ്ദ്ധ്യവും വൈശദ്യവും പ്രാമാണികമാണ്. സംസ്കൃതപണ്ഡിതനും കവിയുമായിരുന്ന മാങ്ങാേട്ടശ്ശേരി ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ “ചായ ” എന്ന സംസ്കൃതശ്ലോകം സന്ദർഭോചിതമായി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട്ടെ തളിയിലെത്തിയ ഉദ്ദണ്ഡനെ അവതരിപ്പിക്കുന്നതു നോക്കുക
“തൊണ്ടമണ്ഡലത്തിൽ പിറന്ന ഉദ്ദണ്ഡപരദണ്ഡഭൈരവൻ പണ്ഡിതന്മാരിൽ ചണ്ഡസൂര്യൻ ആയിരുന്നു ”
കൊച്ചിയിലെ കളിക്കോട്ടയിലെ പട്ടത്താനത്തെക്കുറിച്ച് കേട്ടറിഞ്ഞുവന്ന ശുപ്പാമണിശാസ്ത്രികൾ ഉദ്ദണ്ഡനെ ധ്യാനിച്ച് ചൊല്ലിയ ശ്ലോകം നോക്കുക.
” കാ ദുഗ്ദ്ധദാത്രീ ? കാ കാമ്യ ?…..
കിം ഡീനാ കോ ഹലായുധ
കാ വന്ദ്യ? കിം നൃപശ്ശസ്ത്ര:?
കിം ഗ്രന്ഥമുത്തമം ക്ഷിതൗ ?”
എന്ന ശ്ലോകത്തിലെ ചോദ്യങ്ങൾക്ക് ഒറ്റവരിയിൽ തെറ്റാതെ ഉത്തരം കണ്ടെത്തുക എന്നപ്രയാസമേറിയ കാര്യമാണ്
“ഗോശ്രീവിശേഷമാസിക ” എന്നപാദത്തിലൂടെ വെങ്കലശ്ശേരി അനായസേന സാധിച്ചത്.
ഈ നേട്ടത്തെപ്പറ്റി രമേശൻ തമ്പുരാൻ പറയുന്നത് “അങ്ങനെ പണ്ഡിതഡിണ്ടിമനായ വെങ്കലശ്ശേരി കൊച്ചിരാജ്യത്തിന്റെ മാനം കാത്തു കുലധനം കാത്തു ” എന്നാണ്.
ശ്ലോകരചനയിൽ കാണിച്ച പദസംവിധാനവൈദഗ്ദ്ധ്യം ആഖ്യാനത്തിലും അങ്ങോളമിങ്ങോളം മിന്നിത്തിളങ്ങുന്നുണ്ട്. അത് ആസ്വാദ്യമാവുവാൻ അത്യാവശ്യം ഭാഷാപരിചയവും ക്ഷേത്രകലാസാംസ്കാരവും കാവ്യകലാജ്ഞാനവും രസികത്വവും വേണ്ടിവരും.
വെങ്കലശ്ശേരിക്കഥകളിലെ ചുമർചിത്രങ്ങൾ
ചിലർ ഗോപുരംകണ്ട് തൊഴുതുമടങ്ങുന്നവരാണ്.
ചിലർ അകത്തുകയറി ശ്രീകോവിൽവരെ ചെല്ലും. അപൂർവ്വം ചിലർ മാത്രമേ തൊഴുതുകുമ്പിട്ട് നാലമ്പലത്തിൽ പ്രദക്ഷിണത്തിന്ന് ഒരുങ്ങുകയുള്ളൂ
വെങ്കലശ്ശേരിക്കഥകളിലൂടെ പ്രദക്ഷിണം വെയ്ക്കുമ്പോൾ നേരത്തെ ശ്രദ്ധിക്കാത്ത ചുമർചിത്രങ്ങളും ശില്പവേലകളും എന്നെ പിടിച്ചു നിർത്തുകയാണ്.
സന്ദർഭത്തിനൊത്തു വാർന്നുവീണ സരസസരസമായ വാങ്മയങ്ങളാണ് ചിത്രങ്ങളാവുന്നതും ശില്പങ്ങളാവുന്നതും.
അകത്തും പുറത്തും ഹാസ്യ-
ചിത്രം ചിത്രം രസാവഹം
അവയെച്ചുറ്റിയെത്തുന്ന
വാങ്മയം അതിസുന്ദരം.
തുടക്കത്തിലെ ആലോചനാമഗ്നനായ വെങ്കലശ്ശേരിയുടെ നടത്തത്തിന്നിടയിൽ
കീചകവധത്തിലെ ദണ്ഡകത്തിൻ്റെ അനുകരണം ചേങ്കലം ഉയർത്തുന്നതു ശ്രദ്ധിക്കുക
“ഏവം നിനച്ചു ബത
പാവം നടിച്ചു പല –
ഭാവം പകർന്നു നടന്നൂ
പല വഴി കടന്നു
ഗൃഹമതിലണഞ്ഞൂ”
ഉണ്ണികൃഷ്ണകുറുപ്പിന്റെ വെങ്കലനാദത്തിൽ ആണ് അത് മുഴങ്ങുന്നത് എന്നത് കഥകളിയിൽ താല്പര്യമുള്ള ആരേയും പുളകം കൊള്ളിക്കും.
ഒരു തീരുമാനം എടുക്കാൻ കഴിയാതെ വരുമ്പോൾ ഓർക്കാൻ സാധ്യതയുള്ള ചില വരികൾ മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ട് . ഇവിടെ വെങ്കലശ്ശേരിയുടെ ചിന്തയെ തമ്പുരാൻ ഷെയ്ക്സ്പിയറുടെ ഭാഷയിലാണ് രേഖപ്പെടുത്തുന്നത്:
” To be or not to be ” എന്ന ഹേംലറ്റിൻ്റെ അനിശ്ചിതത്വം ഇവിടെ കേവലം നേരമ്പോക്കിന്നുവേണ്ടി മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത് . ആശയത്തിന്ന് വിസ്തൃതിയും സാർവ്വലൗകികത്വവും ലഭിക്കുന്നതിന്നു വേണ്ടിയാണ്.
അതുപോലെ “ഒരു ചതിയുടെ മണം ” മറ്റൊരിടത്ത് വീണ്ടും ഷേക്സ്പിയറിലേയ്ക്ക്തന്നെ വായനക്കാരനെ എത്തിക്കുന്നു.
“something is rotten in Denmark ” എന്ന ഹേംലറ്റിൻ്റെ തന്നെ ആശങ്കകളിൽത്തന്നെ കറങ്ങുന്ന ഒരു വാക്യം പിറകെ വരുന്നുണ്ട് .
” കളിക്കോട്ടയിൽ ചെന്നപ്പോൾ എന്തോ ഭാഗ്യത്തിന് ഞാനത് കണ്ടു. ഡെന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നുണ്ട്. ഞാൻ ഒരു ചതി മണക്കുന്നു” തന്നെ ഒഴിവാക്കാനുള്ള ചതിവിദ്യ ആണോ എന്ന് വെങ്കലശ്ശേരിക്ക് സംശയമായി. ഇവിടേയും മലയാളത്തെ വിശദീകരിക്കുന്നത് ഇംഗ്ലീഷാണ് എന്നത് രസകരം.
പാണിനീസൂത്രങ്ങൾ. “പാണിതലാമലകം ആയിരുന്നു എന്ന് തെളിയിക്കാൻ എപ്പോഴും ഒരു നെല്ലിക്കയും കരുതിയിരുന്നു ” എന്ന വിവരണം വായിച്ച് ചിരിക്കാത്തവർ തികച്ചും അരസികരായിരിക്കും
പട്ടത്താനം – എന്നത് വിവരിക്കുന്നത് പട്ടം ദാനം ചെയ്യുക -എന്നാണെങ്കിലും പിറകെ അത്
പട്ട സൗജന്യമായി ദാനം
ചെയ്യുന്ന സാഹസത്തിലെത്തുമ്പോൾ ഫലിതം കാടുകയറുകയല്ല, സമാനോത്സാഹികൾക്ക് കൂടൊരുക്കുകയാണ്.
“സാഹിത്യം ന്യായം വേദാന്തം എന്നിവ ജനഗണമന പോലെ ”
എന്ന സരസപ്രയോഗം വളരെ ഹൃദ്യം തന്നെ. ഇത്രയും ലളിതമായി പാണ്ഡിത്യത്തിൻ്റെ കൊടുമുടികൾ ഇടിച്ചുനിരത്തി, ദേശീയസമതലം നിർമ്മിക്കാൻ തമ്പുരാനുമാത്രമേ സാധിക്കുകയുള്ളു.
ഉദ്ദണ്ഡനെ വീഴ്ത്തിയ
“വീരമർക്കടകമ്പിത” എന്ന കാക്കശ്ശേരിയുടെ പൂരണത്തെപ്പറ്റി ഓർമ്മിപ്പിക്കുമ്പോൾ
ശുപ്പാമണിയെ തോൽപ്പിക്കാൻ മതിയാവുന്ന
“ഗോശ്രീവിശേഷമാസിക ” എന്ന വെങ്കലശ്ശേരിയുടെ പൂരണം ഒട്ടും താഴെ നിൽക്കുന്നില്ല. ഇതിലെ ഓരോ അക്ഷരവും /വാക്കും മുകളിലുള്ള ചോദ്യങ്ങൾക്ക് ഉത്തരമാവുന്നതിലെ വൃത്താലങ്കാരവ്യാകരണയുക്തികൾ അതീവരമണിയവും ആലോചനാമൃതവും തന്നെ .
വീണ്ടും രസക്കുടുക്കകളും രസക്കൂട്ടുകളും കൊത്തിവെച്ചിരിക്കുന്ന തൂണുകളിൽ അത്ഭുതങ്ങൾ സംഭവിക്കുന്നത്
“കമ്പിയില്ലാ കമ്പി ” യിൽനിന്ന് “നമ്പിയില്ലാ നമ്പിയാരെ” കണ്ടെത്തുമ്പോഴാണ്.
അവിടെയും നിൽക്കാതെ ഒരു ദ്വിഭാഷാവൈഭവം നമ്മെ എതിരേൽക്കുന്നത് കാണുക.
“Go ശ്രീ We ശേഷം ”
കാഴ്ച അനുഭവമാവുന്നത്
“ശ്രീ പോവുന്നു “എന്നും
“നമ്മൾ ശേഷിക്കുന്നു” എന്നും നീട്ടിവായിക്കുമ്പോഴാണ്
ചെണ്ടകൊട്ടു പഠിക്കുന്ന വെങ്കലശ്ശേരിയുടെ ശീലമാറ്റത്തിന്നിടയിൽ കണ്ടുമുട്ടുന്ന
“പതികാലം, കൂറ്, കൂറുമാറ്റം, ഇടവട്ടം , കൊട്ടുമ്പോൾ കാട്ടേണ്ട ഗോഷ്ടികൾ ” രസകരമല്ലാതെ ആർക്കും അനുഭവപ്പെടില്ല. കേമന്മാരുടെ തായമ്പൊകപ്രകടനം കണ്ടുപരിചയമുള്ളവർക്കു പ്രത്യേകിച്ചും.
ഉത്സവക്കാലത്തെ കലാപരിപാടികളെപ്പറ്റി പറയുമ്പോൾ “ബാലേ” യിലെത്തുമ്പോൾ
“ബാലേ സുഗ്രീവേ ” തുടങ്ങിയ വ്യാകരണശീലങ്ങൾ രസികന്മാർക്ക് തൃപ്തികരമാവും
“ടൂ ഇൻ വൺ “എന്ന പരിചിതങ്ങളിൽനിന്ന്
“രണ്ടത്തൊന്നൻ ” എന്ന അപരിചിതത്തിലെത്തുമ്പോൾ തമ്പുരാന്നുതന്നെ ആ ബിരുദം ആദരവോടെ കൊടുക്കേണ്ടിവരും.
“ആനപ്പിണ്ടത്തിന്റെ ചൂരുള്ള അടന്തക്കൂറ്” അമ്പലമുറ്റം അശുദ്ധമാക്കുന്നില്ല എന്നു മാത്രമല്ല ശുദ്ധഹാസ്യത്തിൻ്റെ നഭോമണ്ഡലത്തെ ആഹ്ലാദസുഗന്ധത്തിൽ ആറാടിക്കുകയും ചെയ്യുന്നുണ്ട്.
വെങ്കലശ്ശേരി വാദ്യകല പ്രയോഗിക്കുന്നതിന്നു മുൻപെ , ദേവസ്തുതികളായും വ്യക്തിവിവരണങ്ങളായും പ്രകാശിക്കുന്ന രണ്ടു “ടു ഇൻ വൺ” ശ്ലോകങ്ങൾ ഉണ്ട്. രണ്ടും ശ്ലേഷസമ്പന്നവും ഭാവനാപൂർണ്ണവും ആണെന്നു തെളിയുന്നത് അവയെ സന്ദർഭത്തിനൊത്ത് വ്യാഖ്യാനിക്കുന്നതിലെ യുക്തിഭദ്രത കണ്ട് ഞെട്ടുമ്പോഴാണ്.
“മധ്യാഹ്നനിദ്രാസമയേ
മണിനാദം അരോചകം ”
എന്നത് പ്രമാണമായി വരുന്ന സന്ദർഭം വെങ്കലശ്ശേരിയെത്തേടി
ഒരു സന്ദേശവാഹകൻ എത്തുമ്പോഴാണ്.
തുടർന്ന് ഒരു സമസ്യാപൂരണം വിഷയീഭവിക്കുമ്പോൾ
“പട്ടേരിക്ക് പൂരി കഴിച്ച് ശീലം ഉണ്ടെന്നല്ലാതെ സമസ്യ പൂരിപ്പിച്ച ശീലമില്ല ” എന്ന പ്രസ്താവന ഫലിതത്തിൻ്റെ ശലഭവൃത്തത്തിലെ തേൻ തുള്ളിയാവുന്നു.
“ഇഡ്ഡലി വട ദോശ -സ്വാമി മെനുസ്മൃതി ഉരുവിട്ടു ”
“മനുസ്മൃതി”യെ “മെനുസ്മൃതി”യിലേയ്ക്കു മാറ്റിയെഴുതിയത് ഒരു കിടിലൻ വർത്തമാനപദവിന്യാസചാതുരിയുടെ മികച്ച ഉദാഹരണമാണ്.
“വെങ്കലൻ അവിടെ നിൽക്കൂ ഇന്നല്ലേ പൂരണമത്സരം? ഞാൻ ഒരു വഴിപാട് കഴിച്ചിട്ടുണ്ട്. തന്റെ വിജയത്തിന് വേണ്ടി ”
ഇവിടെ ഒരു സഹൃദയനായ ശാന്തിക്കാരൻ്റെ ശുഭകാമനയിൽ അരസികനു പോലും സന്തോഷിക്കാതിരിക്കാനാവില്ല
“കൊച്ചിയിലെ ഓടകൾ പോലെ സമയം ഒരുപാട് കെട്ടിനിന്നു എന്ന നിരീക്ഷണത്തിന്നും ” അയാൾ
ഒരു ഹസ്തദാനം കൊടുക്കും.
“പെരുക്കപ്പട്ടിക പഠിച്ച് തലപെരുക്കാൻ തുടങ്ങി ” എന്നതിലെ ശബ്ദാവർത്തനഭംഗിവിടരുന്നത്
“ഗണിതം ചാപി സാഹിത്യം സരസ്വത്യാസ്തനദ്വയം ” എന്ന മാറ്റിയെഴുത്തിൻ്റെ മാറ്റ് തിരിച്ചറിയുമ്പോഴാണ്. തമ്പുരാന്ന് വി.കെ. എൻ്റെ അനുഗ്രഹം ഉള്ളതായി തോന്നിയാൽ തെറ്റില്ലാ . തമ്പുരാൻതന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. “ചില്ലറക്കാരനെയല്ലല്ലോ അനുകരിക്കുന്നത്. ”
വിധികർത്താവായിവന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന “കാളിദാസൻ എൻ വി കൃഷ്ണവാര്യരുടെ സിംഹാസനത്തിൽ ഇരുന്നു ” എന്നു വായിക്കുമ്പോൾ കൈയടിക്കാത്തവർ സാഹിത്യവുമായി ഒരു ബന്ധവുമില്ലാത്തവർ മാത്രമായിരിക്കും. വി.കെ.എന്നെയെങ്കിലും വായിച്ചവരാണെങ്കിൽ ഒട്ടുംമുഷിയില്ല.
“മൂന്ന് തട്ടുപൊളിപ്പൻ നാടകങ്ങൾ എഴുതിയ കാളിദാസകലാകേന്ദ്ര ” ത്തിലെത്തുമ്പോൾ നാടകവുമായി ഇടപഴകിയവർ അത്ഭുതത്തോടെ എഴുന്നേറ്റു നിൽക്കാതിരിക്കില്ല.
“കേമായിച്ചാൽ ബഹുകേമായി. പട്ടേരിയുടെ അത്ര സാരസ്യം ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ ”
എന്നിടത്തെത്തുമ്പോൾ കുറ്റാന്വേഷണകഥകൾ വായിച്ചുക്ഷീണിച്ചവരും പത്രം വായിക്കുന്നവരും കുടുകുടാ ചിരിക്കും.
ഇതിന്നിടയിൽ നൂറോളം വരികളുള്ള ഒരു “മേൽവിലാസരചനാവിശേഷം” ഉണ്ട് . ഗോശ്രീവിശേഷം പത്രാധിപേർക്കുള്ള കവിതക്കത്ത് രാജ്യവും ദേശവും പരിസരവും സരസമായി വർണ്ണിക്കുന്ന ഒരു കത്തെഴുത്തിൻ്റെ അനന്യമാതൃകയാണത്.
ഇനി ചിരിച്ച് ചിന്തിച്ച് വശംകെടാൻ
ലണ്ടനിലെ ലോകമഹാകവിസമ്മേളനത്തിൽ കുഞ്ചൻനമ്പ്യാർ പങ്കെടുത്ത വിവരണം വായിച്ചാൽ മതി. ആ വിദേശസന്ദർഭത്തിലാണ്
ഗ്രഹാംബെൽ , ബെല്ലടിക്കുന്നത്.
“ഗ്രഹാംബെൽ ടെലിഫോൺ കണ്ടുപിടിക്കാൻ ഇനിയും ഒരു നൂറ്റാണ്ട് കാത്തിരിക്കേണ്ടി വരും ” എന്ന വാക്യത്തിലെ, പിന്നോട്ടുനടന്ന് മുന്നോട്ടാഞ്ഞ് പിടിക്കൽ ആഖ്യാനത്തിലെ ഒരു നവാനുഭവമാണ് . അത് പകർന്നു തരുന്നതാകട്ടെ ശുദ്ധഹാസ്യത്തിൻ്റെ ഒരു സുവർണ്ണമുദ്രയും.
കാളിദാസൻ, കൽഹണൻ, ബിൽഹണൻ, ഭാസ്കരാചാര്യർ തുടങ്ങിയവർ വിധികർത്താക്കളാവുന്നതും
അതിനിടയിൽ ആലപ്പുഴയിലെ കാളിദാസകാലാകേന്ദ്രം പരാമർശിക്കപ്പെടുന്നതും
സ്ഥലകാലങ്ങൾക്കു കുറുകേ സരസഭാവന ചിറകടിക്കുന്നതിൻ്റെ അപൂർച്ചഛായാചിത്രങ്ങളാണ്.
മാങ്ങോട്ടശ്ശേരി കൃഷ്ണൻനമ്പൂതിരിപ്പാടിന്റെ “ചായ ” യെക്കുറിച്ചുള്ള സംസ്കൃതശ്ലോകം ഉദ്ധരിച്ചശേഷം തമ്പുരാൻ പറയുന്ന ഒരു വിവരണം മാത്രം ശുദ്ധഹാസ്യത്തിൻ്റെ അതിരുകൾക്കപ്പുറത്തേക്ക് കടക്കുന്നുവോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. “കലിംഗസർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തരബിരുദസർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിനേടിയ സംസ്കൃതപ്രൊഫസർമാർക്ക് മനസ്സിലാവാനായി ശ്ലോകത്തിന്റെ അർത്ഥം താഴെ കൊടുക്കുന്നു. ” – ഇത് മറ്റൊരു രൂപത്തിൽ അങ്ങനെയുള്ള പ്രൊഫസർമാരെ നോവിക്കാത്തരീതിയിൽ കുറച്ചുകൂടി സൗമ്യമായി പ്രതിപാദിക്കാമായിരുന്നു. ഒരുപക്ഷേ നമ്പ്യാരുടെ അനുഗ്രഹമാവും ഇവിടെ അതിന്നു ധൈര്യം കൊടുത്തത്.
പ്രദക്ഷിണശേഷം മനസ്സിൽ ബാക്കിയായ ചുമർചിത്രങ്ങളിൽ ചിലതുമാത്രമാണിവ. കേട്ടറിഞ്ഞ ശില്പവും ചിത്രവും നേരിൽ കാണാൻ രമേശൻതമ്പുരാൻ്റെ വെങ്കലശ്ശേരിക്കഥകളിലേയ്ക്കു സ്വാഗതം.
രമേശൻ തമ്പുരാൻ, തൃപ്പൂണിത്തുറ, എറണാകുളം: Ph : +91 94464 91384
നല്ല അവലോകനം
മനോഹരം