Logo Below Image
Thursday, May 8, 2025
Logo Below Image
Homeഅമേരിക്കഈസ്റ്റർ- ഫാസ്റ്റിൽ നിന്ന് ഫീസ്റ്റിലേയ്ക്ക് (ഓർമ്മക്കുറിപ്പ്) ✍റോമി ബെന്നി.

ഈസ്റ്റർ- ഫാസ്റ്റിൽ നിന്ന് ഫീസ്റ്റിലേയ്ക്ക് (ഓർമ്മക്കുറിപ്പ്) ✍റോമി ബെന്നി.

റോമി ബെന്നി.

വലിയ നൊയമ്പെന്നറിയപ്പെടുന്ന അൻപതു നോൻമ്പിനു ശേഷം ക്രിസ്ത്യാനികൾ ആഘോഷിക്കുന്ന ഈസ്റ്റർ പ്രത്യാശയുടെ ഉത്സവമാണ് . കഷ്ടപ്പാടിനും , അപമാനത്തിനും, ഒറ്റപ്പെടുത്തലുകൾക്കുമൊടുവിൽ ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടെന്നു പ്രത്യാശ നൽകുന്ന ഉണർവിൻ്റെ ആഘോഷം.

ദൈവപുത്രൻ്റെ ഉത്ഥാന ദിനം ഒരു മഹോത്സവമായി കൊണ്ടാടിയിരുന്ന എൻ്റെ ബാല്യ, കൗമാര യൗവ്വനാരംഭ ഓർമകളിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം.

ഏതു പെരുന്നാളും അടുക്കളയുമായി ബന്ധപ്പെട്ടതാണ്. ഗന്ധത്തിന് ഓർമ്മകളിൽ അഭേദ്യസ്ഥാനമുള്ളതു കൊണ്ട് ഇന്നും നാസാരന്ധ്രങ്ങളിലൂടെ ഓർമ്മകൾ തലച്ചോറിനെ ഉണർ ത്താറുണ്ട്. അതുകൊണ്ട് അടുക്കള വിഭവങ്ങളുമായി ബന്ധപ്പെട്ടതാണ് കറികളുടെ സുഗന്ധമുള്ള എൻ്റെ ഓർമക്കുറിപ്പ്.
ഓർമകൾക്ക് എന്നും സുഗന്ധമാണല്ലോ വേണ്ടതും.

ഞങ്ങൾ കൊച്ചിയിലെ ഒരു കുഗ്രാമത്തിൽ ജനിച്ചു വളർന്നവരാണ്. നാട്ടിൽപുറത്തെ നന്മകൾ നന്നായി അനുഭവിച്ചാസ്വദിച്ചവരാണ്.

നെൽക്കൃഷി ഉള്ളതിനാൽ അരിയും പിന്നെ കറിയായി വീട്ടിൽ തന്നെ വളർത്തുന്ന താറാവും, കോഴിയും, പാടത്തു കൃഷിയില്ലാത്ത സമയത്ത് പുഴയിൽ നിന്ന് വെളളം കയറ്റി യിറക്കി പിടിച്ചെടുക്കുന്ന ചെമ്മീനും , ചെമ്മീനെ ഭക്ഷിച്ചു ജീവിക്കുന്ന ഇതര മത്സ്യങ്ങളും, പറമ്പിലെ പച്ചക്കറികളും ഭക്ഷിച്ചു വളർന്ന ഭാഗ്യവാന്മാരാണ്.

ചുരുക്കത്തിൽ തീപ്പെട്ടിയും , ഉപ്പും പഞ്ചസാരയും, കാശു കൊടുത്ത് വാങ്ങിയാൽ മതിയെന്ന കാലം.
മല്ലി , തേയില തുടങ്ങിയവയും വാങ്ങുമായിരുന്നു. അടുക്കളയിലേയ്ക്ക് വേണ്ട പൊടിവർഗങ്ങളൊക്കെ കഴുകി ഉണക്കി പൊടിച്ചു മാത്രം ഉപയോഗിച്ചിരുന്നു.

ഈസ്റ്റർ ദിനത്തിൽ ഞങ്ങളുടെ വീട്ടിലെ ഭക്ഷണ രീതി ഒന്നു പരിചയപ്പെടുത്തുകയാണിന്നത്തെ ഓർമ്മക്കുറിപ്പിൽ.

ഒരു വിഭവത്തിൻ്റെ റെസിപ്പിയെങ്കിലും തരണമെന്നുണ്ട്. പക്ഷേ, വിസ്താരഭയം കൊണ്ട് അത് ഒഴിവാക്കാം.

വിശേഷാവസരങ്ങളിൽ അതായത് ഈസ്റ്റർ, ക്രിസ്തുമസ് ,കല്യാണം, മാമ്മോദിസ , മനസമ്മത കല്യാണം . എന്നിങ്ങനെയുള്ള അവസരങ്ങളിൽ ഞങ്ങൾ പരമ്പരാഗത ഭക്ഷണരീതി ഇന്നും തുടരുന്നു. അതിൽ ക്രിസ്തുമസ്, ഈസ്റ്റർ ദിനങ്ങളിൽ വീട്ടിൽ തന്നെ പാചകം ചെയ്യാനും കേറ്ററിംഗ് ഉപേക്ഷിക്കാനും ശ്രദ്ധിക്കാറുണ്ട്.

മുറ്റത്ത് പന്തൽ കെട്ടി, വീടിന്റെ പിൻപുറത്ത് കലവറ എന്ന സ്ഥലം ഒരുക്കി നാട്ടുകാരും, വീട്ടുകാരും സഹകരിച്ച് കല്യാണാഘോഷം നടത്തിയിരുന്ന ഞങ്ങളുടെ വിവാഹ കാലഘട്ടത്തിൽ നിന്ന് ഹാളും, കേയ്റ്റി റിംഗും , ബുഫേയും ഒക്കെ മക്കളുടെ വിവാഹ കാലമായ പ്പോൾ മാറ്റങ്ങൾ വന്നെങ്കിലും വിഭവങ്ങൾ പഴയ പടി തന്നെ തുടരാൻ ഞങ്ങൾ പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു .

വീട്ടിലാണെങ്കിൽ ബുഫേ പരിപാടിയില്ല. പകരം ഒരാൾക്ക് മൂന്ന് പ്ലേയ്റ്റ് മാറ്റുന്ന സമ്പ്രദായം ഇന്നും ഞങ്ങൾ തുടരുന്നു.

ഇരുപത്തിയഞ്ച് ദിവസം പച്ചക്കറി മാത്രം കഴിച്ച് കാത്തിരിക്കുന്ന ക്രിസ്തുമസിനും, അൻപത് ദിവസം നോൺവെജ് ഉപേക്ഷിച്ച് നോമ്പെടു ത്തു സ്വീകരിക്കുന്ന ഈസ്റ്റർ ദിനത്തിലും ഞങ്ങൾ തയ്യാറാക്കുന്ന ഭക്ഷണ രീതിയെ ഗ്രാമീണരെങ്കിലും ഡിഷും കോഴ്സും എന്നാണ് പണ്ടു മുതലേ വിളിക്കുന്നത്. പുതിയ വിഭവ പരീക്ഷണങ്ങൾക്ക് ഇന്നും ഈ ദിനത്തിൽ പ്രവേശനം നൽകിയിട്ടില്ല.

അച്ചൻമാരും, കന്യാസ്ത്രീകളും, വിദേശത്തു നിന്നൊക്കെ പഠിച്ചു വന്നു കഴിഞ്ഞാൽ പിന്നെ സ്പൂൺ, ഫോർക്ക്, നൈഫ് അകമ്പടിയോടെയാണ് ഞങ്ങൾ പണ്ടൊക്കെ ഭക്ഷണം വിളമ്പിയിരുന്നത്. ഇതൊന്നുമില്ലാത്ത പാവപ്പെട്ടവർ അച്ചന്മാർ കുടുംബ സന്ദർശനത്തിനു വരുന്ന ദിനം നമ്മുടെ വീട്ടിലേയ്ക്ക് ഓടി വന്നു കത്തിയും, മുള്ളും, ഫോർക്കും കടമായി വാങ്ങി ഓടി പോകുന്നത് കുട്ടിക്കാല ഓർമയിലുണ്ട്.

കുടുംബത്തിൽ അന്നത്തെ കാലത്ത് ധാരാളം അച്ചന്മാരും സിസ്റ്റേഴ്സും ഉണ്ടായിരു ന്നതുകൊണ്ട് അവരോടൊപ്പം ഭക്ഷണം കഴിക്കേണ്ടതുള്ളതു കൊണ്ടും, കുട്ടികളായിരുന്ന ഞങ്ങളെയും ഫോറിൻ സ്റ്റയിൽ ഭക്ഷണരീതി 40 -50 വർഷങ്ങൾക്കു മുമ്പേ മാതാപിതാക്കൾ പരിശീലിപ്പിച്ചിരുന്നു എന്നത് പൊങ്ങച്ചം പറച്ചിലല്ല സത്യമായിട്ടുള്ള കാര്യമാണ്.

വിദേശികളായ സന്യസ്തർ, ഇവരോടൊപ്പം ഭക്ഷണത്തി നുണ്ടെങ്കിൽ വിരലുകളിൽ ചാറും ചോറുമൊക്കെ കുഴച്ചു ഉരുട്ടി കഴിക്കാൻ പാടില്ല എന്ന നിർദ്ദേശവും തന്നിരുന്നു . ഇങ്ങനെ കൈയ്യിൽ നിന്നു പീച്ചിക്കൂട്ടി ഒഴുകി വരുന്നതു കണ്ടാൽ കൂടെയിരിക്കുന്നവർ ഛർദ്ദിക്കുമത്രെ.

മൂന്നു പ്ലേയ്റ്റ് രീതിയിലാണ് ഭക്ഷണം വിളമ്പുന്നത്. അറിയാത്തവർക്കായി അതെന്തെന്നു പറയാം .

ആദ്യം ഫിഷ് മോളിയും അപ്പവും, വിളമ്പും. അത്രയും ഫ്രെഷായ കരിമീൻ, അല്ലെങ്കിൽ കണമ്പ് വറുത്ത് തേങ്ങപ്പാൽ ചേർത്ത് ഉണ്ടാക്കുന്ന എരിവു കുറഞ്ഞ വിഭവം (മീൻഒരു പ്ലെയിറ്റ് നിറഞ്ഞു നിൽക്കുന്ന വലിപ്പത്തിൽ ) ഒരാൾക്കു നൽകും.

അതു കഴിച്ചു കഴിഞ്ഞാൽ ആ പ്ലെയിറ്റു മാറ്റി അടുത്തതിൽ മീറ്റ്കട് ലേറ്റ് (ഉരുളക്കിഴങ്ങ് കുറച്ചു മാത്രം ചേർത്ത് മീറ്റ് അധികമായിട്ടുള്ളത് ) അതിനു സൈഡിയിലായി സവാളയും പച്ചമുളകും തക്കാളിയും കൊത്തിയരിഞ്ഞ് ഭംഗിയായി അലങ്കരിച്ചുവെയ്ക്കും.

പിന്നെ കോഴി അല്ലെങ്കിൽ താറാവ്. അത് പുഴുങ്ങി വറുത്ത് അവസാനം മസാല ചേർത്ത് തേങ്ങാപ്പാൽ കട്ടിയിൽ ഒഴിച്ചു കുറുക്കി ഗ്രേവിയാക്കിയ ഒരു വലിയ പീസ്. അതിനരികിൽ വെണ്ടയ്ക്ക മുഴുവനായി ഉപ്പും , കുരുമുളകും, മഞ്ഞളും, പുരട്ടി എണ്ണയിൽ വാട്ടിയെടുത്തത് സൈഡ് ഡിഷ്ആയി വെയ്ക്കും.

അടുത്തത് പോർക്ക് ഒരു പീസ്. ചതുരത്തിൽ മുറിച്ച് ഗ്രേവി അധികമില്ലാതെ മഞ്ഞയും വെള്ളയും കലർന്ന നിറത്തിൽ പാചകം ചെയ്ത് വെയ്ക്കും. അതിന്റെ സൈഡ് ഡിഷ് വളരെ രുചികരവും കഴിച്ചതെല്ലാം ദഹിപ്പിക്കുന്ന ഒരു സോസാണ്. അഞ്ചു തരം സാധനങ്ങൾ ചേർത്ത് അരച്ചുണ്ടാക്കുന്നതാണിത്. കടുക് കൂടുതൽ ഉള്ളതിനാൽ മസ്റ്റേർഡ് എന്നാണു പറയുന്നത്. നാട്ടുമ്പുറത്ത് മുസാഡ്ത് എന്നാണ് സാധാരണക്കാർ ഇതിനെ വിളിക്കുന്നത് . ഇത് പോർക്ക് പീസിന് അരികിൽ ഒഴിച്ചു വിളമ്പും.

ആദ്യ പ്ലേറ്റിലെ മീൻ മോലിക്കും , രണ്ടാമത്തെ പ്ലേറ്റിലെ മൂന്നു ഐറ്റത്തിനും കൂടെ കഴിക്കാൻ മേശ യുടെ നടുവിൽ അപ്പവും, നാട്ടിലെ ബേക്കറിയിൽ ഉണ്ടാക്കുന്ന നേർമ്മയുള്ള ബ്രെഡും വെക്കും. ഇത് നമ്മൾ തന്നെ മുറിച്ച് വെയ്ക്കണം.

ഇനി മൂന്നാമത്ത പ്ലേയ്റ്റ് മലയാളികളുടെ ഇഷ്ട ഭക്ഷണമായ അരി വിഭവമാണ്. എന്തു കഴിച്ചാലും ഒരു പിടി ചോറ് കഴിച്ചില്ലെങ്കിൽ തൃപ്തി വരാത്ത ആളുകൾക്കു വേണ്ടി ചോറും കറികളും അടങ്ങിയ പ്ലേറ്റ്. രണ്ടുതരം പച്ചക്കറി തോരൻ (ഞങ്ങൾ ഉലർത്തിയത് എന്നു പറയും) കാളൻ, മീൻകുടമ്പുളിയിട്ടു വറ്റിച്ചത്, ഇറച്ചി വരട്ടിയത് , വിന്താലു എന്ന അച്ചാർ പോലുള്ള നോൺ വെജ് വിഭവം, ചെമ്മീൻ വറുത്തത്. ഇതെല്ലാം പാത്രത്തിൽ വിളമ്പി വെച്ചിട്ടാണ്. കൊടുക്കുന്നത്.

അവസാനം പൈനാപ്പിൾ പീസോ അല്ലെങ്കിൽ കസ്റ്റേർഡ് കാച്ചി ഫ്രൂട്ട് സാലഡിൽ ചേർത്തോ കപ്പിൽ വിളമ്പി നൽകും.

പഴയ തലമുറ മൂന്നും പ്ലെയിറ്റിലെഭക്ഷണവും ഡെസേർട്ടും ആസ്വദിച്ചു കഴിച്ചപ്പോൾ ഇന്നത്തെ തലമുറ ഏതെങ്കിലുമൊരു പ്ലേയിറ്റ് ഉപക്ഷിക്കുന്നു.

ഇതൊക്കെയാണ് വിശേഷാവസരങ്ങളിൽ ഞങ്ങളുടെ പാചക രീതി . ഇതെല്ലാം ഞങ്ങൾക്ക് ഇഷ്ട വിഭവങ്ങളുമാണ്.

ആദ്യം പറഞ്ഞ ഫിഷ് മോളിക്കു പകരം സ്റ്റൂ കൊടുക്കുന്ന രീതിയും ഉണ്ട്.
കല്യാണത്തിനു മുൻപേ ഞങ്ങൾ പെൺമക്കൾ ഇതെല്ലാം കണ്ടും കേട്ടും പഠിച്ചു വെയ്ക്കും. ഇനി ഞങ്ങളുടെ തലമുറയോടെ ഇതൊക്കെ അന്യം നിന്നു പോകും. കാരണം ഈ രീതിയിൽ വീട്ടിൽ തയ്യാറാക്കാൻ ഇനി വരുന്ന തലമുറയ്ക്ക് താൽപര്യമില്ല, സമയവുമില്ല. എന്തിനും സഹായിയായി യൂട്യൂബ് ഉള്ളതിനാൽ അമ്മമാരുടെ പരമ്പരാഗത രുചിക്കൂട്ട് അവരുടെ രസമുകുളങ്ങൾ താനേ മറന്നു തുടങ്ങും.

വാൽക്കഷണം :

ഇത്രയൊക്കെ വിഭവങ്ങൾ വർഷത്തിൽ ഒന്നോ രണ്ടോ തവണ കുടുംബത്തിന് വേണ്ടി ഉണ്ടാക്കി വിളമ്പുമ്പോൾ അതൊരു ജോലിഭാര മായി തോന്നാറില്ല എന്നതും , രുചിക്കുമ്പോൾ കേൾക്കുന്ന നല്ല വാക്കുകൾ മനസിൽ കുളിർ മഴ പെയ്ത് അതുവരെ അനുഭവിച്ച ചൂടും വിയർപ്പും ഓടി മാറി മറഞ്ഞ് എന്തെന്നില്ലാത്ത ഒരു സംതൃപ്തി ലഭിക്കുകയും ചെയ്യും. ഈ രീതിയെല്ലാം പഠിപ്പിച്ചു തന്ന മാതാപിതാക്കളെ സ്മരിച്ചു കൊണ്ട് ..

ഏവർക്കും പ്രത്യാശയുടെ, ഉയർത്തെഴുന്നേൽപ്പു പെരുന്നാൾ ആശംസ നേരുന്നു.

റോമി ബെന്നി ✍

RELATED ARTICLES

12 COMMENTS

  1. പരമ്പരാഗത ഭക്ഷണരീതിയെ കുറിച്ചുള്ള അനുഭവ വിവരണം ഗംഭീരമായി.
    നല്ല അവതരണം.
    ഒഴുക്കോടെ യുള്ള എഴുത്ത്..
    മലയാളി മനസ്സിലെ വായനക്കാർക്ക് ഈസ്റ്റർ ആശംസകൾ

  2. നാട്ടറിവുകളുടെ നാടൻ മണമുള്ള എഴുത്ത്.ഓർമ്മകൾ കുറേ പിറകിലേക്ക് നടത്തി. ജാതിയുടെയും മതത്തിന്റെയും വർഗ്ഗ വർണ്ണങ്ങളുടെയും ഭേദങ്ങൾ ഇല്ലാതെ ഈസ്റ്ററും ഓണവും ബക്രീദും ഉത്സവങ്ങളും പെരുന്നാളുകളും എല്ലാം ഞങ്ങളുടെതായിരുന്നു. നമ്മുടെ പള്ളിയിലെ പെരുന്നാൾ നമ്മുടെ അമ്പലത്തിലെ ഉത്സവം അങ്ങനെയായിരുന്നു നാട്ടുപറച്ചിൽ…. ഭക്ഷണവും സ്നേഹവും സങ്കടങ്ങളും സന്തോഷവും ഒക്കെ പരസ്പരം പങ്കിട്ടിരുന്ന കാലം…. ഇന്ന് ഓർമ്മകൾ ഒക്കെ അയവിറക്കലുകൾ മാത്രമായി. ഓരോരുത്തരും എന്നിലേക്കും ഞങ്ങളിലേക്കും ചുരുങ്ങി…. ഏതായാലും നല്ല വായനാനുഭവം …..

  3. കൊള്ളാല്ലോ അടിപൊളി.തുടർന്നും ഇതുപോലെ ഉള്ള ഓർമക്കുറിപ്പുകൾ പ്രതീക്ഷിക്കുന്നു ❤️

  4. ഓർമ്മകൾക്കെന്തു സുഗന്ധം.
    റോമി ബെന്നി എഴുതിയ ഈ ഈസ്റ്റർ സ്പെഷ്യൽ ഒരു വിരുന്നുതന്നെയായിരുന്നു..
    ഒരുപാട് ഓർമ്മകളും രുചികളും മനസ്സിൽ വന്നു. റോമി ബെന്നി അസാധ്യ എഴുത്തുകാരിയാണ് . ,അനുഗ്രഹീത . .ഈ ഈസ്റ്റർ ഓർമ്മക്കുറിപ്പും വളരെ ഹൃദ്യമായിരുന്നു. എഴുത്തുകൾക്കായി കാത്തിരിക്കുന്നു .

  5. ഞാനും ആ 3 പ്ലേറ്റ് ഭക്ഷണത്തിൽ കൂടി കൂട്ടത്തിൽ ഓർമ്മകളും . ഈസ്റ്റർ ആശംസകൾ

  6. Dear Romy what a write up it is!, Very good, പഴയകാല ഓർമകൾ വല്ലാതെ കടന്നുവന്ന അനുഭവം, ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും കാലമായിരുന്നിട്ടും ആക്കാലത്തു നടന്നിരുന്ന ക്രിസ്ത്യൻ കല്യാണങ്ങളിലെല്ലാം , ഫിഷ്‌മോളിയും വെള്ളെപ്പവും കിട്ടിയില്ലെങ്കിലും ആദ്യ പ്ലേറ്റിൽ ബ്രെഡും സ്ട്ടൂവും കിട്ടുമായിരുന്നു, കുറച്ചുകൂടി സമ്പത്തീകമായി മെച്ചപ്പെട്ട കുടുംബമാണെങ്കിൽ റോമി വിവരിച്ചപോലെ തന്നെ വിളമ്പുമായിരുന്നു, അന്ന് സൈഡ് ഡിഷ്‌ ആയി ബീറ്റ്റൂട്ട് വട്ടത്തിൽമുറിച്ച ഒരു പീസ് ഉണ്ടാകുമായിരുന്നു, ഇത് ഒട്ടും ഇഷ്ടമല്ല എന്നാൽ കളയാൻ മനസ്സില്ല അതിനാൽ ആദ്യം തന്നെ വെണ്ടകയും ബീറ്റ്‌റൂട്ടും കണ്ണുമടച്ചു അങ്ങ് തിന്നും , ആ കാലമെല്ലാം നല്ലൊരു ഓർമയായി ഈ ദൃസാക്ഷി വിവരണത്തിലൂടെ ലഭിച്ചു. എഴുതാനുള്ള കഴിവ് നല്ലപോലെ ഉണ്ട്. Kerp it up, God bless you.

  7. 😋🥰ഇത്തരത്തിലുള്ള മൂന്നു പ്ലേറ്റ് ഈസ്റ്റർ വിഭവങ്ങൾ ഒരിക്കലെങ്കിലും ആസ്വദിക്കാൻ ആയെങ്കിൽ …..

    ഒരിക്കലും അറിഞ്ഞിരുന്നില്ല.സത്യായിട്ടും ഇങ്ങനെയൊന്നും അറിഞ്ഞിരുന്നില്ല.😄

    സൂപ്പറായിട്ടുണ്ട് റോമി .❤️❤️❤️

  8. എഴുത്ത് നന്നായിട്ടുണ്ട് റോമി ബെന്നി വീണ്ടുമെഴുതുക

  9. ഈസ്റ്റർ ദിനത്തിലെ വീട്ടിലെ ഭക്ഷണ രീതിയെ അറിയാൻ സാധച്ചതിൽ സന്തോഷം. എനിക്ക് ഇത് ഒരു പുതിയ അറിവാണ്. എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടമായത് അവസാനത്തെ വരികൾ ആണ്.”ഈ രീതിയെല്ലാം പഠിപ്പിച്ചു തന്ന മാതാപിതാക്കളെ സ്മരിച്ചു കൊണ്ട് “. എൻ്റെ കുട്ടികൾക്ക് സദ്യ ഉണ്ടാക്കികൊടുക്കുമ്പോൾ ഇതേ സ്മരണയാണ് എൻ്റെ മനസ്സിലും.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ