മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം. ഒരാഴ്ച കൂടി ദൈവവചനവുമായി എല്ലാവരുടെയും അടുത്തെത്താൻ സാധിച്ചതിനു ദൈവത്തിനു മഹത്വം.
1 കൊരിന്ത്യർ 8-3
“ഒരുത്തൻ ദൈവത്തെ സ്നേഹിക്കുന്നുവെങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു ”
ദൈവം മനുഷ്യരെ തന്റെ രൂപത്തിലും സാദ്യശ്യത്തിലും ഭൂമിയിലേയ്ക്ക് ദൈവം തന്റെ പ്രതിനിധികളായാണ് സൃഷ്ടിച്ചത്. യേശു ജീവിതത്തിൽ ചെയ്ത നന്മകളുടെ സൽഗുണങ്ങളെ ഘോഷിപ്പാനാണെന്ന് രക്ഷിക്കപ്പെട്ടു കഴിയുമ്പോൾ നാം മനസ്സിലാക്കണം. ജീവിത ദൗത്യം മനസ്സിലാകാത്ത മനുഷ്യൻ സ്വയവും, മറ്റുള്ളവർക്കും അപകടകാരിയാണ്. കാരണം നാവിൽ നിന്ന് വരുന്ന ഓരോ വാക്കുകൾക്കും രക്ഷിക്കാനും, ശിക്ഷിക്കാനും കഴിവുണ്ട്.
സങ്കീർത്തനങ്ങൾ 90–1
“കർത്താവെ നീ തലമുറ തലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു ”
പിതാവ് യേശുവിനെ അയച്ചതുപോലെ യേശു തെരെഞ്ഞെടുക്കപ്പെട്ടവരെയും അയച്ചിരിക്കുന്നത്. യേശുവിനു നമ്മുടെ കഴിവോ, ശക്തിയോ വേണ്ട, നമ്മുടെ ജീവിതം തന്നെ യാഗമായി കൊടുത്താൽ മതി,യേശു ഈ ലോകത്തിൽ മക്കളെ ഉന്നതരാക്കുമെന്ന വാഗ്ദത്തം നിറവേറ്റും.
പൗലോസ് അപ്പോസ്തോലൻ 70,000 കിലോമീറ്റർ നടന്നാണ് സുവിശേഷം അറിയിച്ചത്. അന്ന് പായ്ക്കപ്പലാണ്, വണ്ടിയില്ല, ബൈബിളില്ല, യേശുവിന്റെ കൂടെ നടന്നിട്ടില്ലെങ്കിലും,താൻ രുചിച്ചറിഞ്ഞ യേശുവിനെയാണ് പ്രസംഗിച്ചതും, മറ്റുള്ളവർക്ക് വീണ്ടെടുക്കാൻ സഹായിച്ചതും. അന്ന് ദൈവത്തെ അറിഞ്ഞവർ ഇത്രയൊക്കെ ചെയ്തെങ്കിൽ ഇന്ന് നാമും സുവിശേഷത്തിനായി വലിയ കാര്യങ്ങൾ ചെയ്യണം.
യോഹന്നാൻ 1-12
“അവനെ കൈക്കൊണ്ട് അവന്റ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവ മക്കളാകുവാൻ അവൻ അധികാരം കൊടുത്തു ”
സുവിശേഷം പറഞ്ഞുവെന്ന കാരണത്താൽ എത്രയോ സ്ഥലങ്ങളിൽ ദൈവ ദാസന്മാർ പീഡനങ്ങൾ നേരിടുന്നു. ഈ ഭൂമിയിൽ നമ്മൾ ജീവിക്കുമ്പോൾ സ്വർഗ്ഗരാജ്യത്തിന്റെ അധികാരമറിഞ്ഞു വേണം ജീവിക്കുവാൻ. നമ്മളായിരിക്കുന്ന ഇടങ്ങളിലൊക്കെ ദൈവത്തിന്റെ പ്രതി പുരുഷന്മാരായിരിക്കണം. നമ്മൾ അനുഗ്രഹം അനുഭവിക്കാൻ വിളിക്കപ്പെട്ടവരാണ്. ഏലിയാവിന്റെ കാക്കയിപ്പോളും ദൈവമക്കൾക്കായി പറന്നു കൊണ്ടിരിക്കുന്നു.
ഫിലിപ്പിയർ 4-13
“എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിലും മതിയാകുന്നു ”
പ്രാർത്ഥനയാണ് ജീവിതത്തിൽ വേണ്ട പ്രധാന ഘടകം. ജീവിതത്തിലൊരു പ്രതീക്ഷയുമില്ലാതെ മരണത്തെ മുഖാമുഖം കാണുന്നവരോട് ആശ്രയമായി സുവിശേഷം പറഞ്ഞു ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നയെത്രയോ സാക്ഷ്യങ്ങൾ നമ്മൾ ദിനംപ്രതി കേൾക്കുന്നത്. വ്യക്തിപരമായ അനുഗ്രഹിക്കപ്പെടാൻ പ്രധാനമായും വേണ്ടത് ജീവിതത്തിൽ വിശ്വസ്ഥരായിരിക്കണമെന്നതാണ്. യേശു ഹൃദയത്തിലുള്ളവർ ബലഹീനരല്ല ബലവാന്മാരാണ്.
കാറും കോളും വന്നപ്പോൾ, യേശു മാത്രം ചലിച്ചില്ല, പത്രോസ് വീഴാൻ പോയപ്പോൾ യേശു രക്ഷിക്കുകയും ചെയ്തു. എങ്കിലും പത്രോസ് വിശ്വാസത്തോടെ സ്റ്റെപ്പ് വെയ്ക്കാൻ തയ്യാറായി. അതാണ് യേശു നമ്മളിൽ നിന്ന് ആഗ്രഹിക്കുന്നത്. അതേപോലെ സുവിശേഷത്തിന്റെ താക്കോൽ വിശ്വസ്ഥനെന്ന് കണ്ടു പത്രോസിനാണ് യേശു കൊടുത്തത്.
2 കൊരിന്ത്യർ 1-10
“ഇത്ര ഭയങ്കര മരണത്തിൽ നിന്നു ദൈവം ഞങ്ങളെ വിടുവിച്ചു. വിടുവിക്കുകയും ചെയ്യും, അവൻ മേലാലും വിടുവിക്കുമെന്ന് ഞങ്ങൾ അവനിൽ ആശവച്ചുമിരിക്കുന്നു”
ആദ്യത്തെ 40വർഷം മോശെ യിസ്രായേൽ മക്കളെ മരുഭൂമിയിൽ കൂടി നടത്തിയപ്പോൾ മോശെ തന്റെ കഴിവുകളാണെന്ന് വിചാരിച്ചു. എന്നാൽ പ്രതികൂലങ്ങൾ വന്നപ്പോൾ മനസ്സിലായി തന്റെ കഴിവുകൊണ്ടല്ല ദൈവം നടത്തുന്നതാണ്. മോശെ എപ്പോൾ താൻ ആരുമല്ലെന്ന് വിചാരിച്ചോ അന്ന് ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായി.
ഈ വചനങ്ങളാലെല്ലാം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ദൈവം സ്നേഹമാണ്. ആമേൻ 🙏🙏