Saturday, December 28, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – ഏപ്രിൽ 01, 2024 തിങ്കൾ

വാർത്തകൾ ഒറ്റനോട്ടത്തിൽ – ഏപ്രിൽ 01, 2024 തിങ്കൾ

കപിൽ ശങ്കർ

🔹പമ്പാവാലി തുലാപ്പള്ളിയിൽ കാട്ടാനാക്രമണത്തിൽ മരിച്ച വട്ടപ്പാറ പുളിയൻകുന്ന് മലയിൽ ബിജു(52)വിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ സ്ഥലത്ത് എത്തിയതിനു ശേഷമാണ് മൃതദേഹം കൊണ്ടുപോകാൻ നാട്ടുകാർ അനുവദിച്ചത്. ഓട്ടോഡ്രൈവറായിരുന്ന ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായമായി അനുവദിച്ചതായി കളക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു. കൂടുതൽ സഹായത്തെ കുറിച്ച് പരിശോധിക്കാൻ തഹസീൽദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രമോദ് നാരായൺ എം.എൽ.എ.യും സ്ഥലത്തെത്തിയിരുന്നു.

🔹വിശാഖപട്ടണത്തെ ഒരു പോളിടെക്‌നിക് കോളേജിലെ 17 കാരിയായ വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് താന്‍ കോളേജില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്നും ഉപദ്രവിച്ചവര്‍ തന്റെ ഫോട്ടോയെടുക്കുകയും അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാല്‍ പരാതിപ്പെടാന്‍ കഴിയില്ലെന്നും സഹോദരിക്ക് സന്ദേശമയച്ചാണ് പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്.

🔹കോഴിക്കോട്: വില്‍പനക്കായി എത്തിച്ച ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളിയെ പൊലീസ് പിടികൂടി. പശ്ചിമ ബംഗാള്‍ ഡുംഗോല്‍ സ്വദേശി മീറ്റു മുണ്ടോലി (33) നെയാണ് വടകര എസ് ഐ ധന്യാകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 4.5 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തിട്ടുണ്ട്.വടകരയിലും പരിസര പ്രദേശങ്ങളിലും വില്‍പന നടത്തുന്നതിനായാണ് ഇയാള്‍ ബ്രൗണ്‍ഷുഗറുമായി എത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആലുവയില്‍ നിന്നും വരികയായിരുന്ന പ്രതിയെ വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

🔹വയനാട് ∙ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. കെ.ഇ.ഫെലിസ് നസീർ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്.ആശുപത്രി ക്യാംപസിലെ വസതിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജനറൽ സർജറി വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്. വൈകിട്ട് അത്യാഹിത വിഭാഗത്തിൽ കൊണ്ടുവന്നെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.

🔹മരണാനന്തരം കണ്ണുകൾ ദാനംചെയ്ത് നടൻ ഡാനിയൽ ബാലാജി. അടുത്ത ബന്ധുക്കൾ അറിയിച്ചതാണ് ഇക്കാര്യം. വെള്ളിയാഴ്ച രാത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു
ഹൃദയാഘാതത്തേ തുടർന്ന് ഡാനിയൽ ബാലാജി അന്തരിച്ചത്. അതേസമയം സിനിമാ മേഖലയിലെ നിരവധി പേർ ഡാനിയൽ ബാലാജിക്ക് ഇപ്പോഴും ആദരാഞ്ജലിയർപ്പിച്ചുകൊണ്ടിരിക്കുകയാണ്.

🔹ക്രിക്കറ്റിലെ ‘മാച്ച് ഫിക്‌സിങ്’ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നടത്താന്‍ നരേന്ദ്ര മോദി ശ്രമിക്കുകയാണെന്ന് ഇന്ത്യ സഖ്യ റാലിയില്‍ രാഹുല്‍ ഗാന്ധി. അമ്പയര്‍മാരെ മോദി വശത്താക്കിക്കഴിഞ്ഞു. രണ്ട് കളിക്കാരെ ഇതിനകം ജയിലഴിയ്ക്കുള്ളിലാക്കി. വോട്ടിങ് മെഷീനും മാച്ച് ഫിക്‌സിങ്ങും സാമൂഹിക മാധ്യമങ്ങളും ഇല്ലാതേയോ മാധ്യമങ്ങളെ സമ്മര്‍ദത്തിലാക്കാതേയോ ബിജെപിക്ക് 180-ല്‍ അധികം സീറ്റ് നേടാനാകില്ലെന്നും രാഹുല്‍ പറഞ്ഞു.

🔹ഭഗവാന്‍ രാമന്‍ സത്യത്തിനു വേണ്ടി പോരാടുമ്പോള്‍ അദ്ദേഹത്തിനു പണമോ അധികാരമോ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ രാവണന് പണവും അധികാരവും സൈന്യവുമുണ്ടായിരുന്നുവെന്നും ഇന്ത്യാ സഖ്യ റാലിയില്‍ പ്രിയങ്ക ഗാന്ധി. സത്യം, പ്രതീക്ഷ, വിശ്വാസം, ക്ഷമ, ധൈര്യം എന്നിവയായിരുന്നു ഭഗവാന്‍ രാമനുണ്ടായിരുന്നതെന്ന് പ്രിയങ്ക പറഞ്ഞു.

🔹സംസ്ഥാനത്ത് ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം. തിരുവനന്തപുരത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തുമ്പ എന്നിവിടങ്ങളിലെല്ലാം കടല്‍ കയറി. ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലാക്രമണം അനുഭവപ്പെട്ടത്. തൃശൂരില്‍ പെരിഞ്ഞനത്തും കൊല്ലത്ത് മുണ്ടയ്ക്കലിലാണ് കടലാക്രമണം.

🔹വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയില്‍ ഇന്ന് മുതല്‍ പുതിയ നിരക്ക്. കുതിരാന്‍ ഇരട്ട തുരങ്കങ്ങളില്‍ ഒന്ന് താല്‍ക്കാലികമായി അടച്ച സാഹചര്യത്തില്‍ നിരക്ക് ഉയര്‍ത്തുന്നത് പരസ്യമായ വെല്ലുവിളി ആണെന്നാണ് യാത്രക്കാരുടെ പരാതി. പണി പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കരുതെന്ന പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കെ ആണ് നിരക്ക് വര്‍ദ്ധന.

🔹പെന്‍ഷന്‍ വാങ്ങാന്‍ ഇനി പൊന്നമ്മയില്ല. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇടുക്കി വണ്ടിപ്പെരിയാറില്‍ റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച 90കാരി പൊന്നമ്മ മരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെയായിരുന്നു അന്ത്യം.

🔹മാര്‍ച്ച് 12ന് മരിച്ച നിലയില്‍ കണ്ടെത്തിയ പത്തനംതിട്ട കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിന്റെ ആത്മഹത്യയ്ക്ക് കാരണം രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. അടൂര്‍ ആര്‍ഡിഒ ആണ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സമ്മര്‍ദം ഏത് രാഷ്ട്രീയ കക്ഷിയുടേതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷി നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു.

🔹പിതാവിനെ കാണാന്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തിയ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. പ്രതി പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി. സിംനയുടെ കഴുത്തിലും പുറത്തും കത്തി ഉപയോഗിച്ച് കുത്തിയാണ് കൊലപ്പെടുത്തിയത്.

🔹വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ചതിയില്‍പെട്ട് റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളി ഡേവിഡ് മുത്തപ്പന്‍ ശനിയാഴ്ച രാത്രി ദില്ലിയില്‍ തിരിച്ചെത്തി. മൊഴി രേഖപ്പെടുത്തിയ ശേഷം രണ്ട് ദിവസം കഴിഞ്ഞ് ഇവരെ കേരളത്തിലെത്തിക്കുമെന്നാണ് സി.ബി.ഐ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.

🔹ഇന്ത്യന്‍ നാവികസേന സോമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് രക്ഷപ്പെടുത്തിയ 23 പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ത്യക്ക് നന്ദി പറയുകയും ഇന്ത്യ സിന്ദാബാദ് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായി. മാര്‍ച്ച് 29 ന് അറബിക്കടലില്‍ നടന്ന ഓപ്പറേഷനിലൂടെയാണ് പാക് പൗരന്മാരെ മോചിപ്പിച്ചത്. ഇന്ത്യന്‍ നാവികസേനയുടെ സ്പെഷ്യലിസ്റ്റ് ടീമാണ് ഒമ്പത് സായുധ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് പാക് പൗരന്മാരെ മോചിപ്പിച്ചത്.

🔹അറുപത്തി രണ്ടാം വയസിൽ വേമ്പനാട്ടുകായൽ നീന്തി കടന്ന് റെക്കാർഡിലിടം നേടി ഭിന്നശേഷിക്കാരി. തൃശൂർ സ്വദേശിയായ ഡോ.കുഞ്ഞമ്മ മാത്യൂസാണ് ഏഴു കിലോമീറ്റർ ദൂരം നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം പിടിച്ചത്. മനശാസ്ത്രത്തിൽ ഡോക്ട്രേറ്റുള്ള കുഞ്ഞമ്മയുടെ മനകരുത്താണ് റെക്കോഡിലേക്ക് നീന്തി കയറുവാൻ സഹായിച്ചത്.

🔹ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് 8 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

🔹തെലുങ്ക് നടന്‍ നാനിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘നാനി 33’ എന്നാണ് വിശേഷണപ്പേര്. സംവിധാനം നിര്‍വഹിക്കുന്നത് ശ്രീകാന്ത് ഒഡേലയാണ്. ദസറ എന്ന വന്‍ ഹിറ്റിന്റെ സംവിധായകന്‍ ശ്രീകാന്ത് ഒഡേലയുടെ പുതിയ ഒരു ചിത്രത്തിലും നാനി നായകനാകുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തിലുള്ള ചിത്രമായ ദസറയില്‍ നാനി അവതരിപ്പിച്ചത് ‘ധരണി’യെയായിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായ കീര്‍ത്തി സുരേഷ് ‘വെണ്ണേല’ എന്ന നായികാ വേഷത്തില്‍ ‘ദസറ’യിലെത്തി. നാനി നായകനായി വേഷമിട്ടപ്പോള്‍ ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ സമുദ്രക്കനി, സായ് കുമാര്‍, ഷംന കാസിം, സറീന വഹാബ്, ഷൈന്‍ ടോം ചാക്കോ എന്നിവരും ‘ദസറ’യില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുകയും സന്തോഷ് നാരായണന്‍ സംഗീതവും സത്യന്‍ സൂര്യന്‍ ഐഎസ്സിയാണ് ഛായാഗ്രാഹണവും അവിനാശ് കൊല്ല ആര്‍ടും നിര്‍വഹിച്ചു. ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് നാനി 33 സിനിമയും നിര്‍മിക്കുന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments