Sunday, September 8, 2024
Homeഅമേരിക്കആടു ജീവിതങ്ങൾ - എനിക്കും പറയുവാനുണ്ട് ✍ജ്യോതിസ് പോൾ

ആടു ജീവിതങ്ങൾ – എനിക്കും പറയുവാനുണ്ട് ✍ജ്യോതിസ് പോൾ

ജ്യോതിസ് പോൾ

ഏകദേശം ഒരു പതിറ്റാണ്ടു സൗദിയിൽ ജീവിച്ച എനിക്ക് ആടു ജീവിതം എന്ന സിനിമ തന്ന ഫീലിംഗ് വേറെ തന്നെ ആണ്. മരുഭൂമി, ഒട്ടകം, ആട്, അറബികൾ, ഖുബൂസ്, മണൽകാറ്റ് എന്നിങ്ങനെ പലതും ഇതിലൂടെ കണ്ടപ്പോൾ സൗദി ജീവിതത്തിലെ മറന്നുതുടങ്ങിയ പല കാര്യങ്ങളും മനസ്സിലേക്ക് തിരച്ചു വന്നു!

എൻറെ ആദ്യത്തെ വിദേശയാത്ര സൗദിയിലേക്കായിരുന്നു. വിമാനത്തിന്റെ ജാലകത്തിലൂടെ ആദ്യമായി മരുഭൂമി കാണുമ്പൊൾ ഉണ്ടായ ആശ്ചര്യം പറഞ്ഞറിയിക്കാൻ പറ്റില്ല. വിമാനം റിയാദ് എയർപോർട്ടിൽ ലാൻഡ് ചെയ്യുമ്പോൾ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ഭാണ്ഡങ്ങളുമേറി വിമാനമിറങ്ങി ഞാൻ മുന്നോട്ട് നടന്നു. പള്ളീലച്ചന്മാരുടെ പോലെയുള്ള വെള്ളകുപ്പായവും വെളുപ്പിൽ ചുവപ്പ് കളങ്ങൾ ഉള്ള തട്ടവും അത് തലയിൽ ഉറപ്പിച്ചു നിർത്താനായി ഒരു ‘തിരിക’യും വെച്ചിട്ടുള്ള ഈ നാട്ടുകാരെ കണ്ടപ്പോൾ ഭയം ആണ് ആദ്യമായി തോന്നിയത്.

എനിക്ക് മുൻപേ വന്നവർ എല്ലാവരും ക്യൂ നിൽക്കുന്നത് കണ്ടപ്പോൾ ഏറ്റവും പുറകിലായി ഞാനും നിന്നു. ആ ലൈൻ ശോഷിച്ചു ശോഷിച്ചു അവസാനം ഞാൻ മാത്രമായി. ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഒരു വിദേശരാജ്യത്തിന്റെ ഇമ്മിഗ്രേഷൻ കൗണ്ടറിൽ എത്തുന്നത്. താടി നീട്ടി വളർത്തിയ ഒരാൾ പോലീസ് വേഷത്തിൽ കൗണ്ടറിൽ ഇരിപ്പുണ്ട്. അയാൾക്ക് നേരെ ഞാൻ എന്റെ പാസ്പോർട്ട് നീട്ടി. കമ്പ്യൂട്ടറിൽ എന്തൊക്കെയോ ചെയ്തിട്ട് എന്റെ വിരലുകൾ ഫിംഗർപ്രിന്റ് മെഷീനിൽ വെക്കുവാൻ അയാൾ ആംഗ്യം കാണിച്ചു. ഞാൻ എന്റെ വിരലുകൾ അതിൽ പതിപ്പിച്ചു. കമ്പ്യൂട്ടറിൽ നോക്കിയിരിക്കുന്ന അയാൾ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടു വിരൽ മെഷീനിൽ വീണ്ടും അമർത്താൻ ആവശ്യപ്പെട്ടു. ‘ഫിംഗർ പ്രിൻറ്’ കിട്ടിയില്ല എന്നത് അയാളുടെ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി. പലവട്ടം ഞങ്ങൾ ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. അയാൾ എന്തൊക്കെയോ അറബിയിൽ ഉച്ചത്തിൽ വിളിച്ചുകൊണ്ട് ചാടി എഴുന്നേറ്റു എന്നിട്ട് എന്റെ മുഖവും തലയും കൂട്ടി ‘ഒറ്റ അടി’. ഏതാനം നിമിഷത്തേക്ക് എന്റെ ‘സ്ഥലകാലബോധം നഷ്ടപ്പെട്ടു’ എന്ന് വേണം പറയാൻ! എനിക്ക് പരിസരബോധം തിരിച്ചു കിട്ടാൻ കുറച്ചു സമയമെടുത്തു. അപ്പോൾ ഞാൻ വിരലുകൾ വീണ്ടും ആ മെഷീനിൽ വെച്ചു. ഇപ്പോൾ എന്റെ ഫിംഗർ പ്രിൻറ് അയാൾക്ക് കിട്ടിയിരിക്കുന്നു! (അപ്രതീക്ഷിതമായി അടികിട്ടിയപ്പോൾ ഞാൻ വിയർത്തുപോയി, അതായിരിക്കാം ഫിംഗർ പ്രിന്റ് കിട്ടുവാൻ കാരണം)

എന്തൊക്കെയോ അറബിയിൽ അട്ടഹസിച്ചുകൊണ്ട് അയാൾ എന്റെ പാസ്പോർട്ട് വലിച്ചെറിഞ്ഞു. ആ പാസ്സ്പോർട്ടുമെടുത്തു അപമാനിതനായി നടക്കുമ്പോൾ എനിക്കുണ്ടായ വികാരം പറഞ്ഞറിയിക്കാൻ പറ്റില്ല. ദൈവമേ, ഈ നാട്ടുകാർ ഇങ്ങനെയാണോ? ‘നടയടി’യിൽ തുടങ്ങിയിട്ടുണ്ട്- ഇനി എന്തൊക്കെയാണോ ഈ നാട്ടിൽ എനിക്കായി കരുതി വെച്ചിരിക്കുന്നത്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ കടന്നുപോയി.

ഇനി അടുത്തത് എന്റെ സ്‌പോൺസറെ (കഫീൽ) തേടി കണ്ടുപിടിച്ചു ഇക്കാമ (താമസ പെർമിറ്റ്) ശരിയാക്കുക എന്നതാണ്. പക്ഷെ ആരാണ് സ്പോൺസർ എന്ന് പോലും അറിയില്ല. വിസ തന്നത് ഒരു മൊയ്‌ദീൻ ആണ്, അയാളെ തേടികണ്ടുപിടിച്ചു ചോദിച്ചപ്പോൾ ‘ഇമ്മിണി വല്യ’ വിസ ഏജന്റായ മഹ്‌മൂദ്‌ ഭായിക്കേ സ്പോൺസർ ആരാണ് എന്ന് അറിയൂ എന്ന് പറഞ്ഞു. അയാളെ തപ്പിപ്പിടിച്ചു ഏതോ ഒരു ഓഫീസിൽ പോയി ഇക്കാമ തരപ്പെടുത്തി. എന്നിട്ടും സ്പോൺസർ ആരാണ് എന്ന കാര്യത്തിൽ ഒരെത്തുംപിടിയും ഇല്ലായിരുന്നു. പെട്ടന്നുതന്നെ തന്നെ ഭേദപ്പെട്ട ഒരു ജോലി ലഭിച്ചതിനാൽ സ്പോൺസർ ആരാണ് എന്ന കാര്യം ഓർത്തു പിന്നെ അതികം ബേജാറായില്ല.

ഏതാനം മാസം കഴിഞ്ഞു നാട്ടിൽ പോകാൻ തീരുമാനിക്കുമ്പോൾ ആണ് സ്പോൺസർ ആര് എന്ന ചിന്ത വീണ്ടും വരുന്നത്. കാരണം സ്പോൺസർ ‘എക്സിറ്റ്- റീ എൻട്രി’ എന്ന ഒരു പേപ്പർ ശരിയാക്കി തരണം എങ്കിൽ മാത്രമേ ഒരു ജോലിക്കാരാണ് സൗദിയിൽ നിന്നും ലീവിൽ പോകുവാൻ സാധിക്കുകയുള്ളു. ഇക്കാമ ശരിയാക്കിത്തന്ന ഓഫീസിൽ ചെന്നപ്പോൾ അവർ കൈമലർത്തി, കാരണം എന്റെ പാസ്പോർട്ട് കഫീലിന്റെ കൈയിലാണുപോലും! അയാളുടെ അഡ്രസ് അന്വേഷിച്ചു കുറേ തിരഞ്ഞു അവസാനം അയാളെ കണ്ടുകിട്ടി. മൺകൂരയിൽ താമസിക്കുന്ന ഒരു ‘കാട്ടറബി’. എന്റെ കൂടെയുള്ള അല്പസ്വല്പം അറബി ഭാഷ അറിയുന്ന മലയാളിയാണ് അയാളോട് എനിക്കുവേണ്ടി സംസാരിക്കുന്നത്. പേരൊക്കെ പറഞ്ഞപ്പോൾ എൻറെ പാസ്പോർട്ട് എവിടെയാണ് എന്ന കാര്യത്തിൽ അയാൾക്കും നിശ്ചയമില്ല. അവസാനം അയാളുടെ ദ്രവിച്ചു തീർന്ന ഒരു കാറിന്റെ ഡിക്കി തുറന്ന് ഒരു ബാഗ് പുറത്തെടുത്തു. അതിൽ അതാ ഞാൻ പൊന്നുപോലെ സൂക്ഷിച്ചിരുന്ന എന്റെ പാസ്പോർട്ട്! അയാളിൽ നിന്നും എക്സിറ്റ് – റീ എൻട്രിയും, പിന്നെ ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് ഉള്ള റിലീസും വാങ്ങിയെടുക്കാൻ ഞാൻ പെട്ട പാട് പറഞ്ഞാൽ തീരില്ല.

സൗദിയിൽ ചെന്ന കാലത്തൊക്കെ അറബി എന്നാൽ മുതലാളി എന്നൊക്കെയായിരുന്നു എന്റെ ധാരണ. അറബികളെ കണ്ടാൽ പേടിയോടും ഭയ-ബഹുമാനത്തോടും കൂടി മാത്രമേ ഞാനൊക്കെ പെരുമാറിയിട്ടുള്ളു. യാതൊരു മര്യാദകളും ഇല്ലാത്ത അറബികളും ആയിരുന്നു നിത്യജീവിതത്തിൽ കണ്ടുകൊണ്ടിരുന്നത്. ആ കാലത്തൊക്കെ അറബി ഭാഷ അറിയാത്ത എനിക്കൊക്കെ പല കാര്യങ്ങളും അവരെ പറഞ്ഞു മനസ്സിലാക്കുക ദുസ്സഹം തന്നെ ആയിരുന്നു.

അകാലത്തൊക്കെ മുസ്ലിങ്ങളുടെ പ്രാർത്ഥന സമയത്തു പുറത്തു നിൽക്കാൻ അനുവാദമില്ലായിരുന്നു. പ്രാർത്ഥനാ സമയത്തു കടകളൊക്കെ നിർബന്ധിതമായി അടച്ചിടുകയും ചെയ്യുമായിരുന്നു. കട അടക്കുമ്പോൾ കടയിലുള്ളവരെ ഒഴിപ്പിക്കും അപ്പോൾ പിന്നെ അവിടെയുള്ള മുസ്ലിം അല്ലാത്തവർ കടയുടെ മുന്നിൽ ആയിരിക്കും നിൽക്കുക. ഈ സമയത്താകും “സല സല” എന്ന് വിളിച്ചു ‘മുത്തവ’യുടെ (മതകാര്യ പോലീസ്) വരവ്! ആളുകളെ മതാനുഷ്ടാനങ്ങളൊക്കെ ചെയ്യിക്കുക എന്നുള്ളതാണ് അവരുടെ കർത്തവ്യം എങ്കിലും യഥാർത്ഥത്തിൽ അവർ യാതൊരു ദയയോ മര്യാദയോ കാണിക്കുന്നതായി കണ്ടിട്ടില്ല. ആളുകൾ കൂടി നിൽക്കുന്നത് കണ്ടാൽ ‘ചൂരൽ വടി’യുമായി ഇറങ്ങി തലങ്ങം വിലങ്ങം തല്ലും. ഒരിക്കൽ ബത്ത മാർക്കറ്റിൽ ഞാൻ നിൽക്കുമ്പോൾ ആണ് ഈ മുത്താവ വണ്ടിയുടെ വരവും ചൂരല്വടി പ്രയോഗവും, അന്ന് തല്ലുകിട്ടാതിരിക്കാൻ ഞാൻ ഓടിയ വഴി ഇന്നും പുല്ലു കിളിർത്തിട്ടുണ്ടാകില്ല!

“ഇന്ത ഹിന്ദി ല ബംഗാളി” (നീ ഇന്ത്യക്കാരൻ ആണോ ബംഗാളി ആണോ) എന്ന് ഒരു അറബി ചോദിച്ചാൽ “കേരള” എന്നായിരിക്കും മിക്ക മലയാളികളും മറുപടി പറയുക കാരണം അറബിയുടെ കണക്കിൽ ഇന്ത്യ ഒരു രാജ്യവും കേരള മറ്റൊരു രാജ്യവും പോലെയാണ്. മലയാളി ആണ് എന്ന് അറിഞ്ഞാൽ പൊതുവെ അറബികൾ അല്പം മാന്യത ഒക്കെ കാണിക്കാറുണ്ട്. “കേരള കോയിസ്” (കേരളീയർ നല്ലവർ) എന്ന് ചിലപ്പോൾ അവർ ഭംഗിവാക്കും പറയാറുണ്ട്.

ഈ സിനിമയിൽ കാണുന്നപോലുള്ള സാഹചര്യം പോലും അന്ന് ഉണ്ടായിരുന്നു. ഡ്രൈവർ, ഹെൽപ്പർ, പോലുള്ള ജോലിക്ക് വരുന്നവർ സ്പോൺസർ വരുന്നതും കാത്തു എയർപോർട്ടിനുള്ളിൽ കാത്തിരിക്കുമായിരുന്നു. ഈ സമയത്തു “ഫെൻ ജാവാസ്” (പാസ്പോർട്ട് എവിടെ?) എന്ന് ചോദിച്ചു പാസ്പോർട്ട് വാങ്ങിക്കൊണ്ടു പോകാൻ ശ്രമിക്കുന്ന ചില അറബികൾ അവിടെ കറങ്ങി നടക്കുന്നുണ്ടാകും, അവരെ സ്പോൺസർ ആണ് എന്ന് തെറ്റിദ്ധരിച്ചു അവരുടെ കൂടെ പോയി പെട്ടുപോയവർ ഉണ്ട് താനും. എങ്ങനെ പോകുന്നത് മരുഭൂമിയുടെ ഉള്ളിലുള്ള മസാറകളിലേക്ക് ആണെങ്കിൽ ജീവിതം തീർന്നത് തന്നെ!

വീട്ടുജോലിക്കാരിയായി വരുന്നവർ ആണെങ്കിൽ സ്പോൺസർ വന്നാൽ മാത്രമേ എയർപോർട്ടിന് വെളിയിൽ വിടുകയോള്ളൂ. പക്ഷെ ജോലിക്കാരി വരുന്ന കാര്യം സ്പോൺസർ പലപ്പോഴും മറന്നു പോകുകയും ചെയ്യും. അങ്ങനെ മൂന്ന് ദിവസം വരെ സ്‌പോൺസറെ കാത്തു നിന്ന “ഗദ്ദാമ” മാരെയും എനിക്കറിയാം.

ഒരു ജോലിക്കാരൻ സൗദിയിൽ എത്തിക്കഴിഞ്ഞാൽ ആദ്യം തന്നെ സ്പോൺസർ ജോലിക്കാരന്റെ പാസ്പോർട്ട് വാങ്ങിവെക്കുന്നു. അതോടെ സ്‌പോൺസറുടെ അനുവാദം ഇല്ലാതെ ഒരിടത്തും പോകാൻ പറ്റാതെയും ആകും. ഇനി സ്‌പോൺസറുടെ പീഡനം മടുത്തിട്ട് രക്ഷപ്പെട്ടാൽ സ്പോൺസർ അയാളെ “ഹുറൂബ്” (ഒളിച്ചോടിയവൻ) ആക്കി മാറ്റും. പിന്നെ അയാളെ പോലീസ് എവിടെവെച്ചു കണ്ടാലും പിടികൂടും. കൂടാതെ ഹുറൂബ് ആയവർക്ക് മറ്റൊരു ജോലിയും നിയമപരമായി ചെയ്യാൻ സാധിക്കില്ല. നാട്ടിലേക്ക് തിരിച്ചു പോകാനും പറ്റില്ല. പിന്നെ പോലീസിൽ പിടികൊടുത്തു ‘തർഹീലിൽ’ പോയി ഫിംഗർ പ്രിന്റും കൊടുത്തു എംബസ്സിയുടെ കാരുണ്യത്തിൽ ഔട്ട് പാസ്സ് കിട്ടുന്നത് കാത്ത് ജയിലിൽ കഴിയേണ്ടിയും വരും.

അവിടെ ജീവിച്ച കാലത്തു ഈ സിനിമയിലെ ആടുജീവിതത്തിനു സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ പലരെയും ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. മാസങ്ങളായി ശമ്പളം കിട്ടാതെ ജോലി ചെയ്യുന്നവർ, വർഷങ്ങളായി നാട്ടിലേക്ക് അവധിക്കു പോകാൻ സ്പോൺസർ സമ്മതിക്കാത്തവർ, ഇക്കാമയും ലൈസൻസും എടുക്കാൻ സ്പോൺസർ സമ്മതിക്കാതെ ജോലി ചെയ്യാൻ നിർബന്ധിതരായവർ. ഭക്ഷണം പോലും കഴിക്കാതെ ഡ്രൈവർ ജോലി ചെയ്യുന്നവർ, ജോലിക്കാരിയായി വീടിനുള്ളിൽ കയറിയ അന്നുമുതൽ പുറംലോകം കാണാതെ കാലങ്ങളായി ജോലി ചെയ്യുന്നവർ, സ്വന്തം വീട്ടിലേക്ക് ഒന്നു ഫോൺ ചെയ്യാൻ പോലും സ്പോൺസർ അനുവദിക്കാത്തവർ, എന്നിങ്ങനെ എത്ര എത്ര ജീവിതങ്ങൾ! ചിലർ സ്വയം രക്ഷപെടും, ചിലരെ ആരെങ്കിലും രക്ഷിക്കും!

സൗദിയിൽ ഇതുപോലെ പെട്ടുപോയ പലരെയും രക്ഷിച്ചത് അവിടെയുള്ള ജീവകാരുണ്യ പ്രവർത്തകരും മറ്റു നല്ലവരായ മലയാളികളും ആണ്. ഈ കാര്യത്തിൽ സൗദിയിൽ ഉള്ള മലയാളികൾ ലോകത്തു എവിടെയും ഉള്ള മലയാളികളേക്കാൾ സ്നേഹം നിറഞ്ഞവർ ആണ്. കൂടെ അവശത അനുഭവിക്കുന്നവരെ താങ്ങാൻ അവിടെയുള്ള മലയാളി സമൂഹം കാണിക്കുന്ന ആ മനസുണ്ടല്ലോ അതിന്റെ നമിക്കണം. അവരിൽ അറിയപ്പെടാത്ത ആയിരക്കണക്കിന് ‘ഇബ്രാഹിം ഖാദരിമാർ’ ഉണ്ട് എന്നതാണ് സത്യം.

എന്റെ പല സുഹൃത്തുക്കളും ഇതുപോലെ ആട് ജീവിതം നയിച്ചുവരെ രക്ഷിക്കാൻ ശ്രമം നടത്തിയിട്ടുള്ളവർ ആണ്. ‘അറത്ത കൈയിൽ ഉപ്പു തേക്കാത്ത’ സ്പോൺസർമാരിൽ നിന്നും പലരെയും രക്ഷിക്കുക എന്നുള്ളത് വളരെ ശ്രമകരമായ കാര്യം തന്നെയായിരുന്നു. പലരും ഒരുപാടു ദിവസങ്ങൾ ഇതിന്റെ പുറകെ നടന്നിട്ടാണ് പലരെയും രക്ഷിച്ചത്.

റിയാദിലെ ബത്ത കേരള മാർക്കറ്റിലെ ട്രാൻസ്ഫോർമേറിനു താഴെയായി ഒരു കോൺക്രീറ്റ് ഭാഗം ഉണ്ടായിരുന്നു. ‘സങ്കടക്കല്ല്’ എന്നാണ് പഴമക്കാർ അതിനെ വിളിച്ചിരുന്നതുപോലും. ജീവിതം കരുപ്പിടിപ്പിക്കുവാനായി സൗദിയിൽ എത്തിയിട്ട് പെട്ടുപോയവർ ഇവിടെവന്നു സങ്കടം പങ്കുവെക്കുമായിരുന്നു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

സൗദി അറേബിയയും അവിടെയുള്ള അറബികൾ എല്ലാവരും ഇങ്ങനെയുള്ളവർ ആണോ ഇന്നും എന്ന് പലരും ചിന്തിച്ചേക്കാം. കാലം സൗദി അറേബ്യയെ ഒരുപാടു മാറ്റി എന്നുവേണം പറയാൻ. കൂടാതെ മാറിവന്ന ഭരണാധികാരികളും നിയമങ്ങളിൽ പൊളിച്ചെഴുതുകൾ നടത്തി, അതോടു കൂടി ‘സൗദി – അജുനബി’ വേർതിരിവുകൾ ഒരുപരിധിവരെ ഇല്ലാതായി. ജോലിക്കാർക്ക് കൂലി കൃത്യസമയത്തു കിട്ടുവാൻ തുടങ്ങി, ആണിനും പെണ്ണിനും ഒരു ഓഫീസിൽ ജോലി ചെയ്യാൻ സാധിച്ചു, ‘മുത്താവ’കളുടെ അധികാരങ്ങൾ വെട്ടിക്കുറച്ചു, വിദേശ വിദ്യാഭ്യാസം ലഭിച്ച പുതുതലമുറ സൗദികൾ മന്ത്രി സ്ഥാനത്തും കൂടാതെ പല കമ്പനികളുടെയും തലപ്പത്തും എത്തി. അതോടെ അഹങ്കാരം വിനയത്തിനു വഴിമാറി.

സൗദിയിൽ ജോലിചെയ്ത കാലത്തു രാജകുമാരന്മാരും, രാജകുമാരികളും, മന്ത്രിമാരും, ഉന്നത ജോലി ചെയ്യുന്നവരുമായി കുറെ സൗദി പൗര പ്രമുഖരുമായി അടുത്ത ബന്ധം എനിക്കും ഉണ്ടായി. അവരുടെ വീക്ഷണങ്ങളും ദീർഘദൃഷ്ടിയും കർത്തവ്യബോധവും എന്നിൽ പലപ്പോഴും അത്ഭുതം ഉളവാക്കിയിട്ടുണ്ട്.

കൂടാതെ അവരിൽ പലരുടെയും താഴ്മയും എന്നെ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ എന്റെ ഓഫീസിൽ പുതിയതായി തുടങ്ങുന്ന പ്രോജെക്ടിൽ ഒരു ചെറുപ്പക്കാരൻ ജോലിക്കായി എത്തി. ഞങ്ങൾ അടുത്തടുത്ത് ഇരിക്കുന്നതിനാൽ പലപ്പോഴും പരസ്പരം കുശല സംഭാഷണം നടത്തുമായിരുന്നു. അങ്ങനെ മാസങ്ങൾ കടന്നുപോയപ്പോൾ ഞങ്ങൾ നല്ല കൂട്ടായി. അയാളുടെ പേര് ഫൈസൽ എന്നാണ് എന്ന് അറിയാമെങ്കിലും കുടുംബപ്പേര് ഞാൻ അത്ര ശ്രദ്ധിച്ചിരുന്നില്ല. അയാളുടെ ഏതോ ഒരു രേഖകൾ എന്റെ കൈയിൽ കിട്ടിയപ്പോൾ ആണ് അയാളുടെ കുടുബപ്പേര് ഞാൻ ശ്രദ്ധിക്കുന്നത്. അത് കണ്ട ഞാൻ അയാളോട് ചോദിച്ചു സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജഥാനുമായി നിനക്ക് എന്തെങ്കിലും ബന്ധമുണ്ടോ, ആ ചെറുപ്പക്കാരൻ വളരെ സിമ്പിൾ ആയി പറഞ്ഞു “ഉണ്ട്, അതെന്റെ അച്ഛൻ ആണ്”. ലോകത്തിലെ ഒരു അതിസമ്പന്ന രാജ്യത്തിൻറെ ധനകാര്യ മന്ത്രിയുടെ മകൻ ഒരു സാധാരണക്കാരനെ പോലെ ജോലി ചെയ്യുന്നു! മന്ത്രിയുടെ മകൻ എന്ന ഗർവ് ലവലേശം. അയാൾക്കില്ലായിരുന്നു.

ആരാണ് ഈ ആടുജീവിതങ്ങളുടെ ഉത്തരവാദി?

ഒരു കാരണം ഭാഷ അറിയില്ലാത്തതാണ്. കേരളത്തിൽ നിന്നും ജോലിക്കായി സൗദിയിൽ എത്തുന്ന മിക്ക ആളുകൾക്കും അറബിയോ ഹിന്ദിയോ അറിയില്ല. അതിനാൽ തന്നെ ഒരു കാര്യം ചോദിച്ചറിയാനോ, എന്തെങ്കിലും കാര്യങ്ങൾ ആരെയെങ്കിലും പറഞ്ഞു മനസ്സിലാക്കാനോ സാധിക്കില്ല.

രണ്ടാമത്തെ കാരണം മുൻകാലങ്ങളിൽ സൗദി പൗരന്മാരിൽ ചിലർക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരോടുള്ള മനോഭാവം ആണ്. നമ്മൾ ദാരിദ്ര്യത്തിൽ കഴിയുന്നവർ ആണെന്നോ, അടിമകൾക്ക് തുല്യർ ആണെന്നോ ഒക്കെ ആയിരുന്നു ഈ അടിമപ്പണി ചെയ്യിക്കുന്ന സൗദികളുടെ ചിന്ത. ചൂഷണത്തിനെതിരെ ഉള്ള നിയമങ്ങൾ പണ്ടേ ആ രാജ്യത്ത് ഉണ്ടെങ്കിലും പരാതി പറയാൻ പോലും ഉള്ള അറബി അറിയില്ലാത്തതിനാൽ ആ വഴി ഒന്നും ആരും പോകില്ലായിരുന്നു. ഇനി പരാതി പറഞ്ഞാൽ വാദി പ്രതിയാക്കുന്ന അവസ്ഥയുംഉണ്ടായിരുന്നു.

ഇനി മൂന്നാമത്തെ കാരണം പണക്കൊതി മൂത്ത് ആളുകളെ ചതിക്കുന്ന ‘കരുവാറ്റ ശ്രീകുമാറിനെ’ പോലുള്ള ‘ഗഫൂർക്ക ദോസ്തുമാർ’ ആണ്. നമ്മുടെ നാട്ടിൽ കറങ്ങി നടക്കുന്നു ഈ കൂട്ടർ നാവിന്റെ കഴിവുകൊണ്ടു ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചു പണം പിടുങ്ങുന്ന ‘മലയാളി കഫീലുമാർ’ ആണ്.

ഏറ്റവും മൂലകാരണം നമ്മുടെ ഗവർമെന്റുകളുടെ അനാസ്ഥ തന്നെ ആണ്. ഒരാൾ വിദേശത്തേക്ക് പോകുമ്പോൾ നമ്മുടെ ഉദ്യോഗസ്ഥർ പാസ്സ്പോർട്ടും വിസയും അല്ലാതെ എന്തെങ്കിലും കാര്യം ചെക്ക് ചെയ്യുന്നുണ്ടോ? ഇമ്മിഗ്രേഷൻ കൗണ്ടറിലെ ‘ചില ചോദ്യം ചെയ്യൽ’ കേട്ടാൽ അവർക്ക് എന്തെക്കെയോ അറിയണം എന്ന ഭാവം ഒക്കെ ആണ്. പക്ഷെ വിദേശത്തേക്ക് പോകുന്ന ആൾക്ക് മാന്യമായ താമസ സൗകര്യം ഉണ്ടോ? എത്രയാണ് ശമ്പളം, അത് സമയത്തു ലഭിക്കുന്നുണ്ടോ? അയാൾക്ക് ജോലി കോൺട്രാക്ട് ഉണ്ടോ? അയാളുടെ സ്‌പോൺസറുടെ വിവരങ്ങൾ എന്നിവ അനേഷിക്കേണ്ട ബാധ്യത അവർക്കില്ലേ? വിദേശത്തേക്ക് പോകുന്ന പൗരൻമാരുടെ അവകാശങ്ങളും സുരക്ഷിതത്വവും ഒരു പരിധിവരെ സർക്കാരുകളുടെ ഉത്തരവാദിത്തം കൂടിയാണ്. പിന്നെ അതാതു രാജ്യത്തുള്ള എംബസികൾക്കും ഈ കാര്യത്തിൽ ഒരുപാടു ചെയ്യാൻ സാധിക്കും പക്ഷെ സൗദിയിൽ ഉള്ള എംബസിയിലേക്ക് ഒരാവശ്യത്തിന് ചെന്നാൽ എത്ര അവജ്ഞയോടെ ആണ് അവിടെയുള്ള ഉദ്യോഗസ്ഥർ മുൻകാലങ്ങളിൽ പെരുമാറിയിരുന്നതെന്നോ! രക്ഷപെടുത്തലൊക്കെ ജീവകാരുണ്യ പ്രവർത്തകരുടെ ഉത്തരവാദിത്തമാണ് എന്നുള്ള മട്ടാണു അന്ന് എംബസിക്കുണ്ടായിരുന്നത്.

ഫിലിപ്പൈൻസ് പോലുള്ള രാജ്യങ്ങൾ അവരുടെ പൗരന്മാരെ ചൂഷണം ചെയ്യുന്നത് കണ്ടപ്പോൾ ശക്തമായ നടപടികൾ സ്വീകരിച്ചു. പക്ഷെ നമ്മൾ ഇന്നും ഈ കാര്യത്തിൽ മെല്ലെപോക്ക് തന്നെയാണ്.

സ്വപ്നങ്ങളുടെ തേരിലേറി സൗദിയിൽ എത്തി ഒരു ജോലി പോലും ലഭിക്കാതെ അലയുന്ന പലരെയും കണ്ടിട്ടുണ്ട്. ജോലിയില്ലാത്ത പലരും ഞങ്ങളുടെ ഒക്കെ റൂമുകളിൽ മാസങ്ങൾ സൗജന്യമായി താമസിച്ചിട്ടുണ്ട്. ഭക്ഷണവും വട്ടചിലവിനുള്ള കാശും ഒക്കെ ആരെങ്കിലുമൊക്കെ കൊടുത്തു സഹായിക്കും. പല പ്രവാസികളും തങ്ങളുടെ ഇല്ലായിമയിൽ നിന്നും മിച്ചംവെച്ചാണ് നാട്ടിലേക്ക് പണമയക്കുന്നത്. വർഷം മുഴുവൻ കീറി മുഷിഞ്ഞ ഷർട്ടുമാത്രമായി കൂലിപ്പണി എടുത്തിട്ട് ലീവിന് പോകുന്നതിന്റെ തലേ ദിവസം കടയിലെത്തി പുതിയ കുപ്പായം വാങ്ങി അത്തറും പൂശി നാട്ടിലെത്തുന്ന കുടുംബനാഥന്മാരെ കാണുമ്പൊൾ എത്ര സുഭിക്ഷതയിൽ ആണ് അയാൾ സൗദിയി കഴിയുന്നത് എന്ന് പലരും ചിന്തിച്ചേക്കാം എന്നാൽ ‘അരപ്പട്ടിണി’ കിടന്നിട്ടാണ് ഈ “പത്രാസിൽ” അയാൾ നാട്ടിൽ എത്തുന്നത് എന്നുള്ളതാണ് വാസ്തവം! നാട്ടിലെ അയാളുടെ വീട്ടിൽ സപ്രമഞ്ചകട്ടിൽ ഉള്ളപ്പോൾ മൂട്ട പെറ്റുപെരുകിയ ദ്രവിച്ച കിട്ടിലിൽ ആകും അയാൾ സൗദിയിൽ കിടന്നുറങ്ങുക!

ഒരാൾ നാട്ടിൽ അവധിക്കു പോകാൻ ‘പെട്ടി കെട്ടുന്ന’ സമയമുണ്ടല്ലോ അതാണ് സൗദിയിൽ ഉള്ളവരുടെ ഏറ്ററ്വും സന്തോഷം നിറഞ്ഞ സമയം. തന്റെ ഇല്ലായ്മയിലും നാട്ടിലുള്ള എല്ലാ ബന്ധുക്കൾക്കും നാട്ടുകാർക്കും മനസറിഞ്ഞു എന്തെങ്കിലും വാങ്ങി പെട്ടിയിലാക്കി കെട്ടിക്കൊണ്ടു പോകുന്ന ആ സമയം ഉണ്ടാകുന്ന ഒരു വികാരം ഉണ്ടല്ലോ. ആ സന്തോഷം അനുഭവിച്ചു തന്നെ അറിയണം

ഈ കഷ്ടതകളിലും ആടുജീവിതം നയിക്കുമ്പോളും രണ്ടു മലയാളികൾ തമ്മിൽ കണ്ടുമുട്ടിയാൽ “അസ്സലാമു അലയ്യ്ക്കം, നാട്ടിൽ എവിടെയാണ്?” എന്ന് ചോദിക്കാതെ ഒരു മലയാളിയും കടന്നുപോകില്ല. സൗദിയിൽ ജീവിച്ച ഓരോരുത്തർക്കും എന്നോപോലെ ധാരാളം കഥകൾ പറയാൻ ഉണ്ടാകും. ബത്തയിലെ മലയാളി മാർക്കറ്റിൽ ഒരു വെള്ളിയാഴ്ച പോയാൽ ജീവിക്കുന്ന നജീബുമാരെയും ഇബ്രാഹിം ഖാദരിമാരെയും ധരാളമായി കാണാം. എനിക്ക് ആദ്യമായി ‘നടയടി’ നൽകിയ ആ നീളം താടിക്കാരൻ സൗദിക്ക് നല്ലതു മാത്രം വരുത്തണെ എന്ന് പ്രാത്ഥിച്ചുകൊണ്ട് ഇവിടെ അവസാനിപ്പിക്കുന്നു.

(ജ്യോതിസ് പോൾ )

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments