പ്രസാധകർ: ഡി സി ബുക്സ്
പേജ്: 287 വില: 360₹
വായനാനുഭവം
കഴിഞ്ഞകാല ചരിത്രത്തിന്റെ ജീവിതരേഖകൾ വായിക്കാനും അറിയാനും വല്ലാത്ത ഔത്സുക്യമുണ്ട്. പുസ്തകത്തിന്റെ പേരു കേട്ടപ്പോൾത്തന്നെ അതെന്നെ ത്രസിപ്പിച്ചു! മുണ്ടകൻ കൊയ്ത്ത് എന്ന് കേട്ടിട്ടുണ്ടെങ്കിലും എപ്പൊ എങ്ങനെ എന്നൊന്നും അറിയില്ലാ. മുള അറിയാമെങ്കിലും മുളയരിപ്പായസവും കേട്ടിട്ടില്ലാ. അപ്പനും അമ്മയും മൂത്തസഹോദരങ്ങളുമുൾപ്പെടുന്ന കുടുംബം! പാറയും കാടും വെട്ടിത്തെളിച്ച് കൃഷിചെയ്യുന്ന മണ്ണിനോട് പടവെട്ടിത്തെളി ച്ചെടുത്തജീവിതം. പുഞ്ചയും മുണ്ടകനും കന്നിക്കൊയ്ത്തു മെല്ലാം ചേർന്ന് കൊയ്ത്തുത്സവമാക്കിയ അനുഭവങ്ങൾ വായനക്കാരുടെ മനസ്സിലും ആവേശത്തിന്റെയും ഉത്സാഹത്തിളപ്പിന്റെയും ഊർജ്ജം നിറയ്ക്കും!
കൃഷിപ്പണിയില്ലാത്തപ്പോ കുട്ട, മുറം, പനമ്പ്, ഓലക്കുട എന്നിവ നെയ്ത് വില്പന നടത്തുന്ന കുലത്തൊഴിൽ ചെയ്യുന്നു! മുളവെട്ടലും വേലികെട്ടലും ചെയ്തിരുന്ന കഠിനാധ്വാനിയായ അപ്പൻ! പണിക്കിടെ കണ്ണിൽ ഇല്ലിമുള്ളു ആഴ്ന്നുപതിച്ച് കാഴ്ച്ച നഷ്ടപ്പെടുമ്പോഴും മുതലാളിയെ പഴിചാരാനോ, നഷ്ടപരിഹാരം ആവശ്യപ്പെടാനോ തയ്യാറാവുകയല്ലാ പകരം, ബാക്കി അവിടുത്തെ പണി തീർത്തോ? എന്നാണ് അന്വേഷിക്കുന്നത്! അടിയാളന്റെ വിധേയത്വ ഭാവം! നമ്മുടെ മനസ്സലിയിക്കും.
എറണാകുളം പെരുമ്പാവൂർ നഗരവും വളയഞ്ചിറങ്ങര യുടെയും പുല്ലുവഴി ഗ്രാമത്തിന്റെയും സാംസ്കാരിക ത്തനിമയും നാട്ടുവഴികളും തോടും ചിറയുമെല്ലാം വായനയിൽ സചിത്രമായി അടയാളപ്പെടുത്തിയിരിക്കുന്നു.
എഴുത്തുകാരന്റെ ജീവിതത്തിൽ പ്രകാശമായി മാറിയ പ്രശസ്ത ഗ്രാമീണവായനശാലയും അതിനോട് ചേർന്ന കലാസാംസ്കാരിക സംഘടനയും നാട്ടിലെയും സമീപനാട്ടിലെയും ക്ഷേത്രങ്ങളും ഉത്സവങ്ങളും കാത്തുകാത്തിരുന്ന ദിവസങ്ങളും സന്തോഷങ്ങളും ഒരു നാട്ടിൻ പുറത്തുകാരന്റെ തനിമയോടെ എഴുതിയിരിക്കുന്നു!
സമുദായത്തിലെ പൂജയും അനുഷ്ഠാനങ്ങളും നല്ല അറിവുകളാണ് പകരുന്നത്.
നാട്ടിലെ പറയൻ കോന്നന്റെയും കാളിയുടെയും മകൻ എന്ന് അഭിമാനത്തോടെ പറയുന്നു അദ്ദേഹം! എല്ലാക്കാലത്തും കൈനിറയെ പണി കിട്ടിയിരുന്നതുകൊണ്ട് ദാരിദ്ര്യവും അരിഷ്ടതയും കണ്ണുനിറയിപ്പിക്കുന്നില്ല എങ്കിലും അടിയാളന്റെ ഭക്ഷണരീതികളും തൊഴിലും സമുദായത്തിന്റെ മാത്രമായ ഭാഷയും കണ്ടെടുക്കുന്നു ഈ പുസ്തകത്തിൽ.
പഠിക്കാൻ മിടുക്കനായിരുന്നു. ഒഴിവുവേളകളിൽ അപ്പനും അമ്മയ്ക്കുമൊപ്പം പണിയെടുക്കാനും പോവും. സഹായിച്ചവരെയൊക്കെ നന്ദിയോടെ സ്മരിക്കുന്നു! സവർണ്ണ വിദ്വേഷമൊന്നും വെച്ചുപുലർത്തുന്നില്ലാ. ലളിതമായ ഭാഷയും തനിമയും എഴുത്തിൽ പുലർത്തിയിട്ടുണ്ട്.
പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം പോളിടെക്നിക്കൽ വിദ്യാഭ്യാസം നേടുന്നു. പഠനശേഷം വൈകാതെ ആലുവ ഫാക്റ്റിലും പിന്നീട് 22-ആം വയസ്സിൽ സർക്കാർ സർവീസിൽ ഐ ടി ഐ അദ്ധ്യാപകനായി ( ഇൻസ്ട്രക്റ്ററായി) ജോലിയിൽ പ്രവേശിച്ച് നീണ്ട 34 വർഷത്തെ സർവീസ്, ഡെപ്യൂട്ടി ഡയറക്ടർ, അഡീഷണൽ ഡയറക്ടർ എന്നീ പദവി വരെ എത്തുന്നു!
സർവീസിലിരിക്കെ ബി ടെക്ക് ബിരുദവും എം ബി എ യും പഠിച്ചെടുത്തു. ( ITI ) ഐ ടി ഐ പ്രിൻസിപ്പാളായും പ്രത്യേക തൊഴിൽ നൈപുണ്യകോഴ്സുകൾ അനുവദിച്ചും അദ്ധ്യാപകർക്കും കുട്ടികൾക്കും ഉപകാരപ്രദമായ സ്പെഷൽ കോഴ്സുകളിൽ പങ്കെടുപ്പിച്ചും തന്റെ അധികാരപരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉയർത്തിക്കൊണ്ടുവന്നും അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിച്ചും പ്രവർത്തനമേഖല യിൽ ഊർജ്ജസ്വലനായിരുന്നു! സർവീസിൽ മൂന്ന് ഗുഡ് സർവീസ് എൻട്രി , എല്ലാവർഷവും മികച്ച ഗ്രേഡ് എന്നിവയൊക്കെ നേടിയിട്ടുണ്ട്. സഹപ്രവർത്തകരോടും കുട്ടികളോടും തികഞ്ഞ സൗഹാർദ്ദവും സഹകരണ മനോഭാവവും വെച്ചുപുലർത്തി. അധികാരത്തിന്റെ മത്ത് തലയ്ക്ക് പിടിച്ച ഉദ്യോഗസ്ഥനായിരുന്നില്ലാ.
ഡെപ്യൂട്ടി ഡയറക്ടർ ആയിരിക്കുമ്പോശൾ ഒതുക്കലുകളും കീഴാളൻ ഉയർന്നപദവിയിൽ ഇരിക്കുന്നതിനെയും പരിഹസിച്ചവർ ഉണ്ട്. അവസാനം പ്രമോഷനിലൂടെ ഐ എ എസ്സ് പദവിയിലേക്ക് വരെ തിരഞ്ഞെടുക്കേണ്ടതായിരുന്നു. സ്വല്പം നിരാശയോ നീരസ്സമോ പ്രകടിപ്പിച്ചത് ഒരിടത്തുമാത്രം! പിന്തുണയ്ക്കാൻ സർവീസ് സംഘടനകളുടെപിണിയാളുകളോ ഉയർത്തിക്കെട്ടാൻ ഗോഡ് ഫാദേഴ്സോ ഒന്നുമുണ്ടായില്ല. അതൊന്നുമല്ലാ, പേരിനൊപ്പം ഉയർന്ന ജാതിവാലോ ഇല്ലാ. പറയൻ കോന്നന്റെ മോൻ ഇവിടെവരെ എത്തിനിന്നാൽ മതിയെന്ന് മറ്റാരെങ്കിലുമൊക്കെ നിശ്ചയിച്ചിട്ടുണ്ടാവും എന്ന് അടിവരയിടുമ്പോൾ ചരിത്രത്തിലെ അടിയാളൻ ഇന്നും അവഗണന നേരിടുന്നുവെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു!
കഴിഞ്ഞകാല കേരളചരിത്രത്തിന്റെ, അടിസ്ഥാനവർഗ്ഗത്തിന്റെ അടയാളപ്പെടുത്തൽകൂടിയാണ് ഈ അത്മകഥ! താൻ എത്തിപ്പെട്ട ലോകത്ത് സുഖവും സന്തോഷവും അനുഭവിക്കുന്ന നേരെഴുത്ത്!
പുസ്തകം ഏറെപ്പേരുടെ കൈകളിൽ എത്തിച്ചേരട്ടെ,
നിറയെ അംഗീകാരങ്ങൾ ലഭ്യമാവട്ടെ!
ആശംസകൾ സർ
സ്നേഹപൂർവ്വം