ഇന്നലകളെ അയവിറക്കി ഇന്നിലേക്കവൾ കാലും നീട്ടി
ഉമ്മറത്തിരിക്കുമ്പോഴാണ്
അന്നത്തെ സന്ധ്യയിൽ
അവിചാരിതമായി പെയ്തൊരു മഴയത്ത്
ഇന്നലകളെ ചവച്ചരച്ച്
മുറുക്കിച്ചോപ്പിച്ച്
ഇന്നിലേയ്ക്ക് നീട്ടി തുപ്പിയ അയാളുടെ വരവ്.
കാറ്റു നിറച്ച ബലൂണുപോലെ യുള്ള അന്നത്തെ വയറ് തപ്പിയപ്പോഴാണ്
മറ്റൊരു ഭൂപടം
കണ്ടത്.
ആ സമയത്താണ്
വള്ളിപൊട്ടിയ
നിക്കറുമിട്ട് ചെക്കൻ മൂക്കീന്നൊലിപ്പിച്ച് ആർത്തത്.
ഓനച്ഛൻ വേണംന്ന്
തല തെറിച്ച ചെക്കന്
പിന്നീടാരോ പറഞ്ഞ് കാര്യം മനസ്സിലായി.
എന്നോ അയാളോടൊപ്പം നാടുവിട്ട കണ്ടൻ പൂച്ച
പിറ്റേന്ന് ഒരു കുറിഞ്ഞിയേയും മക്കളേയുംകൊണ്ട് അകത്തു കേറി പാർക്കാൻ തുടങ്ങി –
ചെക്കൻ പുറത്തുപോയി വന്ന് തുള്ളിച്ചാടി
ഓന് അച്ഛനെ കിട്ടീന്ന്
കുറിഞ്ഞി യുടെ മക്കള്
കണ്ടനോട് ശണ്ഠ കൂടാൻ തുടങ്ങി.
ചെക്കന്റെ മറ്റൊരച്ഛൻ
വീട്ടില് പൊറുതി തുടങ്ങി
ന്റെ കാച്ചിയ എണ്ണയുടെ മണം അയാളെ എന്നിലേക്കെത്തിച്ചു.
അന്നോളം പെയ്യാത്തൊരു മഴയത്ത്
മരച്ചില്ല പോലത്തെ ഇരുകരങ്ങളെന്നെ
കുരുക്കി.
ന്റെ മൗനം ചോർന്നൊലിച്ചു.
പുലരിയിൽ വെയിലത്തു പെയ്യുന്ന മഴയെ നോക്കി
അവൻ പുഞ്ചിരിച്ചു
ഇന്ന് കുറുക്കന്റെ കല്യാണമെന്ന് ഉച്ചത്തിൽ പാട്ടു പാടി.
അവർ പരസ്പരം പ്രണയാർദ്രമായി
മിഴികൾ പായിച്ചു.
അന്ന് രാത്രി ഇരുട്ടിന്റെ ചില്ലയിലിരുന്ന്
മിന്നാമിന്നികൾ
പ്രത്യാശയുടെ തിരി തെളിയിച്ചു.
അവനച്ഛനെ കിട്ടിയ സന്തോഷത്തിൽ
പുതിയ കുപ്പായമിട്ട് മയങ്ങി –
അപ്പോഴും യഥാർത്ഥ അച്ഛൻ
ഇരുട്ടിനപ്പുറം ഒരു കരിനിഴലായി..