രാത്രി കിടന്നപ്പോൾ ഏറെ വൈകിയിരുന്നു .
കുട്ടികൾ രണ്ടാൾക്കും ഭക്ഷണം കൊടുത്ത് കിടത്തിയപ്പോഴേ പത്ത് മണിയായി . പിന്നെ അടുക്കള ഒന്ന്ക്ളോസ് ചെയ്യാൻ വേണ്ട സമയം . ഓഫീസിലെ ഒരു കെട്ട് കടലാസ്സുകൾ ശരിയാക്കാനുണ്ടായിരുന്നു. നാളെ കലക്ടർക്ക് റിപ്പോർട്ട് കൊടുക്കണ്ടതാന്ന് , VO , അൽപ്പം കട്ടിയിലാണ് പറഞ്ഞത് . അതും ശരിയാക്കിയപ്പോഴേക്ക് പാതിരാത്രി ആയി .
താസിൽദാർ VO ക്കിട്ട് കൊടുക്ക്ണത്തരേണ്ടത് ഞങ്ങൾക്കാണല്ലോ . ഞങ്ങൾ അതാർക്ക് കൊടുക്കും ? ഞങ്ങൾക്കു കൊടുക്കാൻ ആരുമില്ല , കിട്ടുന്നത് വാങ്ങി വെക്കന്നെ .
ദേഷ്യം വരുമ്പം , പകുതി അമ്മക്കിട്ട് കൊടുക്കും ബാക്കി കുട്ട്യാക്കും . പാവം അമ്മയും കുട്ട്യാളും . പിന്നെ ചിന്തിക്കും.. അവരെന്തു പിഴച്ചു ? പലപ്പോഴും പഴി കേൾക്കുന്നവർക്ക് മനസ്സിലാവില്ല അവരെന്ത് തെറ്റാണ് ചെയ്തതെന്ന് ! നമ്മുടെ മനോവിഷമം സൗകര്യപൂർവ്വം നമുക്ക് വിധേയരായവരിൽ നാം എറിഞ്ഞുടക്കുന്നു .
സ്ത്രീ ജോലിക്കാരിയാവുന്നത് ഒരു സുരക്ഷിതത്വമാണെന്ന് സംസാരം .
സാമ്പത്തികമായത് , ശരിയുമാണ് . പക്ഷെ… ഓഫീസും വീടും കൂടി ആവുമ്പോൾ ഒരു പെടാപ്പാട് തന്നെയാണ് . ഉള്ളഴിഞ്ഞു സഹായിക്കാൻ ‘ മറുപാതി ‘ ഉണ്ടെങ്കിൽ ഏറെ സമാധാനം . എല്ലാം അങ്ങിനെയായിരുന്നു .. ഒരു പത്ത് വർഷത്തോളം .
രഘുവേട്ടന് വലിയ കാര്യമായിരുന്നു . ഒരു ദോഷം മാത്രം .. മൂപ്പരെ , ഒന്നിനും കുറ്റം പറയാൻ പാടില്ല . അടങ്ങി ഒതുങ്ങി വിധേയയായി നിന്നോണം . ഞാനങ്ങിനെത്തന്നെ നിന്നു . ഇല മുള്ളേൽ വീണാലും മുള്ള് ഇലേൽവീണാലും…
പതിയെപ്പതിയെയാണ് സ്വഭാവത്തിൽ മാറ്റം കണ്ടു തുടങ്ങിയത് .
ആറ് മണിക്കെത്തിയിരുന്നാള് വരാൻ പത്ത് പത്തരയാവും ചിലപ്പം പതിനൊന്നും പന്ത്രണ്ടും …വരുമ്പോൾ നല്ല ഗന്ധവുമുണ്ടാവും . അച്ഛനെക്കണ്ടേ ഒറങ്ങൂന്ന് വാശിള്ള ശ്രീജ ഏട്ടനെ അള്ളിപ്പിടിക്കും . സാധാരണ കൊണ്ടുവരാറുള്ള മിഠായിപ്പൊതി എവിടേന്ന്, ചോദിക്കും . അത് കേട്ടാൽ ഒരാട്ടാണ് .. പിഞ്ചു കുട്ടിയോട് ..!
അത് കണ്ട് ചെറീത് പേടിച്ചരണ്ട് കട്ടിൻ്റടീപോയി വിറച്ചിരിക്കും .
ഏട്ടൻ ഒരുപാട് മാറി … ആണുങ്ങൾക്ക് എത്ര വേഗാ മാറാൻ പറ്റ് ണത് …!
അതിൽ അസ്വാഭാവികത ആരും കണ്ടെത്തുന്നുമില്ല !
പിന്നെപ്പിന്നെ , ശ്രീജ ഒന്നും ചോദിക്കാ തായി . എന്നാലും , അവൾ അച്ഛനെ കാത്തിരിക്കും. അച്ഛൻ്റെ അടുത്തേക്ക് പോവില്ല . തൻ്റെ മുറിയിലെ ജനലഴിയിലൂടെ നിറകണ്ണുകളോടെ അവളച്ഛനെ കാണും .. അവളുടെ പൊന്നച്ഛൻ … ക്ഷീണം വരുമ്പോ കിടന്നുറങ്ങും .
അച്ഛനും മക്കളും തമ്മിലുണ്ടാവേണ്ട പൂജ്യമെന്ന ദൂരം കിലോമീറ്ററുകളായി മാറുന്നത് നിസ്സഹായയായി നോക്കിനിൽക്കാനേ ശാലിനിക്കാവുമായിരുന്നുള്ളു. ജീവിതം കയ്യിൽ നിന്ന് വഴുതി മാറുകയാണോ എന്ന് ആകുലതയോടെ പലപ്പോഴും
ചിന്തിച്ചിരിക്കും .
ഓഫീസിൽ സഹപ്രവർത്തകർ , ചോദിക്കും ..
” എന്താ ശാലിനിക്ക് എപ്പഴും ചിന്തിക്കാൻ, രണ്ടാക്കും ജോലി ..വല്ല്യേ ഭാരും ല്ല്യ … സുഖല്ലേ ..?” ശരിയാണ് .. ഒന്നും ചിന്തിക്കാതിരുന്നാൽ ഒരു പ്രശ്നുംല്യ …ചിന്തിച്ചാൽ തനിയെ കാടു കയറും . അപ്പഴായിരിക്കും ഓഫീസർ വന്ന് പറയാ
” എന്താ ശാലിനീ ..മിഴിച്ചിര്ന്നാൽ ആപ്പീസിലെ പണി നടക്വോ ..?”
മനസ്സ് വർത്തമാനത്തിലേക്ക് കൊണ്ടുവരുമ്പോൾ ജാള്യത തോന്നും .
പ്രത്യേകിച്ച് ചുറ്റുമുള്ള കഴുകൻ കണ്ണുകൾ കൊത്തി വലിക്കുമ്പോൾ .
രശ്മിക്ക് അല്ലെങ്കിലേ ഒരു ചവർപ്പാ എന്നോട് …പലപ്പോഴും ഉറക്കെ പറയും ..
” വെളുത്തോരെയാ വിശ്വസിക്കാൻപാടില്ലാത്തേ ..”
കാലിൽ പെരുപ്പ് കയറും ..ഉന്നം ആരെയാണെന്ന് എളുപ്പം മനസ്സിലാവും .
ഞാൻ വെളുത്തതും കാണാൻ കൊള്ളാവുന്നവളുമായത് എൻ്റെ കുറ്റാ …? ചിലപ്പം തോന്നും കറുത്തവളായാ മത്യാര്ന്നൂന്ന് … ആരെം, അസൂയ കാണണ്ടല്ലോ !
ഇപ്പോൾ ചില രാത്രികളാൽ തീരെ വരാതെയായി.. പറയുമ്പം ഓഫീസിൽ ജോലി
ഉണ്ടായിരുന്നൂത്രേ… RTO ഓഫീസാണെങ്കിലും വൈന്നേരം കഴിഞ്ഞാ എന്താത്ര പണി ?
ഒരു ദിവസം ഞാനതിൻമേലോന്ന് കൂടി..
” യ്യാരാടി.. ന്നെ നിയന്ത്രിക്കാൻ … മര്യാദക്കിരുന്നോണ്ടൂ… ഞാൻ ൻ്റെ ഷ്ടം പോലെ
ജീവിക്കും…”
മുടി പിടിച്ചുന്തിയപ്പം ചുമരിൽ ചെന്നാണിടിച്ചുവീണത് .. തല മുഴച്ചു നിന്നു… രണ്ട്
ദിവസം ലീവുമായി . പിന്നെ ഞാനൊന്നും മിണ്ടാൻ പോവാറില്ല . അവർ കൽപ്പിക്കുന്നത് കേട്ടുനിൽക്കേണ്ട അടിമകളല്ലേ നമ്മൾ !
കുട്ടികളൊത്ത് സന്ധ്യാനാമം ചെല്ലുമ്പം ചിലപ്പോ , പിടിച്ചാ , കിട്ടില്ല . ദുഖം അണപൊട്ടി ഒഴുകും . കുട്ടികളപ്പം എൻ്റെ കണ്ണുനീർ തുടച്ച് ഉമ്മ വെക്കും . ഒരുപക്ഷെ ഈ ഉമ്മകൾ മാത്രമായിരിക്കും , ഞാനെന്ന പ്രതിഭാസത്തെ ഭൂമിയിൽ നിലനിൽക്കാൻ പ്രേരിപ്പിക്കുന്ന നേർത്ത നൂൽചരട് . എന്നും പൊട്ടിപ്പോകാൻ പാകത്തിലുള്ളത് !
ചിലപ്പോൾ വേദന ഏറെ വരുമ്പോൾ ഞാനമ്മയുടെ മടിയിൽ കിടക്കും … പഴയ കാലം ഓർമ്മ വരും… ഞാനൊരു കൊച്ചു കുട്ടിയായി മാറും … അമ്മ എൻ്റെ നെറുകിലും മുതുകിലും തടവും … കവിളിൽ ഉമ്മവെക്കും … അപ്പോൾ ഞാൻ രഘുവേട്ടൻ
മൽസരിച്ച് തന്നിരുന്ന ഉമ്മകളെപ്പറ്റി ആലോചിക്കും… എന്തു ആക്രാന്തമായിരുന്നു അന്നേട്ടന് … അപ്പോഴും മൃഗീയമായ കീഴ്പ്പെടുത്തലായിരുന്നു … പക്ഷെ അന്നതൊരു സന്തോഷമായിരുന്നു… ഇന്നാ വിധേയത്വത്തിന് മനസ്സെപ്പോഴും കൊതിക്കാറുണ്ട് .
പക്ഷെ ..
ഇന്നലെ രാവിലെ , പണിക്കാരി കാളി വന്നു പറഞ്ഞപ്പോ.. സകല നിയന്ത്രണ ങ്ങളും വിട്ടു .
” ഇപ്പം തമ്പ്രാ രാത്രീല് വരല് ല്യേ…? മൂപ്പര് അധികും ആ തോടിൻ്റെവടെള്ള അഴിഞ്ഞാട്ടക്കാരി സ്മിതേൻ്റെ വീട്ടിലാന്ന് കുട്ട്യാള്ടെ അച്ഛൻ പറഞ്ഞു … ന്നാളന്നേ
പറഞ്ഞേര്ന്നു … ഞാൻ പിന്നെ ചോദിക്കണ്ടാന്ന് കരുത്യാ… ഇത്ര കണ്ണി ചോരല്യാ
തായല്ലോ ..”
കൂടുതൽ കേൾക്കാൻ നിന്നില്ല… മുറിയിൽ പോയി കമിഴ്ന്ന് കിടന്നു …
കരയുന്നത് ആരും കാണണ്ട.. പണ്ടാരോ പറഞ്ഞ് കേട്ടിട്ടുണ്ട് …
” സ്ത്രീകളുടെ കണ്ണീരെല്ലാം കൂടി കൂട്ട്യാ.. ഒരു സമുദ്രാവൂത്രേ…”
മനസ്സ് കാട്കയറുന്നു..
ശരിയായിരിക്കാം…
കുറച്ച് കാലായി , എനിക്കും ചില അപാകതകൾ തോന്നിത്തുടങ്ങിയിരുന്നു . പുരുഷ ഗന്ധത്തോടൊപ്പം ചില അപരിചിതമായ സ്ത്രീ ഗന്ധവും പേറിയാണോ ഏട്ടൻ വീട്ടിലെത്തുന്നത് ..?
അന്ന് എവിടെയും പോയില്ല ഓഫീസിലും. പറയാതെ വരാത്തതിന്ന് ഓഫീസർ മല
മറിക്കുന്നുണ്ടാവും . മറിക്കട്ടെ ..
ഇവിടെ എല്ലാം തകർന്ന് തരിപ്പണമാവുമ്പോൾ , ഒരു സാധു സ്ത്രീ എന്ത് ചെയ്യണം ? ആരോട് പറയണം , തൻ്റെ ഗദ്ഗദങ്ങൾ .
ധൈര്യം സംഭരിച്ചും പടപൊരുതണം സ്ത്രീകൾ എന്നൊക്കെ എല്ലാവർക്കും പറയാം .
പക്ഷെ…
മനസ്സ് വിങ്ങിപ്പൊട്ടുകയായിരുന്നു . കുട്ടികൾ സ്ക്കൂൾ വിട്ടുവന്നപ്പോൾ എനിക്കവരെ നോക്കാൻ തോന്നിയില്ല . പാവം തോന്നി .. അച്ഛൻ്റെ കരുതലും ലാളനയും അന്യമായ എൻ്റെ കുട്ടികൾ ..
ലോകത്ത് ഒരു പക്ഷെ അവരായിരിക്കും ഏറ്റവും വലിയ ഭാഗ്യദോഷികൾ ..
അച്ഛൻ സ്നേഹിക്കുന്ന മക്കൾ .. അച്ഛൻ ലാളിക്കുന്ന മക്കൾ .. ഒരമ്മ ഏറ്റവും സന്തോഷവതിയാവുന്ന തപ്പോഴായിരക്കാം .
സന്ധ്യക്ക് ഒന്നെണീറ്റു…
അഴിഞ്ഞ മുടി വാരിയൊതുക്കി പൂമുഖത്തേക്ക് ചെല്ലുകയായിരുന്നു .
അപ്പോഴാണ് ആ വരവ് കണ്ടത് ..
ആടിയാടി ..
ശരീരമാകെ പെരുപ്പ് കയറി .
ഞാൻ ഞാനല്ലാതായി ..
പക്ഷെ ഇനി , ഞാൻ ഞാനായേ പറ്റൂ .
ശക്തിയാർന്ന സ്ത്രീയായേ പറ്റൂ .
അല്ലെങ്കിൽ എല്ലാം തകരും ..
എൻ്റെ കുട്ടികൾക്കാരുമില്ലാതാവും .
അവർക്ക് ഞാനെങ്കിലും വേണ്ടേ ?
അദ്ദേഹത്തിൻ്റെ മുൻപിൽ വാതിൽ കൊട്ടിയടക്കുമ്പോൾ… അകത്തേക്കുള്ള വഴി നിഷേധിക്കുമ്പോൾ… പുറത്തേക്കുള്ള വഴി തുറന്നിടുമ്പോൾ… ഞാനൊരു സ്ത്രീയായി മാറുകയായിരുന്നു… അബലയല്ലാത്ത സ്ത്രീ …