Monday, December 23, 2024
HomeUS Newsഅറിവിൻ്റെ മുത്തുകൾ - (62) 'തുളസിയുടെ മാഹാത്മ്യം' ✍പി. എം. എൻ. നമ്പൂതിരി

അറിവിൻ്റെ മുത്തുകൾ – (62) ‘തുളസിയുടെ മാഹാത്മ്യം’ ✍പി. എം. എൻ. നമ്പൂതിരി

പി. എം. എൻ. നമ്പൂതിരി✍

തുളസിയുടെ മാഹാത്മ്യം

എന്തുകൊണ്ട് എല്ലാ വീടുകളിലും തുളസിത്തറ വേണമെന്ന് പറയു
ന്നത്?
പഴയ ഭവനങ്ങളിലെല്ലാം തന്നെ തുളസിത്തറ കെട്ടി ആ ദിവ്യചെടിയെ സംരക്ഷിച്ചു പോന്നിരുന്നതായി കാണാം.സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കുവശത്ത്‌ നിന്നുള്ള വാതിലിനു നേര്‍ക്കായി വേണം ഗൃഹത്തില്‍ തുളസിത്തറ നിര്‍മ്മിക്കേണ്ടതെന്ന് ആചാര്യന്മാര്‍ പറയുന്നു. വീട്ടിലെ തറയുരത്തിനേക്കാള്‍ താഴ്ന്നതാവാതെ നിശ്ചിത വലുപ്പത്തില്‍ വേണം തുളസിത്തറ നിര്‍മ്മിക്കുവാൻ. തുളസിത്തറയില്‍ കൃഷ്ണതുളസി നടുന്നതാണ് ഉത്തമം. തുളസിച്ചെടിയുടെ സമീപം അശുദ്ധമായതൊന്നും വെയ്ക്കുവാൻ പാടില്ല. സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും തുളസിപ്പൂ പറിക്കാന്‍ പാടില്ലെന്നും വിധിയുണ്ട്.

ഹൈന്ദവ ഭവനങ്ങളില്‍ ദേവസങ്കല്പമായി കരുതിയായിരുന്നു തുളസി നട്ടിരുന്നതും തുളസിത്തറ കെട്ടി വിളക്ക് വച്ചിരുന്നതും.

ഇനി തുളസിയുടെ ഔഷധ ഗുണത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ചെവിക്കു പിറകില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ പറഞ്ഞത് എന്തുകൊണ്ടാണെങ്കിൽ മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതല്‍ ആഗിരണശക്തിയുള്ള സ്ഥലം ചെവിക്കുപിറകിലാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. തുളസിയുടെ ഔഷധഗുണം എളുപ്പത്തില്‍ ചെവിക്കു പിന്നിലെ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടും. അതുകൊണ്ടാണ് ചെവിയില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചതും ചെയ്തിരുന്നതും. പഴയ ഭവനങ്ങളിലെല്ലാംതന്നെ തുളസിത്തറ കെട്ടി ആ ദിവ്യചെടിയെ സംരക്ഷിച്ചു പോന്നിരുന്നതായി കാണാം. ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന തുളസീതീര്‍ത്ഥത്തിന് ഔഷധത്തിന്റെ ഗുണമുണ്ടെന്നാണ് പറയുന്നത്. തുളസീതീര്‍ത്ഥ സേവക്കുവേണ്ടി, ക്ഷേത്രത്തില്‍ തന്നെ പോകണമെന്നില്ല. വീട്ടിലും തുളസീതീര്‍ത്ഥമുണ്ടാക്കി സേവിക്കാവുന്നതാണ്.

“ക്ലസ്റ്റേഡ് വാട്ടര്‍ ” (Clustered water) എന്ന പേരില്‍ വിദേശികള്‍ കണ്ടുപിടിച്ചിട്ടുള്ള പരിശുദ്ധ ജലത്തിന് തുല്യഗുണമുള്ളതാണ് തുളസീ ജലവും.

ജലമലിനീകരണത്തെക്കുറിച്ച് പരിതപിക്കുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്മാരാണ് “ക്ലസ്റ്റേഡ് വാട്ടര്‍ ” കണ്ടുപിടിച്ചത്. ആധുനിക ശാസ്ത്രീയ ശുദ്ധീകരണ പ്രക്രിയയിലൂടെ രൂപം നല്‍കിയ ഈ ശുദ്ധജലം രണ്ടുതുള്ളി ഒരു ഗ്ലാസ് സാധാരണ വെള്ളത്തില്‍ ഒഴിച്ചാണ് അവര്‍ കുടിക്കുന്നത്. ഇത് ആരോഗ്യരക്ഷയ്ക്ക് ഉത്തമമാണെന്നും തെളിഞ്ഞിട്ടുണ്ട്.

എന്നാല്‍ ബിംബത്തില്‍ അഭിഷേകം ചെയ്തു കിട്ടുന്ന തുളസീതീര്‍ത്ഥത്തിന് ക്ലസ്റ്റേഡ് വാട്ടറിന്റെ തുല്യമായ പരിശുദ്ധിയുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാരുടെ പരീക്ഷണങ്ങളിൽ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്.

സംസ്കൃതത്തിൽ തുളസി എന്നാൽ സാമ്യമില്ലാത്തത് എന്നാണർത്ഥം അതായത് തുലനമില്ലാത്തത് എന്ന് സാരം. തുളസിയുടെ ഗുണങ്ങൾ ഉള്ള മറ്റൊരു ചെടി ഇല്ലാത്തതാണ് തുലനം ഇല്ലാത്തത് എന്ന് പറയാൻ കാരണം.

തുളസിയുടെ ഔഷധഫലം ഏതൊക്കെയെന്ന്പരിശോധിക്കാം.

ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു. കൃമിഹരമാണ്. ഇല ഇടിച്ചുപിഴിഞ്ഞനീർ ചെവിയിൽ ഒഴിച്ചാൽ ചെവിവേദനയെ കുറയ്‌ക്കുന്നു. ശരീരത്തിൽ പുരട്ടിയാൽ ത്വക്‌ രോഗങ്ങളെ ശമിപ്പിക്കുന്നു. ജ്വരംശമിപ്പിക്കുന്നു. രുചി വർദ്ധിപ്പിക്കുന്നു. തുളസിയില തണലത്തിട്ടുണക്കി പൊടിച്ച് നാസികാചൂർണമായി ഉപയോഗിച്ചാൽ ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് ശമനമുണ്ടാ കും.തുളസിയിലനീര് 10.മി.ലി. അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം കുടിച്ചാൽ വസൂരിക്ക് ശമനമുണ്ടാകും. ഇലയും പൂവും ഔഷധയോഗ്യഭാഗങ്ങളാണ്. തുളസിയുടെ ഇല ,പൂവ്, മഞ്ഞൾ, തഴുതാമ എന്നിവ സമമെടുത്ത് അരച്ച് വിഷബാധയേറ്റ ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6 ഗ്രാംവീതം ദിവസം മൂന്ന് നേരം എന്ന കണക്കിൽ 7 ദിവസംവരെ കഴിക്കുകയും ചെയ്താൽ വിഷം പൂർണമായും നശിക്കും. തുളസിയില കഷായം വെച്ച് പല തവണയായി കവിൾ കൊണ്ടാൽ വയ്നാറ്റം മാറും. തുളസിയില ഇടിച്ചു പിഴിഞ്ഞ് നീരിൽ കുരുമുളക് പൊടി ചേർത്ത് കഴിച്ചാൽ ജ്വരം ശമിക്കും. തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് പകരാ തിരിക്കാൻ സഹായിക്കും. തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. തുളസിയിലയും പാടക്കിഴങ്ങും ചേർത്തരച്ച് പുരട്ടിയാൽ മുഖക്കുരു മാറും. ചിലന്തി വിഷത്തിന് ഒരു സ്പൂൺ തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടിയാൽമതി.തുളസിച്ചെടിയിൽ കർപ്പൂര സദൃശമായ ഒരിനം തൈലം അടങ്ങിയിരിക്കുന്നു. ഇത് ‘ബാസിൽ കാംഫർ’ എന്നറിയപ്പെടുന്നു. തുളസിച്ചെടി വളരെ ഔഷധഗുണമുള്ള സസ്യമാണ്. ഇത് ജ്വരത്തെ ശമിപ്പിക്കുകയും ഉദരകൃമികളെ നശിപ്പിക്കുകയും ചെയ്യുന്നു. തേൾവിഷം,
ചിലന്തിവിഷം, പാമ്പുവിഷം തുടങ്ങിയവയ്ക്കെതിരെയുള്ള മരുന്നായും ഇത് ഉപയോഗിക്കാറുണ്ട്. കഫത്തെ ഇളക്കുന്നതിനും മൂത്രം വർദ്ധിപ്പിക്കുന്നതിനും തുളസി ഉത്തമമാണ്.

തുളസിയുടെ ഐതിഹ്യം

ഹിന്ദുമത വിശ്വാസികൾ തുളസിയെ പാവനസസ്യമായി കരുതി ആദരിക്കുന്നു. മഹാവിഷ്ണുവിന്റെ പത്നിയായ ലക്ഷ്മീ ദേവിയാണ് ഭൂമിയിൽ തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നതെന്നാണ് ഹൈന്ദവ വിശ്വാസം. സരസ്വതീ ശാപം നിമിത്തം ലക്ഷ്മീദേവി ധർമധ്വജനെന്ന രാജാവിന്റെ പുത്രിയായ തുളസിയായിജനിക്കുകയും
ബ്രഹ്മാവിന്റെ അനുഗ്രഹത്താൽ വിഷ്ണുവിന്റെ അംശമായ ശംഖചൂഢൻ എന്ന അസുരനെ വിവാഹം കഴിക്കുകയും ചെയ്തു. പത്നിയുടെ പാതിവ്രത്യം നശിച്ചാൽ മാത്രമേ മരണമുണ്ടാവുകയുള്ളൂ എന്ന വരം ശംഖചൂഢന് ലഭിച്ചിരുന്നതിനാൽ ദേവന്മാർ ശംഖചൂഢനെ വകവരുത്തുന്നതിനായി മഹാവിഷ്ണുവിന്റെ സഹായം അഭ്യർഥിച്ചു. ശംഖചൂഢന്റെ രൂപം സ്വീകരിച്ച മഹാവിഷ്ണു തുളസീദേവിയെ കബളിപ്പിച്ചു. കബളിപ്പിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ ദേവി കൃ ത്രിമ ശംഖചൂഢനെ ശപിക്കാൻ മുതിർന്നെങ്കിലും മഹാവിഷ്ണു സ്വരൂപം കൈക്കൊള്ളുകയും ദേവിയെ സമാശ്വസിപ്പിക്കുകയും ചെയ്തു.തുളസീദേവി ശരീരമുപേക്ഷിച്ച് വൈകുണ്ഠത്തിലേക്കു പോയപ്പോൾ ദേവിയുടെ ശരീരം ഗണ്ഡകി എന്ന പുണ്യനദിയായി തീർന്നുവെന്നും, തലമുടിയിഴകൾ തുളസിച്ചെടിയായി രൂപാന്തരപ്പെട്ടുവെന്നുമാണ് ഐതിഹ്യം. തുളസിയുടെ ഇല, പൂവ്, കായ്, വേര്, ചില്ല, തൊലി, തടി, മണ്ണ് എന്നിവയെല്ലാം തന്നെ പാവനമായി കണക്കാക്കപ്പെടുന്നു. തുളസി ഇലയിൽ വിഷ്ണുവിന് ഒരു വിളക്ക് വച്ചാൽ അനേകലക്ഷം വിളക്കിന്റെ പുണ്യഫലം നേടുമെന്നും തുളസി അരച്ച് ദേഹത്ത് പൂശി വിഷ്ണുവിനെ പൂജിച്ചാൽ ഒരു ദിവസംകൊണ്ടുതന്നെ നൂറു പൂജയുടേയും നൂറു ഗോദാനത്തിന്റേയും ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

പി. എം. എൻ. നമ്പൂതിരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments