Sunday, December 22, 2024
Homeഅമേരിക്കഎൻറെ മലേഷ്യൻ യാത്ര (ഭാഗം -3) ✍ജോയ് സി. ഐ.,തൃശ്ശൂർ

എൻറെ മലേഷ്യൻ യാത്ര (ഭാഗം -3) ✍ജോയ് സി. ഐ.,തൃശ്ശൂർ

കോലാലമ്പൂർ ടവർ

ണിം. ണിം. ണിം…..

കാളിംഗ് ബെൽ അടിക്കുന്നത് കേട്ട് ഞങ്ങൾ കതകു തുറന്നു. ഇത്രവേഗം ആറു മണി ആയോ? ഞങ്ങളെക്കാൾ വേഗത്തിൽ ഇയാനും എയ്താനും കുളിച്ച് ഡ്രസ്സു മാറി അടുത്ത ടൂറിന് പോകാൻ റെഡിയായി നിൽക്കുന്നു. ശരവണൻ അങ്കിൾ എത്തികഴിഞ്ഞുവത്രേ! ആദ്യം പോയത് കോലാലമ്പൂർ ടവർ കാണാൻ.

ലോകത്തിലെ നീളം കൂടിയ ഏഴാമത്തെ ടെലികമ്മ്യൂണിക്കേഷൻ ടവറാണ് മിനാരാ കോലാലമ്പൂർ. സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലെ ഒന്നാമൻ. 1991 പണി തുടങ്ങി 94 ൽ പണിപൂർത്തിയായ ഈ ടവറിന്റെ നീളം 1381 അടിയാണ്. ഇതിൻറെ ആറാമത്തെ നിലയിൽ നിന്നാൽ സിറ്റി മുഴുവനും ഒറ്റയടിക്ക് കാണാം.ഇവിടത്തെ കറങ്ങുന്ന ഹോട്ടൽ ലോകപ്രശസ്തമാണ്.1996 ൽ ഒന്നുകൂടി പുനർനിർമാണം നടത്തി ഉദ്ഘാടനംചെയ്ത ടവർ വാനനിരീക്ഷണത്തിന് അഥവാ ഇസ്‌ലാമിക കലണ്ടർ വർഷത്തിലെ മാസങ്ങളുടെ തുടക്കം നിർണ്ണയിക്കൽ പോലുള്ള കാര്യങ്ങൾക്കു സർക്കാർ വരെ ആശ്രയിക്കുന്നത് ഇതിനെയാണ്. പതിവുപോലെ ഞങ്ങൾ കുറെ ഫോട്ടോയെടുത്ത് അടുത്ത സ്ഥലത്തേക്ക് നീങ്ങി.

പിന്നീട് ഞങ്ങളുടെ യാത്ര പെട്രോനാസ് ട്വിൻ ടവറിലേക്ക് ആയിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച എന്ന് നിസ്സംശയം പറയാം.

മണി ഏഴു കഴിഞ്ഞിട്ടും ഇരുട്ട് പരക്കുന്നേ ഇല്ല.നമ്മുടെ നാട്ടിലെ അഞ്ചുമണിയുടെ വെയിലുണ്ട്. ദുബായിലെ ബുർജ് ഗലീഫ ലോകത്തിലെ ഏറ്റവും വലിയ ഉയരം കൂടിയ കെട്ടിടം ആകുന്നതിനു മുമ്പ് വരെ ആ കിരീടം ഈ ടവറിനായിരുന്നു.452 മീറ്റർ ഉയരമുള്ള ഇരട്ട ഗോപുരം ലോകത്തിലെതന്നെ രണ്ടാമത്തെ ട്വിൻടവറാണ്. 1996 ൽ തന്നെയാണ് ഇതിന്റെയും നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ടവറിലെ പാലത്തിൽ നിന്നുള്ള ആകാശകാഴ്ച വലിയ ഒരു അനുഭൂതി തന്നെയാണ്.

രാത്രി 8 മണിക്കുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോയും കൺകുളിർക്കെ കണ്ടു.അണ്ടർവേൾഡ് ഫിഷ് അക്വേറിയവും സയൻസ് എക്സിബിഷൻ സെൻററും ആണ് കണ്ണും മനസ്സും നിറച്ച മറ്റുചില കാഴ്ച വിരുന്നുകൾ.

പിന്നെ പോയത് ഷോപ്പിംഗ് ലോകത്തെ തന്നെ ഒരു വിപ്ലവം ആയ സൂര്യ K.L.C.C. യിലേക്ക്.

പിന്നെയും ഇയാനും എയ്ത്താനും ചെറിയ രീതിയിൽ കലഹം തുടങ്ങി. അവിടെനിന്ന് നല്ല കുറെ തുണി വാങ്ങാം എന്നായിരുന്നു അവരുടെ ഐഡിയ. ഒരു റിങ്കറ്റ് =17.60രൂപ.ഏകദേശം വില ഇരുപത് ഇരട്ടി. പിന്നെ നമ്മുടെ ലുലുമാളിൽ കിട്ടാത്ത ഒരു സാധനവും അവിടെ ഇല്ല. ഞങ്ങൾ ആറുപേർ ഏകദേശം എട്ട്- ഒമ്പത് പെട്ടികളും ആയിട്ടാണ് വന്നിറങ്ങിയത്‌ തന്നെ. ഇനിയും സാധനങ്ങൾ വാങ്ങി കൂട്ടിയാൽ ഇത് എങ്ങനെ തിരിച്ചു കൊണ്ടു പോകും? തനി കേരളീയവസ്ത്രം ആയ മുണ്ടും ഷർട്ടും സാരിയും മാത്രം ധരിക്കുന്നവരാണ് ഞാനും എൻറെ ഭാര്യയും.

തൃശ്ശൂർക്കാരെകുറിച്ച് മലേഷ്യക്കാർ എന്ത് വിചാരിക്കും എന്ന് കരുതി ഞാൻ പാന്റീലേക്കും ഭാര്യ ചുരിദാറിലേക്കും വേഷപ്പകർച്ച നടത്തുന്നതിനുള്ള ഷോപ്പിങ്ങിന് തന്നെ നല്ലൊരു തുകയായി. ഇവിടെ വന്നപ്പോൾ ആണ് തുണിയുടെ ആവശ്യമേ ഉണ്ടായിരുന്നില്ല എന്ന സത്യം ഞാൻ മനസ്സിലാക്കുന്നത്. 😜 സത്യത്തിൽ ഞാനും ഭാര്യയും മാത്രമാണ് ഇവിടെ ഇത്രയധികം വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നത്. 🥰

മലേഷ്യ എങ്ങനെയാണ് ഇത്രയും സമ്പന്ന രാഷ്ട്രം ആയതെന്ന് എനിക്ക് പിടി കിട്ടി.മനസ്സമ്മതം, കല്യാണം ഉറപ്പിക്കൽ ചടങ്ങ്,മൈലാഞ്ചിയിടൽ ചടങ്ങ്, കല്യാണം, പാലുകാച്ചൽ, പിറന്നാൾ,എന്നൊക്കെ പറഞ്ഞ് വർഷംതോറും എത്രയെത്ര പുതിയ പുതിയ തുണികൾ ആണ് നമ്മൾ വാങ്ങിക്കൂട്ടുന്നത്.ഓഫീസ് ഡ്രസ്സ്‌ ഒന്ന്, വിശേഷം അവസരങ്ങളിൽ ഇടാൻ വേറൊരു ഡ്രസ്സ്‌ കോഡ്, വീട്ടിലിടാൻ വേറൊന്ന്…..ഇവിടെ എന്ത് പരിപാടി ആണെങ്കിലും ഇത്രയധികം തുക ചെലവ് വരുന്നില്ല. ആർക്കും മുട്ടിനു താഴെ തുണിയേ ഇല്ല.ബഡ്ജറ്റ് അനുസരിച്ച് മാത്രം ജീവിക്കുന്ന കുടുംബനാഥനെന്ന നിലയിൽ ഞാൻ അങ്ങനെയൊരു കണ്ടുപിടുത്തം നടത്തി. 😀

സലോമ ബ്രിഡ്ജും ദീപാലാംകൃതമായ ഒരു മസ്ജിദും കൂടി കണ്ട് ഭക്ഷണവും കഴിച്ച് ഏകദേശം പത്ത് മണിയോടെ ഞങ്ങൾ ഹോട്ടൽ മുറിയിലേക്ക് തന്നെ മടങ്ങി.

ഞങ്ങളെ മുറിയിലാക്കി ശരവണൻ യാത്ര പറഞ്ഞു. നാളെ ഒരു ഇന്നോവ കാറുമായി ജയൻ ആണത്രേ വരിക. വിമാനമിറങ്ങുന്ന അന്നത്തെ യാത്രക്കാരെ കൊണ്ടു പോകുന്ന ഡ്യൂട്ടിയാണ് ശരവണന്റേത്. വലിയ ട്രാവലർ ആണ് ശരവണൻ ഓടിക്കുക.

“ഞങ്ക ഊര് എല്ലാം ഉങ്കൾക്ക് പുടിച്ചിതാ? ഓഫീസ് നിന്ന് കൂപ്പിടുമ്പോൾ എനക്ക് 5സ്റ്റാർ റേറ്റിംഗ് കൊടുക്കണേ സാർ”എന്ന് ശരവണൻ.

“നീങ്ക ഊര് ഒക്കെ എനക്ക് റമ്പ പുടിച്ചു. ആണാ നീ തൃശൂർ വന്നു ഒരു വാട്ടി പൂരവും പുലിക്കളിയും പാക്കണം. അതല്ലേ ഒരു കാഴ്ച.! എന്ന് ഞാനും. 🥰

“റമ്പ നന്ത്രി സാർ “🙏 സാർ പെരിയ നല്ലവൻ. ഇങ്കെ ആരെല്ലാം വന്ത് കാഴ്ചയെല്ലാം പാത്തിട്ടു കലമ്പറുത്.ആണാ,സാർ മറ്റുംതാൻ സാറിൻറെ ഊരുക്കു എന്നെ ക്ഷണിച്ചത്. ശരവണൻ യാത്രപറഞ്ഞു. 🙏

അപ്പോഴാണ് പെട്ടെന്ന് ഇയാന് ഓർമ്മ വന്നത് നമ്മുടെ തത്തകൾ ഉറങ്ങി എണീറ്റ് കാണില്ലേ,നമുക്ക് അവരെ കാണാൻ പോകണ്ടേയെന്ന്. 🥰 അത് പറഞ്ഞാണല്ലോ ഞാൻ അവരെ അവിടെ നിന്ന് രാവിലെ ഇറക്കിയിരുന്നത്.🙆‍♂️ഒരു വിധം വേറെ എന്തൊക്കയോ പറഞ്ഞു സമാധാനിപ്പിച്ച് ഗുഡ്‌നൈറ്റ് പറഞ്ഞു അവർ അവരുടെ റൂമിലേക്കും ഞങ്ങൾ ഞങ്ങളുടെ റൂമിലേക്കും പോന്നു. ദൈവമേ നാളെ നേരം വെളുക്കുമ്പോൾ തത്തകളെ തൃശ്ശൂർ കൊണ്ടുപോകണം എന്ന് പറഞ്ഞു വാശി പിടിക്കുമോ എന്തോ? ഇപ്പോൾ കുട്ടികളെ രാജാക്കന്മാരെ പോലെയല്ലേ അവരുടെ അച്ഛനമ്മമാർ വളർത്തുന്നത്? നമ്മുടെ ചെറുപ്പകാലത്ത് നമ്മൾ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചതെങ്കിൽ ചെവിയിൽ 4 കറക്കും തലയിൽ രണ്ടു കൊട്ടുംതന്ന് പോയി കിടന്ന് ഉറങ്ങാൻ പറയുമായിരുന്നു.മോളും മരുമകനും കൂടി തത്തയെ തൃശ്ശൂർ കൊണ്ടു പോകാനുള്ള വഴി തേടുമോ എന്തോ?മലേഷ്യയിലെ ആദ്യത്തെ പകൽ അങ്ങനെകഴിഞ്ഞു. അടുത്ത ദിവസത്തേക്കുള്ള യാത്രയ്ക്കുള്ള ഊർജ്ജം നിറയ്ക്കാൻ ഞങ്ങൾ വാദിച്ച് കൂർക്കം വലിച്ച് ഉറങ്ങി.ഇനി അടുത്ത ദിവസത്തെ യാത്രാവിവരങ്ങൾക്കായി കാത്തിരിക്കുക. 🙏

ജോയ് സി. ഐ.,തൃശ്ശൂർ✍

RELATED ARTICLES

Most Popular

Recent Comments