പുറത്തിറങ്ങിയാല്‍ വലിയ വഴിത്തിരിവാകുമെന്ന് ഉപഭോക്താക്കള്‍ വിലയിരുത്തുന്ന ഉപകരണം ആപ്പിളിന്റെ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഐപാഡ് മിനി 7 എന്ന പുതിയ ആപ്പിള്‍ ഉപകരണത്തിനായുള്ള ജോലികള്‍ കമ്പനിയില്‍ നടക്കുന്നുണ്ടെന്ന് ഒരു കോഡിങ് വിദഗ്ദനാണ് കണ്ടെത്തിയത്.
വര്‍ഷാവര്‍ഷം അപ്‌ഗ്രേഡ് ചെയ്യുന്ന ഐഫോണുകളെ പോലെയല്ല ഐപാഡ്. മിനി പതിപ്പിന് 2021-ന് ശേഷം ഒരു പിന്‍ഗാമി വന്നിട്ടില്ല. 2021-ല്‍ പുറത്തിറങ്ങിയ ഐപാഡ് പ്രോ മോഡല്‍ കഴിഞ്ഞാല്‍ ജനപ്രീതിയില്‍ രണ്ടാമതുള്ള ആപ്പിള്‍ ടാബ്ലെറ്റായിരുന്നു ഐപാഡ് 6.
ആപ്പിള്‍ ഔദ്യോഗികമായി ഐപാഡ് മിനി 7 പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ ടാബ്ലെറ്റുമായി ബന്ധപ്പെട്ട് നിരവധി പ്രവചനങ്ങള്‍ വന്നിട്ടുണ്ട്. 8.3 ഇഞ്ച് ഓള്‍ ഡിസ്‌പ്ലേ ഡിസൈനുമായെത്തുന്ന ഐപാഡ് മിനി 7 ല്‍ ഐഫോണ്‍ 15 നേക്കാള്‍ മുന്നിട്ട് നില്‍ക്കുന്ന ചിപ്പ് സെറ്റ് ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്.
ഐപാഡ് മിനിയുടെ പുതിയ പതിപ്പ് ഈ വര്‍ഷം അവതരിപ്പിച്ചേക്കുമെന്നാണ് മാക്ക് റൂമേഴ്‌സ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. നിലവിലുള്ള ഐപാഡ് മിനിയിലെ ടച്ച് ഐഡി ബട്ടന്‍ പുതിയ പതിപ്പിലും ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. വെബ് പേജില്‍ വെര്‍ട്ടിക്കല്‍ സ്‌ക്രീനില്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന ‘ജെല്ലി സ്‌ക്രോളിങ് ‘ പ്രശ്‌നം പരിഹരിച്ചായിരിക്കും പുതിയ പതിപ്പ് വരികയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഐപാഡ് പ്രോ, ഐപാഡ് എയര്‍ മോഡലുകളില്‍ എം സീരീസ് ചിപ്പുകളാണ് ഉപയോഗിക്കാറ്. എന്നാല്‍ ഐപാഡ് മിനിയില്‍ അത് പ്രതീക്ഷിക്കാനാവില്ല. ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ ഉപയോഗിച്ച എ17 പ്രോ മോഡലോ എ17 ചിപ്പിന്റെ മറ്റേതെങ്കിലും പതിപ്പോ ആയിരിക്കാം ഐപാഡ് മിനി 7 ല്‍ ഉപയോഗിക്കുക.
ഐഫോണ്‍ 16 പുറത്തിറക്കിയതിന് ശേഷമാണ് ഐപാഡ് മിനി 7 ഇറങ്ങുന്നത് എങ്കില്‍ എ18 ചിപ്പ് സെറ്റ് അതില്‍ ഉപയോഗിക്കാനും സാധ്യതയുണ്ട്. എഐ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ ആപ്പിള്‍ ആസൂത്രണം ചെയ്യുന്നതിനാല്‍ പുതിയ ഐപാഡ് മിനിയെ അതില്‍ നിന്നും ഒഴിവാക്കാന്‍ സാധ്യതയില്ല. പതിവ് തെറ്റിച്ച് ഐഫോണ്‍ 16 സീരീസിലെ എല്ലാ മോഡലുകളിലും പുതിയ എ18 ചിപ്പ്‌സെറ്റ് ആയിരിക്കും ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ ഐപാഡ് മിനിയിലും എഐയ്ക്ക് അനുയോജ്യമായ ചിപ്പ് ആയിരിക്കാം ഉപയോഗിക്കുക.
പുതിയ ഐപാഡ് എയറിലേത് പോലെ ഐപാഡ് മിനി 7ലെ ഫ്രണ്ട് ക്യാമറ ലാന്റ്‌സ്‌കേപ്പ് മോഡിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. നിലവിലുള്ള ഐപാഡ് മിനിയില്‍ ആപ്പിള്‍ പെന്‍സില്‍ 2 ഉപയോഗിക്കാനാവും. സമാനമായി പുതിയ പതിപ്പില്‍ പുതിയ ആപ്പിള്‍ പെന്‍സില്‍ പ്രോ ഉപയോഗിക്കാനായേക്കും. ഈ വര്‍ഷം അവസാനത്തോടെയാവും ഐപാഡ് മിനി 7 പുറത്തിറങ്ങുക. സെപ്റ്റംബറിലോ ഓക്ടോബറിലോ ആയിരിക്കുമെന്നാണ് പ്രതീക്ഷ.