Sunday, December 22, 2024
HomeUncategorizedതൊഴില്‍ അന്വേഷകര്‍ക്ക് നൈപുണ്യപരിശീലനം ജോബ് സ്റ്റേഷനിലൂടെ സാധ്യമാകും: അഡ്വ. മാത്യു ടി തോമസ് എംഎല്‍എ

തൊഴില്‍ അന്വേഷകര്‍ക്ക് നൈപുണ്യപരിശീലനം ജോബ് സ്റ്റേഷനിലൂടെ സാധ്യമാകും: അഡ്വ. മാത്യു ടി തോമസ് എംഎല്‍എ

പത്തനംതിട്ട —തൊഴില്‍ അന്വേഷകര്‍ക്ക് ആവശ്യമായ നൈപുണ്യപരിശീലനം ജോബ് സ്റ്റേഷനിലൂടെ സാധ്യമാകുമെന്നു അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ പദ്ധതിയുടെ ഭാഗമായി തിരുവല്ല നിയോജക മണ്ഡലത്തിലെ ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

തൊഴിൽ അന്വേഷിക്കുന്നവർക്കുള്ള സഹായ കേന്ദ്രമാണ് ജോബ് സ്റ്റേഷൻ. തൊഴിൽദാതാക്കൾക്ക് അനുയോജ്യമായ നൈപുണ്യശേഷിയുള്ളവരെ കണ്ടെത്താൻ ജോബ് സ്റ്റേഷനിലൂടെ സാധിക്കും . തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുള്ള കരിയര്‍ കൗണ്‍സിലര്‍മാരും സാങ്കേതിക സൗകര്യവും ജോബ് സ്റ്റേഷനിൽ ഉണ്ടാകും. ജില്ലയിലെ ജോബ് സ്റ്റേഷനിൽ ഒരുലക്ഷം പേർക്ക് എങ്കിലും വരും മാസങ്ങളിൽ തൊഴിൽ നേടാനാകും. ജോബ് സ്റ്റേഷൻ പ്രവർത്തനം നാടിന്റെ ഉന്നമനത്തിനു വലിയ നാഴിക കല്ലായിമാറുമെന്നും അദ്ദേഹം പറഞ്ഞു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി വൈസ് ചെയർമാൻ ആർ. അജിത്ത് കുമാർ വിഷയാവതരണം നടത്തി.

വിജ്ഞാന തൊഴില്‍ പദ്ധതിയെക്കുറിച്ചും നോളജ് ഇക്കോണമി മിഷന്‍ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും കുറിച്ചും തൊഴിലന്വേഷകര്‍ക്ക് സമ്പൂര്‍ണ വിവരങ്ങള്‍ ജോബ് സ്റ്റേഷനുകളില്‍ നിന്ന് ലഭിക്കും. ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് വിജ്ഞാന തൊഴില്‍ രംഗത്ത് അവസരങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് നോളജ് ഇക്കോണമി മിഷന്റെ ‘വിജ്ഞാന പത്തനംതിട്ട -ഉറപ്പാണ് തൊഴില്‍ പദ്ധതി. ജില്ലയിലെ തൊഴിലന്വേഷകർക്ക് തൊഴിൽ ഉറപ്പാക്കുന്നതിന് സഹായിക്കുന്നതിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും ജോബ് സ്റ്റേഷൻ സജ്ജമാക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ എം.ജി രവി, ടി. പ്രസന്നകുമാരി, നിഷാ അശോകൻ, ദിനേശ് കുമാർ, ഏബ്രഹാം തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments