ഉത്സവം
വളരെയധികം കലാപരിപാടികൾ സംഗീതക്കച്ചേരികൾ മറ്റുസമ്മേളനങ്ങൾ എന്നിവകൊണ്ട് മുഖരഹിതമാകുന്ന അന്തരീക്ഷമാണ് ക്ഷേത്രത്തിലെ ഉത്സവഘട്ടത്തിൽ കേരളത്തിലെ ഗ്രാമീണതലങ്ങളിൽപ്പോലും ഉണ്ടാകാറുള്ളത്.ചുരുക്കത്തിൽ പറയുകയാണെങ്കിൽ ഇത്തരം കലാപരിപാടികൾ തന്നെയാണ് ഉത്സവമെന്നുപോലും പൊതുജനങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ക്ഷേത്രഭാരവാഹികളിൽപ്പോലും ഇത്തരമൊരു ധാരണ കടന്നുകൂടിയതിനാലാകണം ക്ഷേത്രത്തിൻ്റെ ബഹിർഭാഗത്തുനടക്കുന്ന ഇത്തരം കലാപരിപാടികൾക്കു മുൻതൂക്കം കൊടുത്ത് അതിപ്രധാന്യമർഹിക്കുന്നതായ ക്ഷേത്ര താന്ത്രിക ചടങ്ങുകൾക്ക് ഒരു വിലയും കല്പിയ്ക്കാതെ പലരും പെരുമാറുന്നത്. ഉത്സവത്തെപ്പറ്റി ഈ തെറ്റായ ധാരണമൂലം വന്നു കൂടിയ പിശകുകൾ ക്ഷേത്രചൈതന്യവർദ്ധനവിനെ ഒട്ടുംതന്നെ സഹായിക്കുകയില്ലെന്നു മാത്രമല്ല, വളരെയധികം ഹാനികരമായി ഭവിക്കുകയും ചെയ്യും. ഉത്സവത്തെപ്പറ്റിയുള്ള യാഥാർത്ഥ്യവും ചടങ്ങുകളുടെ മൊത്തമായ ഉള്ളടക്കവും ജനങ്ങൾ അറിയേണ്ടത് അത്യാവശ്യമാണ്.
ഉത്സവത്തിൻ്റെ പൊരുൾ
ഉത്സവം എന്ന പദത്തിൻ്റെ അർത്ഥം തന്നെ വളരെ വ്യക്തമാണ്.മേൽപ്പോട്ട് ഊർദ്ധ്വഭാഗത്തേയ്ക്കുള്ള ഒഴുക്ക് അഥവാ പ്രവാഹമാണെന്നത് വ്യക്തമാണ്. ശരിയായ പ്രതിഷ്ഠാകർമ്മങ്ങൾ നിർവ്വഹിക്കുകയും നിത്യപൂജാദികൾകൊണ്ട് സമ്പുഷ്ടമാക്കുകയും ചെയ്യുന്ന ഒരു ക്ഷേത്രത്തിൽ മന്ത്രചൈതന്യം നിറഞ്ഞിരിക്കുമെന്ന് നമുക്ക് അനുമാനിയ്ക്കാവുന്നതാണല്ലോ. ആ ക്ഷേത്രത്തിൽ ഇങ്ങനെയൊക്കെയായിരുന്നാലും പൂജാരിയുടെ അശ്രദ്ധകൊണ്ടും ആരാധകർ അറിയാതെ ചെയ്തുപോകുന്ന പാകപ്പിഴകൾകൊണ്ടും ചൈതന്യലോപം വന്നുചേരാനിടയുള്ളത് നമ്മുടെ പൂർവ്വസൂരികൾ അവഗണിച്ചിട്ടില്ലായിരുന്നു. ഈ കുറവുകൾ നികത്തുവാനായിട്ടാണ് ഉത്സവമെന്ന ചടങ്ങ് അവർ ഏർപ്പെടുത്തിയിട്ടുള്ളത്. ക്ഷേത്രമെന്നത് ഒരു കലശപ്പാത്രമാണെന്ന് വിചാരിച്ചാൽ അതിൽ സംഭരിച്ചുവച്ച ജലം ഏതേങ്കിലും കാരണവശാൽ ചോർന്നു പോവുകയെങ്കിൽ രണ്ടാമതും നിറക്കുന്നതു പോലൊരു പ്രക്രിയയാണിത്.
ക്ഷേത്രം “കലശപ്പാത്രം ” തന്നെയാണെന്നു മഹാക്ഷേത്രങ്ങളുടെ പുറംമതിൽ പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്. ഭൂമിയിൽ നിന്നും ലംബമായിട്ടല്ല ചതുരശ്രമായ ആ മതിൽ പണിഞ്ഞിരിക്കുക. അല്പം പുറത്തേയ്ക്ക് ഉന്തിയരീതിയിൽ ഒരു കുംഭാകൃതിയിൽ തന്നെയാണ് ആമതിൽ പണിതിരിയ്ക്കുന്നത്. ക്ഷേത്രശില്പത്തിൽതന്നെ ക്ഷേത്ര ഗാത്രം ഒരു കലശക്കുടം തന്നെയാണെന്ന സങ്കല്പത്തിന് ഇത്തരത്തിൽ ഒരടിസ്ഥാനം കാണാവുന്നതാണ്. ഒരു പാത്രത്തിൽ ജലം കുറവായാൽ അതിൽ വെള്ളം നിറയ്ക്കുന്നത് ജലാശയത്തിൽ നിന്ന് കോരി ഒഴിച്ചാണല്ലോ. ആദ്യത്തെ ഒന്നു രണ്ടു തൊട്ടി കോരി ഒഴിയ്ക്കുമ്പോൾ അതിൽ ജലം നിറഞ്ഞെന്ന് വരില്ല. പക്ഷെ, അടുത്ത തൊട്ടി മുഴുവനായി ഒഴിയ്ക്കുന്നതിനു മുമ്പ്തന്നെ പാത്രം നിറഞ്ഞു കഴിയും.സാധാരണ ആ തൊട്ടിയിലുള്ള ജലം മുഴുവൻ പാത്രത്തിലൊഴിച്ച് പാത്രം നിറഞ്ഞുകവിഞ്ഞു പുറത്തേയ്ക്ക് പോകുന്ന രീതിയിലാണ് സാധാരണ നമ്മുടെ വീടുകളിൽ പാത്രം നിറയ്ക്കാറുള്ളത്. അധികമുള്ള ജലം പാത്രത്തിൻ്റെ സ്ഥാനമായ തളത്തിലേയ്ക്ക് ഒഴുകുകയാണ് പതിവ്. അതോടെ അവിടം മുഴുവൻ ജലമയമാകും. ഇതുതന്നെയാണ് ക്ഷേത്രത്തിലും ഉത്സവാവസരത്തിൽ നടക്കുന്നത്. ചൈതന്യച്ചോർച്ച വന്നിരിയ്ക്കാനിടയുള്ള ക്ഷേത്രമാകുന്ന പാത്രത്തിൽ ചൈതന്യം മുഴുവൻ ഗ്രാമത്തിലേക്കൊഴുകി ഗ്രാമത്തെ മുഴുവൽ ആമഗ്നമാക്കും. അങ്ങനെ സാധാരണ രീതിയിൽ ക്ഷേത്രമതിൽക്കകത്തൊതുങ്ങി നിൽക്കുന്ന മൂലമന്ത്രസ്പന്ദനചൈതന്യം അന്നു ദേവൻ പുറത്തെഴുന്നള്ളുന്നതോടെ ഗ്രാമത്തിലേക്കൊഴുകുന്നു. അതോടെ ഗ്രാമത്തിൽ തങ്ങിനിൽക്കുന്ന നീചവും നിന്ദ്യവുമായ മൃഗീയ വാസനകൾ മരണമടയുകയായി. അതാണ് പള്ളിവേട്ട . ദേവൻ വന്യമൃഗങ്ങളെ വേട്ടയാടുന്നതിൻ്റെ അർത്ഥം ഇതാണ്. “” കിരാത ശിവൻ എന്ന സങ്കല്പത്തിൻ്റെ ഉള്ളടക്കത്തെ ആരാഞ്ഞു പോകു മ്പോൾ ആ ചൈതന്യം സാധക ഹൃദയത്തിൽ അടിഞ്ഞുകൂടിയ അധാർമ്മിക വാസനകളാകുന്ന മാലിന്യങ്ങളെ അസ്ത്രമയച്ചു നശിപ്പിക്കുന്ന ഒന്നാണെന്ന് മന്ത്രശാസ്ത്രത്തിൻ്റെ ആഴത്തിലുള്ള അന്വേഷണത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ദേവൻ്റെ വേട്ട ഇതാണെന്ന് സ്പഷ്ടം. അതിൻ്റെ പ്രതീകമാണ് പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളുടെ പ്രതിമകളെങ്കിലും ഉണ്ടാക്കി അവയിൽ അസ്ത്രം ഏയ്ത് അവയെ കൊല്ലുന്നു എന്ന് സങ്കല്പിക്കുന്നത്. നമ്മുടെ നാട്ടുകാരിൽ ഇന്നു വിളയാടുന്ന അക്രമവാസനകൾ പ്രസിദ്ധമാണല്ലോ. അവയെ ഒരു വിധം അവസാനിപ്പിയ്ക്കുന്നതിന് താന്ത്രികമർമ്മം അറിഞ്ഞ് അനുഷ്ഠിയ്ക്കുന്ന ഉത്സവവിധികൾ മന്ത്രശാസ്ത്രരീത്യാ പ്രതിവിധിയാണെന്നതിന് സംശയമില്ല.