ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ കൊടുവള്ളി നഗരസഭ കൗണ്‍സിലർ അറസ്റ്റിൽ. അഹമ്മദ് ഉനൈസ് (28) ആണ് ഹൈദരാബാദ് പൊലീസിന്റെ പിടിയിലായത്. ക്രിപ്റ്റോ കറൻസി വഴി 47 ലക്ഷം രൂപ തട്ടിയതിന്റെ പരാതിയിലാണ് അറസ്റ്റ്. കൊടുവള്ളി നഗരസഭ 12-ാം വാർഡ് കൗണ്‍സിലർ ആണ് പിടിയിലായ അഹമ്മദ് ഉനൈസ്. കൊടുവള്ളി പൊലീസിന്റെ സഹായത്തോടെ പ്രതിയെ ഹൈദരാബാദ് സൈബർ പൊലീസ് പിടികൂടുകയായിരുന്നു.
ശനിയാഴ്ച രാവിലെ പത്തോടെ കൊടുവള്ളിയിലെത്തിയ അഞ്ചംഗ ഹൈദരാബാദ് സൈബർ പൊലീസ്, അഹമ്മദ് ഉനൈസിനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 47 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ റജിസ്റ്റർ ചെയ്ത കേസിൽ ഉനൈസിന് പങ്കുണ്ടെന്ന് കണ്ടെത്തിയെന്നും ഇയാളെ അറസ്റ്റുചെയ്ത് ഹൈദരാബാദിലേക്ക് കൊണ്ടു പോയെന്നും കൊടുവള്ളി പൊലീസ് പറഞ്ഞു. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് പിടിയിലായ മൂവാറ്റുപുഴ സ്വദേശി ഫിറോസിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉനൈസിലേക്ക് അന്വേഷണം എത്തിയത്.
ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കൊടുവള്ളി ഇൻസ്‌പെക്ടർ സി.ഷാജു പറഞ്ഞു. പന്നിക്കോട്ടൂർ സ്വദേശിയായ അധ്യാപകന് 22 ലക്ഷം രൂപയും എൻജിനീയറായ മറ്റൊരാൾക്ക് 30 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. അന്തർ സംസ്ഥാന ലോബിയാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലെന്നും പൊലീസ് അറിയിച്ചു.